Sunday, February 17, 2013

നിങ്ങൾ വലിയ പുള്ളിയാണോ?




സി..ഡി. മൂസ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുപോലെ, സ്വയം വിശകലനം ചെയ്ത് താനൊരു മഹാ സംഭവമാണെന്ന തീരുമാനത്തിലെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ അപൂർവ്വ സംഭവമൊന്നുമല്ല. ചുറ്റുപാടുകളെക്കുറിച്ച് യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുന്നവരൊക്കെ ആ നിഗമനം നൽകുന്ന സന്തോഷം നിലനിർത്താൻ തങ്ങൾക്ക് യാതൊരു യോഗ്യതയുമില്ല എന്ന തിരിച്ചറിവിൽ, ഒരു ചെറു പരിഹാസച്ചിരിയോടെ അത്തരം ചിന്തകളെ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്തു വരാറുള്ളത്.
            മുറിയുടെ ഒരു മൂലയിലിരിക്കുന്ന ചവറ്റുകുട്ട നമുക്കാവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു നിറഞ്ഞിട്ടും വീണ്ടും അതിലേക്ക് അനാവശ്യ സാധനങ്ങൾ വലിച്ചെറിഞ്ഞാൽ എന്താകും സ്ഥിതി? ആ മുറി തന്നെ ഒരു ചവറ്റുകുട്ടയായി മാറും. ഇതേ അവസ്ഥ നമ്മുടെ മനസ്സിലുമുണ്ടായാൽ.? “അമ്പട ഞാനേഎന്ന ഭാവത്തോടെ ആവശ്യത്തിലധികം നെഞ്ചുവിരിച്ചും തലയുയർത്തിയും നടക്കുന്ന, കാഴ്ച്ചക്കാരിൽ ചിരിയുണർത്തുന്ന, നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന, ചില അവതാരങ്ങളിലൊരാളായി നമ്മളും മാറും. അങ്ങനെ മിഥ്യാബോധത്തിൽ ജീവിക്കുന്നവരെ വെറുതെ വിട്ടുകൊണ്ട്, മനസ്സിന്റെ ചവറ്റുകുട്ട നിറയാതെ സൂക്ഷിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇതെഴുതുന്നത്. പണ്ടെങ്ങോ  ഒരു പരിഹാസച്ചിരിയോടെ വലിച്ചെറിഞ്ഞഅമ്പട ഞാനേഎന്ന ചിന്ത മനസ്സിന്റെ മാലിന്യപ്പെട്ടിയുടെ ഏതോ കോണിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വന്ന് നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നില്ലേ എന്നു പരിശോധിക്കാനുള്ള ഒരു എളിയ ശ്രമം-അത്രമാത്രം.
            ഭൂമിയിൽ നേരത്തെ ജനിച്ചു എന്നതുകൊണ്ട് നവജാതശിശുക്കളേക്കാൾ ഏതെങ്കിലും വിധത്തിലുള്ള മേന്മയ്ക്കോ, പരിഗണനയ്ക്കോ, അവകാശങ്ങൾക്കോ അർഹരാണെന്ന് നമ്മളാരെങ്കിലും   കരുതുമോ? മൂത്തവർക്കും ഇളയവർക്കും ഒരേ ആകാശവും ഒരേ ഭൂമിയും തന്നെയാണുള്ളത്. പ്രകൃതിയിൽ സീനിയർ ജൂനിയർ ഭേദങ്ങളൊന്നുമില്ലല്ലോ? യഥാർത്ഥത്തിൽ മനുഷ്യനു പോലും പ്രത്യേക പരിഗണനയൊന്നുമില്ല. പക്ഷേ, ഇത്തരം യാഥാർഥ്യങ്ങളെ നിത്യ ജീവിതത്തിൽ നാം അവഗണിച്ചു പോവുകയല്ലേ ചെയ്യുന്നത്. ഇളയവർ തങ്ങൾക്കർഹതപ്പെട്ട ബഹുമാനം നൽകുന്നില്ലെന്ന് മൂത്തവരും മൂത്തവർ തങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് ഇളയവരും പരാതിപ്പെടുന്നതിനുമുമ്പ് ഇക്കാര്യമൊന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതല്ലേ.
            മൂപ്പിളമ കോംപ്ലക്സ്കൊടികുത്തി വാഴുന്ന ഒരു പ്രധാനയിടം സർവീസ് മേഖലയാണ്. തങ്ങളുടെ തലമുറയ്ക്കുള്ള കഴിവും അർപ്പണ ബോധവും പുതുതായി വരുന്നവർക്കില്ലെന്ന് സീനിയേഴ്സും കാലത്തിനനുസരിച്ചു മാറാത്ത കോലങ്ങളാണ് പഴയ തലമുറയെന്ന് ജൂനിയേഴ്സും വ്യാകുലപ്പെടുന്നു. സീനിയേഴ്സിന്റെ കടുംപിടുത്തങ്ങളെ വിമർശിക്കുന്ന പുതുതലമുറക്കാർ ക്രമേണ സീനിയേഴ്സായി മാറുമ്പോൾ തങ്ങളുടെ പിൻഗാമികളോടുള്ള മനോഭാവവും ഇത്തരത്തിലുള്ളതു തന്നെയാകുന്നു. ഇത്തരം സംഘർഷങ്ങളൊക്കെ ഉടലെടുക്കുന്നത്അമ്പട ഞാനേഎന്ന ചിന്തയിലേക്കുള്ള തുടക്കം കുറിക്കുന്ന, നേരത്തെ നമ്മൾ വലിച്ചെറിഞ്ഞതെങ്കിലും ചവറ്റുകുട്ടയിൽ നിന്ന് പൊടിതട്ടിയുണർന്നു വരുന്ന, ആ പരിഹാസമുണർത്തിയ വിചാരത്തിൽ നിന്നാണ്.
            സേനാ വിഭാഗങ്ങളിലേയ്ക്കു കടക്കുമ്പോൾ മൂപ്പിളമ കോംപ്ലക്സ് കുറച്ചുകൂടി കടുക്കുന്നതു കാണാം. ഇതെഴുതുന്നയാൾക്ക് ഒരു ദശകത്തിലേറെക്കാലം കേരളാ പോലീസിലുണ്ടായിരുന്ന അനുഭവം ഇതിനു സാക്ഷ്യമാണ്. പരിശീലനകാലത്താണ് ഇതേറെ അനുഭവപ്പെടുന്നത്. പരിശീലനത്തിനായി എത്തിച്ചേരുന്നറിക്രൂട്ടുകൾയാതൊരു ലോക പരിചയവും ഇല്ലാത്ത, നിരക്ഷരകുക്ഷികളാണെന്ന വിചാരത്തിനടിപ്പെട്ടപോലെ പെരുമാറുന്ന പരിശീലകർ. റിക്രൂട്ടുകളുടെ അഹംബോധത്തിനു ചില പരിവർത്തങ്ങളുണ്ടാക്കുന്നതിനുവേണ്ടിയാണ് ഇത്തരം സമീപനങ്ങളുണ്ടാകുന്നത് എന്നാണ് വയ്പെങ്കിലും പരിശീലകരുടെ  പക്വതക്കുറവാണ് പലപ്പോഴും പ്രകടമാക്കപ്പെടാറുള്ളത്. ഇവിടെയും മേൽ സൂചിപ്പിച്ചതായ ഞാനെന്ന ഭാവം തന്നെയായിരുന്നു കുഴപ്പക്കാരൻ. ആ ചിന്തയെ ഉയിർത്തെഴുന്നേൽപ്പിക്കാതിരിക്കാൻ തക്ക പക്വതയുണ്ടായിരുന്ന ഒരു പരിശീലകൻ തന്റെ സഹപ്രവർത്തകരോട് ഇപ്രകാരം പറയുന്നത് കേട്ടിട്ടുണ്ട്: “സർവ്വീസിൽ ഈ റിക്രൂട്ടുകൾ നമ്മേക്കാൾ ജൂനിയറായിരിക്കും; പ്രായത്തിലും ജൂനിയറായിരിക്കും. പക്ഷേ, പലകാര്യങ്ങളിലും ഇവർ നമ്മേക്കാൾ സീനിയറും കഴിവുമുള്ളവരായിരിക്കും. ആ ഒരു ധാരണയോടെ വേണം നമ്മളിവരെ കാണേണ്ടത്.“ ഈ ഒരു ധാരണ വച്ചു പുലർത്താൻ മാത്രം പാകതയെങ്കിലും നമ്മുടെ മനസ്സിനുണ്ടായാൽ പല പ്രശ്നങ്ങളും ഒഴിവായിപ്പോകുമെന്നാണ് ഈയുള്ളവനു തോന്നുന്നത്.
            അടുത്തിടെ, ഒരു സായാഹ്നസവാരിയുടെ നേരത്ത്, അർദ്ധശതകത്തിന് നാലഞ്ചു ചുവടുകൾ മാത്രം മുന്നിലുള്ള ഈയുള്ളവനോട് കൗമാരം കഷ്ടിച്ചു കടന്നു കൂടിയ ഒരു പുതുതലമുറക്കാരൻചേട്ടാ തീപ്പെട്ടിയുണ്ടോഎന്നു ചോദിച്ചു. ഒരു നിമിഷം - “നിന്റച്ഛനോടു ചോദിക്കെടാ തീപ്പെട്ടിഎന്നു തിരിച്ചു പറയാൻ മനസ്സിനകത്തു പ്രേരിപ്പിക്കുന്നത് ഇവിടെ ചർച്ചചെയ്തുവരുന്ന, ചവറ്റുകൊട്ടയിൽ നിന്ന് തലപൊക്കാൻ ശ്രമിക്കുന്ന ആ ചിന്തയാണെന്ന് തിരിച്ചറിയാനുള്ള ഒരു സാവകാശം. “ഇല്ല മോനേഎന്നു പറഞ്ഞു ഒരു ചിരിയോടെ നടപ്പു തുടരാൻ സാധിച്ചത് ആ ചെറുപ്പക്കാരന്റെ മനസ്സിൽ എന്തു പ്രതികരണമാകും സൃഷ്ടിച്ചിട്ടുണ്ടാകുക. കൂട്ടുകാർ ആ ചെറുപ്പക്കാരനെ ആ ചോദ്യത്തിന്റെ പേരിൽ വിമർശിക്കുന്നതും കേട്ടു.
            ആ ചെറുപ്പക്കാരൻ ഈയുള്ളവന്റെ മനസ്സിൽ ആദ്യം തോന്നിയ മറുപടി അർഹിക്കുന്നുണ്ടോ? മൂത്തവർ ചെയ്യാത്ത ഒരു കാര്യത്തിനല്ല പ്രായപൂർത്തിയായ അയാൾ തീപ്പെട്ടി ആവശ്യപ്പെട്ടത്.തന്റെ പുകവലിക്കുന്ന അച്ഛനോടാണ് അയാൾ തീപ്പെട്ടി ചോദിച്ചതെങ്കിൽ അതൊരു അക്ഷന്തവ്യമായ തെറ്റാകുമോ? (വീണ്ടുവിചാരമുള്ള അച്ഛനാണെങ്കിൽ ആ നിമിഷം പുകവലി നിർത്തും.)പുകവലിയും മദ്യപാനവും അതു പോലുള്ള മറ്റു ശീലങ്ങളുമൊക്കെ പുതു തലമുറകൾ ദിനചര്യകളാക്കുന്നതിലേയുള്ളൂ നമുക്കു പരിഭവം. മുന്നേ നടക്കുന്നവർക്കു എന്തുമാകാം. മുൻതലമുറകളെ പകർത്തുകയല്ലേ പിന്നാലെ വരുന്നവരും  ചെയ്യുന്നത്.( കാലഗതിക്കനുസരിച്ച് പകർത്തലിന്റെ വേഗവും തോതും കൂടുന്നു എന്നുമാത്രം.)  എന്നിട്ട് പുതിയ തലമുറ നശിച്ചു പോയി കലികാലം!!!! കലികാലം!!!! എന്നു വിലപിക്കുന്നതിൽ എന്തർഥമാണുള്ളത്? ഏതായാലും ആ ചെറുപ്പക്കാരൻ അങ്ങനെ ചോദിക്കാനിടയായ സാഹചര്യത്തിന് ചെറിയൊരു വ്യത്യാസം കൂടിയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു‍ – ഒരറ്റത്തു തീയും മറ്റേഅറ്റത്തു ഒരു വിഡ്ഡിയും എന്നാണല്ലോ സിഗററ്റിന്റെ പഴയ നിർവ്വചനം. ഈയുള്ളവനും  അങ്ങനെ സ്വയം വിഡ്ഡിയാണെന്നു തെളിയിച്ചു കൊണ്ടാണ് നടന്നിരുന്നതെങ്കിൽ തീയോ തീപ്പെട്ടിയോ  ചോദിക്കുന്നതിൽ അനൗചിത്യത്തിന്റെ ഒരു കണിക പോലുമുണ്ടാകുമായിരുന്നില്ല. ഈ പരാമർശത്തിലെവിടെയെങ്കിലും ഇതെഴുതുന്നയാൾ വലിയ പുള്ളിയാണെന്നു വരുത്തിത്തീർക്കാൻ ശ്രമമുള്ളതായി തോന്നുന്നുണ്ടോ? ഇതു വായിക്കുന്നവർ അതു ദയവായി ചൂണ്ടിക്കാണിക്കുമെന്നു കരുതുന്നു.  അവനവന്റെ മനസ്സിനെ ഒരു പരിധി വരെയൊക്കെ മാത്രമേ തിരിച്ചറിയാൻ കഴിയുകയുള്ളൂ എന്നത് നമ്മുടെ ഒരു പ്രധാന പരിമിതി തന്നെയാണ്.  എന്നാലും അത്തരത്തിലുള്ള ശ്രമങ്ങൾ നടത്താതിരിക്കുന്നത് നാം നമ്മോടു തന്നെ ചെയ്യുന്ന വഞ്ചനയാകും.
            ആരും ആരേക്കാളും വലിയവരോ ചെറിയവരോ അല്ല; ഒരേ ജീവ ചൈതന്യം തുളുമ്പുന്ന സമന്മാരാണെന്നൊക്കെ തത്വചിന്തകർ നമ്മോടു പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഒരാൾ മറ്റൊരാളെ അപേക്ഷിച്ച് ചെറിയവനോ വലിയവനോ അല്ല. ചെറുതും വലുതുമെന്ന വേർതിരിവുകൾ ഉണ്ടാക്കുന്നത് വ്യത്യസ്തരായ നമ്മുടെ വ്യത്യസ്തമായ ചിന്തകളാണ്.  താരതമ്യം അവസാനിക്കുന്നിടത്ത് വ്യക്തിത്വം ആരംഭിക്കുന്നു എന്നാണല്ലോ. ഒരാൾ താൻ മറ്റൊരാളെക്കാൾ വലിയവനാണോ ചെറിയവനാണോ എന്നു താരതമ്യം ചെയ്യാൻ തുനിയുന്നതു തന്നെ താൻ വലിയ പുള്ളിയാണോ എന്നു ചിന്തിച്ചു  തുടങ്ങുന്നിടത്താണ്.
             മലയാളത്തിന്റെ ദാർശനിക കവി വയലാർ, ഈ രണ്ടു വരികളിൽ ജീവിതത്തെ വരച്ചിട്ടിരിക്കുന്നത് ഇടയ്ക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും.  ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ പ്രാകൃതയുഗമുഖച്ഛായകളേ. തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ

1 comment: