Sunday, August 11, 2013

ക്രികൂഡത്തിലെ മിഡു

          പണ്ടുപണ്ട്, ഒരുപാടൊരുപാട് പണ്ട്, അതായത്, ഭൂമി ഉരുണ്ടതാണെന്ന് മനുഷ്യനോ അവന്റെ ദൈവസങ്കൽപ്പങ്ങളോ സ്വപ്നം പോലും കാണാതിരുന്ന പണ്ടിനും പണ്ട്. പരന്നു കിടന്ന ഭൂമിയെ സൂര്യൻഭ്രമണംചെയ്തിരുന്ന കാലം. പഴയ കാലത്ത് ക്രികൂഡംഎന്നൊരു നാടുണ്ടായിരുന്നു. “നാട്എന്നതുകൊണ്ട് ഇന്നത്തെ രാജ്യമെന്നോ, സംസ്ഥാനമെന്നോ, ജില്ലയെന്നോ താലൂക്കെന്നോ വില്ലേജെന്നോ, കോർപ്പറേഷനെന്നോ, മുനിസിപ്പാലിറ്റിയെന്നോ, പഞ്ചായത്തെന്നോ, വാർഡെന്നോ എന്തുവേണമെങ്കിലും വായനക്കാരുടെ താല്പര്യപ്രകാരം അർത്ഥം കൽപ്പിക്കാം.  അന്നു ഭൂമി പരന്നതായിരുന്നതുകൊണ്ട്  ഇന്നത്തെ രീതിയിൽ അക്ഷാംശ രേഖാംശങ്ങൾ വ്യക്തമാക്കി ക്രികൂഡത്തിന്റെ സ്ഥാനം നിർണ്ണയിക്കാനാവില്ല എന്നും ഖേദപൂർവ്വം രേഖപ്പെടുത്തട്ടെ. ലഭ്യമായ ചരിത്രപുസ്തകങ്ങളിലൊന്നും ക്രികൂഡമെന്ന പേരു കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല എന്ന പരാതിയിൽ നിന്ന് രക്ഷപ്പെടുന്നതിനാണീ ഉപായമെന്ന് ആരെങ്കിലും സംശയിക്കുന്നെങ്കിൽ അതു ന്യായമല്ലായെന്നും പറയുന്നില്ല
            ഇവിടെ പറയാൻ പോകുന്ന കഥയ്ക്ക് ചരിത്രത്തിന്റെ പരിവേഷം ചാർത്തേണ്ടത് അത്ര അത്യാവശ്യമല്ലാത്ത നിലയ്ക്ക് നമുക്ക് കഥയിലേയ്ക്കു കടയ്ക്കാം.  “മിഡുഎന്നാണ് പഴങ്കഥയിലെ നായകന്റെ പേര്. ക്രികൂഡ ഭാഷയിലെ വാക്കിന്  ഇന്നത്തെ മലയാളത്തിൽ വായു എന്നർത്ഥം വരും-മലയാളികൾ മലയാളത്തേക്കാളേറെ സ്നേഹിക്കുന്ന ഇംഗ്ഗ്ലീഷിൽഗ്യാസ്എന്നും. ക്രികൂഡഭാഷയിൽ  പദത്തിന്പരത്തുന്നവൻഎന്നൊരു പര്യായമുണ്ട്. ഏതായാലുംഏതെങ്കിലും തരത്തിലുള്ള ഗ്യാസ് പരത്തുന്നവൻ എന്നർത്ഥം വരികയില്ല കാരണം, വാക്കിന്റെ ഏതെങ്കിലും ഒരു അർത്ഥമേ ഒരു സന്ദർഭത്തിൽ എടുക്കാവൂ എന്നാണ് കഥ നടക്കുന്ന സമയത്തെ ക്രികൂഡത്തിലെ വയ്യാതിരിക്കുന്ന വൈയാകരണ വിദഗ്ദ്ധർ പലപ്പോഴായി പറഞ്ഞു വച്ചിട്ടുള്ളത്.  
            മിഡു, ക്രികൂഡ രാജ്യത്തെ രാജാവിന്റെ കാലാൾപ്പടയിലെ ഒരു അംഗമായിരുന്നു. അയൽ രാജ്യങ്ങളിലെയോ ക്രികൂഡത്തിലെയോ അന്തപ്പുരങ്ങളിലും ശയനമുറികളിലും അസ്വാരസ്യത്തിന്റെയും അതൃപ്തിയുടെയും പുകപടലങ്ങൾ കുമിഞ്ഞു കൂടുമ്പോൾ, ക്രികൂഡ രാജ്യത്തെ സേനയ്ക്ക് ചുമ്മാ തിന്നും കുടിച്ചും ഏമ്പക്കുവും വിട്ട് ഗ്യാസ്ട്രബിൾ, അർശ്ശസ്, മൂലക്കുരു, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നീ ജീവിതശൈലീ രോഗങ്ങൾ വരാതിരിക്കാനെന്നോണം അയൽ രാജ്യങ്ങളിലെ സേനകളുമായി യുദ്ധം ചെയ്യുക എന്നൊരു നാട്ടുനടപ്പുണ്ടായിരുന്നു. യുദ്ധാവസാനം, യുദ്ധത്തിന്റെ ഫലം, അറ്റുവീണ തലകളെണ്ണിയും തുളവീണ ശരീരങ്ങളെണ്ണിയും രാജാക്കന്മാർ സ്വന്തം അന്തപ്പുരവാസികൾക്ക്  വ്യാഖാനിച്ചുകൊടുത്ത് അവരെ കോൾമയിർക്കൊള്ളിച്ചുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ കഥാനായകനായ മിഡു അനുവദിക്കപ്പെട്ട ഗൃഹ സന്ദർശന അവധിയ്ക്കായി തന്റെ വീട്ടിലേയ്ക്കു തിരിക്കും.
            ഇന്നത്തെ നമ്മുടെ നേതാക്കന്മാരെപ്പോലെ മിഡുവും ഒരു ജനകീയനായിരുന്നു. മാർഗ്ഗമദ്ധ്യേ കാണുന്ന ഓരോ നാട്ടുകാരനോടും യുദ്ധ വിശേഷങ്ങളും രാജാവിന്റെ വിശേഷങ്ങളും വിസ്തരിക്കും. സ്വന്തം രാജ്യത്തോടും സൈന്യത്തോടും രാജാവിനോടുമുള്ള കൂറു നിലനിർത്തിക്കൊണ്ടുതന്നെ അയൽ രാജ്യത്തെ രാജാവിന്റെയും അവിടുത്തെ ജനങ്ങളുടെയും വിശേഷങ്ങളും അവരുടെ ജീവിതരീതികളെപ്പറ്റിയും കൃഷിയെപ്പറ്റിയും, കച്ചവടത്തെപ്പറ്റിയും അവിടുത്തെ കാലവസ്ഥയെപ്പറ്റിയും, ആഘോഷങ്ങളെപ്പറ്റിയും, ദൈവങ്ങളെപ്പറ്റിയും, ദൈവങ്ങളുമായി ഹോട്ട്ലൈൻ ബന്ധമുള്ള  പുരോഹിതന്മാരെപ്പറ്റിയും ലഭ്യമായ വിവരങ്ങൾ തന്റെ ശ്രോതാക്കളെ വിസ്തരിച്ചു കേൾപ്പിക്കും.
 യുദ്ധമവസാനിക്കുന്നതിന്റെ  സൂചനകൾ ലഭിച്ചാൽ നാട്ടുകാർ മിഡുവിന്റെ വരവും പ്രതീക്ഷിച്ചു നിൽക്കും. അവരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ പ്രത്യക്ഷപ്പെടുന്ന മിഡു ഓരോ വരവിലും തനിക്കു കിട്ടിയ പുതിയ അറിവുകളും വിശേഷങ്ങളും പങ്കു വയ്ക്കും. പക്ഷേ, തനിക്കറിയാമായിരുന്നിട്ടും ഇക്കിളിപ്പെടുത്തുന്ന അന്തപ്പുര രഹസ്യങ്ങളൊന്നും മിഡു പങ്കു വയ്ക്കുമായിരുന്നില്ല.
            യുദ്ധമില്ലാത്ത അവസരങ്ങളിൽ മുറപ്രകാരമുള്ള പാറാവു ജോലികഴിഞ്ഞ് വിശ്രമത്തിനായി വീട്ടിലേയ്ക്കു വരുമ്പോഴും മിഡു വിശേഷങ്ങൾ പങ്കു വയ്ക്കുന്ന പതിവ് തെറ്റിക്കാറില്ല. മിഡുവിന്റെ ഡ്യൂട്ടിയുടെ സമയക്രമത്തെക്കുറിച്ച് മിഡുവിനേക്കാൾ നിശ്ചയമുള്ള നാട്ടുകാർ കട്ടൻകാപ്പിയും കുടിച്ച് മിഡുവിന്റെ സൗകര്യാർത്ഥം നാൽക്കവലകളിൽ കാത്തുനിൽക്കും. അവർ പ്രതീക്ഷിച്ച പോലെ ഓരോ വരവിലും എന്തെങ്കിലും പുതിയകാര്യം മിഡുവിൽ നിന്നവർക്കു കിട്ടും. മിഡു പകർന്ന അറിവിനെക്കുറിച്ചായിരിക്കും അന്നത്തെ അവരുടെ ചർച്ചകളെല്ലാം തന്നെ.
            അങ്ങനെയിരിക്കെ, യുദ്ധമില്ലാതിരുന്ന ഒരു സമാധാനകാലത്ത്, ക്രികൂഡവാസികളുടെ ജിജ്ഞാസയ്ക്കുമേൽ അസമാധാനത്തിന്റെ ഇടിമിന്നലേൽപ്പിച്ചു കൊണ്ട് മിഡു ആ പരന്ന ഭൂമിയിൽ നിന്ന് നാടു നീങ്ങി. ഒരു ചീത്തപ്രഭാതത്തിൽ (ദുപ്രഭാതമെന്നർത്ഥം വരുന്നഡുഡാഗ്എന്ന പദമാണ് ക്രികൂഡത്തിലെ വാമൊഴി ചരിത്രകാരന്മാർ ആ ദിനാരംഭത്തെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചത്.) സ്വന്തം ഗൃഹത്തിൽ മരണപ്പെട്ട നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ കണ്ട നീല നിറം സർപ്പദംശനമേറ്റതിന്റെയാണെന്നും അതല്ല; മറ്റേതെങ്കിലും തരത്തിൽ വിഷം ഉള്ളിൽ ചെന്നതിന്റെയാണെന്നും അഭിപ്രായങ്ങൾ പൊന്തിവന്നു. ക്രികൂഡത്തിലെ ഫോറൻസിക് സയൻസ് അത്രയൊന്നും പുരോഗമിച്ചിട്ടില്ലാതിരുന്നതിനാൽ ആ മരണം,  തെളിയിക്കപ്പെടാത്ത അസ്വാഭാവിക മരണം എന്ന പട്ടികയിൽ സ്ഥാനം പിടിച്ചു.
അത്തരത്തിലുള്ള മരണങ്ങളൊക്കെ ക്രികൂഡ രാജ്യത്ത് അപൂർവ്വമായിരുന്നില്ല. ചിലപ്പോൾ വെറുതേ നെഞ്ചും വിരിച്ചു നടന്നു പോയ ആളുകൾ താഴെ വീണ്, മരിച്ചു നിശ്ചലരാകുന്നതിനു സാക്ഷ്യം വഹിക്കേണ്ടതായി വന്നിട്ടുണ്ട്, ക്രികൂഡത്തുകാർക്ക്. അതെക്കുറിച്ച് സ്ഥലത്തെ പ്രധാന അതീന്ദ്രിയജ്ഞാനിയായബഡായിപറഞ്ഞത് അവരൊക്കെഉഡൂവിന്റെ അടിയേറ്റു വീണതാണെന്നാണ്. (ഉഡുവെന്നാൽ നമ്മുടെമാടൻ“) ഇന്ന്ഇംഗ്ലീഷിൽ ഹാർട്ട് അറ്റാക്ക് എന്നും മലയാളത്തിൽ ഹൃദയസ്തംഭനം എന്നും പറയുന്ന വാക്കിനു പകരമായുള്ള വാക്ക്, ലോകത്ത് മറ്റെല്ലായിടത്തുമെന്ന പോലെ അന്ന് ക്രികൂഡത്തിലും കണ്ടു പിടിച്ചിരുന്നില്ല.
            ഏതായാലും മിഡുവിന്റെ പ്രായപൂർത്തിയായ മകൻ മിഡു രണ്ടാമന് ക്രികൂഡത്തിലെ സൈന്യത്തിൽ ജോലികിട്ടി. ആശ്രിതനിയമനം വഴി ജോലികിട്ടുവാൻ മിഡു രണ്ടാമൻ മിഡു ഒന്നാമനെ വിഷംകൊടുത്തു കൊന്നതാകാമെന്നു ചില ദോഷൈകദൃക്കുകൾ പറയാതിരുന്നില്ല. ക്രികൂഡത്തുകാർക്കറിയേണ്ടിയിരുന്നത് അതൊന്നുമായിരുന്നില്ല; മിഡു ഒന്നാമനെപ്പോലെ മിഡു രണ്ടാമനും തങ്ങളുടെ അറിയാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ വിശേഷങ്ങൾ വിളമ്പിത്തരുമോ എന്നതായിരുന്നു.
ക്രികൂഡനിവാസികളെ നിരാശരാക്കാതെ മിഡു രണ്ടാമൻ തന്റെ പിതാവിന്റെ പാത പിന്തുടർന്നു. പിതാവിനെ ഒരു പടി കൂടി (അതോ രണ്ടോ അതിലധികമോ?) കവച്ചു വച്ചു എന്നു പറയുന്നതാണ് ശരി. പിതാവു പിന്തുടർന്നു വന്ന രീതിയിൽ നിന്നു വ്യത്യസ്തമായി അന്തപ്പുരരഹസ്യങ്ങളും മണിയറ നാടകങ്ങളും  അവൻ വിശേഷങ്ങളായി വിളമ്പാൻ തുടങ്ങി. ആ രീതി അവന്റെ ശ്രോതാക്കളുടെ എണ്ണം കൂട്ടി. രാജകൊട്ടാരത്തിലെ മാത്രമല്ല , ക്രികൂഡത്തിലെ  പ്രമാണിമാരുടെയും പ്രമാണത്തിമാരുടെയും ഇക്കിളിക്കഥകളും മിഡു രണ്ടാമന്റെ നാവിലൂടെ പകർന്നുകിട്ടിയത് കാട്ടുതീ കണക്കെ പരന്നു. ഓരോ ദിവസവും  അധോവായു കണക്കേ ദുർഗന്ധം വമിക്കുന്ന കഥകൾ പരന്നു കൊണ്ടേയിരുന്നു. അവ ശ്രോതാക്കളിലെത്തുമ്പോൾ സുഗന്ധ ദ്രവ്യമായിത്തീർന്നു.  നിത്യേന, ക്രികൂഡക്കാർ ചർച്ചചെയ്യുന്നത് മിഡു രണ്ടാമൻ പുറത്തു വിടുന്ന വിശേഷങ്ങളായിരുന്നു. ക്രികൂഡക്കാർ എന്തു ചിന്തിക്കണം എന്തു ചർച്ച ചെയ്യണം എന്നു തീരുമാനിക്കുന്നത് മിഡു രണ്ടാമനായിരുന്നു എന്നു പറയുന്നതാണു ശരി. മിഡു ഒന്നാമന്റെ മകൻ എന്ന വസ്തുത മാത്രം മതിയായിരുന്നു ക്രികൂഡക്കാർക്ക് അവന്റെ വർത്തമാനങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കുവാൻ.
            ദുർഗന്ധം വമിപ്പിക്കുന്ന വിശേഷങ്ങൾ പ്രചരിപ്പിക്കുമ്പോഴും പുട്ടിനു പീരയിടുന്നതു പോലെ, തന്റെ പിതാവിന്റെ രീതിയിൽ പൊതുവിജ്ഞാനം പകരുന്ന കാര്യങ്ങളും അവൻ പങ്കു വച്ചിരുന്നു എന്നകാര്യം സൂചിപ്പിക്കാതെ പോകുന്നത് അനീതിയാകും. എന്നിരിക്കിലും ആ വിഭവങ്ങൾക്കൊക്കെ ശ്രോതാക്കൾ കുറവായിരുന്നു എന്ന വാസ്തവം  പറയാതിരിക്കുന്നതും ഒരു അനീതിതന്നെ.
            മിഡു രണ്ടാമന്റെ തുറന്നു പറച്ചിലുകൾ മൂലം മാനം പോയവരേറെയുണ്ടായി ക്രികൂഡത്തിൽ. ആവശ്യക്കാരേറുമ്പോൾ ലഭ്യത കുറയുമെന്ന സാമാന്യ തത്വപ്രകാരം,  ശ്രോതാക്കൾ പെരുകിയപ്പോൾ പുതിയ വർത്തമാനങ്ങളുണ്ടാക്കുവാൻ വസ്തുതകളെ മറികടന്ന് കേട്ടുകേൾവികളെ  ആശ്രയിക്കേണ്ടി വന്നു, മിഡുവിന്. പിന്നെ, അവന്റെ അതിരുകടന്ന ഭാവനയും. ഇതെല്ലാം കൂടി വിശേഷങ്ങളെ വർത്തമാനങ്ങളായി പെരുപ്പിച്ചുകൊണ്ടിരുന്നപ്പോൾ സത്യമേത് നുണയേത് എന്നു ചിന്തിക്കുവാൻ പോലും മെനക്കേടാതെ അവന്റെ ശ്രോതാക്കൾ  ഓരോ വിവാദ കഥയിലെ നായകരെയും നായികമാരെയും സഹകഥാപാത്രങ്ങളെയും ജനകീയ വിചാരണ ചെയ്ത് തൊലിയുരിച്ചു കൊണ്ടിരിക്കുകയായിരുന്നുപുതിയ പുതിയ വിവാദകഥകൾ പുറത്തു വരുന്നതിനിടയിൽ പഴയ കഥകളിലൂടെ പ്രതിച്ഛായയും ജീവിതം തന്നെയും നഷ്ടപ്പെട്ടു പോയ പഴയവില്ലന്മാരെനിരപരാധികളാക്കി പശ്ചാത്തപിച്ച് തനിക്കൊരു മാനുഷിക വശം  കൂടിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനും അവൻ ശ്രമിച്ചിരുന്നു.
            അറിഞ്ഞോ അറിയാതെയോ സ്ഥാപിത താൽപ്പര്യക്കാരുടെ ചട്ടുകവും തവിയും കരണ്ടിയും ഒക്കെ ആകുന്നതിലും അവൻ മികവു കാട്ടി സുഡുവിന്കിഡുവിനോടു പകയുണ്ടെങ്കിൽ കിഡുവിനെക്കുറിച്ചുള്ള കുറച്ചു അപവാദ കഥകളുമായി സുഡു, മിഡു രണ്ടാമനെ സമീപിക്കുകയേ വേണ്ടൂ. തക്കതായ അവസരം വരുമ്പോൾ ആ കഥകൾ ചൂടുള്ള വർത്തമാനങ്ങളായി അക്ഷമരായിരിക്കുന്ന ക്രികൂഡക്കാർക്കിടയിലേയ്ക്ക് അവൻ വാരി വിതറിക്കൊള്ളൂം. അടുത്ത ചൂടുള്ള വിഭവം കിട്ടുന്നതുവരെ കിഡുവിന്റെ കാര്യം കട്ടപ്പൊകയല്ല; കരി ഓയിൽ തന്നെ.
            ഇങ്ങനെ സത്യത്തിന്റെ മുഖത്ത് കരി ഓയിൽ ഒഴിച്ച് സ്വന്തം മുഖവും അച്ഛന്റെ മുഖവും കരി പിടിപ്പിച്ചു കൊണ്ടിരിക്കുന്നത് തുടരുന്നതിനിടയിൽ ഒരു ദു(സു)പ്രഭാതത്തിൽ മിഡു രണ്ടാമൻ കൊല്ലപ്പെട്ടു. മിഡു മെനഞ്ഞ കഥകൾ കൊണ്ട് ജീവിതം വഴിമുട്ടിയ ഏതോ ഒരുവന്റെ കറുത്ത കൈകളാണ് ആ മരണത്തിനു പിന്നിലെന്ന് ക്രികൂഡക്കാർക്ക് സംശയമുണ്ട്.   മരണത്തിൽ അവർക്കുള്ള ദുഃഖം അഗാധമായിരുന്നു. മിഡു വിവാഹിതനല്ലാതിരുന്നതിനാൽ ഒരു മിഡു മൂന്നാമന്റെ സാധ്യത അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു അവരുടെ ദുഖത്തിന്റെ ആഴം കൂട്ടിയത്. ആഴക്കയങ്ങളിൽ മുങ്ങിമരിക്കുന്നതിനുമുമ്പ് തങ്ങളുടെ ഭാവി അറിയുവാൻ ക്രികൂഡത്തുകാർ സ്ഥലത്തെ പ്രധാന അതീന്ദ്രിയജ്ഞാനിയായ ബഡായിയെ സമീപിച്ചു.
ബഡായീ.. മിഡു ഒന്നാമനും മിഡു രണ്ടാമനും പോയി…….. ഇനി എന്താണു ഞങ്ങളുടെ ജിജ്ഞാസയുടെ ഭാവി?”
            വർത്തമാനത്തിൽ ചന്തിയൂന്നിയിരുന്ന്, ഭൂതകാലത്തിലേയ്ക്ക് തലകുമ്പിട്ടു നോക്കിഭാവിയിലേക്ക് തന്റെ കാഴ്ച്ച മങ്ങിയ കണ്ണുകൾ തള്ളിച്ച്, ബഡായി പറഞ്ഞു:
ക്രികൂഡത്തിന്റെയെന്നല്ല, ഈ പരന്ന ലോകത്തിന്റെ തന്നെ ഭാവി ഞാൻ പറയാം. നൂറ്റാണ്ടുകൾ പലതു കഴിയുമ്പോൾ ഈ പരന്ന ഭൂമി ഉരുണ്ടതാകും. ഭൂമി ഉരുളാൻ തു
ടങ്ങും. അപ്പോൾ,  സൂര്യൻ ഭൂമിയെ ചുറ്റുന്നത് നിർത്തി, ഭൂമി സൂര്യനെ ചുറ്റാൻ തുടങ്ങും. ഭൂമി പിന്നെയും ഉരുളും ഉരുളുന്ന ഭൂമിയിൽ നിന്ന് തെറിച്ചു പോകാതിരിക്കാൻ മനുഷ്യർക്ക് അള്ളിപ്പിടിക്കേണ്ടി വരില്ല. പക്ഷേ, അങ്ങനെ അള്ളിപ്പിടിക്കാതിരിക്കുന്നതുകൊണ്ട് അവർ നിങ്ങളെ പ്പോലെ വിജ്ഞാനകുതുകികളാകും. അവർക്ക് വിജ്ഞാനം നൽകാനായി മിഡു ഒന്നാമന്മാർ പുനർജ്ജനിക്കും. തുടർന്ന് മിഡു രണ്ടാമന്മാരും പുനർജ്ജനിക്കും. അവർ തങ്ങളുടെ  പിതാക്കന്മാരെയും അവരുടെ പാരമ്പര്യത്തെയും വിഷം കൊടുത്തുകൊന്നുകൊണ്ട്  തങ്ങളുടെ പ്രവർത്തികൾ തുടരും. മിഡു ഒന്നാമന്മാരും രണ്ടാമന്മാരും ലോകഭാഷയെന്നവകാശപ്പെടുന്ന ഇംഗ്ലീഷിൽ മീഡിയ എന്നും അതംഗീകരിച്ചു കൊടുക്കുന്ന ആളുകളുള്ള മലയാളമെന്ന ദേശത്തെ ഭാഷയിൽ മാധ്യമം എന്നും അറിയപ്പെടും. പക്ഷേ, അന്നത്തെ ആളുകൾമിഡുഎന്ന ക്രികൂഡഭാഷയിലെ വാക്കിന്റെ അർത്ഥംഅധോ വായുവിന്റെ ഗന്ധം പരത്തുന്നവൻഎന്നു തെറ്റിദ്ധരിക്കാതിരിക്കുമോ എന്നു പ്രവചിക്കുവാൻ ഞാൻ അശക്തനാണ്
                                                            *********************

No comments:

Post a Comment