Thursday, January 2, 2014

മരണാനന്തരം, ഒരു അഗ്നിപരീക്ഷ

            കല്യാണിയമ്മ ഒരു കലാകാരിയാണ്. കല എന്നു കേൾക്കുമ്പോൾ കലാഹൃദയമുള്ള കലാപകാരികളുടെ  ചിന്താമണ്ഡലത്തിലരങ്ങേറുന്ന  ലേസർ ഷോയിൽ കലാകാരിയുടെ കലാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രശ്മികളൊന്നും കണ്ടെന്നു വരില്ല. എന്തെന്നാൽ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലയിലാണ് ഈയമ്മയുടെ വൈഭവം.
            എതാണീ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന കല? കുശുമ്പിനും കുന്നായ്മയ്ക്കും പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ സമ്മാനിച്ച, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായ, റിയാലിറ്റിഷോ എന്ന നവീന കലാരൂപം, കൃത്രിമ ശ്വാസം നൽകി പുനരുജ്ജീവിപ്പിക്കുവാൻ തക്കവണ്ണം വായുവലിച്ചു കിടക്കുന്ന പ്രാചീന കലകൾ വല്ലതുമുണ്ടോ എന്നു പരതി നടക്കുമ്പോഴും നമ്മുടെ നായിക പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഈ കലാശാഖയെക്കുറിച്ചു അന്വേഷിച്ചു കാണുകയില്ല. മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന കലയുടെ നാമമാകുന്നു, തോറ്റംപറച്ചിൽ. പേരുകേൾക്കുമ്പോൾ ഉത്തരകേരളത്തിലെ ഏതോ തനതു കലയാണെന്നു തെറ്റിദ്ധരിക്കാൻ സാധ്യത ഇമ്മിണിയുണ്ട്. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടി ഭദ്രകാളി ക്ഷേത്രങ്ങളിൽ അവതരിപ്പിയ്ക്കുന്ന തോറ്റമ്പാട്ടുമായി കലാരൂപത്തിനുള്ള ബന്ധം നമ്മുടെയൊക്കെ മാതൃകാപുരുഷന്മാരുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള പൊരുത്തം പോലെയേ ഉള്ളൂ എന്നു കരുതുക.
            മരണവീടുകളിലാണ് കലാപ്രകടനം അരങ്ങേറുന്നത് എന്നു പറഞ്ഞു വരുമ്പോൾത്തന്നെ തോറ്റമ്പാട്ടും തോറ്റംപറച്ചിലും തമ്മിലുള്ള വ്യത്യാസം പതിരുപേറ്റിക്കളഞ്ഞ ജനിതകവിള പോലെ വായനക്കാരുടെ മനസ്സിൽ മണിമണിയായിത്തെളിഞ്ഞു വരും.(തോറ്റം പറച്ചിലിന് പതം പറച്ചിൽ, തോറ്റക്കം പറച്ചിൽ എന്നിങ്ങനെ പ്രാദേശിക ഭേദങ്ങളുണ്ട്.) അതെ. അതുതന്നെ. നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആയി സ്ത്രീജനങ്ങൾ കൈവശാവകാശത്തിൽ വച്ചിരിക്കുന്നതും ഇന്ന് വംശനാശമെന്ന അഗാധ ഗർത്തത്തിന്റെ വക്കിൽ , ഒരു കിളിയുടെ വളിയേറ്റാൽ പോലും മറിഞ്ഞു വീഴുമെന്നകണക്കിരിക്കുന്നതായ രണ്ടു കലാരൂപങ്ങളാണല്ലോ കുരവയും മരണവീടുകളില
രങ്ങേറുന്ന
തോറ്റം പറച്ചിലെന്ന കരച്ചിൽ പ്രകടനവും. (കുരവ എന്ന കല ഇന്ന് ആൺപ്രജകൾ ലോവേസ്റ്റു പാന്റുമിട്ട്ഫ്രീക്കായി അവതരിപ്പിക്കാറുണ്ടെന്നതു സമ്മതിക്കാമെങ്കിലും യഥാർത്ഥ കുരവ, അത് അവശേഷിക്കുന്ന പഴയ തൊണ്ടകളിൽ നിന്ന് ഈവിചിത്രൻമാരൊക്കെ കേൾക്കേണ്ടതു തന്നെയാണ്!.)
            പണ്ടൊക്കെ ഒരു മരണം നടന്നിട്ടുണ്ടെന്നറിയിക്കാനുള്ള പ്രഥമമായ പ്രചരണോപാധിയായിരുന്നു, മരണവീട്ടിലുയരുന്ന നിലവിളി. ചുമ്മാ അലമുറയിട്ടും മുക്കിയും മൂളിയും മൂക്കുപിഴിഞ്ഞും ശ്രോതാക്കളെയും പ്രേക്ഷകരെയും മരിച്ചു കിടക്കുന്നയാളെത്തന്നെയും ബോറടിപ്പിക്കേണ്ടെന്നു കരുതിയാവാം കരച്ചിലിന് ഏതോ കലാകാരി ഒരു കലയുടെ ടച്ച് നൽകിയത്.(കലാകാരിതന്നെയാകണം, കലാകാരന്മാർക്ക് കരച്ചിൽ പറഞ്ഞിട്ടില്ലല്ലോ. ബോധം കെട്ടു വീഴാം. വീണില്ലെങ്കിൽ ബോധം പോകാനുള്ള പാനീയമടിച്ചു സങ്കടം പ്രകടിപ്പിക്കാം.) മനോധർമ്മ മുള്ള കലാകാരികൾ പ്രാകൃതരീതികളെ വിട്ട്, ഇതിനൊരു അലിഖിത സാഹിത്യ രൂപം ചമച്ചു. അതൊരു വേറിട്ട അവതരണ രീതിയും. ഒരു പുതുമയുമായി. ഇങ്ങനെ കലാപരമായി കരയുന്ന ഒരു സംഘം കൊച്ചിയിൽ അഞ്ഞൂറ്റിക്കാർ എന്ന പേരിലുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. മരണ വീടുകളുടെ പ്രതാപത്തിനുസരിച്ച് കരഞ്ഞു കൊഴുപ്പിക്കുവാൻ ഇവരെ കൂലിക്കുവിളിക്കുമായിരുന്നുവത്രേ. ഇന്ന്, മരണ വീടുകളിൽ ബഹളമൊന്നുമില്ല. ജീവിച്ചിരുന്നപ്പോൾ നല്ലൊരു ഫാൻ പോലുമിട്ടുകൊടുക്കാതിരുന്ന പരേതനെ മരണാനന്തരം വിദേശത്തു നിന്നെത്തിച്ചേരാനുള്ള മകനെയും മകളെയും കാത്തിരിക്കുന്നതിനിടയിൽ ചീഞ്ഞുപോകാതിരിക്കാനായി മീൻ ഐസിലിട്ടു വച്ചിരിക്കുന്നതു പോലെ ശീതീകരിച്ച  ചില്ലുപെട്ടിയിലാക്കിവച്ച്  “ഇനിയീ പണ്ടാരത്തെ എപ്പോഴാ കുഴീലെടുക്കുന്നതെന്നു പിറുപിറുത്തു ഓരോരോ മൂലകളിൽ താടിയ്ക്കു കയ്യും കൊടുത്തിരിക്കുന്നതാണ് പുതിയ രീതി.
            ബ്യൂട്ടിപാർലറുകളുടെ തലപൊക്കലും മരണാനന്തരമുള്ള കരച്ചിലുകളുടെ രീതിയിലുണ്ടായ മാറ്റവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അവിഹിതബന്ധമുണ്ടോ എന്ന വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ  ഒരു ചർച്ച സംഘടിപ്പിക്കുകയും വിഷയത്തിൽ ഗവേഷണം നടത്തുകയും ചെയ്താൽ ബന്ധമില്ലാതില്ല എന്ന നയതന്ത്രപരമായകൺക്ലൂഷൻകിട്ടാതിരിക്കുകയില്ല. മരണവീടുകളിൽപ്രത്യക്ഷപ്പെടേണ്ടതിനുള്ള പ്രത്യേക മേക്കപ്പും കോസ്റ്റ്യൂമും  നെഗോഷിയേഷൻ ഓഫ് ഇൻസ്ട്രുമെന്റ് ആക്റ്റിനു കീഴിൽ വരുന്നതാണോയെന്നു സംശയിക്കുന്ന സ്ഥാപനങ്ങളിൽ ലഭ്യമാകുമെന്നാണ് അസൂയാലുക്കൾ പറഞ്ഞു നടക്കുന്നത്. കരയുമ്പോൾ കണ്ണുനീരു വരാതിരിക്കാനുള്ള പരിശീലനവും, ഇനിയെങ്ങാനും കുന്ത്രാണ്ടം വന്നുപോയാൽ ഉത്ഭവസ്ഥാനത്തു വച്ചു തന്നെ അതൊപ്പിയെടുക്കാനുള്ള സാങ്കേതികവിദ്യയും ഇവിടങ്ങളിൽ ലഭ്യമാണെന്നും അവന്മാർ പറയുന്നു.
            നമുക്ക് കല്യാണിയമ്മയുടെ കലയിലേയ്ക്കു തിരിച്ചു വരാം. നേരത്തേ പറഞ്ഞ അഞ്ഞൂറിന്റെ കൂട്ടത്തിലൊന്നും പെട്ടതല്ല, നമ്മുടെ നായിക. തനി നാട്ടിൻപുറത്തുകാരിയായ, ബ്യൂട്ടിപാർലറെന്നും ഐസ്ക്രീം പാർലറെന്നും വിഡ്ഡിപ്പെട്ടിയിലൂടെ ബുദ്ധിപൂർവ്വം അവതരിപ്പിക്കപ്പെടുന്ന സീരിയലുകളിലൂടെയും  ഇരുപത്തിനാലുമണിക്കൂറും വിശേഷങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന വാർത്താ ചാനലുകളിലൂടെയും ഒക്കെ കേട്ടറിഞ്ഞിട്ടുണ്ടെന്നതല്ലാതെ അവ നഗര ജീവിതത്തിലും നഗരത്തെ പ്രേമിക്കുന്ന ഗ്രാമീണ ജീവിതത്തിലും ഉണ്ടാക്കിയെടുത്തിട്ടുള്ള പരിവർത്തനങ്ങളെക്കുറിച്ച് കാര്യമായ ഗ്രാഹ്യമൊന്നുമില്ലാത്ത അവർക്ക്, തനിക്ക് പാരമ്പര്യമായി ലഭിച്ച കലാശേഷി മരണ വീടുകളിൽ പ്രകടിപ്പിക്കുന്നതിന് യാതൊരു സഭാകമ്പവുമില്ല. അയൽ വീട്ടിലോ ബന്ധുവീട്ടിലോ ഒരു സ്വാഭാവികമരണം നടന്നാൽ (അസ്വാഭാവികമരണമാണെങ്കിൽ പറയുകയും വേണ്ട) കല്യാണിയമ്മ എത്തുന്നതോടു കൂടി രംഗത്തിന്റെ കൊഴുപ്പു കൂടുകയായി.. ഭ്രമണപഥം ഉയർത്തപ്പെട്ട മംഗൾയാനെപ്പോലെ ഒരു കുതിപ്പാണ് , മൃതദേഹത്തിനരികിലേയ്ക്ക്. പിന്നെ, മാന്യ മൃതദേഹത്തെഅടുപ്പത്തുവയ്ക്കുന്നതു വരെ ഇടയ്ക്കിടയ്ക്കു കിട്ടുന്ന കട്ടൻ ചായയിൽ നിന്നോ ചൂടുവെള്ളത്തിൽ നിന്നോ മാത്രം ഊർജ്ജമുൾക്കൊണ്ടുള്ള വിലാപ കലാപരിപാടി കഥകളിയെപ്പോലും അവതരണ ദൈർഘ്യത്തിന്റെ കാര്യത്തിൽ പിന്നിലാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെടും.
            മരണവീട്ടിൽ കല്യാണിയമ്മയുണ്ടെങ്കിൽ അതുവഴി യാദൃശ്ചികമായി കടന്നുപോകുന്ന ഒരപരിചിതന്ആരാ മരിച്ചേ..” എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങളിലൊന്നു പോലും ആരോടും ചോദിയ്ക്കേണ്ടി വരികയില്ല. മരിച്ചു കിടക്കുന്നയാളുടെ ജീവിതം കല്യാണിയമ്മയുടെ വിലാപ സാഹിത്യത്തിലൂടെ അവിടെ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. മരണമറിഞ്ഞു വന്നെത്തുന്നവർ ബന്ധുക്കളോടു ചോദിക്കാനായി കരുതി വച്ചിരിക്കുന്ന ചില ക്സീഷേ ചോദ്യങ്ങൾക്കു പോലും അവിടെ പ്രസക്തി നഷ്ടപ്പെടുകയും അതുവഴി മരണവീട്ടിലെമൂകതയെന്ന ആഴമുള്ള നിശബ്ദത അവിടെ ഉടലെടുക്കുകയും ചെയ്യും. നിശബ്ദതയ്ക്കുമേൽ കല്യാണിയമ്മയുടെ തോറ്റം പറച്ചിൽ മുഴങ്ങുമ്പോൾ നിശബ്ദത വീണ്ടും കനക്കുകയാണെന്നേ തോന്നൂ.
            ‘തോറ്റംഎന്നാൽതോന്നൽ,വിചാരംഎന്നൊക്കെയാണത്രെയർത്ഥം.. അങ്ങനെയെങ്കിൽ തോറ്റം പറച്ചിലെന്നാൽ തോന്നിയതു പറയുക“. അർത്ഥം ശരിയല്ലെന്ന് കല്യാണിയമ്മയുടെ കരച്ചിലിനൊപ്പം പ്രക്ഷേപണം ചെയ്യപ്പെടുന്നതോറ്റം പറച്ചിൽകേൾക്കുന്ന ആരും പറയില്ല. തോന്നിയതു പറയുകയെന്നു പറഞ്ഞാൽ, ഒരു തരത്തിലുള്ള സെൻസറിംഗുമില്ലാതങ്ങു പറഞ്ഞു കളയും. ആദ്യം, മരിച്ചയാളും കല്യാണിയമ്മയും തമ്മിലുള്ള ബന്ധത്തിന്റെ വിവരണമാണ്. അതു പരമാവധി വിവരിച്ച് ആളുകൾ ബോറടിക്കുന്നുവെന്നു തോന്നുമ്പോൾ സന്ദർശകരും മൃതദേഹമാക്കപ്പെട്ടയാളും തമ്മിലുള്ള ജീവിതസന്ദർഭങ്ങൾ നല്ല തെളിമയോടെ ഓർത്തെടുത്ത് അവതരിപ്പിക്കപ്പെടുകയായി. ചില സാമ്പിളുകൾ-
(ഓർക്കുക, മരിച്ചത് ആണാണെങ്കിൽ കല്യാണിയമ്മയ്ക്കു ആങ്ങളയാണ്. പെണ്ണാണെങ്കിൽ നാത്തൂനാണ്)
            “ ആങ്ങളേ ദേ ആരാ വന്നിരിക്കുന്നതെന്ന് ഒന്നു കണ്ണു തുറന്നു നോക്കിയേ ആങ്ങളയോടു പറമ്പീന്നു രണ്ടു ചക്കയിട്ടോട്ടേന്നു ചോദിച്ചപ്പം വേണ്ടാന്നു പറഞ്ഞതു കൊണ്ട് അപ്പുറത്തെ പറമ്പീന്നു ചക്കയിട്ടതിനു പോലീസു പിടിച്ചപ്പം നാടു വിട്ടു പോയ നമ്മടെ സുധി. പഴയതൊക്കെ മറന്നാന്ന് അവനോടൊന്നു ചോദിക്കെന്റാങ്ങളേ..”
            “ആങ്ങളേ  ദേ ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിക്കേ പീസ് കെട്ടിയതിന്(ഫ്യൂസ്) അമ്പതുരൂപ കൈക്കൂലി കൊടുത്തപ്പ അതു പോരെന്നു പറഞ്ഞ ലൈന്മാൻ വർഗ്ഗീസാണ്. വർഗ്ഗീസിനു ബാക്കി കൊടുക്കാനെങ്കിലും ഒന്നെഴുന്നേൽക്കാങ്ങളേ.”
            “അസുഖമായിക്കിടക്കുകയാനെന്നറിഞ്ഞിട്ടും ഇതുവരെയൊന്നു തിരിഞ്ഞു നോക്കിയില്ലെങ്കിലും ആങ്ങളെ ദേ മരിച്ചപ്പോ ഓടിയെത്തിയല്ലോ നാത്തൂന്റെ ആങ്ങള-ആങ്ങളേടെ കുഞ്ഞളിയൻ
            കുഞ്ചൻ നമ്പ്യാർ ഓട്ടംതുള്ളലവതരിപ്പിക്കുമ്പോൾ സദസ്സിനു മുന്നിലിരുന്നു പോയയാളുടെ അവസ്ഥയിലാകും ആദരാഞ്ജലികളർപ്പിക്കാനെത്തിയവർ എന്നു തെളിയിക്കാൻ മേൽപ്പറഞ്ഞ സാമ്പിളുകൾ തന്നെ അധികമായതുകൊണ്ട്  കൂടുതൽ നിരത്തുന്നില്ല.
            കല്യാണിയമ്മയുടെ കലയെ ഒരു അഗ്നിപരീക്ഷയാക്കിയെടുക്കാമെന്ന കണ്ടുപിടുത്തം നടത്തിയത് ഒരു യുവ അഭിഭാഷകന്റെ ഭാര്യയാണ്. കഥയിങ്ങനെ:-
            ചില്ലറയായിട്ടല്ല മൊത്തത്തിൽത്തന്നെ രാഷ്ട്രീയമുള്ള അഭിഭാഷകൻ. അടുത്ത തെരഞ്ഞെടുപ്പിൽ പറ്റുമെങ്കിൽ ഒരു കൈ നോക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം വീട്ടിൽ നിന്നും അധികം ദൂരെയൊന്നുമല്ല്ലാത്ത ഒരിടത്ത്  ഒരു പ്രായമായ സ്ത്രീയുടെ മരണം. പുതുമണം മാറാത്ത നവവധുവുമായി കക്ഷി മരിച്ച വീട്ടിലെത്തി. ഭാര്യയെ മരിച്ച വീട്ടിനകത്തേക്കു  വിട്ടിട്ട് കക്ഷി വോട്ടുറപ്പിക്കാനാണെന്നു തെറ്റിദ്ധരിപ്പിക്കാതെ ആളുകളുമായി കുശല പ്രശ്നം നടത്തുകയാണ്. മൃതദേഹം കിടത്തിയിരിക്കുന്ന ഹാളിന്റെ വാതിൽകടന്ന് അകത്തു കയറുന്ന പെണ്ണിനെ, ഡബ്ല്യൂ..ഡബ്ല്യൂ.എഫ് താരങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ നെഞ്ചത്തടിച്ചുകൊണ്ടിരിക്കുന്നതിനിടെ കല്യാണിയമ്മ ഒന്നു പാളി നോക്കി. പരിചയമില്ല. അതുകൊണ്ട് സന്ദർഭോചിതമായി കൂട്ടിച്ചേർക്കലുകളൊന്നും നടത്താതെ കലാപ്രകടനം തുടർന്നു.
 ഒരു മൂലയിൽ ഒതുങ്ങി നിന്ന് കല്യാണിയമ്മയുടെ കലാപ്രകടനം ആസ്വദിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് തന്റെ പൂതുമണവാളനിതുവരെ ഡെഡ്ബോഡിയുടെ അടുത്തേയ്ക്കു വന്നില്ലല്ലോ എന്ന് ശ്രീമതി അഡ്വക്കേറ്റ് ഓർത്തത്.പെട്ടെന്ന്  തന്റെ ഇരട്ട സഹോദരി കൂടിയായ പെരട്ട സംശയം ഫണം വിടർത്തിയാടാൻ തുടങ്ങി. കല്യാണിയമ്മയുടെ പ്രകടനത്തിന്റെ രീതിയും തന്റെ കണവന്റെ ഒഴിഞ്ഞു നിൽക്കലും ചേർത്തു വച്ചു വായിക്കാൻ ശ്രമിച്ചപ്പോൾ ആട്ടമൊരു കാളിയ മർദ്ദനമായി.
            “ദേ.. ബോഡി ഇപ്പോ കുളിപ്പിക്കാനെടുക്കും. കാണണമെങ്കിൽ വന്നു കാണ്.. എന്നിട്ടു നമുക്കു പോകണ്ടേവാമഭാഗം വക്കീലിന്റെ ഭാഗത്തെത്തി തന്ത്രത്തിൽ  മൊഴിഞ്ഞു.
            “കുളിപ്പിക്കട്ടെ. ഞാൻ കുളിപ്പിക്കുമ്പോ കണ്ടോളാം.” കല്യാണിക്കുട്ടിയമ്മയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ വക്കീലിന് അതേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ.. കുളിപ്പിക്കുന്നിടത്താകുമ്പോൾ അവരുണ്ടാകാറില്ല അതുകൊണ്ടു പേടിക്കേണ്ട എന്നേ ശ്രീമാൻ ഉദ്ദേശിച്ചുള്ളൂ. കല്യാണിയമ്മയെ പേടിച്ച് മരിച്ചത് ആണാണോ പെണ്ണാണോ എന്നു പോലും ഇഷ്ടൻ മറന്നു പോയി.
            പേടി മിസ്സിസ് വക്കീൽ തിരിച്ചറിഞ്ഞു. കനത്തതെന്തോ ഇയാൾക്കു മറച്ചു വയ്ക്കാനുണ്ട്. ഒരുപക്ഷേ കല്യാണിയമ്മയ്ക്കു മാത്രമറിയാവുന്ന ഒരു രഹസ്യം. അല്ലെങ്കിൽ നാട്ടുകാർക്കെല്ലാവർക്കും അറിയാവുന്നതും തനിക്കുമാത്രമറിയാത്തതുമായ ഒരു രഹസ്യം. അത് കല്യാണിയമ്മയുടെ കലയിലൂടെ പ്രകാശിപ്പിക്കപ്പെടുമെന്ന ഭയം തന്നെയാണിത്. ഇപ്പോൾ തന്നെ രണ്ടിലൊന്നറിയണം. കാളിയൻ ദുർഗ്ഗാഷ്ടമി പ്രതീക്ഷിച്ചിരുന്ന നാഗവല്ലിയായി പരിണമിച്ചു...”വിടമാട്ടെഎന്നു പറയാതെ വക്കീലിന്റെ കയ്യിൽ പിടിച്ചു വലിച്ച് ഡെഡ്ബോഡിയെ ലക്ഷ്യമാക്കി നീങ്ങി. മടി പിടിച്ച കുട്ടിയെ അങ്കണവാടിയിലേയ്ക്ക് ബലമായി വലിച്ചു കൊണ്ടുപോകുന്ന അമ്മയുടെ കയ്യിലെ  കുട്ടിയെപ്പോലെയായി വക്കീൽ .
മൃതദേഹത്തിനടുത്തേയ്ക്കുള്ള ആ ചെറിയ ദൂരം താണ്ടുന്ന നേരമത്രയും ആ നവ മിഥുനങ്ങളുടെ ഹൃദയങ്ങൾ പരമാവധി വേഗത്തിലും  ശബ്ദത്തിലും മിടിച്ചു കൊണ്ടിരുന്നു..
പുതിയ സന്ദർശകരെയൊന്നും കാണാതെ താഴ്ന്ന ശ്രുതിയിൽ പ്രക്ഷേപണം നടത്തിക്കൊണ്ടിരുന്ന നമ്മുടെ കലാകാരി വാതിൽക്കലേയ്ക്കു നോക്കി. പിന്നെ:-
നാത്തൂനേ ഇതാരാ വന്നിരിക്കുന്നതെന്നൊന്നു നോക്കിക്കേ.. പണ്ടു സ്കൂളിപ്പോണ വഴിയ്ക്കു നിക്കറേട്ടു തൂറിയിട്ട് കരഞ്ഞു നിക്കണതു കണ്ട് നാത്തൂൻ വിളിച്ചു കഴുകിക്കൊടുത്തതല്ലേ ഇവനിപ്പ വലിയ വക്കീലാ ഇവൻ എലക്ഷനു നിക്കണതും മന്ത്രിയാകണതുമൊന്നും കാണാൻ നാത്തൂനുണ്ടാവൂല്ലല്ലോ……ഒന്നു നോക്കു നാത്തൂനേ

നാഗവല്ലി നാണിച്ചു ചിരിച്ചു. വക്കീലിനു പക്ഷേ മന്ത്രിയും എം.എൽ.എയുമൊന്നുമാകേണ്ട ഡെഡ്ബോഡിയുടെ സ്ഥാനത്ത് വെള്ള വിരിച്ചു കിടന്നാൽ മതിയെന്നു തോന്നി..                                                                  *************************

1 comment: