Sunday, April 5, 2020

പരലോകം

            നാണുവേട്ടന് മക്കൾ മൂന്ന്-രണ്ടാണും ഒരു പെണ്ണും. വിവാഹത്തിനുശേഷം പിന്തുടർച്ചക്കാരെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ നാണുവേട്ടനും വാമഭാഗത്തിനും ഒരൊറ്റ അഭിപ്രായം തന്നെയായിരുന്നു- ആദ്യത്തേത് ആണ്. വയസ്സാം കാലത്ത് "തെക്കേ പറമ്പിലേ"യ്ക്കെടുക്കുമ്പോൾ കൊള്ളി വയ്ക്കാനൊരു ആൺതരി വേണം. പരലോകത്തേയ്ക്കുള്ള പ്രവേശനം സുഗമമാക്കണം.

            നാണുവേട്ടന്റെ പ്രാർത്ഥന കൊണ്ടോ, വൈ ക്രോമസോമുകളുടെ വിക്രിയ കൊണ്ടോ ആദ്യത്തേതു തന്നെ തീക്കൊള്ളിയായിക്കിട്ടി! പ്രഭാകരൻ . അടുത്തത് എന്തുമായിക്കൊള്ളട്ടെ എന്ന അഹങ്കാരത്തിൽ ദമ്പതികൾ പ്രാർത്ഥിച്ചില്ല. അതിനാൽ വൈ ക്രോമസോമിന്റെ അനുഗ്രഹത്താൽ ഒരു തീക്കൊള്ളി കൂടി കിട്ടി. ദിവാകരൻ.
തീക്കൊള്ളി രണ്ടായതിനാൽ അടുത്ത തവണ വാമഭാഗമെങ്കിലും മുട്ടിപ്പായി പ്രാർത്ഥിച്ചു. നരകത്തിലെ വിറകുകൊള്ളിയാകാത്ത ഒരു പെൺകുട്ടിയാകട്ടെ എന്ന്. പ്രാർത്ഥനയോ എക്സ് ക്രോമസോമോ സഹായിച്ചു. ഒരു പെൺകനി! പ്രഭാവതി!
നാണുവേട്ടൻ "പ്രാർത്ഥന" നിർത്തി.

           പ്രഭാകരനും ദിവാകരനും പ്രഭാവതിയും വളർന്നു വലുതായി. പ്രഭാകരൻ വിവാഹിതനായി. ഏറെ താമസിയാതെ അച്ഛനോട് അവകാശം ചോദിക്കുകയും അതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ താതന്റെ നെഞ്ചിൻകൂടിനൊരു ചവിട്ടും കൊടുത്ത് പുതുപ്പെണ്ണുമായി ഇറങ്ങിപ്പോവുകയും അച്ചി വീട്ടിൽ അച്ചടക്കത്തോട് ജീവിക്കുകയും ചെയ്തു. പുകഞ്ഞ കൊള്ളി പുറത്ത്!
പ്രഭാവതിയുടെ വിവാഹമുറപ്പിച്ചു. വിവാഹത്തലേന്ന് അവൾ ആഭരണങ്ങളും കിട്ടിയത്ര പണവുമെടുത്ത് ഒരു അണ്ണാച്ചിയ്ക്കൊപ്പം ഒളിച്ചോടി. അവൾ നരകത്തിലെ വിറകു കൊള്ളിയാകട്ടെ എന്ന് അവർ ശപിച്ചു. ഇനി ഒരു കൊള്ളി കൂടി ഉണ്ടല്ലോ എന്ന് നാണു ആശ്വസിച്ചു.

             വൈ ക്രോമസോമിന്റെ അനുഗ്രഹത്താൽ മാത്രം ഉണ്ടായതുകൊണ്ടോ എന്തോ ദിവാകരന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും താല്പ്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്തിന് ഡിങ്കനിൽ പോലും വിശ്വാസമുണ്ടായിരുന്നില്ല. തീക്കൊള്ളി മോഹം പുനഃപ്രക്ഷേപണം ചെയ്ത ഒരു സന്ധ്യയ്ക്ക് മാതാപിതാക്കളുടെ മുഖത്തു നോക്കി അവൻ തന്റെ തീരുമാനം വെളിപ്പെടുത്തി. “ജീവിച്ചിരിക്കുന്ന കാലത്തോളം അച്ഛന്റെയും അമ്മയുടെയും കാര്യം എന്നാലാവുന്ന വിധം ഞാൻ നോക്കിക്കൊള്ളാം. മരിച്ചു കഴിഞ്ഞുള്ള ഒരു "പ്രകടന"ത്തിനും ഞാനുണ്ടായിരിക്കില്ല.”

            രണ്ടാമത്തെ മകൻ ജീവിച്ചിരിക്കേ തന്നെ തങ്ങളുടെ പട്ടടയ്ക്കു തീകൊടുത്തതായി ആ ദമ്പതികൾക്കു തോന്നി! എങ്കിലും ദിവാകരൻ വാക്കു പാലിച്ചു. മാതാപിതാക്കളുടെ സുഖത്തിനും ക്ഷേമത്തിനുമായി ചോരനീരാക്കി പണിയെടുത്തു. ഒരു അവിശ്വാസിയ്ക്കു ജന്മം കൊടുത്തതിന് അവർക്കുണ്ടായിരുന്ന കുറ്റബോധം തന്റെ പ്രവർത്തികളിലൂടെ അവൻ കഴുകിക്കളഞ്ഞു. എങ്കിലും അന്ത്യകർമ്മങ്ങൾ ലഭിക്കാതെ പരലോകത്തേയ്ക്കുള്ള ടിക്കറ്റിനായി തങ്ങളുടെ ആത്മാക്കൾ അലയേണ്ടി വരുമല്ലോ എന്ന ആവലാതി ആ വൃദ്ധ ദമ്പതികളെ അസ്വസ്ഥരാക്കിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ദിവാകരനു രണ്ടു പെൺമക്കളായിരുന്നു-അല്ലെങ്കിൽ ആ പിള്ളേരെക്കൊണ്ടെങ്കിലും ടിക്കറ്റെടുപ്പിക്കാമായിരുന്നു. പെൺമക്കളുടെ പക്കൽ ആ ടിക്കറ്റ് കൊടുക്കുന്ന നവോത്ഥാനം പരലോകത്തു നടപ്പാക്കിയിട്ടില്ലത്രേ!

            ആദ്യം ശയ്യാവലംബിയായത് നാണുവേട്ടനായിരുന്നു. ഏറെ താമസിയാതെ ഭാര്യയും. ദിവാകരനും ഭാര്യയും കൂടി രണ്ടു പേരെയും ശുശ്രൂഷിച്ചു. തന്റെ കുട്ടിക്കാലത്തെ ശാഠ്യങ്ങളും പിടിവാശികളും വിസർജ്ജ്യങ്ങളും അവർ കൈകാര്യം ചെയ്ത അതേ ശുഷ്കാന്തിയോടെ മാതാപിതാക്കളുടെ വാർദ്ധക്യത്തിലെ വയ്യായ്മകളെ അവൻ കൈകാര്യം ചെയ്തു. അവസാനം അതു സംഭവിച്ചു. നാണുവേട്ടൻ ആദ്യം മരിച്ചു.

            ഉമ്മറത്തു കുളിപ്പിച്ചു കിടത്തിയ നാണുവേട്ടന്റെ ശവത്തെ ആചാര സംരക്ഷകർ വളഞ്ഞു. കർമ്മങ്ങൾ ചെയ്യണ്ടേ? ദിവാകരൻ തന്റെ നയം വ്യക്തമാക്കി. നാണുവേട്ടന്റെ മുഖത്തുള്ളതിനേക്കാൾ ചുളിവുകൾ വീണു ചോദ്യകർത്താക്കളുടെ മുഖത്ത്. മകന്റെ കടമയാണ്. ചെയ്യാതിരുന്നു കൂടാ.

            “ഞാനെന്റെ കടമകൾ എന്നാലാവും വിധം ചെയ്തിട്ടുണ്ട്.” ദിവാകരന്റെ മുഖത്തെ ഭാവം ധാർഷ്ട്യമാണെന്ന് ആരൊക്കെയോ തർജ്ജമ ചെയ്തു.

            “മൂത്തമകനായ ഞാൻ ജീവിച്ചിരിക്കുമ്പോൾ കർമ്മം ചെയ്യാൻ അതിനവകാശമില്ലാത്തവനെ നിർബന്ധിക്കുന്നതെന്തിനാണ്" -അന്ന് തന്തയുടെ നെഞ്ചിൽ നിന്നും പറിച്ചെടുത്ത വലതുകാൽ വർഷങ്ങൾക്കു ശേഷം ആ മുറ്റത്തേക്കു നീട്ടി വച്ച് പ്രഭാകരൻ പ്രവേശിക്കുന്നു. പിന്നാലെ തമിഴ് ചുവയുള്ള അലമുറയോടെ പ്രഭാവതി! രംഗം കൊഴുത്തു. അന്ത്യകർമ്മങ്ങളും.

           കർമ്മങ്ങൾക്കു ശേഷം മൃതദേഹം ചിതയിലേയ്ക്കെടുക്കുമ്പോൾ ദിവാകരൻ അടുത്തേക്കു ചെന്നു. അവനെ രൗദ്ര ഭാവത്തോടെ തള്ളിമാറ്റിക്കൊണ്ട് പ്രഭാകരനും പ്രഭാവതിയും പറഞ്ഞു.

          “മകനാണത്രേ മകൻ. കടമ നിർവ്വഹിക്കാൻ തയ്യാറാകാത്ത മകൻ"

          ആൾക്കൂട്ടം അതേ ഭാവത്തോടെ അവനെ തീക്ഷ്ണമായി നോക്കി. അവരെല്ലാം പരലോകത്തു നിൽക്കുന്നതു പോലെ അവനു തോന്നി. ഇഹലോകത്തു താൻ മാത്രമേയുള്ളോ? ആൾക്കൂട്ടത്തിലേയ്ക്ക് അവൻ ഒന്നുകൂടി നോക്കി. അതെ. എല്ലാം പരേതാത്മാക്കൾ തന്നെ. മരിക്കാനായി മാത്രം ജീവിച്ചവർ....!

No comments:

Post a Comment