അന്നൊരു ഞായറാഴ്ചയായിരുന്നു. കാലമാപിനിയിൽ ദൂരം മുപ്പതു വർഷം മുമ്പെന്നു രേഖപ്പെടുത്താം. സാംസ്കാരിക നഗരത്തിലുള്ള സായുധ പോലീസ് സേനാ ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കി അധികം നാൾ പിന്നിടുന്നതിനു മുമ്പേ വ്യവസായത്തിനും കൊതുകിനും പേരുകേട്ട സ്വന്തം ജില്ലയുടെ ഓരത്ത് ഡ്യൂട്ടിക്കായി എത്തിച്ചേർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനു സമീപം ക്യാമ്പ് ചെയ്യുന്ന മുപ്പതോളം യുവ പോലീസുകാർ.
രാവിലെ കഞ്ഞിക്കൊപ്പം കഴിച്ച വറുത്തരച്ച കടലക്കറിയുടെ മണം ഏമ്പക്കമാകുന്ന തിരമാലകൾക്കൊപ്പം അയവിറക്കിക്കൊണ്ടിരിക്കേ പന്ത്രണ്ടു പേർ പെട്ടെന്ന് ഡ്യൂട്ടിക്കു തയ്യാറാകാൻ അറിയിപ്പു വന്നു. ഉടുത്തിരിക്കുന്ന കൈലിമുണ്ടുകൾ മാറ്റി കാക്കിപ്പാന്റിലേയ്ക്ക് കാലുകൾ കയറ്റുന്നതിനു മുമ്പ് മറ്റൊരു അറിയിപ്പു കൂടി വന്നു – യൂണിഫോം വേണ്ട, പാന്റും ഷർട്ടും, മഫ്തി മതി. സായുധ സേനാ ശിശുക്കൾക്ക് സാധാരണ മഫ്തി വേഷം വിധിച്ചിട്ടില്ല. അതിശയത്തോടെയും കൌതുകത്തോടെയും പന്ത്രണ്ടു പേർ പെട്ടെന്ന് തയ്യാറായി.
ഒരു പെണ്ണുകാണലിനായി പോകുന്ന പ്രതിശ്രുത മണവാളന്മാരെപ്പോലെ വസ്ത്രം ധരിച്ച് മോഡിയായി വന്ന പന്ത്രണ്ടു പേർ, അവധി ദിവസമാണെങ്കിലും തുറന്നിരിക്കുന്ന ഒരു കോടതിക്കു മുന്നിൽ എത്തിക്കപ്പെട്ടു – ശരിക്കും ഒരു “പെണ്ണുകാണലിനാണ്” വന്നിരിക്കുന്നത് എന്ന് ഒട്ടും ശങ്കിക്കാതെ. അന്ന് പ്രചാരം സിദ്ധിച്ചു തുടങ്ങിയിട്ടില്ലാത്തതും പിന്നീട് സ്ഥലനാമത്തോടൊപ്പം പീഡനം എന്ന വാക്കും ചേർന്ന് പത്ര വാർത്തകളുടെ തലക്കെട്ടുകൾ പാട്ടത്തിനെടുക്കാൻ തുടങ്ങിയ സമ്പ്രദായം ശൈശവ ദശയിലാണ്. അത്തരമൊരു സംഭവത്തിലെ ഇര വേട്ടക്കാരനെ തിരിച്ചറിയുന്ന പരേഡ് നടക്കുവാൻ പോവുകയാണ്. ഞങ്ങൾ പന്ത്രണ്ടു പേർക്കിടയിൽ പതിമൂന്നാമനായി നിലവിൽ കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ നിർത്തും. അതിൽ നിന്നും ആവലാതിക്കാരി ടിയാനെ തിരിച്ചറിയണം.
പന്ത്രണ്ടു പേർ കോടതിക്കകത്ത് അച്ചടക്കത്തോടെ നിരന്നു നിൽക്കുമ്പോൾ ബോർഡ് വയ്ക്കാത്ത പോലീസ് ജീപ്പിൽ കേന്ദ്ര സർക്കാർ ജീവനക്കാരൻ കൂടിയായ കസ്റ്റഡി പ്രതി വന്നിറങ്ങി. മുണ്ടും ഷർട്ടും വേഷം. അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മറ്റു പോലീസുകാരും മഫ്തിയിൽ. ഒരു അമ്പാസിഡർ കാറിൽ മജിസ്ട്രേറ്റും വന്നിറങ്ങി. അദ്ദേഹം അറ്റൻഷനിലായ ഞങ്ങളേയും ശ്രദ്ധ കേന്ദ്രമായ കേന്ദ്ര ജീവനക്കാരനെയും മാറി മാറി നോക്കി. ഞങ്ങളുടെ വസ്ത്രധാരണവും പ്രതിയുടെ വസ്ത്രധാരണവും ഒത്തൊരുമിച്ച് പോകണം. മജിസ്റ്റ്രേറ്റ് നിർദ്ദേശിച്ചു. പാന്റ് അന്വേഷിച്ച് പോകാൻ തുടങ്ങിയ മഫ്തി പോലീസുകാരനോട് ആയത് അന്വേഷിച്ച് പോകേണ്ടെന്നും പന്ത്രണ്ടു പേരിൽ ഒരാളുടെ പാന്റ് വാങ്ങി ധരിപ്പിച്ചാൽ മതിയെന്നും പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായ സർക്കിൾ ഇൻസ്പെക്ടർ പ്രശ്നം പരിഹരിച്ചു. പ്രതിയുടെ മുണ്ടും ഉടുത്ത് ഞങ്ങളിൽ ഒരാൾ നിരയിൽ നിന്നു പുറത്തേക്ക്. അവന്റെ പാന്റും സ്വന്തം ഷർട്ടും ധരിച്ച് പ്രതി നിരയിലേക്ക്! മദ്ധ്യത്തിലായി നിൽക്കുന്ന എനിക്കു സമീപം ആ ദേഹത്തിനു സ്ഥാനം നിശ്ചയിക്കപ്പെട്ടു. നിരയിലുള്ള ആരുടെയും മുഖത്തേക്ക് നോക്കാതെ ആ മനുഷ്യൻ വിദൂരതയിലേക്ക് നോക്കി നിന്നു. കൊതുകിനു പേരു കേട്ട നഗരത്തിന്റെ പേരു കളയാതിരിക്കാനെന്നോണം ഒരു കൊതുക് കോടതിക്കുള്ളിലേക്ക് ചിറകടിച്ച് ശബ്ദമുണ്ടാക്കി കടന്നു വരികയും കുറ്റാരോപിതന്റെ മുന്നിൽ മുഖാമുഖം നിന്ന് ശബ്ദത്തിന്റെ തീവ്രത കൂട്ടുകയും ചെയ്തു. പ്രതിയുടെ ശ്രദ്ധ വിദൂരതയിൽ നിന്നും കൊതുകിലേയ്ക്ക് മാറുകയും അതിനെ ആടിയോടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിലായി. പ്രതിയുടെ കൈവീശലുകളിൽ നിന്ന് ഒഴിഞ്ഞ് കൊതുക് എന്തോ മുന്നറിയിപ്പു പോലെ മൂളൽ ശബ്ദം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു!
കോടതി വളപ്പിൽ മറ്റൊരു അംബാസിഡർ കാർ വന്നു നിന്നു. മഫ്തിയിലുള്ള രണ്ടു പോലീസുകാർക്കൊപ്പം ആവലാതിക്കാരി പിൻസീറ്റിൽ നിന്നിറങ്ങി. വെളുത്ത ചുരിദാർ ധരിച്ച് വെളുത്ത ഷാൾ കൊണ്ട് മുഖം പകുതിമുക്കാലും മറച്ചിരിക്കുന്നു. കാറിന്റെ മുൻസീറ്റിൽ നിന്നിറങ്ങിയ വനിതാ കമ്മീഷൻ പ്രതിനിധി ചൂണ്ടിക്കാട്ടിയ വഴിയേ പ്രായ പൂർത്തിയായോ ഇല്ലയോ എന്ന് അന്ന് പൊതു സമൂഹം തീർച്ചപ്പെടുത്താത്ത ഇര കോടതിക്കകത്തേക്ക്!
അന്ന് പ്രചാരത്തിലില്ലാതിരുന്നതും ഇന്ന് സർവ്വസാധാരണവുമായ ഒരു വാദ്യോപകരണത്തിന്റെ ശബ്ദം ഞാൻ കേട്ടു. ശബ്ദത്തിന്റെ ഉറവിടം പെട്ടെന്നു കണ്ടു പിടിക്കാൻ കഴിഞ്ഞു. എന്റെ ഇടതു വശം നിൽക്കുന്ന ആ ദേഹത്തിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്ന ഹൃദയമിടിപ്പാണ് നാസിക് ഡോളിന്റെ താളത്തിൽ കേട്ടു കൊണ്ടിരിക്കുന്നത്!
ആവശ്യത്തിലേറെ ലൈറ്റുകളുണ്ടെങ്കിലും ഒന്നോ രണ്ടോ ട്യൂബ് ലൈറ്റുകൾ മാത്രം തെളിച്ചിട്ടിരിക്കുന്ന കോടതി മുറിയിലെ മിതമായ വെളിച്ചത്തിൽ നിരയുടെ കേന്ദ്രത്തിൽ ഒളിച്ചു നിൽക്കുന്ന കേന്ദ്രജീവനക്കാരനെ നോക്കിക്കൊണ്ടു തന്നെയാണ് വെളുത്ത ഷാൾ കൊണ്ടു മൂടിയ മുഖത്തെ സുന്ദരമായ കണ്ണൂകൾക്കുടമ അകത്തേക്ക് കടന്നത്. നാസിക് ഡോളിന്റെ ശബ്ദമുയർന്നു. കൊതുകിന്റെ മൂളലും.
വേട്ടക്കാരനെ ചൂണ്ടിക്കാണിക്കാൻ ന്യായാധിപൻ നിർദ്ദേശിച്ചു. വനിതാ കമ്മീഷൻ പ്രതിനിധി അതാവർത്തിച്ചു. ഭരതമുനി പകർപ്പവകാശം ഉപേക്ഷിച്ച ഒരു നൃത്തമുദ്ര, മൂന്നു വിരലുകൾ നീട്ടിക്കാണിച്ച് പ്രദർശിപ്പിച്ചു ആ അനാമിക. മൂന്നു വിരലുകളിൽ ഒന്ന് പ്രതിയുടെ ഇടതു വശം നിൽക്കുന്ന എന്റെ സഹപ്രവർത്തകന്റെ നേർക്ക്, രണ്ടാമത്തേത് നാസിക് ഡോളിന്റെ പ്രഭവ കേന്ദ്രത്തിനു നേർക്ക്, മൂന്നാമത്തേത് എന്റെ നേർക്ക്! ഞാനും ഇതിൽ പ്രതിയാകുമോ? ഒരു നിമിഷം കൊണ്ട് എന്റെ മനസ്സ് കീഴ്ക്കോടതിയിൽ നിന്ന് സുപ്രീം കോടതിവരെ സഞ്ചരിച്ചു. സഞ്ചാരമാർഗ്ഗത്തിൽ വക്കീലന്മാർ വവ്വാലുകളെപ്പോലെ എന്നെ അനുഗമിച്ചു. അച്ചുകൂടങ്ങളിൽ എന്റെ പേരിലും വീട്ടുപേരിലുമുള്ള അക്ഷരങ്ങളെല്ലാം കൊതുകുകൾ മുട്ടയിടുന്നതു പോലെ പെറ്റു പെരുകി! ഞാൻ ആദ്യത്തെ വിരൽ ലക്ഷ്യം വച്ച സഹപ്രവർത്തകനെ നോക്കി. അവൻ പെണ്ണൂ കാണൽ ചടങ്ങിനു വന്ന് സുന്ദരിയായ പ്രതിശ്രുതവധുവിനെ നോക്കുന്ന പോലെ മനസ്സിൽ ലഡുവും തിന്ന് നിൽക്കുകയാണ്.
എന്റെ ആശങ്ക കണ്ടിട്ടാണോ എന്തോ കുറച്ചു കൂടി അടുത്ത് ചെന്ന് വ്യക്തമാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം പരിഷ്കരിച്ചു. വനിതാ കമ്മീഷൻ അതേറ്റു ചൊല്ലി. ആവലാതിക്കാരി മുന്നോട്ടു വന്നു. രാത്രിയിലോ പകലിലോ നമ്മുടെ ജംഗമ വസ്തുക്കൾ അടിച്ചു കൊണ്ടു പോയ ഒരു കള്ളനെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും പിന്നീട് ഒരു കോടതി മുറിയിൽ വച്ച് തിരിച്ചറിയണമെന്നില്ല. പൊതു നിരത്തിൽ വച്ച് നമ്മളെ ഇടിച്ചിട്ടിട്ട് തിരിഞ്ഞു നോക്കി ഹെൽമെറ്റ് വയ്ക്കാതെ നിർത്താതെ പോയ ഇരുചക്രവാഹനക്കാരനെ പിന്നീട് നമുക്ക് കണ്ടാൽ മനസ്സില്ലായെന്നു വരില്ല. തെരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചു വന്ന് നമ്മൾ വോട്ടു കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്തയാൾ ജനപ്രതിനിധിയായ ശേഷം കണ്ടുമുട്ടുമ്പോൾ നമ്മൾ തിരിച്ചറിയണമെന്നില്ല. പക്ഷേ, ഈ ഒരു കേസിൽ അത് അസംഭവ്യമാണെന്ന് കുറച്ചു നേരത്തേക്കെങ്കിലും മറന്നു പോയതു കൊണ്ടാണ് എനിക്ക് ഡൽഹിവരെ സഞ്ചരിക്കേണ്ടി വന്നത് എന്ന് മനസ്സില്ലാക്കിത്തന്നു കൊണ്ട് ഇര വന്ന് വേട്ടക്കാരന്റെ ഇടതു നെഞ്ചിൽ തന്റെ വലതു കയ്യിലെ ചെറുവിരൽ കൊണ്ട് ഒരു കുത്ത്..! നാസിക് ഡോൾ നിലച്ചു. എന്റെ ശ്വാസവും നേരെ വീണു!
അന്നു രാത്രി കൊതുകു വലയ്ക്കു മുകളിൽ രക്തദാഹികളായി ദേഷ്യപ്പെട്ട് മൂളി നടന്ന പെൺ കൊതുകളിൽ ഒന്നിനോട് അന്ന് പകലിൽ കോടതിയിൽ വച്ചുകണ്ട കൊതുകിനെ അറിയുമോ എന്നു ചോദിച്ചു. രക്തം കിട്ടാത്ത ദേഷ്യത്തിന് അവൾ എന്തൊക്കെയോ പുലമ്പി. അൽപ്പം രക്തം കൊടുത്താൽ അതുമായി ചങ്ങാത്തം കൂടാമെന്ന ചിന്ത ഞാൻ മുളയിലേ നുള്ളി. കൊതുകിന്റെ മൂളൽ ഒറ്റക്കമ്പി നാദമായി തർജ്ജമചെയ്യുന്ന സാഹിത്യത്തിന്റെ ഈ നാട്ടിൽ ഞാനെന്തിന് എന്റെ രക്തം കൈക്കൂലിയായിക്കൊടുക്കണം. മൂപ്പത് വർഷം ദൂരെയിരുന്നുകൊണ്ട് അന്നാ കൊതുക് കുറ്റാരോപിതനോട് പറഞ്ഞത് ഇപ്രകാരമായിരുന്നെന്ന് കവിയല്ലാത്ത ഞാൻ വിധിയാക്കുന്നു.
ഈ കേസിൽ “മൂലകാരണ” (ക്രൈംസീൻ) സമയത്ത് ആ ഹോട്ടലിൽ വച്ച് ഞാൻ നിന്നോട് ചോദിച്ചതാണ്. നിമിഷങ്ങളാണോ വർഷങ്ങളാണോ നിനക്ക് ജീവിക്കേണ്ടതെന്ന്. നിനക്കെന്റെ ചോദ്യം മനസ്സില്ലായില്ല. പക്ഷേ, നിന്റെ മനസ്സും വികാരവും നിമിഷങ്ങൾക്കൊപ്പമായിരുന്നു. നിനക്കെന്റെ ചിറകിന്റെ ഭാഷ മനസ്സിലായില്ല. ഒരു ഭാഷയും മനസ്സിലാവാത്ത മനോനിലയായിരുന്നു നിനക്ക്. നീ അനുഭവിക്ക്”
ഈ വിധിയുടെ പകർപ്പുകൾ എടുത്ത് പ്രചരിപ്പിക്കുന്ന ആദ്യത്തെ നൂറു പേരുടെ ഹൃദയങ്ങൾ നാസിക് ഡോളിന്റെ ശബ്ദം അനുകരിക്കുകയില്ല. ഉറപ്പ്....