2024, നവംബർ 18, തിങ്കളാഴ്‌ച

അടയാളങ്ങൾ



 ഇന്നും ആ പതിവു കാഴ്ച ആവർത്തിക്കപ്പെട്ടു - അപരിചിതരോട് സുരക്ഷിതമായ അകലം പാലിച്ച് അവർ കുരച്ചുകൊണ്ടിരിക്കുന്നു!

          ഞങ്ങളുടെ പ്രഭാതസവാരിയിയ്ക്കിടയിൽ ഇതൊരു പതിവു കാഴ്ച തന്നെയാണ്. ഗ്രാമവഴിയിലൂടെ സൂര്യോദയത്തിനു മുമ്പുള്ള നാൽ‌വർ സംഘത്തിന്റെ യാത്രക്കിടയിൽ ദിവസേന ആവർത്തിക്കുന്ന കാഴ്ചയാണ് തെരുവു നായ സംഘങ്ങളുടെ ഈ പ്രഭാത കലാപം.

ഓരോ നായ്ക്കൂട്ടവും തെരുവീഥിയിലെ ഓരോ  പ്രത്യേക  ഭൂപ്രദേശം  അവരുടെ വിഹാരഭൂമികയായി കരുതുന്നു. ആ വിസ്തൃതിയിലെ എല്ലാ അവകാശങ്ങളും അവർക്കാരോ പതിച്ചു നൽകിയിരിക്കുന്നു.  ആ ആവാസ വ്യവസ്ഥയിലേക്ക് പുറമേ നിന്നൊരു ശ്വാനൻ പ്രവേശിക്കാൻ ശ്രമിച്ചാലോ എത്തി നോക്കിയാലോ ഏതെങ്കിലും ആത്മാർത്ഥത മുറ്റിയ “ദേശ സ്നേഹി”യുടെ മുരളലിൽ ആരംഭിച്ച് സംഘശക്തിയുടെ സർവ്വതലങ്ങളും വെളിപ്പെടുത്തുന്ന കുരയിലൂടെ അധിനിവേശ സംഘത്തെ തുരത്താനുള്ള അവരുടെ ശ്രമം ഞങ്ങളുടെ പ്രഭാത നടത്തത്തിന് താളക്കൊഴുപ്പുകൂട്ടും.

          എത്തിനോക്കാനോ അധിനിവേശം നടത്താനോ ശ്രമിച്ച സംഘവും വെറുതെയിരിക്കുകയില്ല. കഴിയുന്നത്ര അംഗങ്ങളെ സംഘടിപ്പിച്ച് അവരും കഴിവു പ്രകടിപ്പിക്കും.  അപൂർവ്വം ചില സന്ദർഭങ്ങളിൽ എടുത്തുചാട്ടക്കാരനായ ഏതെങ്കിലും നായ, അതു മിക്കവാറും യുവരക്തമായിരിക്കും അതിർത്തി ലംഘിച്ച് ആവേശത്തോടെ കബഡി കളിക്കാരനെപ്പോലെ എതിരാളികൾക്കിടയിൽ എത്തിപ്പെടുകയും കലഹം അക്രമാസക്തമാക്കപ്പെടുകയും ചെയ്യും. പിന്നെ ചക്രവ്യൂഹത്തിനകത്തു നിന്ന് അവനെ രക്ഷിക്കാൻ സ്വന്തം കൂട്ടരെത്തുകയും ശ്രുതിഭേദങ്ങളുള്ള നിലവിളികളൂം അലർച്ചകളുമായി പരിണമിക്കുന്ന കുരഭേദങ്ങളുടെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആവിഷ്കരിക്കപ്പെടുന്ന ആക്രമണ പ്രത്യാക്രമണ രംഗം ഞങ്ങളാരെങ്കിലും വിക്ഷേപിക്കുന്ന “ശിലായുധ”ങ്ങളുടെ  ബലത്തിൽ ദുർബ്ബലപ്പെടുകയും ഛിന്നഭിന്നമായിപ്പോകുന്ന സംഘങ്ങൾ പരസ്പരം പഴിചാരിയും “നിങ്ങളെപ്പിന്നെ എടുത്തോളാം” എന്ന ധ്വനിയോടെയുള്ള നോട്ടത്തോടെ ഞങ്ങളെയും ശത്രു സംഘത്തേയും വിട്ടൊഴിഞ്ഞു പോകും. പിന്നെ,  ഞങ്ങൾക്കും എതിർ സംഘത്തിനും എത്തിപ്പിടിക്കാനാവാത്ത ദൂരത്തു നിന്ന് ഏറെ നേരം കുരച്ചു ക്ഷീണിക്കുകയും  പിരിഞ്ഞു പോകുകയും ചെയ്യും.  

          പ്രഭാതങ്ങളിൽ പലകുറി ആവർത്തിക്കപ്പെടുന്നതു കൊണ്ടു തന്നെ പല സംഘങ്ങളിൽപ്പെട്ട പല കഥാപാത്രങ്ങളുടെയും പെരുമാറ്റ രീതി ഞങ്ങൾക്ക്, പ്രത്യേകിച്ച് എനിക്ക് കാണാപാഠമാണ്.  ചില നായകൾ കുരയ്ക്കുന്നതു കണ്ടാൽ എതിർ സംഘത്തിലെ ആരെങ്കിലും മുന്നിൽ വന്നുപെട്ടാൽ  ഇപ്പോൾ കടിച്ചു കീറി നാലു തുണ്ടമാക്കുമെന്നു തോന്നും. പക്ഷേ അതേ ആവൃത്തിയിൽ കുരച്ചു കൊണ്ടിരിക്കുകയല്ലാതെ ഹിംസയുടെ ഒരു ചുവടുപോലും അദ്ദേഹം വയ്ക്കുകയില്ല. ടിയാന്റെ കുരയിൽ ആവേശപ്പെട്ട് ഏതെങ്കിലും സഹ-നായ ഇതിനകം സംഘട്ടനം ആരംഭിച്ചിട്ടുണ്ടാകാം. അതിർത്തി ലംഘിച്ചവന്റെ നഖമോ പല്ലോ തന്റെ നേർക്ക് വരുമെന്നു തിരിച്ചറിയുന്ന നിമിഷം ഇദ്ദേഹം ശബ്ദം താഴ്ത്തിക്കുരച്ചു കൊണ്ട് “അണികൾ”ക്കു പിന്നിലേക്ക് നീങ്ങി നിൽക്കുന്നതും കുര ക്രമേണ മുരൾച്ചയിലേക്കും മുരൾച്ച നിശബ്ദതയിലേക്കും മുങ്ങാംകുഴിയിടുന്നതും കാണാം. ഇത്തരക്കാരെ ഞങ്ങൾ “നേതാവ്” എന്ന് വിളിക്കാറുണ്ട്.

          ചിലർ അധികം കുരയ്ക്കാറില്ല. എതിരാളികളുടെ നീക്കങ്ങൾ ശബ്ദം താഴ്ത്തിയ ഗൌരവതരമായ മുരൾച്ചയോടെ നിരീക്ഷിച്ചു നിൽക്കുകയും എതിരാളി അതിർത്തി ലംഘിച്ച് കടന്നു കയറിയാൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ മറ്റുള്ളവർക്ക് അവസരം പോലും നൽകാതെ അവനെ ആക്രമിച്ച് കുടഞ്ഞു കീറുകയും ചെയ്യും. ഇതിനിടയിൽ കയറിവരുന്ന സ്വന്തം സംഘത്തിലെ നായകളെ വരെ ചിലപ്പോൾ ആക്രമിച്ചു കളയും. ഇത്തരക്കാരെ “പോരാളി” എന്ന് ഞങ്ങൾ പേരിട്ടു ഞങ്ങൾ ലേശം അഭിമാനത്തോടെ വിളിച്ചു പോരുന്നു.

          ചിലർ എതിരാളികളുടെ കുരയിൽ തന്നെ പേടിച്ച് പിന്നോട്ടു പോകും. ചിലർ പ്രതിയോഗിയുടെ ആദ്യ “സ്പർശനത്തിൽ“  തന്നെ സാഷ്ടാംഗം പ്രണമിച്ച് നല്ലകുട്ടിയായി മാറിനിൽക്കും.  ചിലർ ചുമ്മാ യുദ്ധഭൂമിക്കു ചുറ്റും കറങ്ങി നടന്ന് ദേഹോപദ്രവമേൽക്കാത്ത വിധത്തിൽ കുരയ്ക്കുകയും കൂവുകയും ചെയ്തു കൊണ്ടിരിക്കും. നിത്യ ജീവിതത്തിൽ ഞങ്ങൾ കാണുന്ന പല മനുഷ്യ സ്വരൂപങ്ങളുടെയും പകർപ്പുകൾ ഞങ്ങൾക്കീ നായക്കൂട്ടങ്ങളിൽ കാണാൻ കഴീഞ്ഞിട്ടുണ്ട്.!

                    “ഈ പട്ടികളെന്താ ഇങ്ങനെ. അവരും പട്ടികൾ. ഇവരും പട്ടികൾ. എന്തിനാണിങ്ങനെ കലഹിക്കുന്നത്.” കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിലും സംസാരിക്കാൻ ഒരു വിഷയം വേണ്ടേ എന്ന ഉദ്ദ്യേശത്തോടെ  ജേക്കബ് ഒരു സംശയം അവതരിപ്പിച്ചു.

          “ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കണ്ടുകൂടാ എന്നൊരു ചൊല്ലുണ്ടല്ലോ” ഹമീദ് വക തത്വം പറച്ചിൽ.

          “പട്ടികളെ മാത്രം കുറ്റം പറയുന്നതെന്തിനാണ്. നമ്മൾ മനുഷ്യരുടെ കാര്യവും ഒന്നാലോചിച്ചു നോക്കിയേ. ഇങ്ങനെയൊക്കെത്തന്നെയല്ലേ?” രതീഷിന്റെ കമന്റ്.

          എന്റെ അഭിപ്രായവും പ്രകടിപ്പിക്കേണ്ട  സമയമായിരിക്കുന്നു. സഹനടത്തക്കാർ “എന്തേ സാബൂ നിനക്കൊന്നും പറയാനില്ലേ ” എന്നിപ്പോൾ ചോദിക്കുമെന്നു കരുതി ഞാൻ പറഞ്ഞു.

          “ഇവറ്റകൾ ഇങ്ങനെ കലഹിക്കുന്നതു സംബന്ധിച്ച് നമ്മൾ ഓരോ അഭ്യൂഹങ്ങൾ വച്ചു പുലർത്തുന്നുണ്ട്. അതു ശരിയായിരിക്കാം. തെറ്റായിരിക്കാം. അവരവരുടെ ഭാഗത്തേക്ക് മറ്റുള്ളവർ കടന്നുവന്നാൽ ആ ഭാഗത്തുള്ള മാലിന്യത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണം നഷ്ടപ്പെട്ടു പോകുമെന്നതു കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്നതോ  മുൻ‌വൈരാഗ്യം കൊണ്ട് വന്നു ഭവിച്ച ശത്രുതയൂടെ പുറത്തുള്ള ഘോ ഘോ വിളികളോ ഒക്കെ ആയിരിക്കാം കാരണങ്ങൾ. യഥാർത്ഥത്തിൽ എന്തിനാണിവറ്റകൾ  ഇങ്ങനെ വഴക്കുകൂടുന്നതെന്നറിയണമെങ്കിൽ നമ്മൾ ഇവരുടെ ഭാഷ പഠിക്കണം.”

          എന്തോ വലിയ വിഡ്ഡിത്തം ഞാൻ വിളമ്പിയതു പോലെ എന്റെ സുഹൃത്തുക്കൾ പൊട്ടിച്ചിരിച്ചു. അവരുടെ ഭാഷ പഠിക്കണം എന്ന എന്റെ അവസാന വാചകമാണ് അവരെ പൊട്ടിച്ചിരിപ്പിച്ചതെന്ന് എനിക്കു മനസ്സിലായി. വളരെ ഗൌരവമായി ഞാൻ പറഞ്ഞ കാര്യത്തിൽ കൂട്ടത്തിലുള്ളവരുടെ പ്രതികരണം എന്നിൽ ജാള്യതയുണർത്തി. അവർ എന്തൊക്കെയോ പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ചിരിക്കുന്നുണ്ട്. എന്റെ മുഖഭാവത്തിൽ സാധാരണത്വം കൈവരുത്താൻ ശ്രമിക്കുന്നതിനിടയിൽ അവരുടെ വാക്കുകൾ ശ്രദ്ധിക്കുവാൻ എനിക്കു സാധിച്ചതേയില്ല. എന്നിലെ അഹംബോധത്തിന് അഗാധമായ മുറിവേറ്റിരിക്കുന്നു! ആ മുറിവിന്റെ വേദനയിൽ നീറിക്കൊണ്ടിരിക്കുമ്പോൾ ഞാനൊരു തീരുമാനമെടുത്തു- ഞാനീ നായ്ക്കളുടെ ഭാഷ പഠിച്ചെടുക്കും!

*********

          മൂന്നുമാസങ്ങൾക്കു ശേഷമുള്ള ഇന്നത്തെ ഈ പ്രഭാത സവാരിയിൽ ഏറ്റവും ഉന്മേഷവും പ്രസന്നതയും എനിക്കു തന്നെയായിരുന്നു. അതു കൂട്ടുകാർ സൂചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസങ്ങൾ കൊണ്ട് ഞാൻ നായ്ക്കളുടെ ഭാഷ പഠിച്ചിരിക്കുന്നു. ആദ്യമൊക്കെ അത് മനുഷ്യസാധ്യമല്ലാത്ത ഒരു കാര്യമാണെന്നും നായകൾക്ക് ഭാഷതന്നെ ഉണ്ടായിരിക്കുകയില്ലെന്നും അവരുടേതെന്ന് തെറ്റിദ്ധരിക്കുന്ന ഭാഷ വെറും പ്രാകൃത ശബ്ദങ്ങളുടെ സങ്കലനം മാത്രമായിരിക്കും എന്നുമൊക്കെയുള്ള മുൻ‌വിധികൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് നായകൾക്കും അവരുടേതായ ഭാഷ ഉണ്ടെന്ന് താമസിയാതെ തന്നെ ഞാൻ കണ്ടെത്തി. അവരുടെ സ്റ്റാറ്റസിനനുസരിച്ച് ആ ഭാഷയ്ക്കു ശൈലീ വ്യത്യാസം പോലുമുണ്ട്. അലഞ്ഞു തിരിയുന്ന നായകൾ ഉപയോഗിക്കുന്ന ഭാഷയിൽ നിന്നും വ്യത്യസ്തമായ ശൈലി കാത്തു സൂക്ഷിയ്ക്കാൻ വീടിന്റെ മുറ്റത്തും കൂട്ടിലും മാത്രം വിഹരിക്കാൻ അനുവാദമുള്ള നായകളും അതിൽ നിന്നും വേറിട്ട ശൈലിയിൽ തുടരാ‍ൻ മട്ടുപ്പാവുകളിലും കിടപ്പുമുറികളിലും വരെ പ്രവേശനവും അധികാരവുമുള്ള വരേണ്യ വർഗ്ഗവും മനഃപ്പൂർവ്വം നിഷ്കർഷ പുലർത്തുന്നുപോലുമുണ്ട്.    ഒരു പക്ഷേ ഈ ഭാഷ വശത്താക്കുന്ന ലോകത്തിലെ ആദ്യ മനുഷ്യനാണ് ഞാൻ! പക്ഷേ അത് കൂട്ടുകാരെ എങ്ങനെ ബോദ്ധ്യപ്പെടുത്തും എന്നെനിക്ക് ആശങ്കയുണ്ട്.

          ഇന്നും അത് ആവർത്തിക്കപ്പെട്ടു. അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഒരുത്തനെ മറുപക്ഷം “വഴക്ക്” പറഞ്ഞ് ഓടിക്കാൻ ശ്രമിച്ചെങ്കിലും അവൻ അതിർത്തി ലംഘിക്കുക തന്നെ ചെയ്തു. കടിപിടി. കലാപം! ഇന്നിത് ഏതുവരെ പോകുമെന്നറിയാൻ ഞങ്ങൾ ശിലായുഗത്തിലേക്ക് പ്രവേശിച്ചില്ല. പകരം സുരക്ഷിതമായ അകലം പാലിച്ച് കാഴ്ചക്കാരായി നിന്നു. അവസാനം “അഭിമന്യു”വിനെ രക്ഷിക്കാനായി എത്തിയവർ പോലും പിന്മാറി. കൂട്ടുകാർ കയ്യൊഴിഞ്ഞെന്നു മനസ്സിലാക്കിയ അവൻ ഗത്യന്തരമില്ലാതെ തറയിൽ കിടന്ന് നാലുകാലും പൊക്കി ശത്രുക്കളുടെ കരുണയ്ക്കായി വിലപിച്ചു. വീണു കിടന്നവനെ അവർ വീണ്ടും ആക്രമിച്ചു. കളരി ഗുരുക്കൾ ആക്രമണ മുറ പറഞ്ഞു കൊടുക്കുന്നതു പോലെ വായ്ത്താരി മാത്രം ഇട്ടു കൊടുത്തിരുന്ന ഒരു വയസ്സൻ നായ യുവാക്കളെ ഉപദേശിച്ചു. “ മതിയെടാ വിട്ടേക്ക്. അവനാവശ്യമുള്ളതു കിട്ടിയില്ലേ.” വയസ്സന്റെ ഉപദേശം സ്വീകരിച്ച് അവർ അവനെ വെറുതേ വിട്ടു. തോറ്റോടുന്ന സംഘത്തെ നോക്കി വിജയികൾ വിളിച്ചു പറഞ്ഞു. “മേലാൽ ഈ വഴി കണ്ടേക്കരുത്” കലാപത്തിന് ശമനം വരുത്തിക്കൊണ്ട് വിജയികളിൽ മൂത്തൊരുത്തൻ അവരുടെ അതിർത്തി പ്രദേശത്തെ സർവ്വേക്കല്ലിൽ പിൻ‌കാൽ പൊക്കി മൂത്രമൊഴിച്ചു.

“മേലാൽ ഈ വഴി കണ്ടേക്കരുതെന്ന്” അവരുടെ അവസാന വായ്ത്താരി ഞാൻ അറിയാതെ തർജ്ജമ ചെയ്തു പോയി!

കൂട്ടുകാർ എന്നെ നോക്കി നിൽക്കുന്നു. “നീ എന്താണ് പറഞ്ഞത്”

“അത്..... അവർ തോറ്റോടിയ സംഘത്തോടു പറഞ്ഞതാണ്. മേലാൽ ഈ വഴി വന്നേക്കരുതെന്ന്‌.

അവർ എന്നെ സൂക്ഷിച്ചു നോക്കുന്നു. ഞാൻ സത്യം പറഞ്ഞു. ഞാൻ പട്ടിഭാഷ പഠിച്ചിരിക്കുന്നു. അവർ എന്നെ പരിഹസിച്ചു. എനിക്ക് ഭ്രാന്താണോ എന്ന് സൂക്ഷിച്ചു നോക്കി. ഞാൻ പറയുന്നത് സത്യമാണെന്ന് അവരെ  ബോദ്ധ്യപ്പെടുത്താൻ എനിക്കേറേ പണിപ്പെടേണ്ടി വന്നു. ഭ്രാന്തനാകാതിരിക്കാനും പരിഹസിക്കപ്പെടാതിരിക്കാനും എനിക്കവരെ ആ ഭാഷ പഠിപ്പിക്കേണ്ടിയും വന്നു. അതു പഠിച്ചെടുക്കാൻ അവർക്കേറെ ബദ്ധപ്പെടേണ്ടി വന്നില്ല. എന്റെ കാര്യത്തിൽ നിന്നു വ്യത്യസ്തമായി അവർക്ക് ഞാനെന്ന ഭാഷാദ്ധ്യാപകന്റെ സഹായം ഉണ്ടായിരുന്നുവല്ലോ?

ഭാഷാപഠനത്തിനിടയിൽ എല്ലാവരും പങ്കു വച്ച ഒരു ആശങ്കയുണ്ട്. നായകളുടെ ഭാഷ പഠിക്കാൻ പറ്റുന്നുണ്ട്. പക്ഷേ, പഠനത്തിനിടയിൽ തങ്ങൾക്കെന്തോ നഷ്ടപ്പെട്ടുപോകുന്നുണ്ട്. അതെന്താണെന്ന് വിശദീകരിക്കാൻ പറ്റുന്നില്ല. ശരിയാണ്. എനിക്കും അങ്ങനെ അനുഭവപ്പെട്ടിരുന്നു. പക്ഷേ..... അതെന്താണ്.....?

          ഭാഷ പഠിച്ച ഞങ്ങൾ നാൽ‌വർ സംഘം മറ്റൊരു പ്രഭാത സവാരിക്കിടയിൽ ഒരു കാഴ്ച കണ്ടു. എതോ വീട്ടിൽ വളർത്തുന്ന അധികം പ്രായമില്ലാത്ത ഒരു വെളുമ്പൻ നാടൻ നായ കഴുത്തിൽ കറുത്ത ബെൽറ്റൊക്കെയിട്ട് ഓടി നടക്കുന്നു. അവന്റെ നടപ്പും കൌതുകവും കണ്ടാൽ അറിയാം ആദ്യമായി പൊതു നിരത്തിന്റെ സ്വാന്തന്ത്ര്യത്തിലേക്ക് ഇറങ്ങിയതാണ്-വീട്ടുകാർ അറിയാതെ. “സ്വാത്രന്ത്യ്രം” അനുഭവിച്ച് മതിയായി തിരിച്ച് വീട്ടിലേയ്ക്ക് പോകാനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് കക്ഷി. പക്ഷേ ഒരേ പോലിരിക്കുന്ന ചെറുവഴികളിൽ ഏതാണ് തന്റെ തടവറയിലേയ്ക്കുള്ള വഴിയെന്ന് മനസ്സിലാകുന്നില്ല. ആ അങ്കലാപ്പോടെ ഓടി നടക്കുമ്പോൾ തെരുവുനായ സംഘത്തിലെ ഒരു കിഴവന്റെ മുന്നിൽ അവൻ ചെന്നു പെട്ടു. ഞങ്ങൾ ഭാഷ മനസ്സിലാക്കുന്നതിനു മുമ്പുള്ള ഏതെങ്കിലും ദിവസമായിരുന്നു ഈ സമാഗമമെങ്കിൽ വയസ്സൻ നായ കുട്ടിനായയെ പേടിപ്പിക്കുന്ന വിധത്തിൽ കുരയ്ക്കുകയാണെന്ന് തെറ്റിദ്ധരിക്കുമായിരുന്നു. അവർ തമ്മിലുള്ള സംഭാഷണം ഇപ്രകാരം മൊഴിമാറ്റാവുന്നതാണ്.

“എന്താടാ വഴി തെറ്റിപ്പോയോ. ദേ ഞങ്ങടെ കൂട്ടത്തിലുള്ളവരുടെ കണ്ണിൽപ്പെടുന്നതിനു മുമ്പ് വീടിക്കേറി കൂട്ടിൽക്കിടക്കാൻ നോക്ക്”

“വഴി മനസ്സിലാകുന്നില്ല അപ്പൂപ്പാ.”

“ വരുന്ന വഴിക്കൊക്കെ മൂത്രമൊഴിച്ച് അടയാളം വച്ചില്ലേ നീ. അതു മണത്തങ്ങു പോയാപ്പോരേ”

“മൂത്രം കൊണ്ടുള്ള അടയാളമോ”

“നിനക്കതൊന്നും അറിയില്ലേ. നീയൊക്കെ പട്ടിതന്നെയാണോടാ പട്ടിക്കുഞ്ഞേ. എടാ പട്ടികൾ മൂത്രം വിസർജ്ജിക്കുന്നത് പ്രകൃതിയുടെ വിളി കേട്ടു മാത്രമല്ല. യാത്രകളിൽ വഴി തെറ്റാതിരിക്കാനുള്ള അടയാളമായും അത് ഉപയോഗിക്കുന്നുണ്ട്. അതെങ്ങനെ തലമുറകളായി വീട്ടുനായകളായി കൂട്ടിൽക്കിടന്ന് നിനക്കൊക്കെ നിന്റെ സ്വത്വം നഷ്ടപ്പെട്ടു പോയിരിക്കുന്നു! വാ. നിന്റെ വീടു കണ്ടുപിടിക്കാൻ ഞാൻ നിന്നെ സഹായിക്കാം.”

കിഴവൻ അവന്റെ മുന്നിൽ നടന്നു. പിന്നെ അവനോടു ചോദിച്ചു. “എടാ നായമൂത്രം മറ്റൊരു അടയാളം കൂടിയായി നമ്മൾ അല്ല ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതെന്തിനാണെന്ന് നിനക്കറിയാമോ?”

“ഇല്ലപ്പൂപ്പാ”

“അതൊരു ആധിപത്യത്തിന്റെ അടയാളമാ‍ണ്.” കിഴവൻ തന്റെ പിൻ‌കാൽ 45 ഡിഗ്രി ഉയർത്തി അടുത്തുകണ്ട മതിലിൽ അഞ്ചാറു തുള്ളി മൂത്രം ചീറ്റിച്ചു. ഇത് ഞങ്ങളുടെ സ്ഥലമാണ്. ഇവിടെ ആധിപത്യം ഞങ്ങൾക്കാണ്. ഇങ്ങോട്ടാരെങ്കിലും കടന്നു വന്നാൽ ഈ മൂത്രഗന്ധം മണത്ത് ഇവിടെ അവകാശികളുണ്ടെന്ന് മനസ്സിലാക്കി പിന്മാറണം. പിൻ‌മാറും അഥവാ പിന്മാറിയില്ലെങ്കിൽ ഞങ്ങളവർക്കു മനസ്സിലാക്കിക്കൊടുക്കും. ഇപ്പോൾ ഞാനെന്റെ അധികാരത്തിന്റെ  അടയാളം ഇവിടെ പതിപ്പിച്ചില്ലേ? അത്  ഞങ്ങളുടെ  സംഘത്തിലെ മറ്റാരെങ്കിലും ചെയ്യുന്നതു പോലും എനിക്കിഷ്ടമല്ല. എന്നാലും  ഞാൻ കാണാതെ ചിലർ അത് ചെയ്യുന്നത് ഞാൻ മണത്തു  കണ്ടു പിടിക്കുകയും അവരുടെ നാറ്റത്തിനു മേൽ ഞാനെന്റെ നാറ്റം കൊണ്ട് വീണ്ടു അടയാളം വീഴ്ത്തുകയും ചെയ്യും ഓരോരുത്തരും അവർക്ക് എവിടെ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നുവോ അവിടെ ആളാവുക. അല്ലാതെ കയ്യൂക്കുള്ളവർ ഉള്ളിടത്തെ  ആളോ നായയോ ആകാൻ ശ്രമിക്കരുത്.

പുതിയ പുതിയ കാര്യങ്ങൾ തനിക്കു മനസ്സിലാക്കിത്തരുന്ന അപ്പൂപ്പന്റെ കയ്യും പിടിച്ചു നടക്കുന്ന  കൊച്ചു കുട്ടിയെപ്പോലെ ആ ബാലനായ നായ കിഴവൻ നായയുടെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ട് നടന്നു പോകുന്നു! കിഴവന്റെ അദ്ധ്യയനം അവനു വേണ്ടി മാത്രമായിരുന്നില്ല. ഞങ്ങൾക്കു കൂടി വേണ്ടിയായിരുന്നു!

പക്ഷേ ആ അറിവിന്റെ പരിണിത ഫലം ഭീകരമായിരുന്നു. അന്നു ഞങ്ങൾ  ഞങ്ങളുടെ പണിശാലകളിലും ഓഫീസുകളിലും പിൻ‌കാൽ 45 ഡിഗ്രി ഉയർത്തി നിൽക്കുന്ന ഞങ്ങളുടെ മേലധികാരികളെ കണ്ടു. സഹപ്രവർത്തകരെ കണ്ടു. ഒരു സഹപ്രവർത്തകൻ അല്ലെങ്കിൽ മേലധികാരി പിൻ‌കാലുയർത്തി വിസർജ്ജിച്ചു പോയിടത്ത് മറ്റൊരുത്തൻ വന്ന് പിൻ‌കാലുയർത്തി നിൽക്കുന്നതു കണ്ടു. പൊതു നിരത്തുകളിൽ, ചാനൽ ചർച്ചകളിൽ, പൊതുഗതാഗത സൌകര്യങ്ങളിൽ........ പൊതു വേദികളിൽ……….. പ്രപഞ്ചത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉയർത്തിവച്ച കാലുകൾ. മൂത്രഗന്ധം.

ഇതൊക്കെ കണ്ടു ചിരിച്ചു മടുത്ത് ക്ഷീണിച്ച് വൈകിട്ട് വീട്ടിലെത്തിയപ്പോൾ  എന്റെ  ഒരു കാലും അറിയാതെ 45 ഡിഗ്രി ഉയർന്നു പോകുന്നു. ഇതൊക്കെ തന്നെയാണോ എന്റെ സഹനടത്തക്കാരുടെ അവസ്ഥയും....?

എന്റെ സംശയം ശരിയായിരുന്നുവെന്ന് പിറ്റേ ദിവസത്തെ പ്രഭാതസവാരിക്കിടയിൽ കൂട്ടുകാ‍ർ സാക്ഷ്യപ്പെടുത്തി. മറ്റൊരു കാര്യവും ഞങ്ങൾ ഇക്കൂട്ടത്തിൽ സാക്ഷ്യപ്പെടുത്തുന്നു. “ഭാഷാ പഠനത്തിനിടയിൽ“ ഞങ്ങൾക്കു നഷ്ടപ്പെട്ടുപോയത് മനുഷ്യ ഭാഷയായിരുന്നു, മനുഷ്യത്വമായിരുന്നു! ആ  തിരിച്ചറിവിൽ ഞങ്ങൾ കുരക്കാൻ തുടങ്ങി. പിൻ‌കാ‍ലുകൾ ഉയർത്തി, പ്രപഞ്ചാവസാനം വരെ നിലനിൽക്കാൻ ശേഷിയുള്ളവയാകണമെന്ന അദമ്യമായ ആഗ്രഹത്തോടെ  ഞങ്ങളുടേതായ  അടയാളങ്ങൾ  രചിക്കാൻ തുടങ്ങി..................!