ബ്രൂണോ ചത്തു!
എട്ടു വർഷത്തിലേറെ അയാളെ ഒരു ഉപഗ്രഹം കണക്കേ ചുറ്റിത്തിരിഞ്ഞു ജീവിച്ച ഒരു നായയായിരുന്നു ബ്രൂണോ. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ബ്രൂണോ ചരമമടയുമ്പോൾ അയാൾ തന്റെ യുവത്വത്തിലേയ്ക്കു കടക്കാൻ തയ്യാറെടുക്കുന്നതേയുണ്ടായിരുന്നുള്ളൂ.
പണ്ടു വായിച്ച ബാല ദ്വൈവാരികയിൽ നായ സ്നേഹത്തിന്റെ പരമ്പര കഥകളിൽ വന്ന ഒരു കഥയിലെ നായയുടെ പേരായിരുന്നു, ബ്രൂണോ. യജമാനനു വേണ്ടി സ്വന്തം ജീവൻ തന്നെ വെടിഞ്ഞ ആ ജീവിയുടെ പേര് ശാസ്ത്ര സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ മത തീവ്രവാദികളാൽ ചുട്ടുകൊല്ലപ്പെട്ടതായി കേട്ടിട്ടുള്ള ബ്രൂണോയ്ക്കൊപ്പം മനസ്സിലുടക്കിയിരുന്നു. പിന്നെ ജീവിതത്തിലാദ്യമായി ഒരു പട്ടിക്കുട്ടിയെ വളർത്താൻ കിട്ടിയപ്പോൾ ഒരു പേരിടാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ആ ബ്രൂണോ കാലത്തിന്റെ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദത്താൽ മണ്ണടിഞ്ഞിരിക്കുന്നു.
ഏതാനും മാസങ്ങൾ ബ്രൂണോയില്ലാതെ കടന്നുപോയി. ഉരുണ്ട ഭൂമി സൂര്യനെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു! വീണ്ടും കാവി നിറത്തിലുള്ള ശരീരത്തിൽ വെളുത്ത ഭൂഖണ്ഡങ്ങളുള്ള ഒരു പട്ടിക്കുട്ടിയെ കിട്ടി. അന്നത്തെ നാട്ടു നടപ്പുപോലെ പ്രസവിച്ച് ഏതാനും നാളുകൾക്കു ശേഷം ആരെങ്കിലും കൊണ്ടു പോയി എന്തെങ്കിലും ചെയ്യട്ടെ എന്ന ഉദ്ദേശ്യത്തോടെ നാട്ടുവഴിയിൽ അമ്മപ്പട്ടി ഉപേക്ഷിച്ച അവനെ അയാൾ കയ്യിലെടുത്തു. അവനും ബ്രൂണോ എന്നു നാമകരണം ചെയ്യപ്പെട്ടു.
അനുസരണയുടെയും യജമാനസ്നേഹത്തിന്റെയും കാര്യത്തിൽ ഒന്നാമനെ വെല്ലുന്ന രീതിയിൽ ബ്രൂണോ രണ്ടാമൻ അയാളെ വലം വയ്ക്കാൻ ആരംഭിച്ചു.
വീട്ടിലെ പുതിയ അതിഥിയെ കോഴികൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും അത്രയ്ക്കങ്ങു ബോധിച്ചില്ല. സമയം കിട്ടുമ്പോഴൊക്കെ അവർ അവനെ കൊത്തി നോവിക്കാൻ തുടങ്ങി. കോഴിച്ചുണ്ടുകളൂം നഖവും ശരീരത്തിലേൽപ്പിച്ച ക്ഷതങ്ങളിലേയ്ക്കു നോക്കി ബ്രൂണോ വേദനയോടെ തേങ്ങി-മോങ്ങി!. വലുപ്പത്തിൽ ആ പട്ടിക്കുഞ്ഞിനൊപ്പം എത്തിയിട്ടില്ലാത്ത കോഴിക്കുഞ്ഞുങ്ങളും തങ്ങളുടെ അമ്മമാരുടെ ധൈര്യം പടച്ചട്ടയാക്കി അവനെ ഉപദ്രവിച്ചു.
ഭൂമി പിന്നെയും കറങ്ങി. പീഡനങ്ങളേറ്റും ഒളിച്ചിരുന്നും ബ്രൂണോ വളർന്നു. അവന്റെ കുട്ടിത്തം മാറി. ഘന ഗാംഭീര്യ ശബ്ദത്തിൽ കുരയ്ക്കാൻ കഴിയുന്ന ഒരു ലക്ഷണമൊത്ത നായയായി അവൻ. അത് ഒരു നാൾ അവൻ സ്വയം തിരിച്ചറിയുകയും ചെയ്തു. ആ ദിവസം തന്നെ പഴയ ശീലത്തിന്റെ തുടർച്ചയുമായി തന്നെ ഉപദ്രവിക്കാൻ വന്ന ഒരു കോഴിയുടെ മുതുകത്ത് ആഴത്തിലുള്ള ഒരു കുഴി കുഴിച്ച് അവൻ മറുപടി നൽകി. കോഴികൾ പതറി. ഇപ്പോൾ ഒളിച്ചു കളിക്കേണ്ട ബാദ്ധ്യത കോഴികൾക്കായി. ബ്രൂണോയ്ക്ക് ആ കളിയിൽ ഹരം കേറി. വീട്ടിലെ ഏതാണ്ട് എല്ലാ കോഴികളുടെയും മുതുകത്ത് അവൻ പല്ലും നഖവും ഉപയോഗിച്ച് ആഴത്തിലും ചുവന്ന നിറത്തിലുമുള്ള കിണറുകളും കുളങ്ങളും കുത്തി. കോഴികൾ ആ വ്രണങ്ങളുമായി കുറച്ചു നാളുകൾ ജീവിച്ചു. പിന്നെ അണുബാധയേറ്റ് കോഴികളുടെ സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ യാത്രയായി.
അയാളുടെ ശാസനകളും വിലക്കുകളും കോഴികളെ ഉപദ്രവിക്കുന്നതിൽ നിന്നും ബ്രൂണോയെ പിന്തിരിപ്പിച്ചില്ല. ഒരു ഡസനിലേറെ കോഴികളെ കൊന്നൊടുക്കുവാൻ കാരണക്കാരനായിട്ടും ഒരു തരി കോഴിയിറച്ചി പോലും ബ്രൂണോ രുചിച്ചു നോക്കിയിരുന്നില്ല. അവനതൊരു പ്രതികാരക്കളി മാത്രമായിരുന്നു. ഈ കളിയിൽ നിന്നും തനിക്കും കോഴികൾക്കും മറ്റു മനുഷ്യർക്കും പലതും പഠിക്കാനുണ്ടെന്ന് ബ്രൂണോയുടെ യജമാനനും മനസ്സിലാക്കി. നമ്മുടെ എല്ലാ പ്രവർത്തികൾക്കും തത്തുല്യമായ അല്ലെങ്കിൽ അതിനപ്പുറമുള്ള ഒരു മറുപടി കാത്തിരിക്കുന്നു.
പക്ഷേ ബ്രൂണോ കളി നിർത്തിയില്ല. വീട്ടിലെ കോഴികൾക്ക് വംശനാശം സംഭവിച്ചപ്പോൾ തൊട്ടടുത്തുള്ള വീടുകളിലെ കുക്കുടങ്ങളുമായി കളി തുടരാൻ ശ്രമിക്കുന്നത് യജമാനന്റെ ശ്രദ്ധയിൽപ്പെട്ടു. തന്റെ ബ്രൂണോയെ കോഴിക്കള്ളൻ, കോഴിപിടിയൻ എന്നീ പേരുകളിൽ വൈറലാക്കുവാൻ അയാൾ തയ്യാറല്ലായിരുന്നു. ഒരു പട്ടി കാരണം അയൽ രാജ്യങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടാം. അത് ലോക മഹായുദ്ധമായി പരിണമിച്ചേക്കാം. ഒരു യുദ്ധത്തിനു കാരണക്കാരനാകാൻ തനിക്കു വയ്യ. അയാൾ സമാധാനത്തെക്കുറിച്ചു ചിന്തിച്ചു. കുറച്ചു നേരത്തിനുള്ളിൽ ഏറെ ചിന്തിച്ച് ഒരു തീരുമാനമെടുത്തു.
ഒരു നട്ടുച്ചയ്ക്ക് അയാൾ ബ്രൂണോയെ വിരൽ ഞൊടിച്ചു വിളിച്ച് അടുത്തുള്ള പുഴക്കരയിലേയ്ക്ക് കൊണ്ടു പോയി. അതിന്റെ കഴുത്തിൽക്കിടന്ന ബെൽറ്റിൽ വണ്ണമുള്ള ചാക്കുനൂൽ കൊണ്ട് അയാൾ ആ പട്ടിയേക്കാൾ തൂക്കമുള്ള രണ്ടു കരിങ്കല്ലുകൾ കെട്ടിത്തൂക്കിയിട്ടു. തന്റെ യജമാനനായ സുഹൃത്ത് തന്നെ അണിയിച്ചൊരുക്കുകയാണെന്ന ധാരണയിൽ ബ്രൂണോ വാലാട്ടി, സ്നേഹത്തിന്റെ ശബ്ദം പുറപ്പെടുവിച്ച് അയാളുടെ കാലു കളിൽ നക്കി. യജമാനൻ കണ്ണുകൾ അടച്ചു. കല്ലുകൾക്കൊപ്പം ബ്രൂണോയെ പുണർന്ന് പൊക്കിയെടുത്ത് പുഴയിലേയ്ക്ക് ഒരൊറ്റയേറ്. പുഴയിൽ ഒരു ഭ്രമണ പഥം കണക്കെ ഓളങ്ങൾ സൃഷ്ടിച്ച് ബ്രൂണോ താഴ്ന്നുപോയി്
ലോകസമാധാനത്തിനായി ഹിംസാമാർഗ്ഗം സ്വീകരിക്കേണ്ടി വന്ന കുറ്റബോധത്തോടെ അയാൾ തിരിഞ്ഞു നടന്നു. ഏതാനും ചുവടുകൾക്കു ശേഷം തന്റെ കാലിൽ തണുപ്പനുഭവപ്പെട്ടതു തിരിച്ചറിഞ്ഞ് അയാൾ നിന്നു. നനഞ്ഞ ശരീരത്തിൽ നിന്നും വെള്ളം കുടഞ്ഞെറിഞ്ഞ് യജമാനന്റെ ശരീരത്തോടു ചേർന്ന് സ്നേഹത്തോടെ മുരളുന്ന ബ്രൂണോ! കരിങ്കല്ലുകൾ കൊളുത്തിയിട്ടിരുന്ന ചാക്കു നൂലുകൾ ഒഴിഞ്ഞ കുടുക്കുകളായി, കൊലക്കയറുകൾ പോലെ ബെൽറ്റിൽ തൂങ്ങിക്കിടക്കുന്നു.
വീണ്ടും സമാധാന ചിന്തകൾ.......!
അയാൾ വിരൽ ഞൊടിച്ചു കൊണ്ട് വീണ്ടും പുഴക്കരയിലേക്ക് തിരിച്ചു നടന്നു. യജമാന സ്നേഹത്തിന്റെയും അനുസരണയുടെയും മകുടോദാഹരണമായി ബ്രൂണോ അയാളെ അനുഗമിച്ചു.
അഴിഞ്ഞു പോകാത്ത വിധത്തിൽ ബെൽറ്റിൽ കെട്ടിയ കരിങ്കല്ലുകളൂമായി ബ്രൂണോ ഒരിക്കൽക്കൂടി പുഴയിലെ സൌരയൂഥത്തിൽ മറഞ്ഞു.
ശാസ്ത്രസത്യങ്ങളും യജമാന സ്നേഹവും സമാധാന സന്ധികളും ഇന്നും ബ്രൂണോമാരെ അഗ്നിക്കും ജലത്തിനും എറിഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു.