Sunday, January 13, 2013

ആണുങ്ങൾക്കെന്തു പറ്റി?

 
ആണുങ്ങൾക്കെന്തുപറ്റി എന്നാണോ ആണത്തത്തിനെന്തുപറ്റി എന്നാണോ ചോദിക്കേണ്ടത്? ആണുങ്ങൾ എന്നത് പ്രകൃതിയിലെ ഒരു യാഥാർഥ്യവും ആണത്തം എന്നത് അവരുടെ സങ്കല്പവുമാകുമ്പോൾ ആദ്യത്തെ ചോദ്യത്തിനു തന്നെയാണ് പ്രസക്തി . എന്തേ ഇപ്പോഴിങ്ങനെ ഒരു ചോദ്യമെന്നാണോ? ഇപ്പോഴല്ലാതെ ഇനിയെപ്പോഴാണ് നാമീ ചോദ്യം സ്വയം ചോദിയ്ക്കേണ്ടത്.

ശിശുവെന്നോ ബാലികയെന്നോ, കൌമാരക്കാരിയെന്നോ യുവതിയെന്നോ, ഭർതൃമതിയെന്നോ വിധവയെന്നോ, ഗർഭിണിയെന്നോ രോഗിണിയെന്നോ, വൃദ്ധയെന്നോ, അമ്മയെന്നോ സഹോദരിയെന്നോ , ഭാര്യയെന്നോ മകളെന്നോ ഭേദമില്ലാതെ സ്ത്രീകൾ അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ വർത്തമാനകാലത്തല്ലാതെ ഇനിയെപ്പോഴാണു ആണുങ്ങൾ സ്വയം ഈ ചോദ്യം ചോദിക്കേണ്ടത്. പുരുഷനെ ശത്രുവായി കാണാനിഷടപ്പെടാത്ത, എന്നാൽ അഗമ്യ ഗമനത്തിന്റെയും പ്രകൃതി വിരുദ്ധത്തിന്റെയും സ്തോഭജനകമായ വാർത്തകൾ വായിച്ച് അമ്പരന്നു നിൽക്കുന്ന സഹജാതികളായ സ്ത്രീകളും ഇതേ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുകയാണ്-അതെ. ഈ ആണുങ്ങൾക്കെന്തു പറ്റി…?
സ്ത്രീ ജാതിയിൽ പെട്ട സഹജീവികളുട നേർക്കുള്ള പരാക്രമങ്ങളെ വെളിപ്പെടുത്തുന്ന ഓരോ വാർത്തയും പുറത്തു വരുമ്പോൾ പ്രതിക്കൂട്ടിലാകുന്ന ആണുങ്ങൾ തന്നെയാണിതിനുത്തരം പറയേണ്ടത്. ആണത്തം എന്ന സങ്കൽപ്പത്തിന്റെ യോഗ്യതകളിൽ സ്ത്രീകളോടുള്ള പരാക്രമത്തിനു മുന്തിയ പരിഗണനായാണോ ഉള്ളത്?
പണ്ട്, പുരുഷ ലക്ഷണങ്ങളായി കഷണ്ടി, കുടവയർ, പുറത്തു രോമം , വെടിക്കല(?) ഇത്യാദികളെ സങ്കൽപ്പിച്ചു കണ്ടിട്ടുണ്ട്. പിന്നീട് ഷർട്ടിന്റെ മേൽ ബട്ടണുകൾ തുറന്നിട്ട് , അവവനെക്കൊണ്ട് ആവുന്ന വിധത്തിൽ കട്ടി കൂടിയും കുറഞ്ഞുമുള്ള സ്വർണ്ണ മാല ആ ഭാഗത്ത് പ്രദർശിപ്പിച്ച് ചാർമിനാറോ, സിസേഴ്സോ, വിൽ‍സോ, കാജാ ബീഡിയോ ഒക്കെ വലിച്ച് തല 45 ഡിഗ്രി മുകളിലേക്ക് ചരിച്ച് ആകാശത്തിനോടെന്തോ പകയുള്ള പോലെ പുക ഊതി വളയങ്ങൾ വിട്ടു ഞെളിഞ്ഞു നടക്കുന്നതും പെൺകുട്ടികളോട് നിലവാരമില്ലാത്ത (നിലവാരമില്ലാത്ത എന്നു വിലയിരുത്തുന്നത് വർത്തമാനകാലത്തിരുന്നുകൊണ്ടാണ്. നാമങ്ങനെയാണല്ലോ. പണ്ട് തീയറ്ററുകളിരുന്ന് ആർപ്പു വിളികളോടും കയ്യടികളോടെയും എതിരേറ്റ ചില ചലചിത്രങ്ങളെ ഇന്ന് “ഇങ്ങനെയും സിനിമകളുണ്ടായിരുന്നോ” എന്നാണല്ലോ വിലയിരുത്തുന്നത്.) കമന്റുകൾ പറയുന്നതുമൊക്കെ പുരുഷലക്ഷണമായും ആണത്തമായും തെറ്റിദ്ധരിച്ചു പോന്നു. തെറ്റിദ്ധരിച്ചു എന്നു പറയുന്നത് മനപ്പൂർവ്വം തന്നെയാണ്. നമ്മുടെ പല ധാരണകളും ആ തരത്തിലാണ്. പക്ഷേ അവ തിരിച്ചറിയുന്ന പ്രക്രിയ അതാതു കാലത്തു നടക്കാതെ അല്പം വൈകിയാണു പലരുടെയും കാര്യത്തിൽ സംഭവിച്ചു വരുന്നത്. അത്തരം തിരിച്ചറിയലിന്റെ സമയത്ത് പണ്ട് നിലവാരമില്ലാത്ത സിനിമകൾ കണ്ട് കയ്യടിച്ചതിന് ഇന്ന് സ്വയം പരിഹസിക്കുന്നതു പോലെ പശ്ചാത്തപിക്കുക മാത്രമേ വഴിയുള്ളൂ.
മാറ്റത്തിനു വഴിമാറിക്കൊടുക്കാൻ മടികാണിക്കാത്ത ആണത്തമെന്ന സങ്കൽപ്പം പുതുതലമുറയിലും മാറ്റങ്ങൾക്കു വിധേയമാകുന്നതും. ലോവേസ്റ്റ് കാൽശറായിയും ഭൂഖണ്ഡങ്ങൾ വരച്ചുവച്ചിരിക്കുന്നതെന്നു തോന്നിപ്പിക്കുന്ന ശ്മശ്രുക്കൾ നിറഞ്ഞ കീഴ്ത്താടികളും കടന്ന് പരിണാമത്തെ സ്നേഹിച്ചു നിൽക്കുകയാണ്.
ഈ കടന്നുപോയ, പല തലമുറകളുടെ വിവിധ സങ്കല്പാവസ്ഥകളിലൊക്കെ സ്ത്രീത്വത്തെ നാം ഏതു തരത്തിലാണ് കണ്ടു പോന്നിട്ടുള്ളത്? തുറന്നു പറയുമ്പോൾ ഇതൊരു സ്ത്രീപക്ഷ രചനയായി മാറുന്നു എന്ന ആരോപണമുണ്ടാകാം. (അക്ഷരങ്ങളെ പോലും ലിംഗവത്കരിക്കുകയാണല്ലോ നാമിന്ന്). അതെ. ഈ കടന്നുപോയ ഓരോ തലമുറയുടെയും സങ്കല്പങ്ങളിൽ സ്ത്രീ എന്നാൽ ഒരു ഉപഭോഗ വസ്തു എന്ന ധാരണ തന്നെയാണുണ്ടായിരുന്നത്. കാലം ചെല്ലുന്തോറും ആ ധാരണ പുരുഷന്റെ അബോധങ്ങളുടെ ആഴങ്ങളിൽ പറിച്ചു മാറ്റാനാവാത്ത ഒന്നായി പറ്റിച്ചേർന്ന് കട്ടി പിടിച്ച് കൊണ്ടിരിക്കുന്നു. ഇന്ന്, സ്ത്രീകളെ അത്തരത്തിൽ കാണുന്നു എന്നു തുറന്നു പറയാതിരിക്കാൻ സ്ത്രീ സ്വാതന്ത്ര്യ വാദത്തെ പിന്താങ്ങുന്നു എന്നു നടിക്കുന്ന കപട പുരോഗമന വാദികൾ പ്രത്യേകം ശ്രദ്ധിക്കുണ്ടെന്നതൊഴിച്ചാൽ ആ പഴയ, ആഴത്തിൽ വേരൂന്നിയ ധാരണകളിലൊന്നും മാറ്റം വന്നിട്ടില്ല എന്നതാണു സത്യം. സ്ത്രീകൾക്ക് “ആ ദിവസങ്ങൾ“ ഉള്ളതുകൊണ്ടാണ് പുരുഷന്മാർക്ക് ബഹുഭാരാത്വം അനുവദിച്ചിരിക്കുന്നത് എന്ന പ്രസ്താവന നാം കേട്ടത് ഈ വർത്തമാനകാലത്തു തന്നെയല്ലേ. എങ്ങനെ ഇത്തരം ധാരണകളിലേക്ക് നാം എത്തിച്ചേർന്നു എന്നതന്വേഷിക്കാതെ, കാര്യങ്ങൾ നിയന്ത്രണങ്ങൾതീതമായേക്കുമോ എന്ന ഭയപ്പാടോടെ, ആണത്തത്തിന്റെ വരിയുടക്കൽ നടപ്പിലാക്കാൻ ധൃതി കാണിക്കണോ എന്നതു ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ. രോഗ ലക്ഷണങ്ങളെയല്ലല്ലോ രോഗത്തെയല്ലേ കണ്ടെത്തി ചികിത്സിക്കേണ്ടത്.
അങ്ങനെ അന്വേഷിച്ചു ചെല്ലുമ്പോൾ നാം പവിത്രമായി കരുതുന്ന ചിലതൊക്കെ പ്രതിക്കൂട്ടിലാകുന്നതു കാണേണ്ടി വരും. നാമേറെ പ്രകീർത്തിക്കാറുള്ള, അഭിമാനത്തോടെയും ഏറെ ദുരഭിമാനത്തോടെയും നെഞ്ചിലേറ്റി നടക്കുന്ന നമ്മുടെ സംസ്കാരം സ്ത്രീയെ പുരുഷനു തുല്യം അവകാശങ്ങളും അന്തസ്സുമുള്ള മനുഷ്യ ജീവിയായി കാണുന്നുണ്ടോ? ഉണ്ടെന്നുള്ളതിനും ഇല്ലെന്നുള്ളതിനും ഉദാഹരണങ്ങളായി പലയിടങ്ങളിൽ നിന്നായി പല പല ശ്ലോകങ്ങൾ ഉദ്ധരണികളായി എടുത്തു കാണിക്കാം. അത്തരം വൈരുദ്ധ്യങ്ങൾ നിറഞ്ഞ സങ്കല്പങ്ങളിലും ഭാവനാ സൃഷ്ടികളിലുമല്ലാതെ യഥാർത്ഥ ജീവിതത്തിൽ സ്ത്രീ സമത്വം നാം അംഗീകരിച്ചു കൊടുത്തിട്ടുണ്ടോ? ഇന്നും സ്ത്രീ സമത്വത്തെ പിന്താങ്ങുന്നു എന്നവകാശപ്പെടുന്ന പുരുഷന്മാർ ആ ആശയത്തെ സ്വമനസ്സാൽ അംഗീകരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് ബഹുഭൂരിപക്ഷവും തുറന്നു പറയാൻ മടിക്കുന്ന ഉത്തരം. പണ്ട് നാം “ന സ്ത്രീ സ്വാതന്ത്രമർഹതി” എന്നു പറഞ്ഞിടത്തു നിന്ന് അതു തുറന്നു പറയാൻ മടികാണിക്കുന്നിടത്ത് എത്തിയിട്ടേയുള്ളൂ നമ്മുടെ സംസ്കാരത്തിന്റെ പരിണാമം. പണ്ട് സ്ത്രീ സ്വാതന്ത്ര്യമർഹിക്കുന്നില്ലെന്നു പറഞ്ഞവർ ഇന്നത് അടക്കിപ്പറയുന്നു എന്നേയുള്ളൂ.. എങ്കിലും ചുറ്റുപാടുമുണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയാൻ കഴിയാത്തവർ, അല്ലെങ്കിൽ അങ്ങനെ മാറുന്നത് ആശാസ്യമെല്ലെന്ന് കരുതുന്നവരിൽ ചിലർ പഴയ ചൊല്ല് ആവർത്തിക്കുന്നതു കേൾക്കേണ്ട ഗതികേടും നാം അനുഭവിക്കുകയാണ്.
ഇത്തരം ഒരു പശ്ചാത്തലത്തിൽ ജീവിച്ചു വന്ന നാം സാങ്കേതിക വിദ്യയുടെ തേരിലേറി നമുക്കരികിലേക്കു വന്ന, മറ്റു സംസ്കാരങ്ങളാകുന്ന ജീവിത സമ്പ്രദായങ്ങളിലെ പല “തുറന്ന” സമീപനങ്ങളെയും ആഹ്ലാദ പൂർവ്വം സ്വീകരിക്കുകയും കൊണ്ടാടുകയും ചെയ്തു. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ സ്ത്രീത്വത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകൾ മാറാതിരിക്കുക മാത്രമല്ല നമുക്കു മുന്നിൽ തുറന്നുവയ്ക്കപ്പെട്ട പുത്തൻ സംസ്കാരത്തിന്റെ മോഹിപ്പിക്കുന്ന ചില വശങ്ങളെ മാത്രം തിരിച്ചറിയുക വഴി സ്ത്രീ ഒരു സുഖഭോഗ വസ്തുവാണെന്ന മുൻ ധാരണകളെ അത് ശക്തിപ്പെടുത്തുകയും ചെയ്തു. അതേ സമയം ആ സംസ്കാരങ്ങളിലെ മറ്റു പല തുറന്ന സമീപനങ്ങളെയും കണ്ടില്ലെന്നും നടിച്ചു.
ഉദാഹരണത്തിന്, വസ്ത്രധാരണരീതി തന്നെയെടുക്കാം. നാണം മറയ്ക്കാനാണ് വസ്ത്രം ധരിക്കുന്നത് എന്ന തെറ്റിദ്ധാരണയൊന്നുമില്ലാത്ത പാശ്ചാത്യരാജ്യങ്ങളിലെ വസ്ത്ര ധാരണ രീതി നമ്മുടെ സ്ത്രീകൾ അനുകരിച്ചു തുടങ്ങിയപ്പോൾ (ഇപ്പോഴുമവർ അനുകരണത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ്, പൂർണ്ണതയിലേക്കൊന്നുമെത്തിയിട്ടില്ല.) “അയ്യേ” എന്നു മൂക്കത്തു കൈവച്ചു എങ്കിലും നമ്മുടെ ആണുങ്ങൾ അതാസ്വദിക്കുകയായിരുന്നു. തന്റെ ഉറ്റവരല്ലാത്ത സ്ത്രീകൾ അതു ധരിച്ചോട്ടെ തനിക്കെന്തു ചേതം എന്നതായിരുന്നു മനോഗതി. പക്ഷേ, പുതിയ പ്രവണതകളെ, അല്പം മടിച്ചു നിന്നെങ്കിലും പിന്നീട് രണ്ടും കയ്യും നീട്ടി സ്വീകരിയ്ക്കാൻ തന്റെ ഉറ്റവരും തയ്യാറാകുമ്പോൾ അത് അംഗീകരിച്ചു കൊടുക്കേണ്ടി വന്നു, അവർക്കൊക്കെ. മക്കളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയാൽ തങ്ങൾ പിന്തിരിപ്പന്മാരായിപ്പോകുമോ എന്ന ചിന്തയിലാണ്ടു പോകുന്നു, മാതാപിതാക്കൾ. വസ്ത്രധാരണമാണു പ്രശ്നങ്ങൾക്കൊക്കെ പ്രധാന കാരണം എന്ന് ആരോപണത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കേണ്ട. നേരത്തെ പറഞ്ഞ പോലെ,  നാണം മറക്കാൻ അഞ്ചു മീറ്ററിലധികം ജവുളി വേണമെന്ന നിർബന്ധമില്ലാത്ത രാജ്യങ്ങളിൽ-ചില രാജ്യങ്ങളിൽ ചില പൊതു ഇടങ്ങളിൽ നഗ്നത പോലും അനുവദിക്കുന്നുണ്ട്-സ്ത്രീകളോട് നമ്മൾ കാണിക്കുന്നത്ര പരാക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. (ഈ അവസരത്തിൽ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. നാണം മറയ്ക്കുന്നതിനും കാലാവ്സ്ഥാ വൈവിധ്യങ്ങളിൽ നിന്നു രക്ഷനേടുന്നതിനുമാണ് മനുഷ്യൻ വസ്ത്രം ധരിച്ചു തുടങ്ങിയതെന്ന സങ്കൽപ്പത്തിൽ വിശ്വസിക്കാത്ത നരവംശശാസ്ത്രജ്ഞരുണ്ട്. അവരുടെ അഭിപ്രായത്തിൽ, ആകർഷിക്കപ്പെടുന്നതിനായി ധരിച്ചു തുടങ്ങിയ അലങ്കാരപ്പണികളുടെ പരിഷ്കൃത രൂപമാണ് വസ്ത്രം. നഗ്നരായി നടക്കുന്ന ചില ആദിവാസി ഗോത്രങ്ങളിൽ പെട്ടവർക്ക് ഒരു കഷണം തുണി നൽകിയപ്പോൾ അവർ കഴുത്തിലും കയ്യിലുമൊക്കെ ആഭരണങ്ങളെപ്പോലെ അതു ചുറ്റുകയാണത്രേ ഉണ്ടായത്.)
അപ്പോൾ പിന്നെ വസ്ത്രധാരണം കൊണ്ടെന്താണു കുഴപ്പം? നേരത്തേ പറഞ്ഞപോലെ ചില മുൻ‍ധാരണകൾ ഉറങ്ങിയും ഉണർന്നും കിടക്കുന്ന പുരുഷ മനസ്സുകളിൽ ഈ കാഴ്ചകളൊക്കെ സ്ത്രീ കണ്ടും കൊണ്ടും അനുഭവിക്കാനുള്ള വസ്തുവാണെന്ന തെറ്റിദ്ധാരണ പൂർവ്വാധികം ശക്തിയാക്കുന്നു. തങ്ങൾ ഏതു രീതിയിൽ വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷേ, അത് കുറുക്കൻ സസ്യഭുക്കായെന്ന ധാരണയിൽ പേടമാൻ അവന്റെ മുന്നിൽ സിനിമാറ്റിക് ഡാൻസ് നടത്താൻ തുനിയുന്നതു പോലെയാകരുത്. കുറുക്കൻ സസ്യഭുക്കാകാത്തത് തീർച്ചയായും പേടമാനിന്റെ കുറ്റമല്ല. ഏതായാലും കാലം മാറുന്നത് സൃഗാലന്മാർ ഇപ്പോൾ മനസ്സിലാക്കുന്നില്ലെങ്കിലും അത്തരം തിരിച്ചറിവ് അവർക്കുണ്ടാകുന്നതുവരെയെങ്കിലും ഒരു കരുതൽ നല്ലതു തന്നെയാണ്. ഈ അവസരത്തിൽ മറു ചോദ്യങ്ങളുയരുന്നതു കാണാതെ പോകുന്നില്ല. മോശമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്ന സ്ത്രീകൾ (മോശമായതെന്ന വിശേഷണം ആപേക്ഷികമാണ്) മാത്രമാണോ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുള്ളത്? അല്ല എന്നുള്ളതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടാണെന്നല്ല പറഞ്ഞു വന്നതും – മുമ്പ് സൂചിപ്പിച്ചതു പോലെ, പുരുഷന്മാരുടെ പ്രാകൃതമായ ധാരണകളെ പരിപോഷിപ്പിക്കുന്നതിനു ഇതൊക്കെ സഹായിച്ചിട്ടുണ്ട് എന്നു മാത്രമാണ്.
കുറുക്കന്മാർ വെജിറ്റേറിയൻസാകുന്നതിന്റെ ചില ലക്ഷണങ്ങൾ തലമുറകളുടെ വിടവുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, അവിടെയും പ്രതീക്ഷയ്ക്കു വകയില്ലെന്നാണു സമീപ കാല സംഭവങ്ങൾ തെളിയിക്കുന്നത്. അധികം തിരക്കൊന്നുമില്ലാത്ത ഒരു കവലയിൽ നിന്ന് നമുക്ക് അതിലേ പോകുന്നവരെ അല്പനേരമൊന്നു ശ്രദ്ധിക്കാം. ശ്രദ്ധിക്കേണ്ടത് പല തലമുറകളിൽപെട്ട പുരുഷന്മാരെയാണ്. വലിയ തിരക്കൊന്നുമില്ലാതെ അലസരായി നിൽക്കുന്നവരായിരിക്കണം നമ്മുടെ പരീക്ഷണ വസ്തുക്കൾ.അവർ, തങ്ങളെ മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ല എന്നു അവർക്കു ബോധ്യപ്പെടും വിധമുള്ള സാഹചര്യങ്ങളിലാണെങ്കിൽ വളരെ നന്ന്. അതുവഴി മറ്റുള്ളവരെ തന്നിലേക്കാകർഷിക്കണമെന്ന് കരുതിക്കൂട്ടി വസ്ത്രം ധരിച്ചതെന്നു വിളിച്ചറിയിക്കുന്ന രീതിയിൽ (അല്പം അത്യന്താധുനിക രീതി തന്നെയായിക്കോട്ടെ) വേഷ വിധാനങ്ങളണിഞ്ഞ ഒരു സ്ത്രീ കടന്നു പോകുമ്പോൾ, അല്ലെങ്കിൽ അവിടെ നിൽക്കുമ്പോൾ നമ്മുടെ പരീക്ഷണ നിരീക്ഷണം ആരംഭിയ്ക്കാം. ആ സ്ത്രീയുടെ സാന്നിധ്യം നമ്മുടെ പരീക്ഷണ വസ്തുക്കളിൽ ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ നിന്നും നമുക്കൊരു കാര്യം വെളിവാകും. അതിൽ പഴയ തലമുറയിലെ പ്രതിനിധിയായിരിക്കും (കാഴചയ്ക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ) ആ സ്ത്രീയിൽ കൂടുതൽ ശ്രദ്ധ(ചോര ഊറ്റിക്കുടിക്കുക എന്നു പരിഭാഷ) കൊടുത്തിട്ടുണ്ടാവുക. പഴയതിൽ നിന്ന് പുതിയ തലമുറകളിലേക്ക് വരുമ്പോൾ ആ “ശ്രദ്ധ”യുടെ ഗ്രാഫ് താഴേക്കു വരുന്നതായി കാണാം. (ഇത്തരം ഒരു പരീക്ഷണത്തിനു മുതിരുകയാണെങ്കിൽ ഒരു കോമഡി സിനിമയ്ക്കു വേണ്ട അത്യാവശ്യ വിഭവങ്ങളൊക്കെ ആ മുഖങ്ങളിൽ നിന്ന് ഒപ്പിയെടുക്കാം.) ഈ ഗ്രാഫാണ് കുറുക്കന്മാർക്കു മനം‍മാറ്റം ഉണ്ടാകുന്നുണ്ടെന്ന ധാരണയുണ്ടാക്കുന്നത്. പക്ഷേ, നമ്മുടെ പരീക്ഷണത്തിൽ ,സ്ത്രീയെ കാര്യമായി ഗൌനിക്കാതിരുന്ന തലമുറയുടെ പ്രതിനിധിയാണ് ഡൽഹി സംഭവത്തിലെ പെൺകുട്ടിയെ ഏറ്റവും കൂടുതൽ ക്രൂരമായി പീഡിപ്പിച്ചത് എന്ന വസ്തുതയിൽ നിന്ന് നാം എന്താണു മനസ്സിലാക്കേണ്ടത്?
നമ്മുടെ മുൻ‍തലമുറകളിലുണ്ടായിരുന്ന സ്ത്രീത്വത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ജനിതക കോഡുകളായി കൈമാറ്റം ചെയ്ത് പുതുതലമുറയിലെത്തുമ്പോൾ, ഇന്ന് ലഭ്യമായ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സാധ്യതകളുമായി അതുകൂടിച്ചേർന്ന് സ്ത്രീത്വത്തെക്കുറിച്ച് കൂടുതൽ തെറ്റായ ധാരണകൾ രൂപപ്പെടുത്താൻ ശേഷിയുള്ള ജനിതക വ്യതിയാനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണോ? ആണെങ്കിൽ നാമിപ്പോൾ മുറവിളി കൂട്ടുന്ന ആണത്തത്തിന്റെ വരിയുടക്കൽ പോലുള്ള ശിക്ഷാവിധികൾ കൊണ്ടു മാത്രം ഇതിനൊരു പരിഹാരമുണ്ടാകുമോ?
ഇത്തരം ജനിതക വ്യതിയാനങ്ങളിലേക്ക് നമ്മുടെ തലമുറകളെ നയിക്കുന്ന എന്തെന്തു സാഹചര്യങ്ങളാണു നമുക്കു ചുറ്റുമുള്ളത്. സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കാക്കുന്ന സിനിമകൾ, പരസ്യങ്ങൾ, വാണിജ്യ തന്ത്രങ്ങൾ, ആശയങ്ങൾ……അമ്മയെയും സഹോദരിയേയും മകളെയും തിരിച്ചറിയാനാവാത്ത വിധം തരം താഴാൻ വരെ മനസ്സിനെ പരുവപ്പെടുത്തുന്ന ലഹരിയുടെ വൈവിധ്യമാർന്ന സ്രോതസ്സുകൾ……. എല്ല്ലാം തിരിഞ്ഞു കൊത്തുന്ന പാമ്പുകളായി നമ്മുടെ കഴുത്തിൽ തൂങ്ങിക്കിടപ്പുണ്ട്.. നാമതൊക്കെ ആഭരണങ്ങളായി തെറ്റിദ്ധരിച്ചുവശായിരിക്കുന്നു എന്നു മാത്രം. ഇന്റർനെറ്റെന്ന ലോക വലയിൽ എന്തെന്തു നല്ലകാര്യങ്ങൾ കിടക്കുന്നു. അതിൽ നിന്നും നാം തിരഞ്ഞെടുക്കുന്നതോ……..? ഇതേ തിരഞ്ഞെടുപ്പു രീതി തന്നെയല്ലേ സംസ്കാരങ്ങളുടെ കാര്യത്തിലും അവലംബിക്കുന്നത്? ഇങ്ങനെ , പറഞ്ഞു വരുമ്പോൾ ആണുങ്ങൾക്കെന്തു പറ്റിയെന്നല്ലാ നമുക്കെന്തു പറ്റിയെന്നാണ് ആണും പെണ്ണും സ്വയം ചോദിക്കേണ്ടി വരുന്നത് - സ്ഥാനത്തും അസ്ഥാനത്തും സംസ്കാരത്തെ ഉയർത്തിക്കാണിക്കുന്നവരും ചോദിക്കേണ്ടത്.
                                                        *******************











No comments:

Post a Comment