Sunday, June 16, 2019

താൻ പാതി................!


പണ്ടു പണ്ട്.... നവോത്ഥാനം എന്ന വാക്ക്  രൂപപ്പെടുന്നതിനും മുമ്പ്, ഒരു ദിനം……… ഒരു ഇല്ലം.
മഴ തുടങ്ങുന്നതിനു മുമ്പേ ഇല്ലത്തെ കുളമൊന്നു തേവി വൃത്തിയാക്കണം.
തമ്പ്രാൻ കാര്യസ്ഥനെ വിളിച്ചു.
“കുളമൊന്നു വൃത്തിയാക്കണമല്ലോ. ആരെയാ കിട്ടുക? നേരത്തെ ഇപ്പണിക്കു വന്നിരുന്നത് ചാത്തനാ. അവൻ ചത്തു പോയല്ലോ.”
“ഞാൻ നോക്കട്ടേ തമ്പ്രാ. ആറ്റിനക്കരെ ഒരു തേവനുണ്ടെന്നു കേട്ടിട്ടുണ്ട്. ഒന്നന്വേഷിക്കട്ടെ.”
“എന്നാ ചെന്നു നോക്കീട്ടു വര്യാ. കുട്ടയും കയറും തൂമ്പയുമൊക്കെ ഇവിടെയുണ്ടെന്നു പറയ്യ്യാ”
കുഴിമടിയനാം കാര്യസ്ഥൻ കുറച്ചു ദൂരം നടന്ന് മാവിൻ‌തോപ്പിൽ വീണു കിടന്ന വവ്വാൽ കടിക്കാത്ത രണ്ടു മാമ്പഴവും തിന്നു നേരം പോക്കിയ ശേഷം തിരികെ വന്നു.
“തമ്പ്രാനേ, തേവൻ കൂരയിലില്ല. ആറ്റിനക്കരെ ഒരു കുളം വറ്റിച്ചു കൊണ്ടിരിക്ക്വാ. വന്നാലുടനെ ഇങ്ങോട്ടു പറഞ്ഞു വിടാൻ ക്ടാ‍ത്തിയിയോടു വിളിച്ചു പറഞ്ഞിട്ടുണ്ട്.”
“തേവൻ വരുന്നവരെ സമയം കളയണ്ട. കുട്ടയും കയറുമൊക്കെ ഉണ്ടല്ലോ. നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ. തേവൻ വരുന്നവരെ നമുക്കങ്ങട്......”
“തേവനോടു പറഞ്ഞു പോയില്ലേ തമ്പ്രാ..... ഓൻ വരട്ടെ.”
“സമയം കളയേണ്ട. ആറ്റിനടുത്തു ചെന്ന് ഒന്നു വിളിച്ചു ചോദിച്ചാ പോരേ. ഞങ്ങളങ്ങടു തേവി തുടങ്ങാൻ പോവുകയാണെന്നു പറയ്യ്യാ. തേവനോടു നിർദ്ദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ തരാനും പറയ്യ്യാ.”
വീണ്ടും രണ്ടു മാമ്പഴം. കാര്യസ്ഥൻ തിരികെ വന്നു.
“തമ്പ്രാൻ തേവിക്കോ, വെള്ളം തേവൻ വറ്റിച്ചോളാമെന്നു പറഞ്ഞു. മുകളിലത്തെ കയറ് വലതു കയ്യിൽ അൽപ്പം നീട്ടി പിടിച്ചും താഴെയുള്ള കയറ് ഇടതു കയ്യിൽ അല്പം കുറുക്കി പിടിച്ചു ഒരാളും, മറ്റൊരാൾ കൈമാറി നേരെ തിരിച്ചും പിടിച്ച് രണ്ടു കരയിലുമായി നിന്ന് താളത്തിലങ്ങു കോരി വെള്ളമൊഴുകിപ്പോകാൻ സൌകര്യമുള്ളിടം നോക്കി ഒഴിച്ചാൽ മതിയെന്ന്. തേവനെയങ്ങു മനസ്സിൽ വിചാരിച്ചു തുടങ്ങിക്കോളാൻ പറഞ്ഞു.. ഇടക്കിടക്ക് ഒരാൾ കുളത്തിലിറങ്ങി തൂമ്പകൊണ്ട് ചെളിയൊന്ന് ഇളക്കിക്കൊടുക്കണം.”
“കുളം വറ്റിക്കുന്നതു നോമും കണ്ടിരിക്കുണു. ഏതായാലും തേവൻ പറഞ്ഞ സ്ഥിതിക്ക്, അപ്പറഞ്ഞപോലെ, അങ്ങട് തുടങ്ങാം. കാര്യസ്ഥൻ,  എന്നാ തുടങ്ങുകയല്ലേ?”
“തേവൻ എന്തോ കൂടി പറഞ്ഞല്ലോ. ഓർമ്മവരണില്ല. തമ്പ്രാൻ ഞാനൊന്നു ചോദിച്ചിട്ടു വരട്ടെ. അതിനിടക്ക് ആരെയെങ്കിലും കിട്ടിയാൽ തമ്പ്രാനങ്ങോടു തുടങ്ങിക്കോളൂ. തേവൻ അനുവാദം തന്നിരിക്കുന്നതു കൊണ്ട് എല്ലാം മംഗളമായി നടക്കും.”
മാവിൻ‌തോപ്പിലെത്തുന്നതു വരെ  കാര്യസ്ഥൻ തിരിഞ്ഞു പോലും നോക്കിയില്ല. മേലനങ്ങി പണിയെടുക്കാനായിരുന്നെങ്കിൽ താനിങ്ങനെ കാര്യസ്ഥനാ‍യി തുടരേണ്ട ആവശ്യമുണ്ടോ? അല്ല പിന്നെ!
മാവിൻ തോപ്പിനകത്ത് ഒരു ഉറക്കവും കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും തമ്പ്രാൻ കുളം വറ്റിച്ചു കഴിഞ്ഞിരിക്കുന്നു!
“തമ്പ്രാ, തേവൻ കഞ്ഞി കുടിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ പുറപ്പെടാന്നു പറഞ്ഞു.” കാര്യസ്ഥന്റെ മൊഴി.
“തേവൻ പറഞ്ഞതു പോലെ ചെയ്തു. കുളം വറ്റി. നാം വല്ലാതങ്ങു ക്ഷീണിച്ചു പോയട്ടോ. സഹാ‍യിക്കാൻ  വന്ന രണ്ടാം വേളിയുടെ നടുവൊന്നു വെലങ്ങിയോ എന്നു സംശയം. ഇത്തിരി കൊട്ടൻ ചുക്കാദി വാങ്ങിക്കണം. ദാ... പോകുന്ന വഴിക്ക് ഈ കൂലിയങ്ങട് തേവനു കൊടുത്തേക്കൂ”
“തമ്പ്രാൻ പാതി, തേവൻ പാതി. കുളം വറ്റി” എന്ന് ആത്മഗതിച്ച്,
തമ്പ്രാൻ നൽകിയ കൂലിയും വാങ്ങി, ഇല്ലാത്ത തേവന്റെ കൂരയെ ലക്ഷ്യമാക്കി നടന്ന കാര്യസ്ഥനെ  കലശലായ ക്ഷീണത്തോടെ നോക്കി തമ്പ്രാൻ  പറഞ്ഞു. “ അതെ. തേവന്റെ സഹായം കൊണ്ട് കാര്യം നടന്നു. താൻ പാതി...... തേവൻ പാതി.”
പുതിയൊരു “പഴഞ്ചൊല്ലു” മാത്രമല്ല താൻ മെനഞ്ഞെടുത്തതെന്നും വെളിച്ചം കടക്കാതെ, ഒരുപാട് ഇരുട്ടിന്റെ ഓട്ടകൾ അടച്ചു വയ്ക്കാനുള്ള സങ്കേതമാണു താൻ തുറന്നു വച്ചിരിക്കുന്നതെന്നും  കാര്യസ്ഥൻ അറിഞ്ഞിരുന്നോ ആവോ? എന്തായാലും അയാളുടെ പേര് “പുരോഹിത്” എന്നായിരുന്നു. അങ്ങനെയാകാനേ വഴിയുള്ളൂ.

Sunday, April 7, 2019