2023, ജൂലൈ 15, ശനിയാഴ്‌ച

സന്ദേശം


റസിഡൻസ് അസോസിയേഷന്റെ വാർഷിക പരിപാടികൾ തുടരുന്നു.
ശശിയും മകനും അടുത്തടുത്ത കസേരകളിലിരുന്ന് തുടക്കം മുതലേ പരിപാടികൾ കണ്ടു കൊണ്ടിരിക്കുന്നു.
ഇന്നത്തെ താരം സോമനാണ്. ശശിയുടെ സുഹൃത്താണ് സോമൻ. രണ്ടു പേരും കൂലിപ്പണിക്കാർ. ശശി, കിട്ടുന്നത് മുഴുവനും തന്റെ കുടുംബത്തിനായി ചെലവിടുമ്പോൾ സോമൻ കിട്ടുന്നതു മുഴുവൻ കുടിച്ചു തീർത്ത്, കാനയിലും കടത്തിണ്ണയിലും "സമാധി" കൊണ്ടു .
നേരേ ചൊവ്വേ ജോലിക്കുപോലും പോകാതെ, കയ്യിലിരുപ്പു കൊണ്ട് ആരും ജോലിക്കു വിളിക്കാതെ സോമൻ സോമരസം തേടി നടന്നപ്പോൾ പച്ചവെള്ളം കുടിച്ചിറക്കി കുടുംബത്തിനായി വിയർപ്പൊഴുക്കിക്കൊണ്ടിരുന്നു, ശശി.
പക്ഷേ, ഇന്നത്തെ താരം സോമനാണ്. ഒരു ദിനം ബോധോദയപ്പെട്ട് സോമൻ കുടി നിർത്തി. ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച് ജീവിതം തിരിച്ചു പിടിച്ചു. പരിഹസിച്ചിരുന്നവർ അഭിനന്ദിച്ചു.
മാതൃകയാക്കാവുന്ന ജീവിതമാണ് സോമന്റേത് എന്ന് റസിഡൻസ് അസോസിയേഷന്റെ ഈ വാർഷിക ദിനത്തിൽ പലരും പ്രസംഗിച്ചു. ജനപ്രതിനിധികളും പൗര പ്രമുഖരും സോമന് പൂച്ചെണ്ടുകളും പൂമാലകളും സമ്മാനങ്ങളും നൽകി ആദരിച്ചു.
തന്റെ സ്നേഹിതൻ ജീവിതം തിരിച്ചു പിടിച്ചതിലും ആദരിക്കപ്പെട്ടതിലും അഭിമാനം കൊണ്ട് ശശി അടുത്തിരുന്ന മകന്റെ മുഖത്തേക്കു നോക്കി.
മകന്റെ മുഖത്ത് തന്റെ അഭിമാനം പ്രതിഫലിക്കാതിരിക്കുന്നതും വിശകലനം ചെയ്തെടുക്കാവുന്ന മറ്റൊരു ഭാവത്തോടെ അവൻ തന്നെ തിരിഞ്ഞു നോക്കുന്നതും ശശി ആശ്ചര്യത്തോടെ നോക്കിയിരുന്നു.
മകന്റെ ഒരു കണ്ണിൽ സോമനു കിട്ടിയ ഉപഹാരങ്ങളും മറ്റേ കണ്ണിൽ ഈയിടെ പണി പൂർത്തിയാക്കിയ തന്റെ കൊച്ചു വീട്ടിലെ ഒഴിഞ്ഞ ഷോക്കേസും പ്രതിഫലിക്കുന്നുണ്ടായിരുന്നു ........ !


 

സർവ്വേക്കല്ലുകൾ......


പോത്തിന്റെ കൊമ്പുകൾക്കിടയിലെ പ്രാണിയെ കൊത്തിത്തിന്നു കൊണ്ട് കാക്ക പട്ടിയെ നോക്കി. പട്ടി സർവ്വേക്കല്ലിന്മേൽ പിൻ‌കാലുകൾ 45 ഡിഗ്രി പൊക്കി നിർത്തി അഭിഷേകം നടത്തുകയായിരുന്നു.
“നീയെന്താണീ ചെയ്യുന്നത്? സർവ്വേക്കല്ലു പോലുള്ള ഉയർന്ന പ്രതലങ്ങൾ മാത്രം കാര്യ സാദ്ധ്യത്തിനായി നിങ്ങൾ നായ്ക്കൾ തിരഞ്ഞെടുക്കുന്നതെന്തു കൊണ്ട്? 45 ഡിഗ്രിയിൽ കുറച്ചുള്ള പൊസിഷൻ നിങ്ങൾക്ക് സാദ്ധ്യമാകാത്തതെന്തുകൊണ്ട്?” കാക്ക ജിജ്ഞാസയോടെ ചോദിച്ചു.
സർവ്വേക്കല്ലിനെ വിട്ട്, പോത്തിൽ നിന്നും സാമൂഹ്യ അകലം പാലിച്ച്, ഒരു പുൽ നാമ്പ് വായിലാക്കി പല്ലിളിച്ച് ചവച്ചുകൊണ്ട് നായ പറഞ്ഞു:
“ഈ സർവ്വേക്കല്ല് എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി കൂടിയാണ്. അതിൽ വേറൊരു നായിന്റെ മോൻ വന്നു പെടുത്തിട്ടു പോയിരിക്കുന്നു. അവന്റെ ഗന്ധത്തിന്മേൽ എന്റെ ഗന്ധം കൊണ്ട് ആധിപത്യം പുലർത്തണം. ഇതു ഞങ്ങൾ പ്രാചീന കാലം തൊട്ടേ പുലർത്തിപ്പോരുന്ന തന്ത്രമാണ്. യാത്രകൾ അവസാനിപ്പിച്ച് തിരികെ പോരുമ്പോൾ വഴി കണ്ടെത്തുവാൻ തുടങ്ങി വച്ചതാണ്. പക്ഷേ, ഞാനിവിടെയുണ്ട്, ഇതെന്റെയിടമാണ്, ഇവിടെവന്ന് വേറെയാരും കളിക്കേണ്ട, ഞാനാണിവിടുത്തെ കേമൻ എന്ന സന്ദേശമാണ് ഞങ്ങളിങ്ങനെ എഴുതി വയ്ക്കുന്നത്. അത് ഞങ്ങളെക്കൊണ്ടു സാധിക്കുന്ന ഉയരത്തിൽ രേഖപ്പെടുത്തുന്നു. അത്രമാത്രം.”
സർവ്വേക്കല്ലിനു സമീപം മറ്റൊരു ശുനകൻ. അവൻ മണം പിടിച്ച് ഒന്നു സംശയിച്ചു നിന്നു. പിന്നെ നാലുപാടും നോക്കി തന്റെ “സന്ദേശം” 45 ഡിഗ്രിയിൽ കൊത്തി വച്ചു. അതു കണ്ട ഒന്നാമൻ കുരച്ചു കൊണ്ട് സർവ്വേക്കല്ലിനു സമീപത്തേക്ക്! ചെറിയൊരു കലാപം! കലാപത്തിനൊടുവിൽ അതിഥി തോറ്റോടി. വിജയ സൂചകമായി ഒന്നാമൻ വീണ്ടും നാൽപ്പത്തഞ്ചു ഡിഗ്രിയിലേയ്ക്ക്‌!
കാക്ക ചിരിച്ചില്ല. അതാലോചിക്കുകയായിരുന്നു. താൻ ജീവിക്കുന്ന ഈ ചുറ്റുപാടുകളിൽ, മനുഷ്യന്മാർ ആധിപത്യം പുലർത്തുന്ന പലയിടത്തും ഈ നാല്പത്തിയഞ്ചു ഡിഗ്രി ഉയർത്തിയ പിൻ‌കാലുകൾ താൻ കണ്ടിട്ടുണ്ടല്ലോ? മനുഷ്യർ മനുഷ്യർക്കുമേൽ പിൻ‌കാലുയർത്തി നിൽക്കുന്ന പലപല ചിത്രങ്ങൾ അതിന്റെ ഓർമ്മയുടെ ചാനലുകളിലൂടെ കടന്നു പോയി!
ചേക്കേറുന്ന മരത്തിനടുത്തുള്ള വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ അന്നു രാത്രി കണ്ട അന്തിച്ചർച്ചകളിൽ അവതാരകരുടെ മുഖത്തിനു പകരം ആ ബലിഭുക്ക് ദർശിച്ചത് 45 ഡിഗ്രി ഉയർത്തിയ പിൻ‌കാലുകളായിരുന്നു! പ്രേക്ഷകർ സർവ്വേക്കല്ലുകളാകാതിരുന്നെങ്കിൽ എന്നതാശിച്ചു പോയി!

അനുനയം!


പണ്ട് . ഒരു രാജ്യം.
ആ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വിഷം ചീറ്റുന്ന വ്യാളികളുടെ ശല്യമുണ്ടായിരുന്നു. ഭയപ്പെടുത്തുന്നവയെ ആരാധിക്കുക എന്ന പ്രാചീന കീഴ് വഴക്കം അന്നും നിലനിന്നിരുന്നുവെങ്കിലും ആരാധകരെ അവഗണിച്ച്, പ്രജാ സുരക്ഷിതത്വവും സ്വന്തം നിലനിൽപ്പും പരിഗണിച്ച്, അന്നവിടം ഭരിച്ചിരുന്ന രാജാക്കന്മാർ വിഷ ജന്തുക്കളുടെ അടുത്ത് സന്ധിസംഭാഷണമൊന്നും നടത്താതെ അവറ്റയുടെ നടുവിനു നല്ല അടി കൊടുത്ത് കൊന്നൊടുക്കി സ്വയം സുരക്ഷിതരായി.
പക്ഷേ, ഇന്ന് ......... വിഷ ജന്തുക്കൾക്ക് വന്യജീവി സംരക്ഷണ നിയമപ്രകാരവും മറ്റും പരിരക്ഷയുള്ളതിനാലും ആരാധകരുള്ളതിനാലും എങ്ങും സന്ധിസംഭാഷണങ്ങളാണത്രേ .....!

മദ-ഇതരം

 

ആത്മാവുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു പോന്നിരുന്ന ഒരു ആത്മാവ്.
ആത്മാവ് താമസിച്ചിരുന്നത് അറിയപ്പെടുന്ന എല്ലാ മാരകരോഗങ്ങളും സുഖവാസം നടത്തിയിരുന്ന ഒരു ദേഹത്തിലായിരുന്നു.
ആരാണീ ദേഹത്തിന്റെ അവകാശി, ആർക്കാണിവിടെ മേധാവിത്വം എന്ന് താമസക്കാർ തമ്മിൽ എന്നും കലഹമായിരുന്നു. അക്കൂട്ടത്തിലേയ്ക്ക് പുതിയ മേധാവിത്വ അവകാശത്തോടെ അവനും വന്നു. കോവിഡ്-19. ആരുടെ മഹത്വം കൊണ്ടോ ആദേഹം മരിച്ചു.
മതേതരത്വത്തിന്റെ പുതിയ വകഭേദമായ മതസൌഹാർദ്ദ സമ്മേളനം ഓൺലൈനിൽ ക്വാറന്റൈനിൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു മരണം. എല്ലാ മതങ്ങളും ശ്രേഷ്ഠങ്ങളാണെന്നും എല്ലാത്തിന്റെയും ലക്ഷ്യം ഒന്നുമാത്രമാണെന്നുമൊക്കെയുള്ള മഹത്തായ സന്ദേശങ്ങൾ ശ്രവിച്ചു കൊണ്ടിരിക്കേയുള്ള “നല്ല മരണം”.
മരണത്തിനു ശേഷവും ആ ശരീരത്തിൽ പക്ഷേ ലഹളയായിരുന്നു, ആരുടെ മേന്മകൊണ്ടാണ്, ആധിപത്യം അംഗീകരിച്ചാണ് ദേഹം കീഴടങ്ങിയത് എന്നതിനെ ചൊല്ലി അണുക്കൾ കലഹിച്ചു കൊണ്ടേയിരുന്നു.
മനം മടുത്ത ആത്മാവ് ദേഹത്തെ വിട്ട് താൻ അവസാനം കേട്ട പ്രഭാഷണങ്ങൾ നടത്തിയവരെ തേടി ചെന്നു. അപ്പോൾ അവർ തങ്ങളുടെ അണികൾക്ക് ക്ലാസെടുക്കുകയായിരുന്നു. തങ്ങളുടെ മഹത്വത്തെപ്പറ്റി! നമ്മളാണു സൂപ്പർ. നമ്മൾ മാത്രമാണു സൂപ്പർ !
ആത്മാവ് തന്റെ പഴയ ദേഹത്തെക്കുറിച്ചോർത്തു.
All reactions:
Sonia V Nair, Sreekumar Pg and 21 others

നാടകം.


അമ്മൂമ്മയ്ക്കൊപ്പമിരുന്ന് കണ്ട സിനിമകളിലെയൊക്കെ വില്ലന്മാർ ദുഷ്ടന്മാരായിരുന്നതു കൊണ്ടുതന്നെ വെറുക്കപ്പെടേണ്ടവരാണെന്ന് അമ്മൂമ്മയ്ക്കൊപ്പം കുട്ടിയ്ക്കും ബോദ്ധ്യമുണ്ടായിരുന്നു.
അവർ ഒന്നിച്ചു വർഷങ്ങളായി കണ്ടുകൊണ്ടുകൊണ്ടേയിരിക്കുന്ന സീരിയലുകളിലെ വില്ലന്മാരെയും വില്ലത്തിമാരെയും കുട്ടിയ്ക്കു വെറുപ്പായിരുന്നു.
വില്ലന്മാരും വില്ലത്തിമാരും തിന്മയുടെ പ്രതീകങ്ങളാകുമ്പോൾ എങ്ങനെ വെറുക്കാതിരിക്കും?
സിനിമയിലും സീരിയലിലും ശത്രുക്കളായിരുന്നവർ ജീവിതത്തിൽ ഉറ്റചങ്ങാതിമാരായി തോളിൽ കയ്യിട്ട് നടക്കുന്ന കാഴ്ച അവിചാരിതമായി കുട്ടിയ്ക്കു കാണേണ്ടി വന്നു. കഥാപാത്രവും വ്യക്തിയും, ജീവിതവും നാടകവും തമ്മിലുള്ള വ്യത്യാസമറിയാതിരുന്ന കുട്ടിയുടെ ബാല്യം പകച്ചു പോയി!
പകച്ചുപോയ ബാല്യത്തിന്റെ മിഴികൾ അപ്പോൾ ഉടക്കിയത് മുദ്രാവാക്യം വിളിച്ചു കൊണ്ടു പോകുന്ന എതോ അണികളുടെ കൂട്ടത്തിലേയ്ക്കായിരുന്നു. ഏതോ നാടകത്തിലെ വില്ലനെതിരായിരുന്നു ആ മുദ്രാവാക്യങ്ങൾ!
Like
Comment
Share
View more comments

 

മുനിയും മൂങ്ങയും


സംഭാഷണ മദ്ധ്യേ ശിഷ്യൻ മുനിയോടു ചോദിച്ചു.
"മുനികളെല്ലാം മിതഭാഷികളാകുന്നതെന്തുകൊണ്ട് ?"
മുനി പറഞ്ഞു:
"കഴിഞ്ഞ ഏതാനും നിമിഷങ്ങളായി നീ സംസാരിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് സംസാരിച്ചത്? മറ്റുള്ളവരുടെ കുറവുകളും ദോഷങ്ങളും , നിന്റെ മഹത്വങ്ങൾ സ്വയം വെളിപ്പെടുത്താനുള്ള ശ്രമങ്ങൾ, ഊഹാപോഹങ്ങളിലേന്മേലുള്ള അഭിപ്രായ പ്രകടനങ്ങൾ, കേൾവിക്കാരനായിരിക്കാനുള്ള സഹജമായ വിമുഖത ഇതൊക്കെ ഒഴിവാക്കിയാൽ നീ പറഞ്ഞതിൽ എന്തെങ്കിലും ബാക്കിയുണ്ടോ? സത്യസന്ധമായി മറുപടി പറയണം"
ശിഷ്യൻ മൗനിയായി മുനിയായി.
"വിദ്വാന്മാർ എന്തുകൊണ്ട് മൗനികളാകുന്നെന്ന് മനസ്സിലായിക്കാണും , നിനക്ക് "
അതു കേട്ട് മരക്കൊമ്പിലിരുന്ന മൂങ്ങ പറഞ്ഞു,
"വിവരക്കേട് പുറത്തറിയിക്കാതിരിക്കാനും മൗനം നല്ലതാണത്രേ ! "

നാർസ്സിസസ് - ഒരു പ്രതീകം

                 തന്നെയും സ്വന്തം പ്രതിച്ഛായയെയും അളവറ്റ് സ്നേഹിച്ച്, തടാകത്തിൽ വീണു മരിച്ച നാർസിസ്സസ്-യവന പുരാണത്തിലെ ഏറെ സഹതാപവും പരിഹാസവും ഏറ്റു വാങ്ങിയ കഥാപാത്രം. തന്റെ ദുരന്തവിധിയെക്കുറിച്ച് ആവലാതി അറിയിക്കാൻ മരണാനന്തരം മരണദേവനായ തനറ്റോസിനെ തേടി ചെന്നു.

സ്വാർത്ഥതയുടെയും സൗന്ദര്യത്തിന്റെയും പ്രതിരൂപത്തെ തനറ്റോസ് സൂക്ഷിച്ചു നോക്കി. രാത്രിയുടെ ദേവതയുടെ മകനും ഉറക്കത്തിന്റെ ദേവൻറെ സഹോദരനുമായ മരണ ദൈവം തന്റെ വിധിയെക്കുറിച്ചല്ല, സൗന്ദര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് തെറ്റിദ്ധരിച്ച നാർസ്സിസസിന്റെ മനസ്സു വായിച്ച തനറ്റോസ് പറഞ്ഞു.
“നിന്നെ നിന്നിലേക്കു മാത്രമൊതുക്കിയ നിന്റെ സൗന്ദര്യബോധം സ്വന്തം ജീവനെടുത്തിട്ടും നീ ഒന്നും പഠിച്ചിട്ടില്ല. അല്ലേ?”
“മരണത്തിൽ നിന്നു പാഠം പഠിക്കേണ്ടത് മരിച്ചവരല്ലല്ലോ മരണ ദേവാ. ജീവിച്ചിരിക്കുന്നവരല്ലേ? സ്വയം സ്നേഹിക്കുക എന്നത് അപരാധമാണോ? ആ കുറ്റത്തിന് മരണ ശിക്ഷ ന്യായീകരിക്കാവുന്നതാണോ?
“നടപ്പിലാക്കിയ ശിക്ഷയെക്കുറിച്ച് സംസാരിച്ച് സമയം കളയേണ്ട. തിരുത്തുവാനാവാത്ത ശിക്ഷയാണ് മരണം. നീയത് അർഹിച്ചിരുന്നു.”
“ ശിക്ഷ തിരുത്തുവാനാവാത്തതാണെങ്കിലും ശിക്ഷകനെങ്കിലും തിരുത്തപ്പെടണം. മരണ ദേവൻ പ്രായശ്ചിത്തം ചെയ്യണം.”
“മരണത്തിന്റെ പ്രായശ്ചിത്തം. അത് അസാദ്ധ്യമാണ്. ഞാൻ ദൈവമാണ്. ദൈവങ്ങൾക്ക് പ്രായശ്ചിത്തം വിധിച്ചിട്ടില്ല.”
“ദൈവങ്ങളുടെ കുത്തകയാണല്ലോ വരം. എനിക്കു വരം വേണം . പൂർത്തിയാകാത്ത ആഗ്ര ഹങ്ങൾ സഫലീകരിക്കാൻ എനിക്കു പുനർജ്ജനിക്കണം. ഞാൻ കണ്ടു കൊതി തീരാത്ത എന്റെ സൗന്ദര്യം മറ്റുള്ളവരെക്കാണിക്കാനെങ്കിലും എനിക്കു ഇനിയും ജീവിക്കണം."
നാർസ്സിസസ് കരഞ്ഞു. അവന്റെ കണ്ണിൽ നിന്നും പുറപ്പെട്ട കണ്ണുനീർ തുള്ളികൾ മറ്റൊരു തടാകം തീർക്കുമെന്നും ആ തടാകത്തിൽ തന്റെ സൗന്ദര്യം നോക്കിയിരുന്ന് അവൻ വീണ്ടും മുങ്ങിമരിക്കുമെന്നും തനറ്റോസ് ഭയന്നു.
“നാർസ്സിസ്സസ്, നിന്നിലേയ്ക്കു മാത്രമൊതുങ്ങിയ നിന്നെ ഈ ലോകത്തിനു തന്നെ കാണിച്ചു കൊടുക്കാൻ ഞാൻ അവസരം നല്കും. ഒരു ശരീരമായി മാത്രം ജീവിച്ച നിനക്ക് ഞാൻ ലക്ഷക്കണക്കിനു ശരീരങ്ങൾ തരും. കാലത്തിന്റെ തേർ ഇനിയും ഒരുപാട് സഞ്ചരിച്ചു കഴിയുമ്പോൾ, സാങ്കേതിക വിദ്യയുടെ പുത്തൻ ചക്രവാളങ്ങൾ മാനവരാശിയുടെ സഞ്ചാരദിശയെ വ്യതിചലിപ്പിക്കുമ്പോൾ, സമൂഹമാദ്ധ്യമങ്ങൾ പുതിയ തടാകങ്ങൾ - മരണ തടാകങ്ങൾ സൃഷ്ടിക്കുമ്പോൾ അവയിലൂടെ ഒരുപാട് നാർസ്സിസസുകൾ പുനർജ്ജനിക്കും. അവർ സ്വയം തിരിച്ചറിഞ്ഞില്ലെങ്കിലും അവരെ മറ്റുള്ളവർ തിരിച്ചറിയും. അങ്ങനെ നീയൊരു പ്രതീകമാകും ഇതിഹാസത്തിലും മനഃശാസ്ത്രത്തിലും തുടർന്നങ്ങോട്ടുള്ള ഓരോ മനുഷ്യന്റെ ജീവിതത്തിലും."