2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അഹങ്കാരം@മനുഷ്യന്‍


ആകാശത്തിന്‍റെ വിരിമാറിലൂടെ ചിറകു വിരിച്ച് പറന്നു നടക്കുന്ന ഒരു ചെറുപക്ഷി പോലും ഇങ്ങനെ അഹങ്കരിക്കുകയില്ല. ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുള്ളവര്‍ക്ക് ഇങ്ങനെ അഹങ്കരിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണെന്നും താനില്ലെങ്കില്‍ ഈ ലോകമില്ലാ എന്നുമൊക്കെ തോന്നിപ്പോവുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഉന്‍മാദ രോഗത്തിന്‍റെ ലക്ഷണം തന്നെയാണ്.

മനുഷ്യന്‍റെ മിഥ്യാധാരണകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ലോകം തന്‍റേത് മാത്രമാണെന്ന് അല്‍പസമയത്തെക്കെങ്കിലും തെറ്റിദ്ധരിച്ചു പോകുന്നത് ഏതു ജീവിയുടെയും സഹജ സ്വഭാവമാണ്. പക്ഷേ, യുക്തിയും വകതിരിവും വിവേചന ശേഷിയും സ്വായത്തമാക്കിയെന്ന് പറയുന്ന മനുഷ്യന്‍റെ കാര്യത്തില്‍ ഇതൊരു ഒഴികഴിവല്ല.
എന്തൊക്കെ നേടിയെന്ന് വീമ്പിളക്കിയാലും തന്‍റെ സ്വത്വത്തെ തിരിച്ചറിഞ്ഞ മനുഷ്യ ജീവിതങ്ങള്‍ വിരളം തന്നെ. നൂറു ശതമാനം സാക്ഷരത കൈവരിച്ച ജനതയും ഇക്കാര്യത്തില്‍ നിരക്ഷരരുടെ പട്ടികയിലാകുന്നു, സ്ഥാനം പിടിക്കുന്നത്.
പ്രകൃതിയുടെ കരുതലില്‍ മനുഷ്യര്‍ക്ക് പ്രഥമ സ്ഥാനമൊന്നുമില്ല എന്ന തിരിച്ചറിവാണാദ്യം വേണ്ടത്. ജീവിവര്‍ഗ്ഗങ്ങള്‍ക്കായി പ്രകൃതിയുടെ ഇന്‍ഷൂറന്‍സൊന്നും നിലവില്ലാ എന്നത് തന്നെയാണ് സത്യം. പ്രപഞ്ച രഹസ്യങ്ങളില്‍ പലതും കണ്ടെത്തിയെങ്കിലും കണ്ടെത്തിയത്തിലും അനേക ശത മടങ്ങ് വെളിപ്പെടാനിരിക്കുന്നുവെങ്കിലും, കണ്ടെത്താത്ത ഉത്തരങ്ങളും കണ്ടെത്തിയതിന്‍റെ സൂചനകളും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും ചികയുന്ന നമ്മളും പ്രകൃതി പ്രതിഭാസങ്ങളെ കണ്ടു ഭയന്നുനിന്ന പൂര്‍വികരും തമ്മില്‍ വലിയ അന്തരമൊന്നുമില്ല..
എന്താണ് ജീവിതമെന്ന് ചിന്തിച്ച് തുടങ്ങുന്നിടത്ത് അസ്വസ്ഥതകളുടെ ശ്രേണികളും അമ്പരപ്പിന്‍റെ ആകുലതകളും നമ്മെ മദിച്ചു തുടങ്ങുകയായി. എന്നുവച്ച് അങ്ങനെ ചിന്തിക്കാതിരിക്കുന്നതില്‍ കാര്യമില്ല. ചിന്തകളെ ഒഴിവാക്കി ഒഴുക്കിനനുസരിച്ച് ജീവിക്കുകയെന്നുള്ളത് താരതമ്യേന അനായേസേന സാധിക്കുന്ന ഒന്നാണ്. മൃഗങ്ങള്‍ സഹജവാസനകള്‍ നയിക്കുന്ന അത്തരം അനായാസ ചിന്തകളുടെ പ്രേരണയാലാണ് ജീവിച്ചു പോരുന്നത്. സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ചിന്തകളിലും രൂപത്തിലും മാറ്റം നേടിയെടുത്ത മനുഷ്യര്‍ അത്തരത്തില്‍ ജീവിച്ചു പോകുന്നതിന് തീര്‍ച്ചയായും ന്യായീകരണം കണ്ടെത്താന്‍ കഴിയില്ല.
അപരനുമേല്‍ ആധിപത്യം ഉറപ്പാക്കാനുള്ള ത്വരയാണ് ഓരോരുത്തരേയും മദിക്കുന്നത്. പരിചിതരോടും അപരിചിതരോടും സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോഴും മറുപക്ഷത്തുള്ളയാളില്‍ നിന്ന്‍ തനിക്കെന്ത് നേട്ടമുണ്ടാക്കാം, തന്‍റെ നിഗമനങ്ങളും ചിന്താരീതികളുമാണ് മികവുറ്റതെന്ന് അപരനെ എങ്ങനെ ബോധ്യപ്പെടുത്താം എന്ന ഉപബോധ ചിന്തകളാണ് വ്യക്തികളെ നയിക്കുന്നത്. ഈ മനോഭാവം ഓര്‍മിപ്പിക്കുന്നത് തന്‍റെ സാന്നിധ്യവും ആധിപത്യ സൂചനയും നല്‍കാന്‍ മല മൂത്ര വിസര്‍ജ്ജനം നടത്തുന്ന ചില മൃഗങ്ങളെയാണ്. വാക്കുകൊണ്ടും മനോഭാവം കൊണ്ടും ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഈ നാല്‍കാലികളോട് ഉപമിക്കുക തന്നെയാണ് ഉചിതം. അവരുടെ ഗീര്‍വാണങ്ങളും അഹങ്കാര ജടിലമായ വ്യാക്ഷേപങ്ങളും മൃഗ കാഷ്ഠങ്ങളായി ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം, തന്‍റെ സ്വഭാവത്തിന് യോജിക്കുന്ന, താന്‍ ശീലിച്ചു പോന്ന, അനുവര്‍ത്തിച്ചു പോരുന്ന സവിശേഷതകളെ ന്യായീകരിക്കുന്ന സിദ്ധാന്തങ്ങള്‍ക്കാണ് അവന്‍ രൂപം കൊടുത്തു വരുന്നത്.നന്മയും തിന്‍മയും ആപേക്ഷികമാകുന്ന ജീവിത സാഹചര്യങ്ങളില്‍ ഏതു കൊടും തെറ്റിനെയും ന്യായീകരിക്കുന്ന ചിന്താസരണികള്‍ ഇവിടെ സുലഭമാണ്
അഹങ്കാരം അളക്കാനാവാത്ത വിധം ബാധിച്ചുപോയ ഒരു വിഭാഗം നമ്മുടെ ബ്യൂറോക്രസി തന്നെയാണ്.നമുക്ക് നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഒന്നു കടന്നുചെല്ലാം. തനിക്കവകാശപ്പെട്ട സേവനത്തിനായി സമീപിക്കുന്ന ഒരു പൌരനെ കാത്തിരിക്കുന്നത് ഉത്തരം താങ്ങിപ്പിടിച്ചിരിക്കുന്ന ഗൌളികളാണ്. താനീ ഫയലില്‍ നിന്നൊന്നു തലപൊക്കിപ്പോയാല്‍ ഭരണ ചക്രത്തിന്‍റെ അച്ചുതണ്ട് ഒടിഞ്ഞു പോകുമെന്ന ഭാവത്തില്‍ എത്രയെത്ര ഗൌളികളാണ് കസേരയും താങ്ങിയിരിക്കുന്നത്. ഈ ഗൌളികള്‍ അടുത്തൂണ്‍ പറ്റി ഖജനാവിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു; തങ്ങള്‍ ഉത്തരം താങ്ങിപ്പിടിച്ചിരിക്കുക മാത്രമല്ല, ഈ കാത്തു നില്‍ക്കുന്ന വയസ്സന്‍ ഗൌളികള്‍ക്ക് കൊടുക്കുന്ന നക്കാപ്പിച്ച തന്‍റെ തറവാട്ടു സ്വത്താണെന്ന ഭാവത്തില്‍ ഖജനാവനികത്തിരിക്കുന്നത് കാണാം ചില കൂറ്റന്‍ ഗൌളികള്‍.
ബ്യൂറോക്രസിയും സമൂഹത്തിന്‍റെ ഭാഗം തന്നെ. എങ്കിലും ഒരു സാധാരണ മനുഷ്യന്‍ ബ്യൂറോക്രസിയുടെ ഭാഗമാകുമ്പോ,ള്‍ അബദ്ധ ജടിലമായ, പ്രാകൃത ചിന്തകളുടെ ബഹിര്‍സ്ഫുരണമായ അഹങ്കാരത്തിന്‍റെ സാധ്യതകളും വര്‍ദ്ധിക്കുന്നതായാണ് കണ്ടുവരുന്നത്.
ബ്യൂറോക്രസിക്കു മേലെ നില്‍ക്കുന്നു, രാഷ്ട്രീയാധിഷ്ഠിതമായ അധികാരം. ആധിപത്യ മനോഭാവത്തിന്‍റെ ഇരട്ട സഹോദരനാണ് അധികാരം. നയതന്ത്രജ്ഞയിലൂടെ സുതാര്യത പ്രകടിപ്പിക്കുന്നുവെങ്കിലും അധികാരവും കെട്ടി ഉയര്‍ത്തപ്പെട്ടിരിക്കുന്നത് അഹങ്കാരത്തിന്‍റെ അടിത്തറയിലാണെന്ന് സമകാലിക സംഭവങ്ങള്‍ നമുക്ക് വിശദീകരിച്ചു തരുന്നു.
ഇതിനൊക്കെ മുകളില്‍ കൊഞ്ഞനം കുത്തിക്കൊണ്ടു നില്‍ക്കുന്നു, എല്ലാത്തിനെയും വിലക്കെടുക്കാനാവുമെന്ന ഹുങ്കോടെ സമ്പന്നതയുടെ തിമിര്‍പ്പ്.
നമുക്കിങ്ങനെ മുകളിലേക്ക് പോയിക്കൊണ്ടിരിക്കാം. അഹങ്കാരത്തിന്‍റെ പാരമ്യത്തിലെത്തി അയഥാര്‍ഥതയുടെ ആകാശത്ത് സാമാന്യ ബുദ്ധി പോലുമില്ലാതെ പറന്നു നടക്കാം. എന്നാലേ പതനത്തിന്‍റെ ആക്കം കൂടുകയുള്ളൂ; എന്‍റെ വീഴ്ചയും അത്യുന്നതങ്ങളില്‍ നിന്നായിരുന്നുവെന്ന് ഊറ്റം കൊള്ളാനാവുകയുള്ളൂ.

1 അഭിപ്രായം:

  1. 1111താനില്ലെങ്കില്‍ ഈ ലോകമില്ലാ എന്നുമൊക്കെ തോന്നിപ്പോവുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഉന്‍മാദ രോഗത്തിന്‍റെ ലക്ഷണം തന്നെയാണ്111111.


    ഒരുദാഹരണത്തിനു ചോദിക്കുകയാണ് 100 കൊല്ലം മുന്‍പ് തേരാക്കലിന് ഈ ലോകം ഉണ്ടായിരുന്നോ? 100 കൊല്ലത്തിനുശേഷം തേരാക്കലിന് ഈ ലോകം ഉണ്ടായിരിക്കുമോ?

    മറുപടിഇല്ലാതാക്കൂ