Friday, August 15, 2014

ആങ്ങള തെയ്യം - നാടകം മരിച്ചിട്ടില്ല

                        തങ്ങളുടെ ഭാഗഥേയം നിർണ്ണയിക്കേണ്ടത്  , തങ്ങളെ ചൂഷണം ചെയ്യുന്ന ചൂഷകവർഗ്ഗമോ, മതങ്ങളോ അവ അവതരിപ്പിക്കുന്ന ദൈവങ്ങളോ അല്ലെന്നും നിർണ്ണയാവകാശം തങ്ങളിൽ തന്നെ നിക്ഷിപ്തമാണെന്നും ഇന്നിന്റെ അനീതികൾക്കെതിരെ പടയൊരുക്കം നടത്തേണ്ടത്പതിതരുടെ പിന്മുറക്കാരല്ലെന്നും അത് അനുഭവിയ്ക്കുന്ന തലമുറയുടെ തന്നെ ഉത്തരവാദിത്തമാണെന്നും അടിസ്ഥാന വർഗ്ഗത്തെ ബോധ്യപ്പെടുത്താൻ നാടകം എന്ന കലാരൂപം ഭൂതകാലത്തു വഹിച്ച പങ്കിനെക്കുറിച്ച് ആർക്കും തർക്കമുണ്ടാകാനിടയില്ല.
            ജനസമൂഹങ്ങളെ അസ്വസ്ഥരാക്കി ഇളക്കിമറിച്ച, ശക്തമായ സന്ദേശങ്ങൾ നൽകിയ നാടകങ്ങളെക്കൊണ്ട് സമ്പന്നമാണ് മലയാള നാടക പ്രസ്ഥാനത്തിന്റെ പോയകാലംപഴയ ചൂഷകർ പുതിയ നൂറ്റാണ്ടിൽ വേഷ പ്രച്ഛന്നരായി നടക്കുന്നതു കൊണ്ടാവാം പഴയ വ്യവസ്ഥിതിയൊന്നും നിലവിലില്ലെന്ന് അഹങ്കരിച്ച് നാം ആലസ്യത്തിലാണ്ടു കിടക്കുകയാണ്. അങ്ങനെ ആലസ്യപ്പെട്ടു കിടയ്ക്കുന്ന ഒരു ജനതയ്ക്ക് അടുക്കളപ്പോരിന്റെ നവമാനങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്ന കേബിൾ പരമ്പരകളും, റിയാലിറ്റിയുടെ റിയാലിറ്റി നഷ്ടപ്പെടുത്തിയ ഷോകളും, മൂടി വയ്ക്കുന്നതിലല്ല; തുറന്നു പറയുന്നതിലും തുറന്നു കാണിക്കുന്നതിലുമാണ് സൗന്ദര്യം എന്നു വിശ്വസിപ്പിക്കുന്ന ന്യൂജനറേഷൻ സിനിമകളും തന്നെ ഒരാർഭാടമാകുമ്പോൾ നാടകം പോലുള്ള ഒരു കലയ്ക്ക് ഊർദ്ധശ്വാസം വലിയ്ക്കുന്ന നിലയിലേയ്ക്ക് വരാതിരിക്കാനാവില്ല. ചടുലമായ ചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥ പറഞ്ഞു പോകുന്ന കല, ദൃശ്യ വിസ്മയങ്ങൾക്ക് പ്രാധാന്യമുള്ള സിനിമയെ അനുകരിക്കാൻ നോക്കിയതും ഇന്നത്തെ ഒരവസ്ഥയ്ക്ക് കാരണമാകാം. ഈ അവസ്ഥകണ്ട് ഏതോ ഒരു നാടക പ്രേമി വിലപിച്ചു- നാടകം മരിച്ചു!
            എന്നാൽ നാടകം മരിച്ചിട്ടില്ലെന്ന് സധൈര്യം പ്രഖ്യാപിക്കുകയും അതു പ്രേക്ഷകനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന നാടകങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്ന് നാടക പ്രേമികളെ ഓർമ്മിപ്പിക്കുകയാണ് വള്ളുവനാട് ബ്രഹ്മയുടെആങ്ങളത്തെയ്യം”. എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ നാടകത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സദസ്സിനോടൊപ്പം ഇരുന്ന്ആങ്ങളത്തെയ്യംകണ്ടു.
            തെയ്യം എന്നാൽ ദൈവം. “ദൈവം ഉണ്ടോ ഇല്ലയോ എന്നെന്നും എനിക്കറിയില്ല. എന്നാൽ തെയ്യം എന്നൊരു കലയുണ്ടെന്നും, മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ നിന്നാണ് ദൈവം എന്ന സങ്കൽപ്പം ഉണ്ടായതെന്നും നാടകത്തിലും നാടകത്തിന്റെ ആമുഖത്തിലുമൊക്കെയായി നാടകകൃത്ത് പറയുന്നുണ്ട്.   മാംസ ദാഹികളായി അലയുന്ന, അസംതൃപ്തരായ ആൺമനസ്സുകളുടെ പീഡനങ്ങളിൽ നിന്നും , ഒളിഞ്ഞു നോട്ടങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും തന്നെ രക്ഷിയ്ക്കാൻ ദൈവ സങ്കൽപ്പങ്ങളെ ആശ്രയിക്കാതെ ഉത്തര മലബാറിലെ കലാ യാഥാർത്ഥ്യമായ തെയ്യത്തെ പ്രതീക്ഷിയ്ക്കുകയാണ് ഹേമന്ത്കുമാർ രചിച്ചആങ്ങളത്തെയ്യത്തിലെ നായികയായ സ്നേഹ എന്ന പെൺകുട്ടി.
            ശിശുവെന്നോ ബാലികയെന്നോ വൃദ്ധയെന്നോ ഭേദമില്ലാതെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയും അത് മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ഇക്കാലത്ത് അത്തരം വാർത്തകൾ ഒരു പെൺകുട്ടിയിലുണ്ടാക്കുന്ന വിഭ്രാന്തികളും ആ വിഭ്രാന്തികൾക്കിരയായി ക്രൂശിക്കപ്പെടുകയും ചെയ്യുന്ന ഒരു നിസ്സഹായനായ മനുഷ്യന്റെ മനോസംഘർഷങ്ങളുമാണ് നാടകത്തിന്റെ കാതൽ.
            കണ്ണൂരിലെ കൊലപാതക രാഷ്ടീയത്തിന്റെ ഇരയായി അച്ഛനെ നഷ്ടപ്പെടുന്ന സ്നേഹയെന്ന ഒരു വയസ്സുകാരിയുടെയും അവളുടെ അമ്മയുടെയും സംരക്ഷണം, ആ കൊലപാതകത്തിനു മനപ്പൂർവ്വമായിട്ടല്ലെങ്കിലും താൻ വഴിയൊരുക്കി എന്നു വിശ്വസിക്കുന്ന പ്രമോദ് എന്ന ഡ്രൈവർ ഏറ്റെടുക്കുന്നു. സ്നേഹ വളർന്ന് വലുതാകുന്നു. ബന്ധുക്കളിൽ നിന്നും പിതാവിൽ നിന്നുപോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വർത്തമാന വർത്തമാനങ്ങൾ കേട്ട് താനും അമ്മയും പ്രമോദാങ്ങളയെന്നു വിളിക്കുന്ന ആ രക്ഷക വേഷത്തെ സംശയത്തോടെ നിരീക്ഷിയ്ക്കുന്ന  അവൾക്ക് അയാളുടെ പെരുമാറ്റങ്ങളും ചലനങ്ങളുമൊക്കെ ഒരു വിടന്റെ ലക്ഷണങ്ങളായി തീരുന്നു. അയാളിൽ നിന്നും രക്ഷ നേടാനായി തന്റെ സുഹൃത്തായ നവ നാടക പ്രവർത്തകന്റെ സഹായം തേടുന്നു. ആക്രമിക്കപ്പെടാതിരിക്കാൻ പ്രത്യാക്രമണത്തെ പ്രതിരോധ മാക്കിയെടുക്കുന്ന നവീന രീതി അവളെയും കുടുംബത്തെയും ആ സാധു മനുഷ്യനെയും തകർക്കുന്നത് ഈ നാടകത്തിൽ നന്നായി അവതരിക്കപ്പെടുന്നുണ്ട്.
            ഓരോ പീഡന വാർത്തയും പുറത്തു വരുമ്പോൾ പ്രതിയാക്കപ്പെടുന്ന പുരുഷ വർഗ്ഗത്തിന് ഈ നാടകം തങ്ങളുടെ വശം ന്യായീകരിക്കാനുള്ള ഒരു ആയുധമായി വേണമെങ്കിൽ കരുതാം. പക്ഷേ, ഇവിടെ ആരാണു പ്രതിയെന്നു തീർപ്പു കൽപ്പിക്കാൻ നാടകം മെനക്കെടുന്നില്ല. അരങ്ങിൽ കാണുന്ന നാടകമല്ല; അരങ്ങിലരങ്ങേറുന്നതിനെ കണ്ട് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ നടക്കുന്ന നാടകമാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്ന്  നാടകത്തിന്റെ ആമുഖത്തിൽ പറഞ്ഞത് തീർച്ചയായും മുഖവിലയ്ക്കെടുക്കാം.  ആ നില്യ്ക്ക് ചിന്തയുടെ നൂറു കണക്കിനു വാതായനങ്ങളാണ്ആങ്ങളത്തെയ്യംതുറന്നിടുന്നത്.
            ഹേമന്ത് കുമാറിന്റെ ഈ രചനയെ സാക്ഷാത്കരിച്ചിരിക്കുന്നത് രാജേഷ് ഇരുളമാണ്. സമാന്തര നാടക പ്രസ്ഥാനത്തെ കണക്കിനു പരിഹസിക്കാനും അതു വഴി ഹാസ്യത്തിന്റെ നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകനു അനുഭവിക്കാനും ഈ നാടകം അവസരമൊരുക്കുന്നുണ്ട്. നായിക വേഷമിട്ട നടിയുടെ പ്രായവും പ്രകടനവും ഒഴിച്ചു നിർത്തിയാൽ (ഇവർ ഒരു പക്ഷേ, പകരക്കാരിയായി എത്തിയതാണെന്നു കരുതുന്നു)അഭിനേതാക്കളൊക്കെ തങ്ങളുടെ ഭാഗം മികച്ചതാക്കി. “ആങ്ങളത്തെയ്യമായി പ്രമോദ് ചാല അരങ്ങു തകർത്തു. നവ നാടക പ്രവർത്തകനായി വേഷമിട്ട പ്രവീൺ മാടവനയുടെ പ്രകടനവും എടുത്തു പറയത്തക്കതാണ്. ചിരിക്കും ചിന്തയ്ക്കുമുതകുന്ന ഈ കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങൾ:-
      “ഒരു കഴിവുമില്ലാത്തവന് ഒടുക്കത്തെ ചിന്തയുണ്ടാകുമ്പോഴാണ് എന്നെപ്പോലുള്ള കലാകാരന്മാരുണ്ടാകുന്നത്.”
     “ നമുക്കിടയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഡോക്ടർമാരും കലാകാരന്മാരുമൊക്കെ നിരവധിയുണ്ടാകാം. പക്ഷെ, പ്രമോദേട്ടനെപ്പോലുള്ള യഥാർത്ഥ മനുഷ്യർ അപൂർവ്വമായേ ഉണ്ടാകാറൂള്ളൂ.” –സിനിമയെ അനുകരിക്കാൻ നോക്കി വ്യക്തിത്വം നഷ്ടപ്പെട്ട നാടകങ്ങളുടെ കാലത്ത് അപൂർവ്വമായേ ഇത്തരം നാടകങ്ങളും ഉണ്ടാകാറുള്ളൂ..

                                    *****************************************************

No comments:

Post a Comment