Sunday, July 7, 2013

നാമെങ്ങനെ ഒതളങ്ങകളാകുന്നു?

        നമ്മുടെ പത്രങ്ങളിലെ സ്പോർട്ട്സ് പേജുകളിൽ നാം കണ്ടു പരിചയിച്ചിട്ടുള്ള ഒരു പ്രവണതയുണ്ട്ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു കളി ജയിച്ചാൽ, കളി ജയിച്ച രീതിയേയും കളി ജയിപ്പിച്ച കളിക്കാരെയും പുകഴ്ത്തി പുകഴ്ത്തി ടീമിനെയും കളിക്കാരെയും ബഹിരാകാശ നിലയത്തിൽ കൊണ്ടുചെന്നു നിർത്തുംതൊട്ടടുത്ത ദിവസം ഒരു കളി തോറ്റാൽ അവരെ അവിടുന്ന് വലിച്ച് താഴെയിട്ട് ചെളിയിൽ ചവിട്ടിത്താഴ്ത്തും. ഇന്നലത്തെ വീരനായകൻ ഇന്ന് അധമനായ വില്ലനും കോമാളിയുമാകും. തലേന്ന് വിജയത്തെ വിശേഷിപ്പിക്കാൻ ആലങ്കാരിക പദങ്ങൾ നിരവധി മെനഞ്ഞെടുത്ത അതേ തൂലികയിൽ നിന്നു തന്നെ പിറ്റേ ദിവസം പരിഹാസത്തിന്റെ മുള്ളുകൾ വച്ച ഇകഴ്ത്തലുകൾ പിറന്നു വീഴും.
        പത്രങ്ങളുടെ കാര്യം ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. ഏതു രംഗത്തു നോക്കിയാലും പ്രവണത നമുക്കു കാണാവുന്നതേയുള്ളൂ. ഈയടുത്ത കാലത്തെ ചില സംഭവങ്ങൾ പരിശോധിച്ചാൽ ഇതു കൂടുതൽ വ്യക്തമാകും. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ചിലർ കുപ്രസിദ്ധിയിലേയ്ക്ക് നീങ്ങുവാനിടയായത് നമുക്കേറെ സുഖിയ്ക്കുന്ന, വിവാദങ്ങൾ എന്ന വിഭാഗത്തിലേയ്ക്കുള്ള പുത്തൻ വരവുകളായി. ഇന്നലെ വരെ നാം നമ്മുടെ അഭിമാനമെന്നു വിശേഷിപ്പിച്ചവർ നമുക്ക് അപമാനമായിമഞ്ഞു മലയുടെ കണ്ടെത്തിയ ഭാഗത്തെ ആവേശ പൂർവ്വം ഏറ്റെടുത്ത്, പതിവു രീതിയിൽ നമ്മുടെ മാധ്യമങ്ങൾ നമുക്കായി വിചാരണകൾ സംഘടിപ്പിച്ചു. അവ കണ്ടും വായിച്ചും അപമാനിതരായനാം രോഷം കൊണ്ടു. സോഷ്യൽ മീഡിയകളാകട്ടെ, അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് ……എന്നിട്ടും മുറുമുറുപ്പുമായി നടക്കുന്നു.
        “ബഹുജനസുഖായ‍‍‌, ബഹുജനഹിതായഎന്നതാപ്തവാക്യമായി സ്വീകരിച്ചു പ്രവർത്തിക്കുന്ന നമ്മുടെ മാധ്യമങ്ങൾക്ക് ഇങ്ങനെയാകാനേ കഴിയൂ. നാമാഗ്രഹിക്കുന്നതാണവർ നൽകുന്നത്. നമ്മുടെ ഹിതമാണവർ നടപ്പിലാക്കുന്നത്.
ഒരൊറ്റ നിമിഷം കൊണ്ട് അഭിപ്രായങ്ങൾ മാറ്റുന്നവരെ ഒതളങ്ങഎന്നു നാട്ടിൻപുറങ്ങളിൽ വിളിക്കാറുണ്ട്. വെള്ളത്തിൽ വീണ ഒതളങ്ങയുടെ ഏതുവശമാണ് വെള്ളത്തിനടിയിലും മുകളിലുമാകുന്നതെന്നത് അപ്രവചനീയമാണ്. പക്ഷേ, പ്രശസ്തർ വിവാദങ്ങളിൽ പെടുമ്പോൾ നാമെടുക്കുന്ന സമീപനം പ്രവചനീയമാണ് - മുമ്പ് സൂചിപ്പിച്ചതു പോലെ വലിച്ചു താഴെയിട്ട് ചവിട്ടിക്കൂട്ടാൻ നാം തയ്യാർ.
        എന്തുകൊണ്ടാണ് നാമിങ്ങനെ ഒതളങ്ങകളാകുന്നത്?
        മനുഷ്യ മനസ്സിന്റെ സഹജ സ്വഭാവങ്ങളിലൊന്നാണ് അസൂയ. എനിക്കങ്ങനെ ആരോടും അസൂയയില്ലെന്ന് സ്വയം വിലയിരുത്താൻ വരട്ടെ. വീരാരാധന നമ്മുടെ ബോധമണ്ഡലത്തിൽ പ്രവർത്തിയ്ക്കുമ്പോൾ അസൂയ നമ്മുടെ അബോധങ്ങളിലാണു പ്രവർത്തിക്കുന്നതെന്നതാണ് അതിനെ തിരിച്ചറിയാൻ നമ്മളെ അപ്രാപ്തരാക്കുന്നത്. മറ്റുള്ളവരുടെ അസൂയയെ നമുക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയും. പക്ഷേ, നമ്മുടെയുള്ളിന്റെയുള്ളിലുള്ളതിനെ കണ്ടെത്താൻ നമുക്കു സാധിക്കില്ല.
        പരിണാമ പ്രക്രിയയിൽ നിലനിൽപ്പിനത്യാവശ്യമായ സവിശേഷതകളായിരുന്നു, സ്വാർത്ഥതയും അസൂയയുമൊക്കെ. പുരോഗമിച്ചു കൊണ്ടേയിരിക്കുന്ന മനുഷ്യനിൽ, സമൂഹ ജീവിയായിത്തീർന്ന്, സഹകരണവും സഹവർത്തിത്വവും സഹജീവിസ്നേഹവും നിലനിൽപ്പിനേറെ ഗുണം ചെയ്യുമെന്ന തിരിച്ചറിവു നേടിയ മനുഷ്യനിൽ  ഇനിയിവയ്ക്കെന്തു പ്രസക്തി എന്നും നാം സ്വയം ചോദിക്കാൻ തുനിഞ്ഞപ്പോളാണ് വികാരങ്ങൾ നമ്മുടെ മനസ്സിന്റെ തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു നീങ്ങിയതെന്നു വേണം കരുതാൻ. ഇങ്ങനെ തിരശ്ശീലയ്ക്കു പിന്നിലായിപ്പോയ സവിശേഷതകൾ നമ്മുടെ സ്വഭാവമാകുന്ന പാവകളിയെ ചരടു വലിച്ച് നിയന്ത്രിക്കുന്നത് നാമല്പമൊക്കെയേ അറിയുന്നുള്ളൂ; പലപ്പോഴും തീരെ അറിയുന്നുമില്ല. വ്യത്യസ്തരായ നമ്മളിൽ, ചിലരിൽ   അണിയറക്കാർ പൂർണ്ണമായി അണിയറയിലും മറ്റുചിലരിൽ കുറച്ചു പേർ വ്യത്യസ്ത അനുപാതത്തിൽ അരങ്ങിലും കാണപ്പെടുന്നു എന്നുമാത്രം. അരങ്ങിലുള്ളതിനെ നമുക്കു പെട്ടെന്നു കാണാൻ കഴിയുന്നു; അണിയറയിലുള്ളതിനെ കാണാനാവുന്നുമില്ല.
        ഇങ്ങനെ പ്രാകൃതമായ വാസനകൾ( അസൂയയും സ്വാർത്ഥതയുമൊക്കെ പ്രാകൃത വാസനകൾ മാത്രമാണെന്നും അഭിനവ മനുഷ്യന് ആവശ്യമില്ലാത്തതാണെന്നും ഇവിടെ അർത്ഥമാക്കുന്നില്ല) ജീവികളുടെ സ്വഭാവത്തിൽ പ്രകടമാകുന്നതിനുദാഹരണമായി ജീവശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുള്ള ഒരു കാര്യം വായിച്ചിട്ടുള്ളത് ഇവിടെ അനുസ്മരിക്കട്ടെ.
        നായകളെ (പ്രത്യേകിച്ച് നാടൻ ഇനങ്ങളെ) നിരീക്ഷിച്ചിട്ടുള്ളവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. അവ വിശ്രമിക്കാനായി നിലത്തു കിടക്കുന്നതിനു മുമ്പ് ഒന്നുരണ്ടു പ്രാവശ്യം വട്ടം ചുറ്റും. ഇന്നത്തെ സാഹചര്യങ്ങളിൽ പ്രസക്തമല്ലാത്ത വട്ടം ചുറ്റലിന്റെ പ്രസക്തി കിടക്കുന്നത് പ്രാചീനകാലത്താണ്. നായകളുടെ പൂർവ്വീകരായ, കാട്ടുവാസികളായ (അന്നെല്ലാം കാടുതന്നെ)  ചെന്നായ്ക്കൾ വിശ്രമിക്കാനായി സ്ഥലമൊരുക്കുവാൻ, ചുറ്റുപാടുമുള്ള ചെറു സസ്യങ്ങളും പുല്ലുമൊക്കെ വകഞ്ഞുമാറ്റുന്നതിനായി അനുവർത്തിച്ചു വന്നതാണീ വട്ടം ചുറ്റൽ. പുല്ലും പുൽച്ചാടിയുമൊന്നുമില്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്ന ഇന്നത്തെ നായകളും  എന്തിനാണെന്നറിയാതെ പ്രവർത്തിചെയ്യുന്നത് പിന്നണിയിൽ നിന്ന് ചരടു വലിയ്ക്കുന്ന സഹജവാസനകൾ മൂലമത്രേ.
        താരാരാധനയും വീരാരാധനയും നമ്മിലുടലെടുക്കുമ്പോൾ തന്നെ നമുക്കപ്രാപ്യമായ മേഖലകളിലെത്തി, വിണ്ണിലെ ഗന്ധർവ താരങ്ങളായി വിലസുന്ന താരങ്ങളോടും വീരന്മാരോടുമുള്ള അസൂയയും നമ്മുടെ ഉള്ളിൽ നമ്മളറിയാതെ തന്നെ രൂപം കൊള്ളുന്നുണ്ട്. ചിലരിൽ ആരാധനയല്ലാതെ അസൂയ മാത്രമായും രൂപംകൊള്ളുന്നു. “അസൂയാവഹമായ വളർച്ച”, “അസൂയാർഹമായ നേട്ടംഎന്നൊക്കെയുള്ള വിശേഷണങ്ങൾ നമുക്കപരിചിതമല്ലല്ലോ? ഇങ്ങനെ തിരശ്ശീലയ്ക്കു പിന്നിൽ ശക്തിപ്പെടുന്ന അസൂയയെന്ന വികാരം തക്കതായ അവസരം കിട്ടുമ്പോൾ മറനീക്കി പുറത്തു വരുന്നതല്ലേ  നമ്മൾ ഒതളങ്ങകളായിതീരുന്നതിന്റെ യഥാർത്ഥ കാരണം?
        വിഷയത്തോടനുബന്ധിച്ച് ചർച്ചചെയ്യപ്പെടുന്നതാണ് കുപ്രസിദ്ധരാക്കപ്പെടുന്ന പ്രസിദ്ധരുടെ അഹങ്കാരം. അഹങ്കാരത്തിന്റെ നിർവ്വചനം തേടിപ്പോയാൽ ഒരിടത്തും ചെന്നു ചേരാത്ത സ്ഥിതിയാണിന്ന്. മതേതരത്വത്തിന്റെയും മതവർഗീയതയുടെയും അർത്ഥം തേടിയിറങ്ങിയാൽ നേരിടേണ്ടി വരുന്ന ചിന്താക്കുഴപ്പങ്ങളൊക്കെ അഹങ്കാരത്തെ നിർവ്വചിക്കാനിറങ്ങിയാലും നേരിടേണ്ടിവരും..
        വിവാദങ്ങളിൽ  പ്രഭ മങ്ങിപ്പോകുന്ന താരങ്ങളുടെ മേൽ ആരോപിക്കപ്പെടുന്ന അഹങ്കാരം, തങ്ങൾക്കും   താരങ്ങളെപ്പോലെ അഹങ്കരിക്കാനുള്ള സാഹചര്യങ്ങളും ആഘോഷിക്കാനുള്ള ചുറ്റുപാടുകളും ഇല്ല്ലാത്തതിലുള്ള മറുവിഭാഗത്തിന്റെ അസൂയ വേഷം മാറി വരുന്നതല്ല എന്നാരു കണ്ടു? ഇവിടെ, എല്ലാ പ്രശ്നങ്ങൾക്കും കാരണം അസൂയയാണെന്നർത്ഥമാക്കുന്നില്ല. നെല്ലും പതിരും വേർതിരിച്ചറിയാനുള്ള സ്വാഭാവിക സാവകാശം പോലുമെടുക്കാതെ, കാളപെറ്റെന്നു കേട്ട് കയറിനോടുന്ന തരത്തിൽ അഭിപ്രായങ്ങൾ രൂപപ്പെടുന്നിടത്താണ് ഈയുള്ളവന്റെ ഈ സന്ദേഹത്തിനു പ്രസക്തി.


        ഇവിടെ സൂചിപ്പിക്കുന്ന പ്രശസ്തർ നിരപരാധികളാണെന്നോ നിഷകളങ്കരാണെന്നോ പുണ്യാത്മക്കളാണെന്നോ വരുത്തിത്തീർക്കുകയല്ല കുറിപ്പിന്റെ ലക്ഷ്യം. ( പ്രസ്താവനയിലും ചരടുവലിയുടെ സാന്നിധ്യം നിഴലിക്കുന്നുണ്ടോ?)പ്രശസ്തരുടെ വീഴ്ചകൾ ആഘോഷമാക്കുന്ന നമ്മുടെ മനോഭാവത്തിനു പിന്നിലെ കാണാചരടുകളെക്കുറിച്ച് ഒന്നു ചിന്തിച്ചു പോയതാണ്നന്ദി                                                                                               (മുൻകൂർ ജാമ്യം: ഇന്നത്തെ രാഷ്ടീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലല്ല, ഈ കുറിപ്പ്.)

No comments:

Post a Comment