Thursday, October 10, 2013

ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും ശ്രദ്ധയ്ക്ക്

            തലക്കെട്ടു കണ്ട് ദാമ്പത്യ ജീവിത വിജയത്തിനു വേണ്ട വിദഗ്ദ്ധോപദേശത്തിനുള്ള പുറപ്പാടാണെന്നു തെറ്റിദ്ധരിക്കല്ലേ. വിവാഹിതർ മാത്രമല്ല വിവാഹിതരായേക്കുമെന്ന് ഉറപ്പുള്ളവരും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചു വച്ചിരിക്കുന്നവരും വിവാഹസ്വപ്നങ്ങൾ നെയ്യാനായി സൂചിയിൽ നൂലു കോർക്കാൻ പ്രായമായിട്ടില്ലാത്തവരും ഇതു വായിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. കാരണം, ഇത് കൗൺസലിംഗ് എന്നു പേരുമാറ്റി പുതിയ കുപ്പിയിൽ പുതിയ രൂപത്തിലിറക്കുന്ന ഉപദേശക്കഷായമല്ല. വിമർശനം എന്ന പോലെ തന്നെ സ്വീകരിക്കുവാൻ ഏറ്റവും മടിയുള്ളതും ദാനം ചെയ്യാൻ ഒട്ടും മടികാണിക്കാത്തതുമായ അസംസ്കൃത വസ്തുവാണല്ലോ നമുക്ക് ഉപദേശവും ആയതിനാൽ ഇക്കാലത്തെ കോമഡി സ്കിറ്റു (കിറ്റ്?) കളിൽ കാണുന്നതു പോലെ അവസാനം ഒരുഭയങ്കരമെസേജ് നൽകുന്ന കാര്യം ഇവിടെ പരിഗണിയ്ക്കുന്നേയില്ല.
            ശശി എന്ന കഥാനായകന്റെയും ശശികല എന്ന കഥാനായികയുടെയും ജീവിതത്തിൽ നിന്ന് ഒളിക്യാമറ വച്ചു പകർത്തിയെടുത്ത ചില ദൃശ്യങ്ങൾ ഇവിടെ വരമൊഴിയിലേയ്ക്കു(സോഫ്റ്റ്വെയറല്ല) മൊഴിമാറ്റം ചെയ്യപ്പെടുകയാണ്.(ഒളിക്യാമറ എന്നു കേട്ട് വെറുതേ ആവശ്യമില്ലാത്ത പ്രതീക്ഷകൾ വച്ചു പുലർത്തേണ്ട എന്നു ആദ്യമേ പറഞ്ഞോട്ടെ.) ഇതു വായിച്ച് മനസ്സിന്റെ വെള്ളിത്തിരയിൽ തന്നത്താനോ,  മറ്റേതെങ്കിലും തരത്തിലുള്ള സ്ക്രീനിൽ ഒരു സം‍വിധായകന്റെ സഹായത്താലോ പുനരാവിഷ്കരിക്കുന്ന ആ ദൃശ്യങ്ങളിലൂടെ ഇനി  എന്തെങ്കിലും മെസേജ് കളഞ്ഞു  കിട്ടുകയാണെങ്കിൽ അതു യാദൃശ്ചികവുമല്ല.
സീൻ-ഒന്ന്
ശശിയുടെയും  ശശികലയുടെയും വീട്. പകൽ.പുറം(EXT)
വീടിന്റെ മുൻവശത്തിന്റെ വിദൂരദൃശ്യം. വീടിനു മുന്നിൽ അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്കു വിലവരുന്ന ഒരു ഇരുചക്രവാഹനം. വാഹനത്തിന്റെ മുൻഭാഗം വീടിനെ അഭിമുഖീകരിച്ചിരിക്കുന്നതിൽ നിന്ന് കഥാനായകൻ ജോലി കഴിഞ്ഞു വന്നതായിരിക്കുമെന്നും വീടിനകത്തേയ്ക്കു  കടന്നു കയറുന്ന ക്യാമറയിൽ പതിയുന്ന  ക്ലോക്കിലെ സൂചികളുടെ സ്ഥാനങ്ങളിൽ നിന്നും  അപ്പോൾ നാലു മണിയായെന്നും മനസ്സിലാക്കാം. (മനസ്സിലാകാത്ത പ്രേക്ഷകർക്ക് പടം പൊട്ടിപ്പൊളിഞ്ഞ ശേഷം സംവിധായകൻ പത്രസമ്മേളനം നടത്തുമ്പോഴെങ്കിലും മനസ്സിലാകും.)
                                                            CUT TO-
സീൻ ഒന്ന് ()
ശശിയുടെയും  ശശികലയുടെയും വീട്. പകൽ.അകം.(INT)
കുളിമുറി.
കുളിമുറിയിലെ ഷവറിന്റെ സമീപ ദൃശ്യം. ഷവറിലൂടെ നേരിയ സ്ഫടികക്കമ്പികൾ പോലെ ശക്തിയായി താഴോട്ടു വീഴുന്ന വെള്ളം.കുളിക്കാനും കുടിക്കാനും ധാരാളം വെള്ളം കിട്ടുന്ന സ്ഥലത്താണ് ആ വീടെന്നു മനസ്സിലാക്കാൻ മാത്രമല്ല ശക്തിയായി താഴേയ്ക്കു പതിക്കുന്ന ജലത്തെ ആ കുടുംബത്തിന്റെ സന്തോഷകരമായ അവസ്ഥയുടെ പ്രതീകവുമായിക്കൂടിയാണ് ദൃശ്യവത്ക്കരിക്കേണ്ടത്. (ഇതൊക്കെ ആർക്കെങ്കിലും മനസ്സിലായെങ്കിൽ അത്രയും നല്ലത്.) കുളിക്കുന്നയാളുടെ മൂളിപ്പാട്ട് താഴേയ്ക്കു വീഴുന്ന വെള്ളത്തിന്റെ ശബ്ദത്തിനു മേൽ ഉയർന്നു കേൾക്കാം. പുരുഷ പ്രേക്ഷകരുടെ പ്രതീക്ഷകൾ കെടുത്തിക്കൊണ്ട് ഉയർന്നു കേൾക്കുന്ന ശബ്ദം കഥാനായകനായ ശശിയുടേതാണ്. മൂളിപ്പാട്ടിന്റെ ശ്രുതി വ്യത്യാസങ്ങൾ ശശിയുടെ ചലനത്തിനനുസരിച്ചായിരിക്കുമെന്ന് ഊഹിക്കാം. സ്ത്രീ  പ്രേക്ഷകർക്കും പ്രതീക്ഷയൊന്നും നൽകാതെ-
                                                            CUT TO-
സീൻ-ഒന്ന്(ബി)
ശശിയുടെയും  ശശികലയുടെയും വീട്. പകൽ.അകം.
ബെഡ് റൂം. വലിയ അലമാരയുടെ നിലക്കണ്ണാടിയ്ക്കു മുന്നിൽ നിന്ന് അണിഞ്ഞൊരുങ്ങലിന്റെ അവസാന ഘട്ടത്തിലെ മിനുക്കുപണികളിലേർപ്പെട്ടിരിക്കുന്ന ശശികല. യുവതിയാണ്. ശശിയുടെ കുളിപ്പാട്ട് ശബ്ദവ്യതിയാനങ്ങളോടെ മുറിയിലേയ്ക്കു കടന്നു വരുന്നുണ്ട്. ശശികല സീമന്തരേഖയിൽ സിന്ദൂരം തൊടുന്നതിന്റെ ക്ലോസ് ഷോട്ട്-ഇതിലൂടെ വിവാഹിതയാണെന്നു മനസ്സിലാക്കാനും കുളിപ്പാട്ടു പാടുന്നയാളാണ് ഭർത്താവെന്നും ഊഹിക്കാനാവും. ബെഡ് റൂമിന്റെ ഭിത്തിയിൽ സാധാരണ കലണ്ടറുകളിൽ കണ്ടു പരിചയിച്ചിട്ടുള്ള ഒരു സായിപ്പ് ശിശുവിന്റെ ചിത്രം. (ഇതിലൂടെ ശശി-കലമാർക്ക് കുട്ടികളില്ലെന്നും ധ്വനി).
ശശികല:(കുളിമുറിയുടെ ഭാഗത്തേയ്ക്ക് തല ചെരിച്ചു പിടിച്ച്) ചേട്ടാ  കഴിഞ്ഞില്ലേ.. ഇനി ഈ ട്രാഫിക് ബ്ലോക്കൊക്കെ കഴിഞ്ഞ് അങ്ങു ചെല്ലുമ്പോൾ ടിക്കറ്റു കിട്ടുമോ?
                                                            CUT TO-

സീൻ ഒന്ന് (സി)
ശശിയുടെയും  ശശികലയുടെയും വീട്. പകൽ.അകം.
കുളിമുറി. കുളികഴിഞ്ഞ് തല തുടച്ചുകൊണ്ടിരിക്കുന്ന  ശശിയുടെ മുഖം ക്ലോസപ്പിൽ (ഇവിടെ മുഖത്തിന്റെ ക്ലോസപ്പ് തന്നെ കാണിക്കണം. കാരണം, ശശി ഉടുത്തിരുന്ന ടവൽ കൊണ്ടാണ് തല തോർത്തുന്നത്.)
ശശി: (തലതുടയ്ക്കൽ നിർത്തി) കഴിഞ്ഞു. ടിക്കറ്റൊക്കെ കിട്ടും. നാലു മണി കഴിഞ്ഞല്ലേയുള്ളൂ. എന്റെ ചക്കരയേയും കൊണ്ടു സിനിമയ്ക്കു പോകുന്നതിനല്ലേ ചേട്ടനിന്നു ഉച്ചയ്ക്കു ശേഷം ലീവെടുത്ത് നേരത്തേ വന്നത്.
                                                            CUT TO-
സീൻ ഒന്ന് (ഡി)
ബെഡ് റൂം. കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുന്ന ശശികലയുടെ കവിളിൽ ചേട്ടന്റെചക്കരപ്രയോഗം നുണക്കുഴിയുണ്ടാക്കുന്നു.
സമീപമുള്ള മേശപ്പുറത്തിരിക്കുന്ന മൊബൈൽ ശബ്ദിയ്ക്കുന്നു.
ശശികല: ചേട്ടാ .ദേ ആരോ വിളിക്കുന്നു.
ശശിയുടെ ശബ്ദം: ആരാണെന്നു നോക്ക് മോളേ.
ശശികല: (മൊബൈലെടുത്ത് നോക്കിക്കൊണ്ട്) സേവ് ചെയ്യാത്ത നമ്പറാ  ചേട്ടാ.
ശശി: ആരാണെങ്കിലും പിന്നെ വിളിക്കാൻ പറ. അല്ലെങ്കി വേണ്ട.ഞാൻ  പിന്നെ തിരിച്ചു വിളിച്ചോളാം.
മൊബൈൽ തിരികേ മേശമേൽ വയ്ക്കാൻ തുനിഞ്ഞ ശശികല പെട്ടെന്ന് സംശയവതിയാകുന്നു.(സംശയത്തിന്റെ ഭാവം ഉയർത്തിക്കാട്ടാൻ പശ്ചാത്തല സംഗീതം വിദഗ്ദ്ധമായി ഉപയോഗിക്കണം.) അവൾ മെല്ലെ ഫോൺ അറ്റൻഡ് ചെയ്യുന്നു.
ശശികല: ഹലോ..
മറുഭാഗത്ത് നിശബ്ദതയും പിന്നെ ഫോൺ ഡിസ്കണക്റ്റ് ചെയ്യുന്ന ശബ്ദവും. അവൾ വീണ്ടും കണ്ണാടിയുടെ മുന്നിലേയ്ക്ക്. പക്ഷേ, സംശയത്തോടെ മേശപ്പുറത്തെ മൊബൈലിലേയ്ക്കു നോക്കുന്നു. വീണ്ടും തിരിച്ചു ചെന്ന് മൊബൈലെടുത്ത് പരിശോധിച്ച ശേഷം എന്തോ തീരുമാനിച്ചുറച്ച്, നീക്കം ചെയ്യാത്ത തെരുവു മാലിന്യം കുമിഞ്ഞു കൂടിയതു പോലെ സംശയം കുമിഞ്ഞു കൂടിയ കനത്ത മുഖഭാവത്തോടെ ഫോണിലെ കോൾ ബട്ടൺ അമർത്തി ഫോൺ ചെവിയിൽ വയ്ക്കുന്നു.
അങ്ങേത്തലയ്ക്കൽ ബെല്ലടിക്കുന്ന ശബ്ദം.
ഒരു സ്ത്രീ ശബ്ദം: ഹലോ
ശശികലയുടെ മുഖത്ത് പിന്നെയും മാലിന്യങ്ങൾ കുമിഞ്ഞു കൂടി.(പശ്ചാത്തല സംഗീതവും അവസരത്തിനൊത്തുയരട്ടെ)
സ്ത്രീ ശബ്ദം: ഹലോ
ശശികല: ഇതാരാണ്
സ്ത്രീ ശബ്ദം: നിങ്ങളാരാണെന്നു പറയൂ..
ശശികല: നിങ്ങളല്ലേ ഇങ്ങോട്ടു വിളിച്ചത്  നിങ്ങളാരാ?
സ്ത്രീശബ്ദം: എന്റെ പേര് നിർമ്മല. ഞാൻ നിങ്ങളെ വിളിച്ചിട്ടൊന്നുമില്ല. നിങ്ങൾ ഏതു നമ്പറീന്നാണ്      വിളിക്കുന്നത്?
ശശികല: നീയിപ്പോ വിളിച്ച നമ്പറീന്നു തന്നെയാണ്. എന്താടീ നിന്റെ ഉദ്ദേശം?
സ്ത്രീശബ്ദം: മര്യാദയ്ക്കു സംസാരിക്കണം. നിങ്ങളാരാണെന്നു പറയ് ആദ്യം.
ശശികല: ഞാൻ നീയിപ്പോ വിളിച്ച ശശിയുടെ ഭാര്യ-
മറുവശം നിശബ്ദതയ്ക്കു ശേഷം ഫോൺ കട്ട് ചെയ്യുന്ന ശബ്ദം.
മുറിയിലേയ്ക്ക് ടവൽ ഉടുത്തുകൊണ്ട് മൂളിപ്പാട്ടുമായി കടന്നു വരുന്ന ശശി.
ചൂളയിൽ വെന്തുരുകുന്ന ഇഷ്ടികക്കട്ടപോലുള്ള മുഖവുമായി ശശിയുടെ നേരെ തിരിയുന്ന ശശികല.
ശശികല: ആരാണീ നിർമ്മല?
ശശികലയുടെ ഭാവപ്പകർച്ച കണ്ട് ശശിയുടെ കുളിപ്പാട്ടിനു സഡൻ ബ്രേക്ക്!
                                                                        CUT
സീൻ രണ്ട്
ശശിയുടെയും  ശശികലയുടെയും വീട്. പകൽ.പുറം
വീടിന്റെ ഒരു കോണിലുള്ള കൂട്ടിൽ നിന്ന് രണ്ടു വെള്ളരിപ്രാവുകൾ പറന്നു പോകുന്നു.
                                                                        CUT TO
സീൻ മൂന്ന്
ബെഡ്റൂം
വാഗ്വാദത്തിനൊടുവിൽ ശശിയുടെ മൊബൈൽ ഫോണെടുത്ത് ശബരിമലയ്ക്കു പോകുന്നവർ തേങ്ങയുടയ്ക്കുന്നതു പോലെ നിലത്തെറിഞ്ഞു പൊട്ടിക്കുന്ന ശശികല. ശശിയും പൊട്ടിക്കുന്നു-അവളുടെ കവിളത്ത്. അവൾ കരഞ്ഞു കട്ടിലിലേയ്ക്ക്- ശശി പുറത്തേക്കും. പശ്ചാത്തല ഗാനം ആരംഭിയ്ക്കുന്നു. “അഗ്നിപർവ്വതം പുകഞ്ഞുഎന്ന മട്ടിലുള്ള ഗാനമാകാം. അത് സംവിധായകനും ഗാന രചയിതാവും കൂടി തീരുമാനിക്കട്ടെ. ഗാന ചിത്രീകരണം, ശശി-കലമാരുടെ കുട്ടിക്കാലം മുതലുള്ള അടുപ്പം പ്രണയത്തിലേയ്ക്കു വളർന്ന്, തളിർത്ത് , പുഷ്പിക്കുന്ന രംഗങ്ങളും വിവാഹാനന്തരമുള്ള ചിരിയുണർത്തുന്ന സന്തോഷ നിമിഷങ്ങളുടെ ഓർമ്മകളും കൊണ്ടു പൂർത്തിയാകുന്നു. ഗാനം അവസാനിക്കുമ്പോൾ കുടുംബകോടതിയിൽ നിന്ന് പരസ്പരം നോക്കാതെ പുറത്തേക്കു കടന്നു വരുന്ന ശശിയും കലയും.
                                                                        CUT
സീൻ നാല്
കുടുംബ കോടതിയുടെ മുൻവശം. പകൽ. പുറം.
കുടുംബകോടതിയുടെ മുൻവശം. അകലെ പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്തേയ്ക്ക് മാതാപിതാക്കൾക്കൊപ്പം നടന്നു നീങ്ങുന്ന ശശികല. എന്തു ചെയ്യണമെന്നറിയാതെ കോടതിയ്ക്കു മുന്നിൽ ആകാശത്തേയ്ക്കു നോക്കി നിൽക്കുന്ന ശശി. ശശിയെക്കണ്ട് പരിചിത ഭാവത്തിൽ സമീപിക്കുന്ന ജോർജ്ജ് എന്ന മദ്ധ്യവയസ്കൻ.
ജോർജ്ജ്: സാറേ സാറെന്താ ഇവിടെ
ശശി ഉത്തരമൊന്നും പറയാതെ നിൽക്കുന്നു.
ജോർജ്ജ്: സാറേ. സാറു നല്ല പണിയാണു കാണിച്ചത് . എന്റെ വീടിന്റെ പ്ലാനിതുവരെ സാൻക്ഷനാക്കിത്തന്നില്ലല്ലോ സാറേ
ശശി: നിങ്ങളോടു ഞാൻ വിളിക്കാൻ പറഞ്ഞു നമ്പറു തന്നതല്ലേ. എന്നിട്ടെന്തേ വിളിക്കാതിരുന്നേ. സൈറ്റുകാണാതെ സാൻക്ഷൻ നൽകുന്നതെങ്ങനെയാണ്
ജോർജ്ജ്: സാറു തന്ന മൊബൈൽ നമ്പറു തെറ്റായിരുന്നു, സാറെ. ഞാനതിൽ ഓഫീസ് ടൈമിലു വിളിച്ചപ്പോ ഒരു പെണ്ണാണല്ലോ എടുത്തത്.പിന്നെ ഞാൻ ഓഫീസിലു വന്നപ്പോഴൊക്കെ സാറു ലീവിലാണെന്നാ പറഞ്ഞത്.
എവിടെയോ സംശയത്തിന്റെ ഒരു കരിന്തിരി കത്തുന്നത് മണത്തെന്ന വണ്ണം ശശിയുടെ മുഖത്ത് എന്തൊക്കെയോ ഭാവമാറ്റങ്ങൾ.
ശശി: താനെന്നാ വിളിച്ചത്? എപ്പോഴാ വിളിച്ചത്.
ജോർജ്ജ്: സാറന്നു നമ്പറു തന്നില്ലേ. അതിന്റെ പിറ്റേന്നു തന്നെ വിളിച്ചു. ഒരു നാലുമണിയെങ്കിലുമായിക്കാണും അന്നേരം. ഓഫീസ് ടൈമിൽത്തന്നെ പക്ഷേ ഫോണെടുത്തത് ഒരു പെണ്ണായിരുന്നു സാറേ. എനിക്കപ്പഴേ മനസ്സിലായി സാറു തന്ന നമ്പരു തെറ്റാണെന്ന്. ഞാൻ റോംഗ് നമ്പറാണെന്നൊന്നും പറയാൻ പോയില്ല. ഫോണങ്ങു കട്ടു ചെയ്തു കളഞ്ഞു.
ശശി: താൻ തന്നെയാണോ വിളിച്ചത്.
ജോർജ്ജ്: അതെ സാറെ ഞാൻ തന്നെ.എന്റെ ഓഫീസീന്നാ വിളിച്ചത്.
ശശി: ഓഫീസീന്നോ (ആലോചന) തന്റെ ഓഫീസില് നിർമ്മല എന്നു പേരുള്ള ആരെങ്കിലുമുണ്ടോ?
ജോർജ്ജ്: ഉണ്ടല്ലോ സാറെ അവിടുത്തെ റിസപ്ഷനിസ്റ്റാണ്.
ശശി. ഒണ്ടോ എന്നാ വേഗം പോടോ
ജോർജ്ജ്: എങ്ങോട്ടാ സാറേ..
ശശി: ഫ്ലാഷ് ബാക്കിലേയ്ക്ക്. എല്ലാം ക്ലിയറാകണമെങ്കിൽ ഒരു ഫ്ലാഷ്ബാക്ക് കൂടിയേതീരൂ.
                                                            CUT
സീൻ അഞ്ച്
ജോർജ്ജിന്റെ ഓഫീസ്. പകൽ. അകം
ഫ്ലാഷ് ബാക്ക്. ജോർജ്ജിന്റെ ക്ലോസപ്പ് ഷോട്ടിൽ കുളത്തിൽ കല്ലിട്ട പോലെ ഓളങ്ങൾ തീർത്തോ, കലണ്ടറുകൾ പുറകോട്ടു മറിയുന്നതു കാണിച്ചോ, ഓഫീസിലെ ക്ലോക്കിന്റെ സൂചി അതിവേഗത്തിൽ പുറകോട്ടു ചലിച്ച് സീൻ ഒന്നിലെ സമയത്തിലെത്തി ച്ചേരുന്നതു കാണിച്ചോ ഫ്ലാഷ്ബാക്കാണെന്നു വരുത്തിത്തീർക്കാം.
ഓഫീസിലെ റിസപ്ക്ഷനിൽ അണിഞ്ഞൊരുങ്ങി നിന്ന് ചെറിയ പരുങ്ങലോടെ ചുറ്റുപാടും നോക്കിയിട്ട്തന്റെ മൊബൈലിൽ നോക്കി അതിലെ നമ്പർ ഓഫീസിലെ ലാൻഡ് ഫോണിൽ ഡയൽ ചെയ്യുന്ന നിർമ്മല.യുവത്വത്തിനും മധ്യവയസ്സിനും ഇടയിലുള്ള കാറ്റഗറി.മൊബൈലിന്റെ ക്ലോസ് ഷോട്ടിൽ ശശി എന്ന പേരും നമ്പറും കാണാം.”ചുംബനപ്പൂകൊണ്ടു മൂടി എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാംഎന്ന കോളർ ട്യൂണിനു ശേഷംനിങ്ങൾ വിളിച്ച കസ്റ്റമർ ഇപ്പോൾ കോളുകളൊന്നും സ്വീകരിക്കുന്നില്ലഎന്ന കിളിമൊഴി. നിർമ്മല നിരാശയോടെ ഫോൺ വയ്ക്കുന്നു.
ജോർജ്ജ് അങ്ങോട്ടു കടന്നു വരുന്നു.
ജോർജ്ജ്: നിർമ്മലേ. സാറു വിളിക്കുന്നു.
നിർമ്മല: ജോർജ്ജേട്ടാ, ഒന്നു നോക്കിക്കോളണേ
നിർമ്മല അകത്തെ ക്യാബിൻ ലക്ഷ്യമാക്കി നീങ്ങുന്നു.
ജോർജ്ജ്: ഞാൻ നോക്കിക്കോളാം.
ജോർജ്ജ് പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ പോക്കറ്റിൽ നിന്നൊരു ചെറിയ ബുക്കെടുത്ത് അതിൽ നിന്ന് നമ്പർ നോക്കി ടെലഫോൺ ഡയൽ ചെയ്യുന്നു.
                                                            CUT TO
സീൻ ഒന്ന് (ഡീ)
ശശിയുടെ വീട്.ബെഡ്റൂം.
ശശികല ഫോൺ അറ്റൻഡ് ചെയൂന്നു.
ശശികല: ഹലോ
                                                            CUT TO
സീൻ അഞ്ച്.
ജോർജ്ജിന്റെ ഓഫീസ്.
ജോർജ്ജ് നിരാശയോടെ ഫോൺ കട്ടു ചെയ്ത് ബുക്കിലെ നമ്പറിലേയ്ക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ നിർമ്മല വരുന്നു.ജോർജ്ജ് പിറുപിറുത്തുകൊണ്ടു പോകാനൊരുങ്ങുമ്പോൾ-
നിർമ്മല: ജോർജ്ജേട്ടാ ആരും വിളിച്ചില്ലല്ലോ.
ജോർജ്ജ്: ഇല്ല
ഫോൺ ബെല്ലടിയ്ക്കുന്നു. നിർമ്മല ഫോണെടുക്കുന്നു.
നിർമ്മല: ഹലോ………… നിങ്ങളാരാ………………………………….എന്റെ പേര് നിർമ്മല. ഞാൻനിങ്ങളെ വിളിച്ചിട്ടൊന്നുമില്ല.. നിങ്ങൾ ഏതു നമ്പറീന്നാണ്      വിളിക്കുന്നത്?
             മര്യാദയ്ക്കു സംസാരിക്കണം. നിങ്ങളാരാണെന്നു പറയ് ആദ്യം…………………….

            കാക്കക്കണ്ണിട്ട് ചുറ്റുമൊന്നു നോക്കിയശേഷം ഫോൺ കട്ടു ചെയ്ത് റിസീവർ മാറ്റിവയ്ക്കുന്നു, നിർമ്മല.         
                                                                        CUT
സീൻ ആറ്
കുടുംബ കോടതിയുടെ മുൻവശം. പകൽ.
ശശികല കയറിയ കാർ സ്റ്റാർട്ട് ചെയ്യുന്നു. ജോർജ്ജിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ശശി കാറിനെ ലക്ഷ്യമാക്കി ഓടുന്നു.ഓട്ടത്തിനിടയിൽ-
ശശി: അപ്പോ ഈ മറ്റേ ശശി ആരാ.
ജോർജ്ജ്: അതാ നിർമ്മലയുടെ സെറ്റപ്പാ സാറേ. അവന്റെ കല്യാണമൊക്കെ കഴിഞ്ഞതാ
ശശി:എന്നാലും താനന്നൊരു റോംഗ് നമ്പറെന്നു പറയാനുള്ള മര്യാദയെങ്കിലും കാണിച്ചെങ്കി ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ.
ജോർജ്ജ്: സാറിനാ നമ്പറിലു വിളിച്ച് ഒന്നന്വേഷിക്കാമായിരുന്നില്ലേ..
ശശി: അതെങ്ങനാ.. ഫോൺ എറിഞ്ഞു തകർത്തു കളഞ്ഞില്ലേ അവള്- തന്റെ നിർമ്മല അവൾക്കീ ടെലഫോൺ മാന്നേഴ്സൊന്നുമറിയാതാണോ ആ ജോലിക്കു നിക്കണത്. ആരെങ്കിലും അങ്ങോട്ടു വിളിക്കുമ്പോ നമസ്കാരം ഇത് അണ്ടിക്കമ്പനി എന്നൊന്നും പറയാനറിയില്ലേ
ജോർജ്ജ്: അവൾക്ക് പലപല ചിന്തകളല്ലേ സാറേ.ഇടയ്ക്കൊക്കെ റിലേ പോകും. അതിനവളെ വഴക്കു പറയാനേ എം.ഡിയ്ക്കു നേരമുള്ളൂ…….. 
കാർ മുന്നോട്ടു നീങ്ങുന്നു. കാറിനെ ലക്ഷ്യമാക്കി ഓടുന്ന ശശിയും ശശിയുടെ കയ്യിൽ ജീവിച്ചിരിക്കുന്ന തെളിവായി ജോർജ്ജും.  അപ്പോൾ സ്ക്രീനിലേയ്ക്ക് ഓടിവന്ന ഒരു ടൈറ്റിൽ ആരോ പിടിച്ചു നിർത്തിയിട്ടെന്നവണ്ണം നിന്നു കിതച്ചു.
            ടൈറ്റിവെള്ളരിപ്രാവുകൾ കൂടണയുമെന്നു പ്രതീക്ഷിയ്ക്കാം
                                                                        (Freeze)










1 comment: