Tuesday, January 29, 2013

ഒരു പുര കത്തുന്നുണ്ട്

ഒരു കടങ്കഥ. ഈ കടങ്കഥ പ്രസക്തമാകുന്നത് ഒരു ദശകത്തിനു മുമ്പെങ്കിലുമാണ്. തെളിച്ചു പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതിനും മുമ്പ്. കടങ്കഥയുടെ ഉത്തരത്തിലേക്കു നയിക്കുന്ന സൂചനകളിതാണ് :
യഥാർത്ഥത്തിൽ ഇല്ലാത്തത്; എന്നാൽ അനുഭവത്തിൽ ഉള്ളത്, ശാസ്ത്രീയമായി അടിത്തറയില്ലാത്തത്; എന്നാൽ സാമൂഹ്യമായി ബലിക്കല്ലുകൾ തീർത്തത്, പലരും പരസ്യമായി തള്ളിപ്പറയുന്നത്; എന്നാൽ രഹസ്യമായി നെഞ്ചോടു ചേർക്കുന്നത്.
ഈ കടങ്കഥയുടെ ഉത്തരം നമ്മുടെ ദൃഷ്ടി ചെന്നെത്തുന്ന ഓരോ മുക്കിൽ നിന്നും മൂലയിൽ നിന്നും നമ്മെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും പൂരിപ്പിച്ചു കൊടുക്കേണ്ട ഒരു കോളമായി, നമ്മുടെ ശാസ്ത്രബോധത്തിന് പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി നമുക്കു നേരെ ഒരു ചോദ്യചിഹ്നമായി നിവർന്നു നിൽക്കുന്നു, ഈ കടങ്കഥയുടെ ഉത്തരം – ജാതി!

അതെ. കേരളം ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ പറഞ്ഞതിനോ , പറയാതിരുന്നതിനോ, പറയേണ്ടിയിരുന്നതിനോ അടിസ്ഥാനമായ, അസമത്വങ്ങളുടെ അടിസ്ഥാന ശിലയായ ജാതി സമ്പ്രദായം തന്നെയാണ് ഈ കടങ്കഥയുടെ ഉത്തരം. ഈ കടങ്കഥ ഇന്നും പ്രസക്തമല്ലേ എന്ന് പുരോഗമനവാദികൾ ചോദിച്ചേക്കാം. എന്നാൽ സൂചനകളിൽ മൂന്നാമത്തേത് ഒഴിവാക്കുകയോ അല്ലെങ്കിൽ “ പരസ്യമായി വിളിച്ചു പറയുന്നതും പരസ്യമായി നെഞ്ചോടു ചേർക്കുന്നതും “ എന്ന് ഭേദഗതി ചെയ്യുകയോ വേണ്ടി വരും അത് വർത്തമാനകാലത്തിന് യോജിച്ചതാക്കുവാൻ. അതെ, പണ്ട് അനാചാരങ്ങളായി കണ്ടിരുന്നതൊക്കെ നാം വീണ്ടും അഭിമാനപൂർവ്വം ആചരിക്കുകയാണ്..
ജാതിചിന്തയുടെ കാര്യത്തിൽ കടന്നുപോയ നൂറ്റാണ്ടുകളിൽ നിന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വ്യത്യസ്തമാക്കുന്നതെന്താണ്?
പോയ കാലത്ത് ജാതി സമ്പ്രദായത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചറിഞ്ഞവരും തെളിഞ്ഞ ചിന്തകളിലൂടെയും വിപ്ലവകരമായ പ്രവർത്തികളിലൂടെയും മഹത്തുക്കളുടെ പട്ടികയിലേക്ക് കടന്നു വന്നവരും അത് ഒരു അനാചാരമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാനത്ത്, ഇന്ന്, ഇരകളും വേട്ടക്കാരും അതൊരു മഹത്തായ കാര്യമാണെന്നു തെറ്റിദ്ധരിച്ചു പോരുന്നു എന്നതാണ് വ്യത്യാസം. മുമ്പ് ഒരു മോശം കാര്യമായി കരുതിയിരുന്ന ജാതിയുടെ പേരിൽ അഭിമാനിക്കാനോ ദുരഭിമാനിക്കാനോ ആണ് ഇന്നു നമ്മുടെമേൽ സമ്മർദ്ദം ചെലുത്തപ്പെടുന്നത്. ജാതിയെന്ന പഴഞ്ചൻ പേരിനു സമുദായം എന്ന് പുനർ നാമകരണം ചെയ്തിരിക്കുന്നു എന്നു മാത്രം. ഇന്നു നമുക്ക് സമുദായസ്നേഹികളെ മാത്രമേ കാണാൻ കിട്ടൂ.. മനുഷ്യസ്നേഹികളെ കണ്ടുകിട്ടാൻ പ്രയാസമാണ്.
ജാതിയുടെ പേരിലുള്ള വേർതിരിവുകൾ ഒരിടവേളക്കു ശേഷം നമ്മിലേക്ക് തിരിച്ചു വരികയാണെന്നു തന്നെയാണ് വർത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നത്. ലോകമേ തറവാട് എന്ന വിശാലചിന്തയിൽ നിന്ന് ജാതിയാണെന്റെ കൂട് എന്ന സങ്കുചിത ചിന്തയിലേക്ക് നാം കൂടുമാറ്റം നടത്തുന്നതെന്തുകൊണ്ടാണ്?
ഈ അവസരത്തിൽ, പഴയകാലത്തേതു പോലെ ജാതിപരമായ വേർതിരിവുകളൊന്നും ഇന്നു നിലനിൽക്കുന്നില്ലെന്നും പണ്ട് വിപ്ലവ പ്രവർത്തികളായി കരുതിപ്പോന്നിരുന്ന മിശ്രവിവാഹങ്ങൾ ഇന്ന് സർവ്വസാധാരണമായിട്ടുണ്ടെന്നുമൊക്കെയുള്ള വാദഗതികൾ കാണാതെ പോകുന്നില്ല. അതുപോലെ അയിത്താചരണം പോലുള്ളവ പഴയരൂപത്തിൽ നിലനിൽക്കുന്നുമില്ല. (എന്നാൽ പ്രച്ഛന്നവേഷം ധരിച്ച് പലയിടത്തും കാണുന്നുമുണ്ട്.) എന്നിരിക്കിലും ജാതിയുടെ(സമുദായത്തിന്റെ) പേരിൽ ഇന്നുയർന്നു വരുന്ന കോലാഹലങ്ങളൊക്കെ നമുക്കിടയിൽ മാനസികമായ വേർതിരിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നില്ലേ?
. തിരഞ്ഞെടുപ്പു സമയത്ത് ജാതി, മതം എന്നീ വിഭാഗീയതകൾ പരിഗണിക്കാൻ പാടില്ലെന്നും അതിന്റെ പേരിൽ വോട്ടുതേടാൻ പാടില്ലെന്നുമൊക്കെയാണ് പെരുമാറ്റച്ചട്ടം. രഹസ്യമായി ഇതൊക്കെ നടക്കുന്നുണ്ടെങ്കിലും ആ സമയം സമുദായ ശക്തികളൊന്നും പരസ്യമായി രംഗത്തു വരാറില്ല. ഫലപ്രഖ്യാപനത്തിനു ശേഷം അധികാരത്തിന്റെ അപ്പക്കഷണം വീതം വയ്ക്കുമ്പോൾ സാമുദായിക “ശക്തി“കളുടെ പ്രകടനങ്ങൾ തുടങ്ങുകയായി. വോട്ടെടുപ്പിനു മുമ്പ് മൌനം പാലിച്ചിരുന്നവർ അധികാരം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പങ്കു വച്ചതിലെ പോരായ്മകളുടെ പേരിൽ ശണ്ഠ കൂടുന്നതു കാണാം. ഇവരുടെ അവകാശ വാദങ്ങൾ കേട്ടാൽ തോന്നുക ഈ സ്ഥാനാർഥികളൊക്കെ മത്സരിച്ചത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ലേബലില്ല; ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായിട്ടാണെന്നാണ്. അഞ്ചപ്പം അയ്യായിരം പേർക്കു വീതിച്ചു നൽകുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അധികാരം ജാതി-മത ശക്തികൾക്ക് വീതിച്ചു കൊടുക്കലെന്ന് മുന്നണി നേതാക്കൾ സാക്ഷ്യപ്പെടുത്തും.
ജാതി ചിന്തയുടെ മാതാവായ മതം പ്രചരിപ്പിക്കപ്പെട്ടത് രാജാവും പുരോഹിത വൃന്ദവും തമ്മിലുള്ള ഒത്തുതീർപ്പുകളിലൂടെയായിരുന്നു. രാജാവിനേക്കാൾ ഭയ-ഭക്തി-ബഹുമാനങ്ങൾ പുരോഹിതർക്കു കിട്ടിയിരുന്ന കാലത്ത് ഇത്തരം ഒത്തു തീർപ്പുകൾ കൊണ്ട് രണ്ടുകൂട്ടർക്കും പ്രയോജനമുണ്ടായിരുന്നു. ശക്തമായ സൈന്യവും യുദ്ധതന്ത്രങ്ങളുമുള്ള രാജാവിന്റെ സാമ്രാജ്യം വളരുന്നതിനോടൊപ്പം രാജാവു വിശ്വസിച്ചിരുന്ന മതവും വളർന്ന ചരിത്രമാണുള്ളത്. മതത്തിനുള്ളിൽ ജാതികളുടെ ശിലകൾ പാകിയതിനും ഈ കൂട്ടുകെട്ടുകൾക്ക് ഗണ്യമായ പങ്കുണ്ട്. അധികാരവും മതവും തമ്മിലുള്ള അവിശുദ്ധമോ വിശുദ്ധമോ ആയ ബന്ധങ്ങൾ ഈ ജനാധിപത്യ യുഗത്തിലും തുടരുകയാണ്. ജനാധിപത്യമെന്ന സങ്കൽപ്പത്തോടൊപ്പം ഉടലെടുത്ത, മതത്തെ അധികാരത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്ന മതേതരത്വമെന്ന സങ്കൽപ്പത്തെ ഓരോരുത്തരുടെ താല്പര്യപ്രകാരം വളച്ചൊടിച്ച്, അധികാരം മതശക്തികൾക്കു തുല്യമായി വീതിക്കലാണത് എന്നുവരെയാക്കിയിരിക്കുന്നു
ജാതി മത ചിന്തകളുടെ സങ്കുചിത കൂട്ടായ്മയ്ക്ക് നാമിന്നൊരു പേരും കണ്ടെത്തിയിട്ടുണ്ട് – സാമുദായിക ധ്രുവീകരണം. ഈ കൂട്ടായ്മകളിലേക്ക് ആകർഷിക്കപ്പെടുന്നവർ പൊതുവേ പറയുന്ന ന്യായീകരണം മറ്റുള്ളവരെല്ലാം ഇങ്ങനെ ചേരിതിരിഞ്ഞു ശക്തി പ്രാപിക്കുമ്പോൾ ഞങ്ങളായിട്ട് മാറി നിൽക്കുന്നതെങ്ങനെയാണെന്നാണ് – കത്തുന്ന പുരയിൽ നിന്ന് എല്ലാവരും കഴുക്കോലൂരിക്കൊണ്ടു പോകുമ്പോൾ ഞങ്ങളും അതു ചെയ്യുന്നതല്ലേ തീകെടുത്താൻ നിൽക്കുന്നതിനേക്കാൾ ബുദ്ധി എന്നും ഈ ന്യായീകരണത്തെ പരിഭാഷപ്പെടുത്താം. ഈ ധ്രുവീകരണത്തെ പരസ്യമായി എതിർക്കുന്നവർ പോലും അതിന്റെ രഹസ്യ ഉപഭോക്താക്കളാകുന്നുണ്ടെന്നതാണ് ദയനീയം. മറ്റുള്ളവർ സാമുദായിക ശക്തികളെ പ്രീണിപ്പിക്കുമ്പോൾ തങ്ങൾ പിന്തിരിഞ്ഞു നിന്നാൽ അത് അധികാരത്തിന്റെ പ്രതാപത്തിൽ നിന്ന് തങ്ങളെ അകറ്റിനിർത്തുമെന്ന് ഓരോ രാഷ്ട്രീയകക്ഷിയും ഭയക്കുന്നു. ഞങ്ങൾക്ക് ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ഹിന്ദുവിന്റെയും ഈഴവന്റെയും നായരുടെയും ദളിതന്റെയും വോട്ടല്ല വേണ്ടത് – മതേതരരാഷ്ട്രമായ ഇന്ത്യയിലെ വോട്ടവകാശമുള്ള പൌരന്റെ വോട്ടാണു വേണ്ടതെന്ന് തുറന്നു പറയാൻ ഏതു രാഷ്ട്രീയപാർട്ടി തയ്യാറാകും. നാടിനെ പുരോഗതിയിയിലേക്ക് നയിക്കാനാണ് ജനാധിപത്യസം‍രക്ഷകരുടെ വേഷമിട്ട് വോട്ടു തേടി നടക്കുന്നതെങ്കിൽ ഏതു രാഷ്ട്രീയകക്ഷിയും അതിനു തയ്യാറാകേണ്ടതാണ്. പക്ഷേ….. ജനനന്മയ്ക്കാണ് പ്രഥമ പരിഗണനയെങ്കിലല്ലേ…. ഇവിടെ പരിഗണന മറ്റു പലതിനുമാണ്. അതിനാൽ അധികാരികളുടെ ഭാഗത്തു നിന്ന് ഈ വ്യവസ്ഥിതിയ്ക്കൊരു മാറ്റമുണ്ടാക്കാനുള്ള ശ്രമമുണ്ടാകുമെന്നു കരുതുക വയ്യ. പണ്ടു രാജാക്കന്മാർ ചെയ്തത് അവരും തുടരുന്നു. ഈ ഗതികേടിൽ നിന്നൊക്കെ നമ്മെ കരകയറ്റാൻ, പോയ നൂറ്റാണ്ടുകളിലേതു പോലെ നിസ്വാർഥരായ സാമൂഹ്യപരിഷ്കർത്താക്കൾ ഇനി നമുക്കുണ്ടാകുമെന്നും പ്രതീക്ഷിയ്ക്കാനാവാത്ത സാഹചര്യങ്ങളാണു നിലവിലുള്ളത്.
പിന്നെ ആരാണീ ചരിത്രത്തിന്റെ പിന്നോട്ടോഴുകലിന് തടയണ പണിയേണ്ടത്? കത്തുന്ന പുരയിൽ നിന്ന് കഴുക്കോലൂരാൻ ഓടുന്ന നാം തന്നെ. അല്ലാതാര്? നെല്ലും പതിരും വേർതിരിച്ചറിയാനുള്ള പക്വതയും തിരിച്ചറിവും ഉള്ളവരാണെന്നാണ് നാം സ്വയം അഭിമാനിച്ചു പോരുന്നത്. സ്വതന്ത്രമായി വോട്ട് ചെയ്യണമെന്നാണ് ജനാധിപത്യം നമ്മോടാവശ്യപ്പെടുന്നത്. അങ്ങനെ സ്വന്തന്ത്രമായി തീരുമാനമെടുക്കാൻ പാകത വന്ന നാം ചില കേന്ദ്രങ്ങളുടെ താല്പര്യപ്രകാരമേ ആ അവകാശം വിനിയോഗിക്കൂ എന്നുള്ള ധാരണ സൃഷ്ടിക്കാതിരുന്നാൽ തന്നെ ഇക്കാര്യത്തിൽ പകുതി ലക്ഷ്യം നിറവേറ്റപ്പെട്ടു എന്നു പറയാം. മാനസികമായി അടിമകളാകാതിരിക്കുക . അങ്ങനെ വന്നാൽ ജാതിമതചിന്തകളുടെ കലത്തിൽ നിക്ഷിപ്ത താല്പര്യങ്ങളാകുന്ന വ്യാമോഹങ്ങളുടെ കഞ്ഞിവയ്ക്കാൻ ശ്രമിക്കുന്ന ധ്രുവീകരണ ശക്തികളൊക്കെ പത്തി താഴ്ത്തുമെന്ന കാര്യത്തിൽ തർക്കമില്ല.
കത്തുന്ന പുരയിൽ നിന്ന് കഴുക്കോലൂരണോ അതോ തീ കെടുത്തണോ എന്നു നാം തീരുമാനിക്കുന്നിടത്ത് പിന്നോട്ടു പോകണോ മുന്നോട്ടു നീങ്ങണോ എന്നു ചരിത്രവും തീരുമാനമെടുക്കും. ഓർക്കുക. 1978 ൽ തെക്കേ അമേരിക്കയിലെ ഗയാനയിൽ ഭ്രാന്തമായ മതചിന്തകൾക്കടിപ്പെട്ട ആയിരത്തോളം പേരെ കൂട്ട ആത്മഹത്യയിലേക്കു നയിച്ച ജിം ജോൺസ് എന്ന മത നേതാവിന്റെ ആശ്രമത്തിൽ ഇങ്ങനെ എഴുതി വച്ചിരുന്നു.- “ ചരിത്രം വിസ്മരിക്കുന്നവർ അതാവർത്തിക്കുവാൻ ശപിക്കപ്പെട്ടിരിക്കുന്നു..”











No comments:

Post a Comment