Friday, May 10, 2013

നോക്കുകുത്തികളുടെ ശ്രദ്ധയ്ക്ക്!



           
ഒരു മനുഷ്യനാണങ്ങനെ എന്നോടാവശ്യപ്പെട്ടതെങ്കിൽ തീർച്ചയായും ഞാനതനുസരിക്കുമായിരുന്നില്ല. മനുഷ്യരെ വിശ്വസിക്കാനാവില്ലെന്ന് ഞാനെത്രയോ മുമ്പ് തിരിച്ചറിഞ്ഞതാണ്. ചതിക്കുഴികൾ പഞ്ചാരവാക്കുകളുടെയും ആത്മാർഥത തൊട്ടുതീണ്ടാത്ത ഉപദേശങ്ങളുടെയും മേമ്പൊടികൊണ്ടു മൂടിവച്ചിരിക്കുന്നത് ഒരുപാട് അനുഭവിച്ചറിഞ്ഞതാണ്. ഇവിടെ ഒരു നോക്കുകുത്തിയാണെന്നോടു വിചിത്രമായിതോന്നാവുന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്-അതെ, ഒരു നോക്കുകുത്തിയുടെ വേഷം ധരിയ്ക്കാൻ. നോക്കുകുത്തിയുടെ ഐഡന്റിറ്റിയായി ഞാൻ കരുതിപ്പോന്ന, കരിപുരണ്ട, ഏതോ നേഴ്സറിക്കുട്ടി വരച്ചു വച്ചതുപോലുള്ള, ചോക്കുപൊടി എഴുന്നേറ്റു നിൽക്കുന്ന കണ്ണുകളും മൂക്കും വായുമുള്ള പൊട്ടക്കലം എന്റെ നേരേ നീട്ടി, അത് തലയിൽ ധരിയ്ക്കാൻ എന്നോട് സ്നേഹപുരസ്സരം മൊഴിയുന്ന ആ കോലത്തെ  അനുസരിയ്ക്കുവാൻ സാഹചര്യങ്ങൾ എന്നെ നിർബന്ധിയ്ക്കുകയായിരുന്നു.
            ഞാനൊരു നാടകകൃത്താണ്. പ്രശസ്തനായ നാടകകൃത്ത് എന്ന് ഞാൻ എന്നെത്തന്നെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും അതു പുറത്തു പറയാൻ ധൈര്യം കാണിച്ചിട്ടില്ല, ഇതുവരെ. നാട്ടുകാർ എന്നെയങ്ങനെ വിശേഷിപ്പിക്കാത്തതിൽ എനിക്കുള്ള നീരസവും ഞാൻ പുറമേ പ്രകടിപ്പിക്കാറില്ല. എങ്കിലും വായനശാലയുടെ വാർഷികത്തിന് അവതരിപ്പിക്കാൻ പുതിയ നാടകം വേണമെന്ന് കലാസമിതിക്കാർ എന്നോടാവശ്യപ്പെട്ടപ്പോൾ എന്നെപ്പറ്റി എനിക്കുള്ള ധാരണ ശരിയായതുകൊണ്ടാണല്ലോ അവർ എന്നെത്തന്നെ തേടി വന്നതെന്ന ചിന്ത ഒരുൾപ്പുളകമുണ്ടാക്കി. ഏതൊരു കലാകാരനും ചെയ്യേണ്ടതാണെന്നു ഞാൻ ധരിച്ചു വച്ചിരിക്കുന്ന രീതിയിൽ ആമുഖമായി ചില ഒഴികഴിവുകളൊക്കെയിറക്കിയെങ്കിലും സമ്മതം മൂളാൻ കാലതാമസമെടുത്തില്ല. പിന്നെ, കലാസമിതിക്കാരുടെ അതിമോഹത്തിന്റെ നിറം പുരട്ടിയ നിർദ്ദേശമാണെന്നെ ഏറെ വലച്ചത്. നാടകത്തിന്റെ പ്രമേയം തീർത്തും പുതിയതായിരിക്കണമെന്ന്! ഏതെങ്കിലും പുരാണ കഥയെടുത്ത് വർത്തമാനകാലത്തിൽ കലക്കി കാണികൾക്കു കുടിക്കാൻ കൊടുക്കാമെന്ന എന്റെ സ്വപ്നങ്ങൾ അവർ ചിറകരിഞ്ഞല്ല; വെടിവച്ചു വീഴ്ത്തുകയായിരുന്നു.
            മൌലികമായ രചന നടത്താൻ ഞാൻ സഹിച്ചതായ കഷ്ടപ്പാടുകൾ വിവരിച്ച് ഫ്ല്ലാഷ്ബാക്കിന്റെ ദൈർഘ്യം കൂട്ടാൻ  ഏതായാലും ശ്രമിക്കുന്നില്ല. അല്പം മദ്യം ബോധത്തെയുണർത്തുമെങ്കിൽ ഒത്തിരി മദ്യം ഭാവനയെയുണർത്തുമെന്ന ധാരണയിൽ വാറ്റുകാരൻ കുമാരനു കടക്കാരനായ എനിക്ക് ബോധം നഷ്ടപ്പെടുകയാണുണ്ടായത് എന്നു പറഞ്ഞാൽ മതിയല്ലോ. നഷ്ടപ്പെട്ട ബോധം തിരിച്ചു വന്നു കൊണ്ടിരിക്കുമ്പോഴാണെന്നു തോന്നുന്നു ഈ നോക്കുകുത്തി എന്നെത്തന്നെ തുറിച്ചു നോക്കുന്നതു കണ്ടത്. അതു പിന്നെ ചലിക്കാൻ തുടങ്ങി. പച്ചക്കറിത്തോട്ടത്തിനു കണ്ണുകിട്ടാതിരിക്കാൻ ഏതോ അന്ധവിശാസി നാട്ടിയ ആ കോലം എന്നെ നോക്കി സംസാരിക്കാൻ തുടങ്ങി. അതു സ്വപ്നമാണെങ്കിൽ അതിനു ഭംഗം വരാതിരിക്കട്ടെ എന്നു കരുതി ഞാൻ സ്വയം നുള്ളി നോക്കിയില്ല. കുമാരന്റെ ഉത്പന്നം ഉണർത്തി വിട്ട ഭാവനയാണെങ്കിൽ അങ്ങനെയാകട്ടെ. ഒരു പക്ഷേ എനിക്കുള്ള കഥാബീജവുമായിട്ടായിരിക്കാം ഈ നോക്കുകുത്തിയുടെ വരവ്. ഇതൊരു പുതിയ അനുഭവമാണ് ഇതിൽ നിന്നൊരു നാടകം ഉണ്ടാക്കാനാവുമെങ്കിലോ.
            ഞാൻ കരുതിയപോലെ കഥ കണ്ടെത്താനുള്ള എളുപ്പവഴിയൊന്നും നോക്കുകുത്തിയുടെ പക്കലുണ്ടായിരുന്നില്ല. എങ്കിലും, പുതിയ അനുഭവങ്ങൾ ഉണ്ടാകുവാനും പുതിയ പുതിയ കാഴ്ചകൾ കാണുവാനും ഒരു നോക്കുകുത്തിയിലേക്ക് പരകായ പ്രവേശം നടത്തുന്നത് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നതിൽ കമ്പും വൈക്കോലും പഴന്തുണിയും കൊണ്ടു നിർമ്മിക്കപ്പെട്ട ആ രൂപം വിജയിച്ചു.
            ഏറെ നേരം നീണ്ട ഞങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് എന്റെ അവസ്ഥ ഗ്രഹിച്ച നോക്കുകുത്തി പുതിയ അനുഭവങ്ങളുണ്ടാകാൻ എനിക്കു നൽകിയ ഉപായമാണ് നോക്കുകുത്തിയുടെ വേഷം ധരിച്ചു നിൽക്കുക എന്നത്. സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അല്ലെങ്കിൽ അങ്ങനെ വേർതിരിച്ചറിയാൻ മനപ്പൂർവ്വം അലംഭാവം കാണിച്ച ആ അവസ്ഥയിൽ എന്റെ നേർക്ക് ആ രൂപം വച്ചു നീട്ടിയകിരീടംഎടുത്തു തലയിലേറ്റുമ്പോൾ എന്റെ മനസ്സ് ഫാന്റസിയുടെ അപാരസാധ്യതകൾക്കിടയിൽ നിന്ന് റിയലിസ്റ്റിക് ആയ ഒരു സൃഷ്ടിയുണ്ടാക്കാമെന്നു  മോഹിക്കുകയായിരുന്നു.
            തലയില്ലാതെ നിൽക്കുന്ന നോക്കുകുത്തി പുതിയതലയുമായി നിൽക്കുന്ന ഞാനുമായി താരതമ്യം ചെയ്യാനാവാത്ത വിധം സമാനതകളുള്ളതാണെന്നത് എന്റെ ചില മുൻധാരണകളെ തിരുത്തിക്കഴിഞ്ഞിരിക്കുന്നു. നോക്കുകുത്തിയുടെ ഐഡന്റിറ്റി അതിന്റെ തലമാത്രമല്ല. പക്ഷേ, ഞാനെന്ന മനുഷ്യനിൽ നിന്ന് ഒരു നോക്കുകുത്തിയിലേയ്ക്കുള്ള ദൂരം ഒരു മൺകലത്തിന്റേതു മാത്രമാകുന്നു.
            നോക്കുകുത്തിയുടെ വേഷത്തിനു കടന്നു ചെല്ലാവുന്ന സ്ഥലങ്ങളുടെ വ്യാപ്തി പരിമിതമായിരുന്നെങ്കിലും പച്ചക്കറിത്തോട്ടത്തിന്റെയും വയൽ വരമ്പുകളുടെയും പണിതുയരുന്ന കെട്ടിടങ്ങളുടെയും ഇടയിലും മുന്നിലുമൊക്കെയായി നിന്നപ്പോൾ, ഒരു സ്പൈക്യാമറയിലെന്ന  പോലെ അല്ലെങ്കിൽ അർദ്ധരാത്രിയിലുദിച്ച സൂര്യന്റെ മുന്നിലെന്നതു പോലെ എന്റെ കാഴ്ചയിലൂടെയും കേൾവിയിലൂടെയും ഒരുപാടു സംഭവ പരമ്പരകൾ  കടന്നു പോയി.  അരമന രഹസ്യങ്ങൾ, അങ്ങാടിപ്പാട്ടുകളിലെ അക്ഷരത്തെറ്റുകൾ, പതിരായ പഴംചൊല്ലുകൾ, വെളിവാകുന്ന ഗൂഡാലോചനകൾ, കെട്ടുകാഴ്ചകൾക്കു പിന്നിലെ അന്തർനാടകങ്ങൾ, ചമയങ്ങൾ അഴിഞ്ഞു വീണ പാതിവ്രത്യങ്ങൾ, നല്ല പിള്ളമാരുടെ കള്ളത്തരങ്ങൾ, ആദർശ രൂപങ്ങളുടെ തനി സ്വരൂപങ്ങൾ, സമുദായ സ്നേഹത്തിന്റെ ഉള്ളുകള്ളികൾ, അഴിമതിയുടെ അനന്തമായ ശാഖകൾ, വാദി പ്രതിയാകുന്നപീഡനരഹസ്യങ്ങൾ…… കാഴ്ചകൾ അനവധിയായിരുന്നു. ഞെട്ടിക്കുന്നത് എന്ന് വിശേഷിപ്പിക്കാനാവില്ലാ എനിക്കാ കാഴ്ചകളെയൊന്നും. അതുകൊണ്ടു തന്നെ പ്രേക്ഷകനെ നടുക്കുന്ന അനുഭവങ്ങളാക്കി അവ അരങ്ങിലെത്തിക്കാനാവില്ല എന്നെനിക്കു തോന്നി.  ഞാൻ കണ്ടതും അതിലപ്പുറവും ഇവിടെ നടക്കുമെന്ന് നമുക്കോരോരുത്തർക്കുമറിയാം. അതിനാൽ അതിലൊന്നും ഒരു പുതുമയുമില്ല. പുതുമയില്ലെങ്കിൽ ആർക്കുവേണം നാടകം, സിനിമ, കല?
            എന്റെ ചിന്താഗതികളോടു യോജിക്കുവാൻ നോക്കുകുത്തി തയ്യാറായില്ല. ഞങ്ങൾ ഒന്നിച്ചും വേർതിരിഞ്ഞുമൊക്കെ നിന്നു കണ്ട കാഴ്ചകളിൽ  ഒരു കലാസൃഷ്ടിയ്ക്കു വേണ്ട കഥയില്ലെന്നത് ആ രൂപത്തെ ചൊടിപ്പിച്ചു. ഞങ്ങൾ കണ്ട ആ വിഷയങ്ങളൊക്കെ ഞാനും മറ്റു പലരും പലപ്പോഴായി പല കലാരൂപങ്ങളിലൂടെയും അവതരിപ്പിച്ചിട്ടുണ്ടെന്നും അവയൊക്കെ പുനരവതരിപ്പിയ്ക്കുന്നത് ആസ്വാദർക്കു രുചിക്കില്ലായെന്നുമൊക്കെ മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാത്ത ആ കോലത്തെ ബോധ്യപ്പെടുത്താൻ എനിക്കായില്ല.
പുതിയ പുതിയ പ്രമേയങ്ങൾ തേടുന്ന നിങ്ങൾ കലാകാരന്മാരും നിങ്ങളുടെ അനുവാചകരും നിങ്ങൾക്കു നേരെ ചോദ്യങ്ങളെറിഞ്ഞ പഴയ  പ്രമേയങ്ങൾക്കു തൃപ്തികരമായ മറുപടി കൊടുത്തിട്ടുണ്ടോ? രോഗം ഒരു കുറ്റമാണോ എന്ന് അശ്വമേഥത്തിൽ സരോജം ചോദിച്ചതിനു നിങ്ങൾ സത്യസന്ധമായി മറുപടി കൊടുത്തോ? ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ എന്നു കവി ചോദിച്ചതിനോട് ഏതെങ്കിലും പിന്മുറക്കാർ ആത്മാർത്ഥമായി പ്രതികരിച്ചോ? ഈ ചോദ്യങ്ങളൊക്കെ ഈ നോക്കുകുത്തി തന്നെയാണോ, അതോ ഞാൻ എന്നോടൂ   തന്നെ ചോദിക്കുകയാണോ എന്ന് എനിക്കു വേർതിരിച്ചറിയാൻ കഴിയുന്നില്ല.
            നോക്കുകുത്തിയായി നിന്ന് കണ്ട കാഴ്ചകളിൽ ഒരു കലാസൃഷ്ടിയ്ക്കു വേണ്ട വകകളൊന്നും ഉണ്ടായിരുന്നില്ല എന്നു ഞാൻ പറഞ്ഞത് പൂർണ്ണമായും സത്യമല്ല എന്നു  തുറന്നു സമ്മതിയ്ക്കുന്നു. പക്ഷേ അവയൊക്കെ ഒരു കലാകാരന്റെ സ്വാതന്ത്ര്യമുപയോഗിച്ച് തുറന്നു പറഞ്ഞാൽ………… വ്രണപ്പെടാൻ തക്ക മൃദുലമായ ത്വക്കുമായി ഒരു പാടു കൂട്ടായ്മകൾ ചുറ്റിലും. മതം. സമുദായം, രാഷ്ട്രീയം…….. ആൾദൈവങ്ങൾ……. ആ വഴിക്കൊക്കെ തൂലിക ചലിപ്പിച്ച് രക്തസാക്ഷിയാവാൻ എനിക്കു താല്പര്യമില്ല. അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞവരായ ചരിത്രത്തിലെ രക്തസാക്ഷികളെക്കുറിച്ച് ഞാൻ നാടകമെഴുതിയിട്ടുണ്ട്. അവരുടെ വഴി തിരഞ്ഞെടുക്കുന്നത് ഈ പ്രായോഗിക സിദ്ധാന്തങ്ങളുടെ കാലത്ത് ഒട്ടും ഭൂഷണമല്ല.
            നോക്കുകുത്തി എന്നെ വിടാനുള്ള ഭാവമില്ല. എന്നിലെ കലാകാരന് ഈ കാഴ്ച്ചകളോടു പ്രതികരിയ്ക്കാൻ വയ്യെങ്കിൽ എന്നിലെ പൌരന് പ്രതികരിക്കാനാവില്ലേ എന്നാണു അടുത്ത ചോദ്യം.
            എന്തു പ്രതികരണം? ചുറ്റുപാടും അഴിഞ്ഞാടുന്ന അനീതിയോടും അസമത്വത്തോടും അക്രമത്തോടും അഴിമതിയോടും ഒരു കലാകാരന്റെ പ്രതിഷേധം അവന്റെ കലാസൃഷ്ടിയോടു കൂടി തീരുന്ന കാലമാണിത്. ആ പ്രതിഷേധം തന്നെ മയമുള്ളതും ലക്ഷ്യം തെറ്റിയതുമാക്കാൻ കലാകാരന്മാർ തന്നെ ബോധപൂർവ്വ ശ്രമങ്ങൾ നടത്തുന്നു. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം, അവാർഡ്, സ്ഥാനമാനങ്ങൾ..  പിന്നെ സാധാരണ ജനങ്ങൾ. വഴിതെളിക്കാനെന്ന വ്യാജേന വഴിതെറ്റിക്കുന്നവരുടെ വാചാടോപങ്ങൾ കേട്ട് സത്യമേത് മിഥ്യയേത് എന്ന ആശയക്കുഴപ്പത്തിന്റെ അവസാനം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലാ എന്നു സമാധാനിച്ച് ബിവറേജസ് കോർപറേഷന്റെ ക്യൂവും, തമ്മിൽ തല്ലി മത്സരിക്കുന്ന ചാനലുകളും, സോഷ്യൽ മീഡിയയുടെ ഒളിപ്പോരിടങ്ങളും തങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാക്കി ആനന്ദം കൊള്ളൂന്നു.  മജ്ജയും മാംസവും രക്തവുമില്ലാത്ത ഈ നോക്കുകുത്തിയ്ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവുകയില്ല. വേണ്ട. മതിയാക്കാം ഈ വേഷം കെട്ടൽ.
            നോക്കുകുത്തിയുടെ വേഷം അഴിച്ചു വച്ച് നിരാശനായി മടങ്ങാൻ തുടങ്ങിയ എന്നോട് ആ വേഷം വീണ്ടും ധരിക്കാൻ  നോക്കുകുത്തി ആജ്ഞാപിക്കുകയായിരുന്നു. ആ ആജ്ഞയ്ക്ക് എന്റെ അഹംബോധത്തെ അനുസരിപ്പിയ്ക്കാനുള്ള ശക്തിയുണ്ടായിരുന്നു. നോക്കുകുത്തി എനിയ്ക്കു നേരെ നേട്ടിയ ആകിരീടംവീണ്ടും തലയിലേറ്റി ഞാൻ സ്തബ്ധനായി നിൽക്കുമ്പോൾ ഒരു കൊടുങ്കാറ്റു പോലെ എന്നിൽനിന്നകന്നുപോയ ആ സത്വം അവസാനമായിപ്പറഞ്ഞതിന്റെ പൊരുൾ ഇപ്രകാരമായിരുന്നു:‍-
            എല്ലാം കണ്ടും കേട്ടും നിസ്സഹായനായി പ്രതികരണമേതുമില്ലാതെ നിൽക്കുന്നതാണ് നോക്കുകുത്തിയെങ്കിൽ ഇവിടം  നോക്കുകുത്തികളുടെ ലോകമാണ്. ആ വേഷം കെട്ടാൻ നിങ്ങൾ മനുഷ്യർ തന്നെ യോഗ്യർ. പക്ഷേ കരുതിയിരുന്നോളൂ ഈ വേഷത്തിൽ സുരക്ഷിതരാകാമെന്നത് വ്യാമോഹം മാത്രമാണ്.
            വഴിയിൽ ഒരാരവം. ഒരു പന്തം കൊളുത്തി പ്രകടനം വരുന്നു. മതവികാരത്തിന്റെ വ്രണത്തിൽ കാന്താ‍രി മുളകു പുരട്ടിയ  ഒരു നേതാവിനെതിരെയുള്ള പ്രതിഷേധമാണ്. പ്രതിഷേധത്തിന്റെ പരമകോടിയിൽ കത്തിച്ചു ചാമ്പലാക്കാൻ അവർ ഒരു കോലത്തെ തേടുകയായിരുന്നു.
            ഇതൊക്കെ സ്വപ്നമാണോ, യാഥാർത്ഥ്യമാണോ, വാറ്റുകാരൻ കുമാരനോട് കടം വാങ്ങിയ മായകാഴ്ചകളാണോ എന്നൊന്നും ഇപ്പോഴും എനിക്കു തീർച്ചയില്ല. ഒന്നുതീർച്ചയാണ് കത്തിച്ചു പിടിച്ച പന്തങ്ങളുമായി പ്രതിഷേധ പ്രകടനക്കാർ ഓടി വരുന്നതെന്റെ നേർക്കുതന്നെയാണ്......!
                                                 ***********************
(1997-ൽ  എഴുതി രംഗത്തവതരിപ്പിച്ച ഇതേ പേരിലുള്ള നാടകത്തിന്റെ ആശയത്തിനു ചില ഭേദഗതികൾ വരുത്തിയതാണിത്.)

1 comment: