Sunday, April 5, 2020

വിപ്ലവ-സിദ്ധാന്തങ്ങൾ

             പണ്ട്, ഒരു മുപ്പതു വർഷങ്ങൾക്കു മുമ്പ് . ലേശം പുരോഗമനാശയക്കാരനാണെന്ന് സ്വയം അഭിമാനം കൊള്ളുന്ന ഒരു യുവാവ്. അത്ഭുത പ്രവർത്തികൾ കാണിക്കുന്ന ഒരു സിദ്ധനെ വെല്ലുവിളിക്കാനും വലിച്ചു കീറുവാനുമായി , കച്ചമുറുക്കി സിദ്ധന്റെ മുന്നിലെത്തി.

              സിദ്ധൻ ഭക്തജനങ്ങളോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്. “കിട്ടും - ജോലി കിട്ടും", "നടക്കും - വിവാഹം നടക്കും" , “മാറും-എല്ലാ ദുരിതങ്ങളും മാറും", “ജയിക്കും-പരീക്ഷയിൽ ജയിക്കും", “കിട്ടി-നീ തന്ന സംഭാവന കിട്ടി", “തരാം- എല്ലാവർക്കും ദർശനം തരാം" എന്നിങ്ങനെയൊക്കെ പലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരിക്കുകയാണയാൾ.

            ഒരു ഭക്തന്റെ ഭാവഹാവാദികളോടെ പുരോഗമനവാദി സിദ്ധന്റെ മുന്നിലെത്തി. ഭക്തനാണെന്നു തെറ്റിദ്ധരിച്ച് സിദ്ധൻ കഥാനായകനോടു ചോദിച്ചു. “ചോദിക്കൂ മകനേ, നിനക്കെന്താണറിയേണ്ടത്"

              തന്റെ കയ്യിലിരുന്ന ട്രങ്ക് (പെട്ടി) ഉയർത്തിപ്പിടിച്ച് വിപ്ലവകാരി പറഞ്ഞു. “നിങ്ങൾ സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നാണല്ലോ പറയുന്നത്. എങ്കിൽ ഈ പെട്ടിക്കകത്തെന്താണുള്ളതെന്നു പറയൂ.”
              സിദ്ധന്റെ മുഖത്ത് മിന്നി മറിഞ്ഞ ഭാവം ആശങ്കയുടേതാണെന്ന് ചോദ്യകർത്താവുറപ്പിച്ചു.

             “നമ്മെ പരീക്ഷിക്കാനായി മാത്രം വരുന്നവരോട് നമുക്കു പ്രതിപത്തിയില്ല.” സിദ്ധൻ വിപ്ലവത്തെ നിരുത്സാഹപ്പെടുത്തി.
ഭക്തജനം രണ്ടു തട്ടിലായി. സിദ്ധന്റെ സിദ്ധികളെ ചോദ്യം ചെയ്യുന്നത് മഹാപരാധമാണെന്നും അതിനു വഴങ്ങരുതെന്നും ഒരു കൂട്ടർ. ഒരു കൃമിയുടെ ചോദ്യത്തിന് മറുപടി കൊടുത്തില്ലെങ്കിൽ സിദ്ധന്റെ ദിവ്യത്വം സംശയത്തിന്റെ നിഴലിലാകുമെന്നും കൃത്യമായ ഉത്തരം കൊടുത്താൽ അത് എല്ലാ സംശയാലുക്കൾക്കുമുള്ള മുഖമടച്ച മറുപടിയാകുമെന്നും മറ്റൊരു കൂട്ടർ. ഏതായാലും രണ്ടാമത്തെ കൂട്ടരായിരുന്നു ഭൂരിപക്ഷം. അവസാനം സിദ്ധൻ വെല്ലുവിളി സ്വീകരിച്ചു-സ്വീകരിക്കേണ്ടി വന്നു. ആത്മവിശ്വാസം കൊണ്ട് അന്ധനായിരുന്ന ചോദ്യകർത്താവ് സിദ്ധന് മൂന്ന് ഉത്തരങ്ങൾ പറയാമെന്നും അതിൽ ഏതെങ്കിലുമൊന്ന് ശരിയാക്കിയാലും മതി എന്നൊരിളവും കൊടുത്തു. ഓപ്ഷനൊക്കെ കൊടുത്ത് സിദ്ധനെ കൊച്ചാക്കരുതെന്ന് ഭക്തജനങ്ങൾ.
           “പുസ്തകം" - ആദ്യത്തെ ഉത്തരം
           “അല്ല"
           “ വസ്ത്രം"
           “അല്ല"
           നിശബ്ദത. കനത്ത നിശബ്ദത. ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ ബാൻഡ് മേളം. ശ്വാസകോശങ്ങളിൽ ശംഖനാദം. നിമിഷങ്ങൾ നീണ്ട ധ്യാനത്തിനു ശേഷം സിദ്ധൻ മൊഴിഞ്ഞു.
            “........ മുട്ടി ......”
            എന്തോ വീഴുന്ന ശബ്ദം കേട്ട് സിദ്ധൻ താഴേയ്ക്കു നോക്കി. വിപ്ലവകാരിയതാ സിദ്ധന്റെ കാലിൽ വീണു കിടയ്ക്കുന്നു. കൂടെ വീണ പെട്ടി ഭക്തജങ്ങളെടുത്ത് തുറന്നു നോക്കി. ഒരു ചെറിയ മുട്ടി- മരക്കഷണം!

           “വത്സാ, നീ നമ്മെ പരീക്ഷിയ്ക്കാൻ വന്നതാണെന്ന് നിന്നെ കണ്ടപ്പോഴേ നമുക്കറിയാമായിരുന്നു, നിന്റെ പരീക്ഷണ വസ്തു എന്താണെന്നും. പിന്നെ, നീ തന്ന മൂന്ന് ഓപ്ഷനുകളും പരീക്ഷിയ്ക്കാമെന്നു കരുതിയത് നമ്മുടെ ഒരു പരീക്ഷണമായിട്ടെടുത്താൽ മതി"
           ഒരു ഈച്ചയും വൈറസും പോലുമറിയാതെ താനൊളിപ്പിച്ചു വച്ച മരമുട്ടി ദിവ്യദൃഷ്ടിയിൽ കണ്ടെത്തിയ സിദ്ധനു മുന്നിൽ കഥാനായകന്റെ യുക്തിബോധം ഒലിച്ചു പോയി. അദ്ദേഹം സിദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചു വശായി!

          കാലം ദിവ്യാത്ഭുതങ്ങൾ പ്രദർശിപ്പിച്ച് മുന്നോട്ടു പോയി. സിദ്ധൻ പ്രസിദ്ധനായി. പ്രമുഖനായി. പ്രസ്ഥാനമായി. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും സിദ്ധപ്രസ്ഥാനത്തിന്റെ വേരുകളും ശിഖരങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ടു.
മുന്തിയ മദ്യത്തിന്റെ ദിവ്യലഹരിയിൽ മുങ്ങിക്കുളിച്ചു കൊണ്ടിരുന്ന ഒരു രാത്രിയിൽ, മൂന്നു ദശാബ്ദങ്ങളായി ഒരു നായയേക്കാളേറെ നന്ദിയും കൂറും പ്രകടിപ്പിച്ച് തന്റെ നിഴൽ പോലെ നടക്കുന്ന പഴയ വിപ്ലവകാരിയോട് സിദ്ധൻ പറഞ്ഞു.
         “ശരിയ്ക്കും മുപ്പതു വർഷങ്ങൾക്കു മുമ്പുള്ള നമ്മുടെ ആ ആദ്യ സമാഗമത്തിൽ മൂന്നാമതായി ഞാൻ പറഞ്ഞ മറുപടി എന്തായിരുന്നുവെന്ന് നീ ശ്രദ്ധിച്ചിരുന്നോ?”
          “അത് പകൽ പോലെ വ്യക്തമല്ലായിരുന്നോ ഗുരോ?”
          “കോപ്പ്. പകലല്ല. അത് വെറും എൽ.ഇ. ഡി ട്യൂബിന്റെ വെളിച്ചമായിരുന്നു. എടാ മണ്ടച്ചാരേ, മൂന്നാമതൊരു ഉത്തരം കൂടി നല്കി പരാജയത്തിന്റെ ആഴം കൂട്ടേണ്ടെന്നു കരുതി ഞാൻ പറയാൻ വന്നത് ഇതായിരുന്നു - മുട്ടി...... ഉത്തരം മുട്ടി! രണ്ടാം ഭാഗം ഉരുവിടാൻ നിന്റെ കപട വിപ്ലവ ബോധവും ഭക്തരുടെ ആഹ്ലാദാരവങ്ങളും അനുവദിച്ചില്ല എന്നു മാത്രം"
                                                                       ***************
വാൽപീസ്: നായകനിന്നും സിദ്ധന്റെ അനുയായിയാണ്. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഒരു "കറ കളഞ്ഞ വിശ്വാസി" യാണ്.

No comments:

Post a Comment