ആത്മാവുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു പോന്നിരുന്ന ഒരു ആത്മാവ്.
ആ ആത്മാവ് താമസിച്ചിരുന്നത് അറിയപ്പെടുന്ന എല്ലാ മാരകരോഗങ്ങളും സുഖവാസം നടത്തിയിരുന്ന ഒരു ദേഹത്തിലായിരുന്നു.
മതേതരത്വത്തിന്റെ പുതിയ വകഭേദമായ മതസൌഹാർദ്ദ സമ്മേളനം ഓൺലൈനിൽ ക്വാറന്റൈനിൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു മരണം. എല്ലാ മതങ്ങളും ശ്രേഷ്ഠങ്ങളാണെന്നും എല്ലാത്തിന്റെയും ലക്ഷ്യം ഒന്നുമാത്രമാണെന്നുമൊക്കെയുള്ള മഹത്തായ സന്ദേശങ്ങൾ ശ്രവിച്ചു കൊണ്ടിരിക്കേയുള്ള “നല്ല മരണം”.
മരണത്തിനു ശേഷവും ആ ശരീരത്തിൽ പക്ഷേ ലഹളയായിരുന്നു, ആരുടെ മേന്മകൊണ്ടാണ്, ആധിപത്യം അംഗീകരിച്ചാണ് ദേഹം കീഴടങ്ങിയത് എന്നതിനെ ചൊല്ലി അണുക്കൾ കലഹിച്ചു കൊണ്ടേയിരുന്നു.
മനം മടുത്ത ആത്മാവ് ദേഹത്തെ വിട്ട് താൻ അവസാനം കേട്ട പ്രഭാഷണങ്ങൾ നടത്തിയവരെ തേടി ചെന്നു. അപ്പോൾ അവർ തങ്ങളുടെ അണികൾക്ക് ക്ലാസെടുക്കുകയായിരുന്നു. തങ്ങളുടെ മഹത്വത്തെപ്പറ്റി! നമ്മളാണു സൂപ്പർ. നമ്മൾ മാത്രമാണു സൂപ്പർ !
ആത്മാവ് തന്റെ പഴയ ദേഹത്തെക്കുറിച്ചോർത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ