Sunday, August 11, 2013

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്

            “ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേഇത്തിരി ആർഭാടമൊക്കെ കാട്ടി അവിസ്മരണീയമാക്കിയില്ലെങ്കിൽ പിന്നെന്തു ജീവിതം?” --മുഴുത്ത അസൂയ പൂഴ്ത്തിവച്ച്, അഭ്യുദയകാംക്ഷികളായി പ്രച്ഛന്ന വേഷമിടുന്ന കണ്ണുകടിയ്ക്കാരുടെഇത്രയൊക്കെ വേണോ?” എന്ന ചോദ്യത്തിന്  പുഷ്പാംഗദൻ ആവർത്തിച്ചു കൊണ്ടിരുന്ന മറുപടി അയാളുടെ ജീവിത ദർശനം തന്നെയായിരുന്നു.
            എങ്ങനെ അസൂയയല്ലെന്നു പറയാൻ പറ്റും? ഏക മകളുടെ വിവാഹം കെങ്കേമമായി നടത്തണമെന്ന് ഏതു പിതാവാണാഗ്രഹിക്കാത്തത്? താൻ ആഗ്രഹിക്കുകയും അതു പോലെ നടപ്പിലാക്കുകയും ചെയ്യുന്നു. അതിന് അങ്ങനെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയവരും ആഗ്രഹിക്കാൻ പോലും സാഹചര്യമില്ലാത്തവരും  താൻ എന്തോ കുറ്റം ചെയ്യുന്നു എന്ന മട്ടിൽ ഇങ്ങനെ അടക്കം പറയുമ്പോൾ, ഇതൊക്കെ അവരുടെ കഴിവില്ലായ്മയിൽ നിന്നും നിരാശയിൽ നിന്നും സടകുടഞ്ഞെഴുന്നേൽക്കുന്ന അസൂയയെന്ന ഇരുതല മൂരിയാണെന്നു  മനസ്സിലാക്കാനുള്ള ബുദ്ധിശക്തീയൊക്കെ തനിക്കുണ്ട്.   
            ശരിയ്ക്കും താനാഗ്രഹിയ്ക്കുന്നതും അസൂയ നിറഞ്ഞ അമർത്തിപ്പിടിച്ച നിശ്വാസങ്ങളും അഭിപ്രായങ്ങളുമാണെന്ന് പുഷ്പാംഗദൻ തന്റെ തന്നെ മനസ്സിനെ വിശകലനം ചെയ്ത് കണ്ടെത്തിയിരുന്നു. മറ്റുള്ളവരിൽ അസൂയയുണ്ടാക്കുന്നത് തനിക്കൊരു ഹരമാണ്. പണ്ട്, പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടുന്ന വിശ്വംഭരനോടു തനിക്കു അസൂയയായിരുന്നു. തന്റെ അസൂയ വിശ്വംഭരന് ഒരു ഹരമായിത്തീർന്നതുകൊണ്ടാണോ അവൻ കൂടുതൽ കൂടുതൽ നന്നായി പഠിച്ചു കൊണ്ടിരുന്നതെന്നു തീർച്ചയില്ല. എന്നിരിക്കിലുംബ്ലേഡ്എന്ന അപരനാമധേയനായ തന്റെ സൃഷ്ടികർത്താവ് പലിശക്കാരൻ ഭാർഗ്ഗവൻ പിള്ളയുടെ സമ്പത്തിന്റെ പൂളപ്പ് ഉളുപ്പില്ലാതെ പ്രകടമാക്കുന്ന തന്റെ വേഷ വിധാനവും,  പഠനോപകരണങ്ങളും, സ്വർഗ്ഗീയ സുഗന്ധമെന്നു തോന്നിപ്പോകുന്ന ഗന്ധം വമിപ്പിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ പൂശിയ തന്റെ ഉടുവസ്ത്രങ്ങളുടെയും ശരീരത്തിന്റെയും സാമീപ്യവും  വിശ്വംഭരനുൾപ്പെടെയുള്ള എരപ്പാളികളായ  സഹപാഠികളിൽ ഉണ്ടാക്കുന്ന അസൂയയിൽ നിന്ന് തനിക്കു ലഭിച്ചിരുന്നതൊരു തരം ഹർഷോന്മാദമായിരുന്നു.
            അതേ ഹർഷോന്മാദമാണ് ഇപ്പോഴീഅഭ്യുദയകാംക്ഷികളുടെ ചോദ്യങ്ങൾ കേൾക്കുമ്പോഴും അനുഭവിക്കുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് കാണുമ്പോഴേ ക്ഷണിതാക്കളുടെ കണ്ണുകളിൽ തൃശൂർ പൂരത്തിലെ അമിട്ടു കണക്കേ പൊട്ടി വിരിയുന്ന അമ്പരപ്പ്, ക്രമേണ അസൂയയുടെ കർക്കിടക മാസ മേഘമായി പരിണമിക്കുന്ന കാഴ്ച്ച കുളിരു കോരിയിടുന്ന ഒരു അനുഭവമാണ്.
            എങ്ങനെ അമ്പരക്കാതിരിക്കും അസൂയാലുക്കൾ. ഇതു പോലൊരു ക്ഷണക്കത്ത് ഇവറ്റകളൊന്നും ജീവിതത്തിൽ കണ്ടു  കാണില്ല. അഞ്ചോ പത്തോ രൂപ വിലവരുന്ന, ഉണക്കയില പോലുള്ള കടലാസിൽ കാക്കതൂറിയ പോലെ ഡിസൈനിട്ടതും എഴുതിച്ചവന്റെ ദാരിദ്ര്യവും എഴുതിയവന്റെ ആശയദാരിദ്ര്യവും പ്രകടമാക്കുന്ന, സ്ഥിരമായി ഉപയോഗിച്ച് എത് അങ്കണവാടി കുട്ടിയ്ക്കും മനഃപ്പാഠമായ വാക്കുകൾ കൊണ്ടു തീർത്ത ഒരു അലവലാതി ക്ഷണക്കത്തല്ലാ പുഷ്പാംഗദൻ തയ്യാറാക്കിയിരിക്കുന്നത്--ഒരു തിരുശേഷിപ്പു പോലെ സൂക്ഷിച്ചു വയ്ക്കാവുന്ന ഫോട്ടോ ആൽബം തന്നെയാണ്. ക്ഷണക്കത്ത് ആൽബത്തിന്റെ രൂപത്തിൽ നൽകുന്ന ലോകത്തെ ആദ്യത്തെ ആളായിരിക്കും താൻ. ആൽബത്തിന്റെ പുറം ചട്ടയിൽ സ്വർണ്ണനൂലുകൾ കൊണ്ടു നെയ്തെടുത്ത ചിത്രപ്പണികൾക്കു നടുവിലെ  രാധയ്ക്കും കൃഷ്ണനും മകളുടെയും ഭാവി വരന്റെയും മുഖമാണ്. പുറംചട്ട കണ്ടു കണ്ണു മഞ്ഞളിച്ച ശേഷം ആദ്യ പേജിലേയ്ക്കെത്തുമ്പോൾ ഉപമകളും ഉൽപ്രേക്ഷകളും നിറഞ്ഞു തുളുമ്പുന്ന വാക്യങ്ങളാൽ വിരചിതമായ ഒരു മഹാകാവ്യം കണക്കെ, ക്ഷണക്കത്ത്. അടിയിൽ കൊടുത്തിരിക്കുന്ന പേരു തന്റേതാകയാൽ കാവ്യം രചിച്ച മഹാകാകവി താനായായിരിക്കുമെന്ന് ഒരു പാടു പേർ ധരിയ്ക്കും- ധരിയ്ക്കട്ടെ.ഏഴു പ്രഗത്ഭരായ ജ്യോതിഷികൾ വരന്റെയും വധുവിന്റെയും ജാതകങ്ങൾ ഒത്തുനോക്കി പത്തിൽ പത്തു പൊരുത്തവും കണ്ട് കൂടുതൽ പൊരുത്തത്തോടെ ജീവിക്കാനായി കണ്ടു പിടിച്ച ശുഭമുഹൂർത്തിൽ മംഗല്യത്തിനു വേദിയാകുന്നത് ഇന്റർ നാഷണൽ സ്റ്റേഡിയമാണെന്ന കാര്യം ക്ഷണക്കത്തിലെ വചനങ്ങളിലൂടെ  കണ്ണുകൾ പായിക്കുമ്പോഴാണ് കണ്ണുകടിയന്മാർക്ക് പിടികിട്ടുക. പിന്നീടുള്ള കുറച്ചു പേജുകളിൽ വധൂ വരന്മാരുടെയും അവരുടെ തറവാട്ടുമഹിമകളുടെയും പാരമ്പര്യത്തിന്റെയും സാക്ഷ്യപ്പെടുത്തലുകൾ. . പിന്നെ  വിവാഹ നിശ്ചയത്തിനെടുത്ത ഫോട്ടോ ഗ്രാഫുകൾ കൊത്തുപണികണക്കെ നിരത്തി വച്ചിരിക്കുന്ന കലാ പ്രദർശനം!മകളും ഭാവി വരനും നവരസങ്ങൾ ആടിത്തിമിർക്കുകയാണവിടെ. റിയാലിറ്റി ഷോകളിലെ അവതാരങ്ങളും മജിസ്റ്റ്രേട്ടുമാരും , അല്ല ജഡ്ജസും  പുറപ്പെടുവിക്കുന്ന പോലെവൗ!!!!” എന്ന ഓരിയിടൽ നടത്താതിരിക്കാനാവില്ല ആർക്കും.
            ഇനിയിവന്മാരും ഇവളുമാരുമൊക്കെ എത്ര ഓരിയിടാനിരിക്കുന്നു. കല്യാണമിങ്ങു വരട്ടെ. തലേദിവസം മുതൽ സൽക്കാരത്തിനു മദ്യം വിളമ്പാനായി രൂപ അമ്പതിനായിരം കൊടുത്ത് സർക്കാരിൽ നിന്നു ലൈസൻസ് എടുത്തിട്ടുണ്ട്. മുന്തിയ തരം മദ്യങ്ങൾ അണ്ണാക്കിലൊഴിച്ച് എരിപിരികൊള്ളുമ്പോൾ..! എഴു കുതിരകളെപ്പൂട്ടിയ രഥത്തിൽ വധൂവരന്മാരെ കയറ്റി നഗര പ്രദക്ഷിണം ചെയ്ത് കല്യാണ മണ്ഡപത്തിലേക്ക് ആനയിക്കുന്നതു കാണുമ്പോൾ..! തന്റെ മകളുടെ മരതകക്കല്ലുകൾ തുന്നിപ്പിടിപ്പിച്ച മന്ത്രകോടി കാണുമ്പോൾ…… !പണ്ട് മകൾക്ക് കളിപ്പാട്ടം വാങ്ങിക്കൊടുത്ത അതേ ലാഘവത്തോടെ ഇന്നു മരുമകന് സമ്മാനമായിക്കൊടുക്കുന്ന ഇറക്കുമതി ചെയ്ത ആഡംബരക്കാറിന്റെ വിലയെക്കുറിച്ചറിയുമ്പോൾ.. പറയാതെ പറഞ്ഞറിയുന്ന സ്ത്രീധനക്കണക്കറിയുമ്പോൾ……!.ക്രിക്കറ്റു കളിയ്ക്കാൻ വേണ്ടി മാത്രം പണിത അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാദസ്വരക്കാർ കല്യാണമേളത്തിന്റെ സിംഫണി തീർക്കുമ്പോൾ, സപ്ത ജ്യോത്സ്യന്മാർ കണ്ടു പിടിച്ച  ശുഭ  മുഹൂർത്തത്തിൽ സദസ്സിലിരിക്കുന്നവർക്കു മുമ്പിൽ ഫോട്ടൊ ഗ്രാഫർമാരും വീഡിയ ഗ്രാഫർമാരും പിൻഭാഗം കൊണ്ട് മതിൽ തീർത്ത്, ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന താലികെട്ടു പകർത്താൻ ശ്രമിക്കുമ്പോൾ.. ! തദവസരത്തിൽ ആകാശത്തു നിന്നു പുഷ്പവൃഷ്ടി നടത്തുന്ന ഹെലിക്കോപ്റ്ററുകളെ  കാണുമ്പോൾ ..!  അങ്ങനെ  എത്രയെത്ര അവസരങ്ങളിലിവരൊക്കെ  വൗ!!!!” വിളിക്കാനിരിക്കുന്നു!
            ഇതൊക്കെ കണ്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടിരിക്കുമ്പോഴും ചില ദോഷൈകദൃക്കുകൾ കുശുകുശുക്കും-“ഇത്രയൊക്കെ വേണോ” “ആർഭാടം ഇത്തിരികൂടിപ്പോയില്ലേ?”
            ഇങ്ങനെ പക്വമതികളായി ചമയുന്നവർക്കു മുന്നിൽ പുഷ്പാംഗദൻ തന്റെ ജീവിത ദർശനത്തിന്റെ മഹത്തായ വാറോല നിവർത്തിക്കാണിക്കും-ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ ഇത്തിരി ആർഭാടമൊക്കെ കാട്ടി അവിസ്മരണീയമാക്കിയില്ലെങ്കിൽ പിന്നെന്തു ജീവിതം?..... പിന്നെ, ഞാൻ ചില്ലു കൊട്ടാരത്തിൽ വസിക്കുന്നവനാണെങ്കിലും ചുറ്റുപാടുകളെ കാണാതെ പോകുന്നവനല്ല  എന്നു നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല കൂടി എനിക്കുണ്ടല്ലോ. ദാരിദ്ര്യവാസിയായ ഒരു പെൺകുട്ടിയുടെ വിവാഹം നടത്താനായി പതിനായിരം രൂപ ഞാൻ സംഭാവനയായി കൊടുത്തിട്ടുണ്ട്. അതുകൂടാതെ ഇവിടെ ബാക്കി വരുന്ന തീറ്റ സാധനങ്ങളൊക്കെ അടുത്തുള്ള അനാഥാലയത്തിനു കൊടുക്കാനുള്ള ഏർപ്പാടും ചെയ്തിട്ടുണ്ട്!.”
            സമയം മറ്റു ചില ജീവിത ദർശനങ്ങൾ കൂടി പുഷ്പാംഗദനു കിട്ടി-ഇങ്ങനെ അനാഥാലയങ്ങളില്ലായിരുന്നെങ്കിൽ ബാക്കി വരുന്ന ഭക്ഷണമൊക്കെ എന്തു ചെയ്യുമായിരുന്നു? തത്വ ചിന്തകർ പറയുന്നത് ശരിയാണ് ഓരോന്നിനും ഇവിടെ ഓരോ അവതാര ലക്ഷ്യങ്ങളുണ്ട്. തന്റെ ലക്ഷ്യം തന്റെ ജീവിത ദർശനം നടപ്പാക്കുകയെന്നതാണ്.!
            അങ്ങനെ പുഷ്പാംഗദൻ തന്റെ ജീവിതലക്ഷ്യം നടപ്പാക്കി. ഈവന്റ് മാനേജ്മെന്റുകാരുടെ സഹായത്തൊടെ താനാശിച്ച രീതിയിൽ വിവാഹമെന്ന, ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മംഗള കരമായ കാര്യം മംഗളകരമായി നടത്തി. താൻ പ്രതീക്ഷിച്ച  ഓരോ സന്ദർഭത്തിലും അസൂയ നിറഞ്ഞ ഓരിയിടലുകൾ കേട്ട് പുളകിതനായി. ഇത്രയും വലിയ വിവാഹ മാമാങ്കത്തിൽ  പങ്കെടുക്കാനായി നാളുകൾക്കുമുമ്പേ തയ്യാറെടുപ്പു തുടങ്ങിയ തരുണീമണികളും മണക്കൂസന്മാരും ബ്യൂട്ടീഷന്മാരുടെയും കോസ്റ്റ്യൂം ഡിസൈനർമാരുടെയും സഹായത്താലുണ്ടാക്കിയെടുത്തഅപ്പിയറൻസിൽവി..പി.കളാകാമെന്ന ധാരണയിൽ കല്യാണമണ്ഡപമായ സ്റ്റേഡിയത്തിലെത്തിച്ചേർന്നപ്പോൾ തങ്ങൾ ക്രിക്കറ്റ് കളി കാണാൻ ഗാലറികളിലിരിക്കുന്നവരുടെ നിലയിലേയ്ക്കു താണു പോകുന്നോ എന്നു സംശയിച്ചു. അവിടെ പുഷ്പാംഗദനും കുടുംബവും വരനും വധുവും മാത്രമായിരുന്നു വി..പി.കൾ. പുഷ്പാംഗദന്റെ മനമറിഞ്ഞ ഈവന്റ് മാനേജുമെന്റുകാർക്ക് സ്തുതി! സ്വത്വം  നഷ്ടപ്പെട്ടവി..പികൾ പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു-സദ്യയ്ക്കു സീറ്റു പിടിക്കാനായി!
            കാണികളെ സംബന്ധിച്ചിടത്തോളം, എഴു ജ്യോത്സ്യന്മാർ ചേർന്ന് തയ്യാറാക്കിയ മുഹൂർത്തം ബഹുകേമമായിരുന്നു. ഒരു മണി കഴിഞ്ഞിരുന്നു  താലികെട്ടുൾപ്പെടെയുള്ള പഞ്ചനക്ഷത്ര ചടങ്ങുകളൊക്കെ തീർന്നപ്പോൾ. അതിന്എത്രയോ മുമ്പേ, കാണികളുടെ വയറ്റിൽ വിശപ്പിന്റെ നാദസ്വര മേളം ഉച്ചസ്ഥായിയിലെത്തിയിരുന്നു. ഈവന്റ്  മാനേജ്മെന്റുകാരുടെ മുൻകരുതലുകളെയൊക്കെ തകിടം മറിച്ചു കൊണ്ട് നിറഞ്ഞ ഡാമിന്റെ ഷട്ടർ ഉയർത്തുമ്പോഴുള്ള വെള്ളപ്പാച്ചിൽ  പോലെ ജനക്കൂട്ടം ഊട്ടുപുരയിലേയ്ക്കൂളിയിട്ടു. ആദ്യത്തെ ഒരു റൗണ്ട് സദ്യ പൂർത്തിയാക്കുന്നതിനു മുമ്പേ കസേരകൾക്കു പിന്നിൽ സ്ഥാനം പിടിച്ചിരുന്നവർ ഉണ്ടു കൊണ്ടിരുന്നവരെ തള്ളിമാറ്റി സീറ്റുകൾ കയ്യടക്കി. ഒരു സീറ്റിൽതന്നെ രണ്ടും മൂന്നും പേർ കയറിയിരുന്നു ഊണുകഴിച്ച അപൂർവ്വ കാഴ്ചയും പുഷ്പാംഗദന്റെ മകളുടെ കല്യാണത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു. കോട്ടും സോട്ടുമിട്ട സോമാലിയക്കാരാണ് തന്റെ കല്യാണം കൂടാൻ വന്നിരിക്കുന്നതെന്ന് പുഷ്പാംഗദൻ ഒരു നിമിഷം സംശയിച്ചു പോയി. അപ്പോൾ മറ്റൊരു ജീവിത ദർശനം കൂടി കിട്ടി-- വിശപ്പിന്റെ മുന്നിൽ ഏതു പരിഷ്കാരിയും പച്ചമനുഷ്യനാകും!
            പച്ചമനുഷ്യരെ പച്ചയ്ക്കു നേരിടാൻ പച്ചയും മഞ്ഞയും ചേർന്ന നിറമായ കാക്കിയിട്ടയാളുകളുടെ  സേവനം തേടേണ്ടി വന്നു, പുഷ്പാംഗദന്റെ ഈവന്റ് മാനേജുമെന്റിന്. ലാത്തിച്ചാർജ്ജ് വേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ കല്യാണമാണോ താൻ നടത്തിയതെന്ന കാര്യത്തിൽ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും പുഷ്പാംഗദനു മനസ്സിലായി. പോലീസുകാരുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നുവെന്ന് ഉയർന്നു കേട്ടവൗവിളികളുടെ എണ്ണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
            ലാത്തിയടി കൊള്ളാൻ ആകർഷകമായ ക്ഷണക്കത്തു കൊടുത്ത് ആളെക്കൂട്ടിയതിന്  ക്ഷണിതാക്കൾ മനസ്സിൽ പ്രാകിയതല്ലാതെ പുഷ്പാംഗദനോടൂ നേരിട്ടു കെറുവിച്ചിരുന്നില്ല. കാരണം, ഭക്ഷണത്തിനായി തല്ലുകൂടിയവരിൽ താനും ഉണ്ടായിരുന്നെന്ന് വിളിച്ചറിയിക്കുന്നത് ഒരു അഭിമാനകരമായ കാര്യമായി അവർക്കാർക്കും തോന്നിയില്ല. ഇങ്ങനെ ചരിത്ര പ്രസിദ്ധമായ ഒരു വിവാഹത്തിനു ആതിഥേയത്വം വഹിച്ച  തന്റെ അഭിമാനത്തിന്റെ ഗ്രാഫിനൊപ്പം അസൂയാലുക്കളുടെ കുശുമ്പിന്റെ ഗ്രാഫും കുത്തനെ ഉയരുന്നത് പുഷ്പാംഗദന്റെ അടിസ്ഥാന വികാരമായ ഹർഷോന്മാദത്തിന്റെ അളവിൽ ഗണ്യമായ വർദ്ധനവു വരുത്തി.   
            പിന്നെ ഏതാനും നാളുകൾ ആ ഹർഷോന്മാദമുണർത്തിവിട്ട ഭാരമില്ലായ്മയിൽ നീന്തിക്കളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അപ്പോൾ അതാ കേൾക്കുന്നു, വീട്ടുമുറ്റത്ത് ആഡംബരക്കാറിന്റെ അടക്കിപ്പിടിച്ച രോദനം. പോലീസുതിർത്ത ടിയർ ഗ്യാസ് ഷെല്ലു പോലെ മകളതാ ലിവിംഗ് റൂമിലെ സോഫയിലേയ്ക്കു വന്നു വീഴുന്നു. സോഫ അതിന്റെ ഉയർന്ന നിലവാരവും വിലയും വെളിപ്പെടുത്തിക്കൊണ്ട് മകളെ ഒന്നരയടി മുകളിലേയ്ക്കു തെറിപ്പിച്ചു. അതിന്റെ തുടർ ചലനങ്ങളിൽ തത്തിക്കളിച്ചു കൊണ്ട് ആ ഷെൽ പൊട്ടിത്തെറിച്ചു.
            “ അയാളെ എനിക്കു വേണ്ട. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു.”
            പുഷ്പാംഗദന്റെ ശരീരത്തിന്റെ ഭാരം തിരിച്ചു കിട്ടി. എന്താണു കാരണം എന്നു ചോദിക്കാൻ മറന്നു പോയ പുഷ്പാംഗദനു നേരെ നോക്കാതെ. റിമോട്ടെടുത്ത്  ടി.വി ഓൺ ചെയ്ത് ഫാഷൻ ചാനലിനായി പരതിക്കൊണ്ട് മകൾ പറഞ്ഞു:
            “അയാൾക്കു വായ്നാറ്റമുണ്ട്. ഞാനതു ചൂണ്ടിക്കാണിച്ചപ്പോൾ. അയാളെന്നെ കോക്കിരി കാണിച്ചു. ഞാനുറക്കത്തിൽ കൂർക്കം വലിക്കുന്നവളാണെന്ന് അയാൾ ആരോപിക്കുന്നു.”
            “വായ നാറ്റമുള്ളവനെയും കോക്കിരി കാണിക്കുന്നവനെയും നമുക്കു വേണ്ട. മോൾക്ക് അച്ഛ, നന്നായി പല്ലു തേക്കുന്ന, മൗത്ത് വാഷ് ഉപയോഗിക്കുന്ന, കോക്കിരി കാണിക്കാനറിയാത്ത നല്ലൊരു ചെക്കനെ കണ്ടു പിടിച്ചോളാം.”
            മകളെ സമാധാനിപ്പിക്കുന്നതിൽ വിജയിച്ചുവെങ്കിലും തന്റെ മനസ്സിൽ ഉയർന്നു വന്ന രണ്ടു ചോദ്യ ചിഹ്നങ്ങളിൽ ഉത്തരങ്ങൾ തൂക്കിയിട്ട് സ്വയം സമാധാനിക്കാൻ പുഷ്പാംഗദനു കഴിഞ്ഞില്ല.
            രണ്ടാമത്തെ കല്യാണവും ആദ്യത്തേതു പോലെ ആർഭാടമാക്കണോ?
            ആർഭാടത്തോടെ നടത്തിയാൽ ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ…” എന്നു തുടങ്ങുന്ന തന്റെ ജീവിത ദർശനത്തിന്റെ രണ്ടുവരി കവിത കൊണ്ട് അസൂയാലുക്കളുടെ വായടപ്പിക്കുവാൻ കഴിയുമോ?
            അപ്പോൾ ഫാഷൻ ചാനലിലേയ്ക്കുള്ള വഴിയ്ക്കിടെ, വഴി തെറ്റി വന്ന സംസ്കാരത്തിന്റെ ചാനലിലിരുന്ന് ആദ്യത്തെ കല്യാണത്തിനു ജാതകം നോക്കി  മുഹൂർത്തം കുറിച്ച ഏഴു ജ്യോത്സ്യന്മാരിൽ പ്രധാനി തന്റെ ജീവിത ദർശനം വെളിപ്പെടുത്തിക്കൊണ്ട് പറയുന്നത് പുഷ്പാംഗദൻ വ്യക്തമായി കേട്ടു:
            “ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതെന്ന്  നൂറു ശതമാനവും ഉറപ്പിച്ചു പറയാവുന്ന രണ്ടേ രണ്ടു കാര്യങ്ങളേയുള്ളൂ. ജനനവും മരണവും. ആ സ്വാഭാവിക പ്രക്രിയകൾക്കാകട്ടെ മുൻകൂട്ടി മുഹൂർത്തം നിശ്ചയിക്കാനുമാവില്ല. എന്നിരിക്കിലും ഈ രണ്ടു പ്രക്രിയകൾക്കുമിടയിലുള്ള ജീവിതം എന്ന അവസ്ഥയുടെ ഏതു തലത്തിലും വിശകലനങ്ങൾ നടത്താനും, പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാനും,  നൂറു ശതമാനം കൃത്യമായ പ്രവചനങ്ങൾ നടത്താനും ശേഷിയുള്ള ജ്യോതിഷികൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്തെന്നാൽ ജ്യോതിഷം എന്നു പറയുന്നത് ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയൊക്കെ പോലെ ഒരു ശാസ്ത്രമാകുന്നു.”
                                                                        ***************



2 comments:

  1. “ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതെന്ന് നൂറു ശതമാനവും ഉറപ്പിച്ചു പറയാവുന്ന രണ്ടേ രണ്ടു കാര്യങ്ങളേയുള്ളൂ. ജനനവും മരണവും. ആ സ്വാഭാവിക പ്രക്രിയകൾക്കാകട്ടെ മുൻകൂട്ടി മുഹൂർത്തം നിശ്ചയിക്കാനുമാവില്ല.

    കറക്റ്റ്. നന്നായി അവതരിപ്പിച്ചു കഥ!

    ReplyDelete
  2. നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.

    ReplyDelete