അമ്മൂമ്മയ്ക്കൊപ്പമിരുന്ന് കണ്ട സിനിമകളിലെയൊക്കെ വില്ലന്മാർ ദുഷ്ടന്മാരായിരുന്നതു കൊണ്ടുതന്നെ വെറുക്കപ്പെടേണ്ടവരാണെന്ന് അമ്മൂമ്മയ്ക്കൊപ്പം കുട്ടിയ്ക്കും ബോദ്ധ്യമുണ്ടായിരുന്നു.
അവർ ഒന്നിച്ചു വർഷങ്ങളായി കണ്ടുകൊണ്ടുകൊണ്ടേയിരിക്കുന്ന സീരിയലുകളിലെ വില്ലന്മാരെയും വില്ലത്തിമാരെയും കുട്ടിയ്ക്കു വെറുപ്പായിരുന്നു.
സിനിമയിലും സീരിയലിലും ശത്രുക്കളായിരുന്നവർ ജീവിതത്തിൽ ഉറ്റചങ്ങാതിമാരായി തോളിൽ കയ്യിട്ട് നടക്കുന്ന കാഴ്ച അവിചാരിതമായി കുട്ടിയ്ക്കു കാണേണ്ടി വന്നു. കഥാപാത്രവും വ്യക്തിയും, ജീവിതവും നാടകവും തമ്മിലുള്ള വ്യത്യാസമറിയാതിരുന്ന കുട്ടിയുടെ ബാല്യം പകച്ചു പോയി!
പകച്ചുപോയ ബാല്യത്തിന്റെ മിഴികൾ അപ്പോൾ ഉടക്കിയത് മുദ്രാവാക്യം വിളിച്ചു കൊണ്ടു പോകുന്ന എതോ അണികളുടെ കൂട്ടത്തിലേയ്ക്കായിരുന്നു. ഏതോ നാടകത്തിലെ വില്ലനെതിരായിരുന്നു ആ മുദ്രാവാക്യങ്ങൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ