2025, മാർച്ച് 3, തിങ്കളാഴ്‌ച

ഇരുട്ടൂച്ചി


 ഏതാണ്ട്  320 ദശലക്ഷം വർഷങ്ങൾക്കുമുമ്പുള്ള കാർബണീഷ്യസ് കാലഘട്ടത്തിലെ ഭൂമിയിലെ ഒരു പ്രഭാതം.  അന്ന് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. പാറ്റ വർഗ്ഗത്തിലെ കുഞ്ഞന്മാരിൽ ഒരാളായ “ഇരുട്ടൂച്ചി” താൻ മറഞ്ഞിരുന്ന് ഉറങ്ങിയിരുന്ന മണ്ണിനടിയിലെ കുഴിയിൽ നിന്ന് ജാഗ്രതയോടെ പുറത്തിറങ്ങി കുഞ്ഞുവായിൽ കൊള്ളുന്ന ഇര സംഘടിപ്പിച്ച് വീണ്ടും തന്റെ കുഴിമാടത്തിലെ ഇരുട്ടിൽ വിശ്രമത്തിലാണ്ടു.

സുമാർ 240 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള ജുറാസിക് കാലഘട്ടത്തിലെ  മറ്റൊരു പ്രഭാതം. അന്ന്  പഴയ ഇരുട്ടൂച്ചിയുടെ പിൻ‌ഗാമി തന്റെ കിടങ്ങിൽ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ചു. കുഴിയുടെ വക്കുകളിൽ തന്റെ കറുത്ത കുഞ്ഞിക്കരങ്ങൾ എത്തിപ്പിടിച്ച് അവൻ നാലുപാടും നോക്കി. ദിനോസറുകളുടെ ഒരു സംഘം ആ ആവാസ വ്യവസ്ഥയിൽ അർമാദിച്ച് മറ്റു ജീവികളോടും സസ്യലതാദികളോടും അതിക്രമങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നു- തങ്ങളുടെ കരുത്തിൽ അവർ ആഹ്ലാദിക്കുന്നു, അഭിമാനം നിറഞ്ഞ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. അവൻ കുഴിയിലേക്ക് പിൻ‌വാങ്ങി ഇരുട്ടിൽ അഭയം തേടി. ഇനി ഭക്ഷണം തേടാനുള്ള ശ്രമം ഇവർ രംഗം വിട്ട ശേഷം മാത്രം. ഒരു ദിനോസറായി ജനിച്ചാൽ മതിയായിരുന്നു എന്ന് ഇരുട്ടൂച്ചി ആഗ്രഹിച്ചോ എന്നറിയില്ല. പക്ഷേ പാറ്റയേയും ദിനോസറിനേയും താരതമ്യം ചെയ്യാനുള്ള ബുദ്ധിപോലും ആ സാധുജീവിക്കുണ്ടായിരുന്നില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സാധാരണ പ്രഭാതം. പഴയ ഇരുട്ടൂച്ചിയുടെ പുതിയ പിൻ‌ഗാമി തന്റെ ഇരുട്ടു നിറഞ്ഞ അഭയസ്ഥലത്തിരുന്ന്` ഭീതിയോടെ ചുറ്റുപാടും നിരീക്ഷിച്ചു. ശത്രുസാന്നിദ്ധ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണാഞ്ഞ് അവൻ പതിയെ പുറത്തേക്കിറങ്ങി. പിന്നെ തന്റെ വർത്തമാനകാല  സങ്കേതത്തെ ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു. അത് കാലപ്രവാഹത്തിൽ ഭൂമുഖത്തുനിന്ന് തൂത്തെറിയപ്പെട്ട ദിനോസറിന്റെ ഫോസിലായിരുന്നു പോലും..!


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ