2020, ഏപ്രിൽ 5, ഞായറാഴ്‌ച

വിപ്ലവ-സിദ്ധാന്തങ്ങൾ

             പണ്ട്, ഒരു മുപ്പതു വർഷങ്ങൾക്കു മുമ്പ് . ലേശം പുരോഗമനാശയക്കാരനാണെന്ന് സ്വയം അഭിമാനം കൊള്ളുന്ന ഒരു യുവാവ്. അത്ഭുത പ്രവർത്തികൾ കാണിക്കുന്ന ഒരു സിദ്ധനെ വെല്ലുവിളിക്കാനും വലിച്ചു കീറുവാനുമായി , കച്ചമുറുക്കി സിദ്ധന്റെ മുന്നിലെത്തി.

              സിദ്ധൻ ഭക്തജനങ്ങളോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്. “കിട്ടും - ജോലി കിട്ടും", "നടക്കും - വിവാഹം നടക്കും" , “മാറും-എല്ലാ ദുരിതങ്ങളും മാറും", “ജയിക്കും-പരീക്ഷയിൽ ജയിക്കും", “കിട്ടി-നീ തന്ന സംഭാവന കിട്ടി", “തരാം- എല്ലാവർക്കും ദർശനം തരാം" എന്നിങ്ങനെയൊക്കെ പലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരിക്കുകയാണയാൾ.

            ഒരു ഭക്തന്റെ ഭാവഹാവാദികളോടെ പുരോഗമനവാദി സിദ്ധന്റെ മുന്നിലെത്തി. ഭക്തനാണെന്നു തെറ്റിദ്ധരിച്ച് സിദ്ധൻ കഥാനായകനോടു ചോദിച്ചു. “ചോദിക്കൂ മകനേ, നിനക്കെന്താണറിയേണ്ടത്"

              തന്റെ കയ്യിലിരുന്ന ട്രങ്ക് (പെട്ടി) ഉയർത്തിപ്പിടിച്ച് വിപ്ലവകാരി പറഞ്ഞു. “നിങ്ങൾ സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണെന്നാണല്ലോ പറയുന്നത്. എങ്കിൽ ഈ പെട്ടിക്കകത്തെന്താണുള്ളതെന്നു പറയൂ.”
              സിദ്ധന്റെ മുഖത്ത് മിന്നി മറിഞ്ഞ ഭാവം ആശങ്കയുടേതാണെന്ന് ചോദ്യകർത്താവുറപ്പിച്ചു.

             “നമ്മെ പരീക്ഷിക്കാനായി മാത്രം വരുന്നവരോട് നമുക്കു പ്രതിപത്തിയില്ല.” സിദ്ധൻ വിപ്ലവത്തെ നിരുത്സാഹപ്പെടുത്തി.
ഭക്തജനം രണ്ടു തട്ടിലായി. സിദ്ധന്റെ സിദ്ധികളെ ചോദ്യം ചെയ്യുന്നത് മഹാപരാധമാണെന്നും അതിനു വഴങ്ങരുതെന്നും ഒരു കൂട്ടർ. ഒരു കൃമിയുടെ ചോദ്യത്തിന് മറുപടി കൊടുത്തില്ലെങ്കിൽ സിദ്ധന്റെ ദിവ്യത്വം സംശയത്തിന്റെ നിഴലിലാകുമെന്നും കൃത്യമായ ഉത്തരം കൊടുത്താൽ അത് എല്ലാ സംശയാലുക്കൾക്കുമുള്ള മുഖമടച്ച മറുപടിയാകുമെന്നും മറ്റൊരു കൂട്ടർ. ഏതായാലും രണ്ടാമത്തെ കൂട്ടരായിരുന്നു ഭൂരിപക്ഷം. അവസാനം സിദ്ധൻ വെല്ലുവിളി സ്വീകരിച്ചു-സ്വീകരിക്കേണ്ടി വന്നു. ആത്മവിശ്വാസം കൊണ്ട് അന്ധനായിരുന്ന ചോദ്യകർത്താവ് സിദ്ധന് മൂന്ന് ഉത്തരങ്ങൾ പറയാമെന്നും അതിൽ ഏതെങ്കിലുമൊന്ന് ശരിയാക്കിയാലും മതി എന്നൊരിളവും കൊടുത്തു. ഓപ്ഷനൊക്കെ കൊടുത്ത് സിദ്ധനെ കൊച്ചാക്കരുതെന്ന് ഭക്തജനങ്ങൾ.
           “പുസ്തകം" - ആദ്യത്തെ ഉത്തരം
           “അല്ല"
           “ വസ്ത്രം"
           “അല്ല"
           നിശബ്ദത. കനത്ത നിശബ്ദത. ഭക്തജനങ്ങളുടെ ഹൃദയങ്ങളിൽ ബാൻഡ് മേളം. ശ്വാസകോശങ്ങളിൽ ശംഖനാദം. നിമിഷങ്ങൾ നീണ്ട ധ്യാനത്തിനു ശേഷം സിദ്ധൻ മൊഴിഞ്ഞു.
            “........ മുട്ടി ......”
            എന്തോ വീഴുന്ന ശബ്ദം കേട്ട് സിദ്ധൻ താഴേയ്ക്കു നോക്കി. വിപ്ലവകാരിയതാ സിദ്ധന്റെ കാലിൽ വീണു കിടയ്ക്കുന്നു. കൂടെ വീണ പെട്ടി ഭക്തജങ്ങളെടുത്ത് തുറന്നു നോക്കി. ഒരു ചെറിയ മുട്ടി- മരക്കഷണം!

           “വത്സാ, നീ നമ്മെ പരീക്ഷിയ്ക്കാൻ വന്നതാണെന്ന് നിന്നെ കണ്ടപ്പോഴേ നമുക്കറിയാമായിരുന്നു, നിന്റെ പരീക്ഷണ വസ്തു എന്താണെന്നും. പിന്നെ, നീ തന്ന മൂന്ന് ഓപ്ഷനുകളും പരീക്ഷിയ്ക്കാമെന്നു കരുതിയത് നമ്മുടെ ഒരു പരീക്ഷണമായിട്ടെടുത്താൽ മതി"
           ഒരു ഈച്ചയും വൈറസും പോലുമറിയാതെ താനൊളിപ്പിച്ചു വച്ച മരമുട്ടി ദിവ്യദൃഷ്ടിയിൽ കണ്ടെത്തിയ സിദ്ധനു മുന്നിൽ കഥാനായകന്റെ യുക്തിബോധം ഒലിച്ചു പോയി. അദ്ദേഹം സിദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചു വശായി!

          കാലം ദിവ്യാത്ഭുതങ്ങൾ പ്രദർശിപ്പിച്ച് മുന്നോട്ടു പോയി. സിദ്ധൻ പ്രസിദ്ധനായി. പ്രമുഖനായി. പ്രസ്ഥാനമായി. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും സിദ്ധപ്രസ്ഥാനത്തിന്റെ വേരുകളും ശിഖരങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ടു.
മുന്തിയ മദ്യത്തിന്റെ ദിവ്യലഹരിയിൽ മുങ്ങിക്കുളിച്ചു കൊണ്ടിരുന്ന ഒരു രാത്രിയിൽ, മൂന്നു ദശാബ്ദങ്ങളായി ഒരു നായയേക്കാളേറെ നന്ദിയും കൂറും പ്രകടിപ്പിച്ച് തന്റെ നിഴൽ പോലെ നടക്കുന്ന പഴയ വിപ്ലവകാരിയോട് സിദ്ധൻ പറഞ്ഞു.
         “ശരിയ്ക്കും മുപ്പതു വർഷങ്ങൾക്കു മുമ്പുള്ള നമ്മുടെ ആ ആദ്യ സമാഗമത്തിൽ മൂന്നാമതായി ഞാൻ പറഞ്ഞ മറുപടി എന്തായിരുന്നുവെന്ന് നീ ശ്രദ്ധിച്ചിരുന്നോ?”
          “അത് പകൽ പോലെ വ്യക്തമല്ലായിരുന്നോ ഗുരോ?”
          “കോപ്പ്. പകലല്ല. അത് വെറും എൽ.ഇ. ഡി ട്യൂബിന്റെ വെളിച്ചമായിരുന്നു. എടാ മണ്ടച്ചാരേ, മൂന്നാമതൊരു ഉത്തരം കൂടി നല്കി പരാജയത്തിന്റെ ആഴം കൂട്ടേണ്ടെന്നു കരുതി ഞാൻ പറയാൻ വന്നത് ഇതായിരുന്നു - മുട്ടി...... ഉത്തരം മുട്ടി! രണ്ടാം ഭാഗം ഉരുവിടാൻ നിന്റെ കപട വിപ്ലവ ബോധവും ഭക്തരുടെ ആഹ്ലാദാരവങ്ങളും അനുവദിച്ചില്ല എന്നു മാത്രം"
                                                                       ***************
വാൽപീസ്: നായകനിന്നും സിദ്ധന്റെ അനുയായിയാണ്. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഒരു "കറ കളഞ്ഞ വിശ്വാസി" യാണ്.

പരലോകം

            നാണുവേട്ടന് മക്കൾ മൂന്ന്-രണ്ടാണും ഒരു പെണ്ണും. വിവാഹത്തിനുശേഷം പിന്തുടർച്ചക്കാരെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴേ നാണുവേട്ടനും വാമഭാഗത്തിനും ഒരൊറ്റ അഭിപ്രായം തന്നെയായിരുന്നു- ആദ്യത്തേത് ആണ്. വയസ്സാം കാലത്ത് "തെക്കേ പറമ്പിലേ"യ്ക്കെടുക്കുമ്പോൾ കൊള്ളി വയ്ക്കാനൊരു ആൺതരി വേണം. പരലോകത്തേയ്ക്കുള്ള പ്രവേശനം സുഗമമാക്കണം.

            നാണുവേട്ടന്റെ പ്രാർത്ഥന കൊണ്ടോ, വൈ ക്രോമസോമുകളുടെ വിക്രിയ കൊണ്ടോ ആദ്യത്തേതു തന്നെ തീക്കൊള്ളിയായിക്കിട്ടി! പ്രഭാകരൻ . അടുത്തത് എന്തുമായിക്കൊള്ളട്ടെ എന്ന അഹങ്കാരത്തിൽ ദമ്പതികൾ പ്രാർത്ഥിച്ചില്ല. അതിനാൽ വൈ ക്രോമസോമിന്റെ അനുഗ്രഹത്താൽ ഒരു തീക്കൊള്ളി കൂടി കിട്ടി. ദിവാകരൻ.
തീക്കൊള്ളി രണ്ടായതിനാൽ അടുത്ത തവണ വാമഭാഗമെങ്കിലും മുട്ടിപ്പായി പ്രാർത്ഥിച്ചു. നരകത്തിലെ വിറകുകൊള്ളിയാകാത്ത ഒരു പെൺകുട്ടിയാകട്ടെ എന്ന്. പ്രാർത്ഥനയോ എക്സ് ക്രോമസോമോ സഹായിച്ചു. ഒരു പെൺകനി! പ്രഭാവതി!
നാണുവേട്ടൻ "പ്രാർത്ഥന" നിർത്തി.

           പ്രഭാകരനും ദിവാകരനും പ്രഭാവതിയും വളർന്നു വലുതായി. പ്രഭാകരൻ വിവാഹിതനായി. ഏറെ താമസിയാതെ അച്ഛനോട് അവകാശം ചോദിക്കുകയും അതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ താതന്റെ നെഞ്ചിൻകൂടിനൊരു ചവിട്ടും കൊടുത്ത് പുതുപ്പെണ്ണുമായി ഇറങ്ങിപ്പോവുകയും അച്ചി വീട്ടിൽ അച്ചടക്കത്തോട് ജീവിക്കുകയും ചെയ്തു. പുകഞ്ഞ കൊള്ളി പുറത്ത്!
പ്രഭാവതിയുടെ വിവാഹമുറപ്പിച്ചു. വിവാഹത്തലേന്ന് അവൾ ആഭരണങ്ങളും കിട്ടിയത്ര പണവുമെടുത്ത് ഒരു അണ്ണാച്ചിയ്ക്കൊപ്പം ഒളിച്ചോടി. അവൾ നരകത്തിലെ വിറകു കൊള്ളിയാകട്ടെ എന്ന് അവർ ശപിച്ചു. ഇനി ഒരു കൊള്ളി കൂടി ഉണ്ടല്ലോ എന്ന് നാണു ആശ്വസിച്ചു.

             വൈ ക്രോമസോമിന്റെ അനുഗ്രഹത്താൽ മാത്രം ഉണ്ടായതുകൊണ്ടോ എന്തോ ദിവാകരന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും താല്പ്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്തിന് ഡിങ്കനിൽ പോലും വിശ്വാസമുണ്ടായിരുന്നില്ല. തീക്കൊള്ളി മോഹം പുനഃപ്രക്ഷേപണം ചെയ്ത ഒരു സന്ധ്യയ്ക്ക് മാതാപിതാക്കളുടെ മുഖത്തു നോക്കി അവൻ തന്റെ തീരുമാനം വെളിപ്പെടുത്തി. “ജീവിച്ചിരിക്കുന്ന കാലത്തോളം അച്ഛന്റെയും അമ്മയുടെയും കാര്യം എന്നാലാവുന്ന വിധം ഞാൻ നോക്കിക്കൊള്ളാം. മരിച്ചു കഴിഞ്ഞുള്ള ഒരു "പ്രകടന"ത്തിനും ഞാനുണ്ടായിരിക്കില്ല.”

            രണ്ടാമത്തെ മകൻ ജീവിച്ചിരിക്കേ തന്നെ തങ്ങളുടെ പട്ടടയ്ക്കു തീകൊടുത്തതായി ആ ദമ്പതികൾക്കു തോന്നി! എങ്കിലും ദിവാകരൻ വാക്കു പാലിച്ചു. മാതാപിതാക്കളുടെ സുഖത്തിനും ക്ഷേമത്തിനുമായി ചോരനീരാക്കി പണിയെടുത്തു. ഒരു അവിശ്വാസിയ്ക്കു ജന്മം കൊടുത്തതിന് അവർക്കുണ്ടായിരുന്ന കുറ്റബോധം തന്റെ പ്രവർത്തികളിലൂടെ അവൻ കഴുകിക്കളഞ്ഞു. എങ്കിലും അന്ത്യകർമ്മങ്ങൾ ലഭിക്കാതെ പരലോകത്തേയ്ക്കുള്ള ടിക്കറ്റിനായി തങ്ങളുടെ ആത്മാക്കൾ അലയേണ്ടി വരുമല്ലോ എന്ന ആവലാതി ആ വൃദ്ധ ദമ്പതികളെ അസ്വസ്ഥരാക്കിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ദിവാകരനു രണ്ടു പെൺമക്കളായിരുന്നു-അല്ലെങ്കിൽ ആ പിള്ളേരെക്കൊണ്ടെങ്കിലും ടിക്കറ്റെടുപ്പിക്കാമായിരുന്നു. പെൺമക്കളുടെ പക്കൽ ആ ടിക്കറ്റ് കൊടുക്കുന്ന നവോത്ഥാനം പരലോകത്തു നടപ്പാക്കിയിട്ടില്ലത്രേ!

            ആദ്യം ശയ്യാവലംബിയായത് നാണുവേട്ടനായിരുന്നു. ഏറെ താമസിയാതെ ഭാര്യയും. ദിവാകരനും ഭാര്യയും കൂടി രണ്ടു പേരെയും ശുശ്രൂഷിച്ചു. തന്റെ കുട്ടിക്കാലത്തെ ശാഠ്യങ്ങളും പിടിവാശികളും വിസർജ്ജ്യങ്ങളും അവർ കൈകാര്യം ചെയ്ത അതേ ശുഷ്കാന്തിയോടെ മാതാപിതാക്കളുടെ വാർദ്ധക്യത്തിലെ വയ്യായ്മകളെ അവൻ കൈകാര്യം ചെയ്തു. അവസാനം അതു സംഭവിച്ചു. നാണുവേട്ടൻ ആദ്യം മരിച്ചു.

            ഉമ്മറത്തു കുളിപ്പിച്ചു കിടത്തിയ നാണുവേട്ടന്റെ ശവത്തെ ആചാര സംരക്ഷകർ വളഞ്ഞു. കർമ്മങ്ങൾ ചെയ്യണ്ടേ? ദിവാകരൻ തന്റെ നയം വ്യക്തമാക്കി. നാണുവേട്ടന്റെ മുഖത്തുള്ളതിനേക്കാൾ ചുളിവുകൾ വീണു ചോദ്യകർത്താക്കളുടെ മുഖത്ത്. മകന്റെ കടമയാണ്. ചെയ്യാതിരുന്നു കൂടാ.

            “ഞാനെന്റെ കടമകൾ എന്നാലാവും വിധം ചെയ്തിട്ടുണ്ട്.” ദിവാകരന്റെ മുഖത്തെ ഭാവം ധാർഷ്ട്യമാണെന്ന് ആരൊക്കെയോ തർജ്ജമ ചെയ്തു.

            “മൂത്തമകനായ ഞാൻ ജീവിച്ചിരിക്കുമ്പോൾ കർമ്മം ചെയ്യാൻ അതിനവകാശമില്ലാത്തവനെ നിർബന്ധിക്കുന്നതെന്തിനാണ്" -അന്ന് തന്തയുടെ നെഞ്ചിൽ നിന്നും പറിച്ചെടുത്ത വലതുകാൽ വർഷങ്ങൾക്കു ശേഷം ആ മുറ്റത്തേക്കു നീട്ടി വച്ച് പ്രഭാകരൻ പ്രവേശിക്കുന്നു. പിന്നാലെ തമിഴ് ചുവയുള്ള അലമുറയോടെ പ്രഭാവതി! രംഗം കൊഴുത്തു. അന്ത്യകർമ്മങ്ങളും.

           കർമ്മങ്ങൾക്കു ശേഷം മൃതദേഹം ചിതയിലേയ്ക്കെടുക്കുമ്പോൾ ദിവാകരൻ അടുത്തേക്കു ചെന്നു. അവനെ രൗദ്ര ഭാവത്തോടെ തള്ളിമാറ്റിക്കൊണ്ട് പ്രഭാകരനും പ്രഭാവതിയും പറഞ്ഞു.

          “മകനാണത്രേ മകൻ. കടമ നിർവ്വഹിക്കാൻ തയ്യാറാകാത്ത മകൻ"

          ആൾക്കൂട്ടം അതേ ഭാവത്തോടെ അവനെ തീക്ഷ്ണമായി നോക്കി. അവരെല്ലാം പരലോകത്തു നിൽക്കുന്നതു പോലെ അവനു തോന്നി. ഇഹലോകത്തു താൻ മാത്രമേയുള്ളോ? ആൾക്കൂട്ടത്തിലേയ്ക്ക് അവൻ ഒന്നുകൂടി നോക്കി. അതെ. എല്ലാം പരേതാത്മാക്കൾ തന്നെ. മരിക്കാനായി മാത്രം ജീവിച്ചവർ....!

പ്രാകൃതം


പണ്ട്.......


   1.        ഇര തേടിപ്പിടിച്ച് വിശപ്പുമാറ്റിയ ചെന്നായ ഇനിയൊന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. വിശ്രമസ്ഥലം ഒരുക്കുവാനായി അത് മൂന്നുനാലുവട്ടം ഒന്നു കറങ്ങിത്തിരിഞ്ഞു. അതാ ചുറ്റുപാടുമുണ്ടായിരുന്ന പുല്ലൊക്കെ ഒതുങ്ങി സൗകര്യപ്രദമായ ഒരിടം സജ്ജമായിരിക്കുന്നു. തന്റെ ശരീരം കൊണ്ടു വകഞ്ഞുമാറ്റിയ പുല്ലും ചെടികളും ഇപ്പോൾ ഒരു മെത്തയായിരിക്കുന്നു. അവിടെ തന്റെ ശരീരം പ്രതിഷ്ഠിച്ച് അത് വിശ്രമിക്കുവാൻ തുടങ്ങി. .................

    2.     വഴിതെറ്റി മറ്റൊരു ഗോത്രത്തിൽ വന്നു പെട്ട ആദിമ മനുഷ്യനായ "അതിഥിയെ" "ആതിഥേയർ" പിടികൂടി തലകീഴായി കെട്ടിത്തൂക്കി തീകൊടുത്തു. ആ അഗ്നിയുടെ വെളിച്ചവും കരിഞ്ഞ ശരീരത്തിന്റെ ഗന്ധവും ആ ആദിമ ഗോത്രാംഗങ്ങളെയും അവരുടെ ദൈവത്തേയും ഉന്മാദത്തിലാക്കി, ഉത്സവലഹരിയിലാക്കി. അന്യഗോത്രത്തിലൊരുവന്റെ സാന്നിദ്ധ്യമുണ്ടായാൽ ഗോത്ര വിശുദ്ധി നശിക്കും. ദൈവങ്ങൾ കോപിക്കും അതായിരുന്നുവത്രേ ഈ ശിക്ഷാവിധിയ്ക്കു കാരണം. ഏതാനും നാളുകൾക്ക് മുമ്പ് തങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ ഈ കരിഞ്ഞു പോയവന്റെ ഗോത്രവും അവന്റെ ദൈവവും കൂടി ചുട്ടുതിന്നതിന് പ്രതികാരവും കൂടിയായി ഈ നരബലി.
ഇന്ന്..........

 1.          ചെന്നായയുടെ പിന്മുറക്കാരായ പട്ടികൾ (വംശ ശുദ്ധി നിലനിർത്തുന്ന, കലർപ്പില്ലാത്ത നാടൻ ഇനങ്ങൾ) ഇന്നും വിശ്രമിക്കാൻ കിടക്കുന്നതിനു മുമ്പ് മൂന്നുനാലു വട്ടം ഒന്നു കറങ്ങിത്തിരിയും. പുല്ലും വയ്ക്കോലുമില്ലെങ്കിലും ശീലിച്ചു വന്നത് ചുമ്മാ തുടരുന്നു. ചുമ്മാ, വെറുതേ...... എന്തിനോ വേണ്ടി കറങ്ങുന്നു ...

  2.    ഗോത്രങ്ങളുടെ ആധുനിക വകഭേദങ്ങളായ മതങ്ങളുടെ പേരിൽ ആധുനിക മനുഷ്യനും നരബലികൾ നടത്തിക്കൊണ്ടിരിക്കുന്നു. അപരന്റെ ശരീരത്തിൽ തന്റെ വിശ്വാസ ദംഷ്ട്രകൾ കുത്തിയിറക്കി ജീവനെടുത്തുകൊണ്ട്, ആവാസ സ്ഥലങ്ങൾ അഗ്നിക്കിരയാക്കിക്കൊണ്ട്, അടിക്കാനും തിരിച്ചടിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് മദ ഊളകൾ മദിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഈ "ശുദ്ധിക്രിയ"കളെയൊക്കെ ന്യായീകരിക്കാൻ ഇവർക്കൊന്നും തങ്ങളുടെ മുൻഗാമികളുടെ അത്രപോലും പാടുപെടേണ്ടി വരുന്നില്ല!
രണ്ടു കാലഘട്ടങ്ങളിലും തമ്മിൽ ഭേദം നായകൾ തന്നെയാണ്. അവരീ ആചാരങ്ങളെയൊന്നും ന്യായീകരിക്കുന്നില്ല; അവരുടെ കറക്കം കൊണ്ട് ലോകത്തിനൊരു നഷ്ടവും സംഭവിക്കുന്നുമില്ല, സംഭവിച്ചിട്ടുമില്ല!