Thursday, August 22, 2013

സ്ത്രീകളെ എങ്ങനെ വശീകരിക്കാം?

            “ആദ്യമേ പറയട്ടെ. ഇതൊരു മനശ്ശാസ്ത്ര സമീപനമാണ്. എന്നു കരുതി മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമൊന്നുമെടുക്കേണ്ട ആവശ്യമില്ല. ഇതേ തലക്കെട്ടും ഉപശീർഷകവുമൊക്കെ ഉപയോഗിച്ച് ഒരുപാടു കബളിപ്പിക്കലുകൾ, ഏലസ്സ്, മന്ത്രം, യന്ത്രം, ഹിപ്നോട്ടിസം എന്നിങ്ങനെയൊക്കെയുള്ള പേരുകളിൽ നടന്നു വരുന്നത് നാം കാണുന്നുണ്ട്. ഇവിടെ അങ്ങനെ പരാന്നഭോജനം നടത്തി ദഹനക്കേടുണ്ടാക്കാനുള്ള ശ്രമമൊന്നുമില്ല എന്നതാണ് ഒന്നാമത്തെ ഉറപ്പ്. നിങ്ങളുടെ പോക്കറ്റല്ല; സംതൃപ്തിയും ആനന്ദവും മാത്രമാണ് ലക്ഷ്യം.”
            തന്റെ നെഞ്ചിൽ തലവച്ച് തളർന്നുകിടന്നുറങ്ങുന്ന ഭാര്യയുടെ മുടിയിഴകളിലൂടെ യാന്ത്രികമായി കൈവിരലുകളോടിച്ചു കൊണ്ടിരിക്കുമ്പോഴും തനിക്കു വന്ന മെയിൽ അറ്റാച്ച്മെന്റിലെ വരികളായിരുന്നു സുഗുണന്റെ മനസ്സിൽ. ചൂഷണത്തിന്റെയും കബളിപ്പിക്കലിന്റെയും അതിവിദഗ്ദ്ധ സാധ്യതകളുടെ വിദൂരഗന്ധം പോലും വരികളിലൊന്നും അനുഭവപ്പെടുന്നില്ലെന്നുള്ളത് സുഗുണനെ ആവേശഭരിതനാക്കിത്തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.
            അയാൾ ഭാര്യയുടെ മുഖം തന്റെ നെഞ്ചിൽ നിന്ന് വേർപെടുത്തി. ബാഷ്പീകരിച്ചു തീരാത്ത സ്വേദ കണങ്ങൾ അവളുടെ കവിളിലും തന്റെ മാറത്തും നീർച്ചാലുകൾ അവശേഷിപ്പിച്ചിരിക്കുന്നത് ആ വേർപെടുത്തലിൽ അയാൾക്കനുഭവപ്പെട്ടുമുറിയിലെ ഇരുട്ടിലേയ്ക്ക് ജനൽ കർട്ടന്റെ പ്രതിരോധത്തെ തകർത്ത് നഗരത്തിന്റെ മുഖമുദ്രയായ രാത്രിവെളീച്ചം ശക്തിക്ഷയിച്ചാണെത്തിച്ചേരുന്നതെങ്കിലും അത്, അവളുടെ നഗ്നതയെ അയാളുടെ കണ്ണൂകൾക്കു വെളിപ്പെടുത്തിക്കൊടുത്തു. നിർവികാരത വിരക്തിയിലേയ്ക്കു വഴിമാറുന്നതു തിരിച്ചറിഞ്ഞ നിമിഷം അവളുടെ മേൽ കമ്പളം വലിച്ചിട്ട് അയാൾ മുഖം തിരിച്ചു കിടന്നു.            സ്ത്രീകളെ എങ്ങനെ വശീകരിക്കാമെന്ന ചിന്ത തന്റെ യൗവ്വനകാലാരംഭത്തിൽ പോലും തനിക്കുണ്ടായിട്ടില്ലെന്നത് സുഗുണനെ അസ്വസ്ഥനാക്കിയില്ല .ആഗ്രഹങ്ങൾ, തന്റെ ചിന്തകളെ  ഇങ്ങനെവേലിചാടാൻഅനുവദിച്ചു തുടങ്ങിയതെന്നു മുതലാണെന്നു തനിക്കു തന്നെ നിശ്ചയമില്ല. തന്റെ മാനസിക പരിണാമങ്ങളെ ന്യായീകരിക്കാനുള്ള  വാദമുഖങ്ങൾ സ്വയം കണ്ടു പിടിക്കാൻ തനിക്കാവുമെന്നത് അയാളെ ആശ്വാസപ്പെടുത്തി.
            എങ്ങും പ്രലോഭനങ്ങളാണ്! ഓഫീസിൽ, ബസ്സ് യാത്രയിൽ, നിരത്തിൽ, ടി.വിയിൽ, സിനിമയിൽ-- എല്ലായിടത്തും  കാണുന്നത് കൊഴുപ്പും മുഴുപ്പും, അനാവൃതമാക്കുന്നതിനേക്കാൾ മിഴിവുറ്റതാക്കിക്കൊണ്ടുള്ള ആവൃത പരിഷ്കാര പരീക്ഷണങ്ങൾ.സ്വയം ഒരു പ്രദർശന വസ്തുവായി പരിവർത്തനം ചെയ്യപ്പെട്ട്, അസംതൃപ്തമായ പുരുഷമാനസങ്ങളിൽ കാമനകളുടെ കനൽ കോരിയിടാനെന്നോണം, തലമുറകളുടെ വിടവുകളില്ലാതെ, സ്ത്രീ ശരീരങ്ങളും ചലനങ്ങളും.         ഇതൊക്കെ കാലത്തിന്റെ മാറ്റമാണെന്ന് സ്വയം സമാധാനിക്കാൻ ശ്രമിക്കുന്നെങ്കിലും വിധത്തിലവയെ ഉൾക്കൊള്ളാൻ കഴിയാത്തത് തന്റെ ജനിതക ഘടനയുടെ പ്രശ്നമായിരിയ്ക്കാം. എന്നിരുന്നാലും ഓഫീസിൽ തന്റെ സീറ്റിന്റെ നേർ എതിർവശം ഇരിക്കുന്ന, മദ്ധ്യവയസ്സിലെത്തിയെങ്കിലും യുവതിയുടെ പ്രസരിപ്പും ആകൃതിയുമുള്ളവളുമായ സഹപ്രവർത്തക ജാനറ്റ്  ഉൾപ്പെടെയുള്ളവർ, താനടക്കമുള്ള പുരുഷവർഗ്ഗത്തിന്റെ ജനിതകവ്യവസ്ഥയുടെ സങ്കീർണ്ണതയിൽ നിന്ന്, സദാചാര ചിന്തകളുടെ തീക്ഷ്ണതാപത്താൽ കരിഞ്ഞു പോയ സഹജ വികാരങ്ങളുടെ ഫിനിക്സ് പക്ഷികളെ ഉണർത്തിവിടാൻ തന്നെയല്ലേ ഓരോ ദിവസവും മോഹിപ്പിക്കുന്ന വേഷ വൈവിധ്യങ്ങൾ സ്വീകരിക്കുന്നത്..? നേരത്തേയൊക്കെ ഒരു പുരുഷനോടെന്ന പോലെ ഇടപെടാൻ കഴിഞ്ഞിരുന്ന ജാനറ്റിനോട് ഈയിടെയായി നേരെ നോക്കി സംസാരിക്കാൻ പോലും തനിക്കാവുന്നില്ല.
തന്നെ ഈ നിലയിലേയ്ക്ക് നയിച്ചതിൽ സഹപ്രവർത്തകൻ ജോസഫിനുള്ള പങ്ക് വലുതു തന്നെയാണ്. ഓരോ ദിവസവും ഓരോ ഇരകളെ വശീകരിച്ചു വീഴ്ത്തിയതായി അവകാശപ്പെടുന്ന അവന്റെ സാക്ഷ്യപ്പെടുത്തലുകളൊക്കെ ആദ്യമാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും അവകാശവാദങ്ങളെ സാധൂകരിക്കുന്ന ചില തെളിവുകൾ, മൊബൈലിലെ ചിത്രങ്ങളായും ശബ്ദരേഖകളായുമൊക്കെ കേൾപ്പിച്ചപ്പോൾ അവന്റെ കഴിവിനെ അവിശ്വസിക്കാനായില്ല. അവൻ ചെറുപ്പം മുതലേ അങ്ങനെയാണത്രേ. ശരിയാണ്. അവന് സ്ത്രീകളെ വശീകരിക്കാൻ അപാര കഴിവുകളുണ്ട്. താനങ്ങനെയായിരുന്നില്ലല്ലോ. ചീത്ത കൂട്ടുകെട്ടുകളിൽ വീഴാതിരിക്കാനും വിലക്കപ്പെട്ട കനികൾ തേടി ഏദൻ തോട്ടങ്ങളിൽ അതിക്രമിച്ചു കടക്കാതിരിക്കാനുമുള്ള കോഡുകൾ തന്റെ ജനിതക വ്യവസ്ഥയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നതു കൊണ്ട് വഴിയ്ക്കൊന്നും സഞ്ചരിച്ചിട്ടില്ല. പക്ഷേ, ഇന്നത്തെ കൗമാരക്കാർ പോലും ജീവിതം ആഘോഷിക്കുന്നതു കാണുമ്പോൾ മനസ്സിനകത്തൊരു വിങ്ങൽ  --ഒരു നഷ്ടബോധം, തന്റെ ജനിതകഘടനയെത്തന്നെ കുറ്റപ്പെടുത്തുന്നു. ഈ അടുത്ത ദിവസം, തൊട്ടടുത്ത ഫ്ലാറ്റിൽ നിന്ന് രണ്ടു കൗമാരക്കാരെഅരുതാത്തസാഹചര്യത്തിൽ കണ്ടു പിടികൂടി വിചാരണ ചെയ്ത സദാചാര സംഘത്തിൽ താനും ഉണ്ടായിരുന്നു. ആ വിചാരണ തനിക്കുണ്ടാക്കിത്തന്ന ആത്മസംതൃപ്തി ചെറുതൊന്നുമല്ലായിരുന്നു. ഇങ്ങനെ എന്തെന്തു കാര്യങ്ങളാണ് ചുറ്റുപാടും നടക്കുന്നത്? നടക്കുന്നതിൽ ചിലതൊക്കെ ഇന്റർ നെറ്റിലൂടെയും മൊബൈൽ ഫോൺ ക്ലിപ്പുകളായും ലോകം അറിയുകയും ചെയ്യുന്നു-ജോസഫ് കാണിച്ചു തന്ന മൊബൈൽ ക്ലിപ്പുകൾ, തന്നെ ഇന്റർനെറ്റിലെ ആഅപൂർവ്വകാഴ്ചകളുടെ സ്ഥിരം പ്രേക്ഷകനും ആരാധകനുമാക്കി.
 ഇത്രയും നാൾ ഏകപത്നീവ്രതം നോറ്റ് താൻ ജീവിതം പാഴാക്കി കളയുകയായിരുന്നോ? വെറുതേ കളഞ്ഞ ജീവിതം തിരിച്ചു പിടിച്ചാസ്വദിക്കാൻ ഇനിയും സമയമുണ്ടോ? ഉണ്ട്. ഇനിയും സമയമുണ്ട്.സുഗുണൻ തിരിഞ്ഞു കിടന്ന് ഭാര്യയെ നോക്കി. ഇവളെ പോലും നേരാം വണ്ണം വശീകരിയ്ക്കാൻ തനിക്കു കഴിഞ്ഞിട്ടുണ്ടോ? ദാമ്പത്യമെന്ന ആജീവനാന്ത തടവിന്റെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ ശ്രമിച്ച്, ആന്തരിക പരിണാമം സംഭവിച്ച്, ഡാർവിയൻ സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന ഫോസിലുകളിലൊന്നായി തീർന്നവളല്ലേ ഈ കമ്പളം ചുറ്റി അർദ്ധനഗ്നയായിക്കിടക്കുന്നത്? ഈ തടവറയിൽ മറ്റു സാധ്യതകളൊന്നുമില്ലാത്തതിനാൽ  തനിക്കു വശംവദയായി കഴിയുന്ന ഒരു ജാനറ്റ്! ഈ ഒരു ജാനറ്റിൽ ഒതുങ്ങാനുള്ളതല്ല ജീവിതമെന്ന് കാലം തന്റെ ജനിതവ്യവസ്ഥയുടെ പോരായ്മകളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ ആ വിളി കേൾക്കാതിരിക്കാനാവില്ല. വശീകരണത്തിന്റെ തന്ത്രങ്ങൾ തേടി ലോക വലയിൽ അലഞ്ഞു നടന്നെങ്കിലും തൃപ്തികരമായ, തന്നെക്കൊണ്ടു നടപ്പിലാക്കാൻ കഴിയുമെന്നു തോന്നിയ വിവരങ്ങളൊന്നും മോണിട്ടറിൽ തെളിഞ്ഞില്ല.   ഒരുത്രീ എക്സ്സൈറ്റിൽ അഭിലാഷങ്ങളുടെ ചിറകിലേറി പറന്നിറങ്ങിയപ്പോൾ പൊന്തിവന്നപോപ്പപ്പ് വിൻഡോയാണ് വശീകരണത്തിന്റെ രഹസ്യങ്ങൾ വാഗ്ദാനം ചെയ്തത്.  ചൂഷണത്തിന്റെ സാധ്യതയെന്തെങ്കിലും നിലനിൽക്കുന്നുണ്ടോ എന്നാണ് ആദ്യ ക്ലിക്കുമുതൽ തിരക്കിക്കൊണ്ടിരുന്നത്. വിശ്വാസ വഞ്ചനയും കബളിപ്പിക്കലും ചൂഷണം ചെയ്യപ്പെടലുമൊക്കെ തനിക്ക് സഹിക്കാനാവാത്ത കാര്യങ്ങളാണ്.  അതൊക്കെ ഏതു തരത്തിലുള്ളതായാലും  തനിക്കു പൊറുക്കാനാവില്ല. ഭിക്ഷ യാചിക്കുന്നവർ പോലും ഇല്ലാത്ത വല്ലായ്മകൾ പറഞ്ഞു കബളിപ്പിക്കാൻ ശ്രമിക്കുന്ന ദിവസം തനിക്കു ചീത്ത ദിവസമാണ്. ഏതായാലും ഇക്കാര്യത്തിൽ ഈ നിമിഷം വരെ അത്തരമൊന്നു കണ്ടെത്തിയിട്ടില്ല.സ്വതന്ത്ര ലൈംഗികതയുടെ പ്രചാരകനായിരുന്ന ആൾദൈവത്തിന്റെ ശിഷ്യന്മാരിൽ ഒരാൾ തയ്യാറാക്കിയ വശീകരണ തന്ത്രങ്ങളടങ്ങിയ ഒരു പുസ്തകം. സൗജന്യമാണ്, മലയാളത്തിലുമാണ്. അവിടെയും ചൂഷണത്തിന്റെ സാധ്യതയൊന്നും ദൃശ്യമാകുന്നില്ല. സൗജന്യമെങ്കിൽ മേൽവിലാസത്തിൽ അയച്ചു തന്നാൽ പോരേ എന്ന ഏതു അല്പബുദ്ധിയും ചോദിക്കാവുന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇതു വിശ്വസനീയമാണെന്നുള്ളതിന്റെ തെളിവാകുന്നത്. മേൽവിലാസം നൽകിയാൽ ഐഡന്റിറ്റി വെളിപ്പെടും. അതു പിന്നീട് ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്റെ സാധ്യത അവശേഷിപ്പിക്കും. ശരിയാണ്. വളരെ ശരിയാണ്. പൂതിയതായി സൃഷ്ടിച്ച ഒരു മെയിൽ അക്കൗണ്ടിന്റെ ആവശ്യമേ വന്നിട്ടുള്ളൂ. രജിസ്റ്റർ ചെയ്തു.കൂടുതൽ വിവരങ്ങൾ മെയിലിൽ കിട്ടി. തന്ത്രങ്ങളുടെ ശക്തി വെളിപ്പെടുത്തുന്ന ഒരു സാമ്പിളും ഉണ്ടായിരുന്നു. അത്, ഏറെ തയ്യാറെടുപ്പുകൾക്കു ശേഷം ജാനറ്റിന്റെ മേൽ പ്രയോഗിച്ചപ്പോൾ ജാനറ്റിലുണ്ടായ, ഇന്നുവരെ കാണാത്ത തരത്തിലുള്ള  നാണം കലർത്തിയ ചിരി, തന്റെ ആത്മവിശ്വാസത്തിന്റെ വർദ്ധനവിലുണ്ടാക്കിയ വ്യതിയാനം ആരെ എങ്ങനെ പറഞ്ഞറിയിക്കാനാണ്! ജോസഫ് പോലും ആ ചിരികണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. ജോസഫേ നീയെത്ര ഞെട്ടാനിരിക്കുന്നു!
അതെ. ആ മെയിലിൽ പറയുന്നത് ശരിയാണ്. തന്നെപ്പോലെയുള്ളവരുടെ സംതൃപ്തി മാത്രം ലക്ഷ്യമാക്കുന്ന നിഷ്കാമ കർമ്മികളാണിതിനു പിന്നിൽ പ്രവർത്തിക്കുന്നത്. നാളെ…….. നാളെ മുതൽ താനാ തന്ത്രങ്ങൾ ഹൃദിസ്ഥമാക്കാനും പ്രയോഗത്തിൽ വരുത്താനും പോകുകയാണ്. വണ്ടിക്കൂലി പോലും കൊടുക്കേണ്ടാത്ത ദൂരത്തിൽ തനിക്കാ ഗ്രന്ഥം എത്തിച്ചു തരികയാണ്. നഗരമദ്ധ്യത്തിലെ മൈതാനം. അവിടെ താൻ കേട്ടിട്ടുപോലുമില്ലാത്തഏതോ രാഷ്ടീയ കക്ഷിയുടെ സമ്മേളനം നടക്കുന്നുണ്ട്. ആ ആൾക്കൂട്ടത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ വശീകരണ രഹസ്യങ്ങൾ കൈമാറാൻ തയ്യാറാക്കിയിരിക്കുന്ന തന്ത്രവും മികവുറ്റതു തന്നെയാണ്. സമ്മേളന നഗരിയിലെ  മൈക്കിൽകാസർഗോഡൂ നിന്നു വന്ന കൊലുമ്പനെ കാത്ത് അനുജൻ കറുമ്പൻ സ്റ്റേജിനു പിന്നിൽ കാത്തു നിൽക്കുന്നുഎന്ന അറിയിപ്പു മുഴങ്ങും. ജില്ലാ സമ്മേളനമായതു കൊണ്ട് കാസർഗോഡു നിന്ന് കൊലുമ്പനും കറുമ്പനും വരാനുള്ള സാധ്യതയുമില്ല. സ്റ്റേജിനു പിന്നിൽ ചെല്ലുക. തൂവെള്ള വസ്ത്രം ധരിച്ചയാൾ നെഞ്ചത്തടക്കിപ്പിടിച്ചു നിൽക്കുന്ന പുസ്തകം മെയിലിൽ പറഞ്ഞിരിക്കുന്ന രഹസ്യവാക്കു പറഞ്ഞു കൈപ്പറ്റുക! ലളിതമെങ്കിലും ആസൂത്രണ വൈഭവം വിളിച്ചോതുന്ന ഒരു തന്ത്രം തന്നെ. ഇനി അങ്ങനെ കാത്തു നിൽക്കുന്ന വെള്ള വസ്ത്രധാരി താനറിയുന്നയാളോ തന്നെയറിയുന്നയാളോ ആണെങ്കിൽ ഒന്നുമറിയാത്ത ഭാവത്തിൽ തിരിച്ചു പോരാനുള്ള അവസരവും തനിക്കുണ്ട്. സുഗുണൻ ആവേശഭരിതനായി. ഉറക്കം അകന്നു നിന്ന ആ രാത്രിയിൽ, യുക്തിപൂർവ്വമായ ദിവാ സ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയ സുഗുണന്റെ  മാറിലെ ചൂടിനെ ലക്ഷ്യമാക്കി വന്ന സ്വേദ കണങ്ങൾ വറ്റിയ മുഖം അയാൾ തള്ളിനീക്കി.
            സ്വതന്ത്രമായി ഒളിച്ചിരിക്കാവുന്ന ഇടമാണ് ആൾക്കൂട്ടമെന്ന് സുഗുണനു ബോധ്യപ്പെട്ട ദിനം കൂടിയാണിന്ന് സമ്മേളന വേദിയായ മൈതാനത്തേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നേയുള്ളൂ. പറഞ്ഞിരിക്കുന്ന സമയത്തിനേക്കാൾ നേരത്തേ എത്തി. സാരമില്ല. ഈ ചെറിയ തിരക്കു പോലും തന്റെ വ്യക്തിത്വത്തെ കുഴിച്ചുമൂടാൻ പര്യാപ്തമാണ്. ഇനി ആരെങ്കിലും കണ്ടാൽ തന്നെ എന്തു പ്രശ്നം? തനിക്കിത്തരം ഒരു രാഷ്ട്രീയ ചായ്വുണ്ടെന്നവർ തെറ്റിദ്ധരിക്കും. അത്രയല്ലേയുള്ളൂ. എങ്കിലും, തലയിൽ വച്ചിരിക്കുന്ന തൊപ്പിയും മുഖം പാതി മറച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ്സും വളരെ പെട്ടെന്നൊന്നും തന്നെ ആർക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല.            ഇപ്പോൾ പത്തു വയസ്സുള്ള തന്റെ ആദ്യ പുത്രനെ ഈ ഭൂമിയിലേയ്ക്കു സ്വാഗതം ചെയ്യാൻ ആശുപത്രി വരാന്തയിൽ കാത്തു നിന്ന നിമിഷങ്ങൾക്കു പോലും ഇത്രയും ദൈർഘ്യമില്ലായിരുന്നുവെന്ന് തോന്നി, സുഗുണന്. മൈതാനത്ത് ആളുകൾ കൂടി കൂടി വരുന്നു. സമ്മേളനം തുടങ്ങിക്കഴിഞ്ഞു. കാത്തിരിപ്പിന്റെ അസ്വസ്ഥതയിൽ തളർന്നു വീഴാതിരിക്കാനെന്നോണം അയാൾ സദസ്സിലെ ഒരു ഇരിപ്പിടത്തിലിരുന്നു. ആരൊക്കെയോ എന്തൊക്കെയോ പ്രസംഗിയ്ക്കുന്നു. വേദിയിലിരിക്കുന്നവർ പ്രാസംഗികരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുമ്പോൾ സദസ്സിനൊപ്പം അയാളും യാന്ത്രികമായി കയ്യടിച്ചു. പക്ഷേ. പ്രതീക്ഷിച്ച  അറിയിപ്പു മാത്രം മൈക്കിലൂടെ എത്തുന്നില്ല. കാത്തിരിക്കാം. തന്നെ കബളിപ്പിക്കുവാനാണെങ്കിൽ അവർക്ക് മുൻകൂറായി അല്പം പണമെങ്കിലും ആവശ്യപ്പെടാമായിരുന്നല്ലോ? ഇതുവരെ യാതൊന്നും തനിക്കു നഷ്ടപ്പെട്ടിട്ടില്ല. അല്പം സമയം മാത്രം. അതൊരു വലിയകാര്യവുമല്ല. വരും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ അറിയിപ്പു വരും.
            അരമണിക്കൂറിലേറെ നീണ്ട നന്ദി പ്രകാശനച്ചടങ്ങും കഴിഞ്ഞപ്പോഴാണ് താൻ മൂന്നു മണിക്കൂറുകൾ ഇവിടെ ചിലവഴിച്ചിരിക്കുന്ന കാര്യം സുഗുണനു ബോധ്യപ്പെട്ടത്. വേദി ഒഴിഞ്ഞു കഴിഞ്ഞു. സദസ്സിന്റെ മുൻ നിരയിലുള്ളവരും എഴുന്നേറ്റു പോയിക്കഴിഞ്ഞിരിക്കുന്നു. എന്നാലും ആൾക്കൂട്ടത്തിന്റെ ഭൂരിഭാഗവും കസേരകളിൽ എഴുന്നേറ്റു പോകാനാവാത്ത പോലെയിരിക്കുന്നു. അവരും തന്നെപ്പോലെകാസർഗോഡു നിന്നു വന്ന..” എന്നു തുടങ്ങുന്ന പ്രഖ്യാപനം കാത്തിരിക്കുകയാണോ? മൂന്നു മണിക്കൂറിനിടയിൽ ആദ്യമായി അയാൾ ആൾക്കൂട്ടത്തെയൊന്നു വീക്ഷിച്ചു. കൗമാരക്കാർ തുടങ്ങി വന്ദ്യവയോധികർ വരെയുള്ള ഓരോ ജീവിത ഘട്ടത്തിലുമുള്ളവരുണ്ട്. എങ്കിലും തന്നെപ്പോലെ യുവത്വം നഷ്ടപ്പെട്ടു തുടങ്ങിയവരായിരുന്നു ഏറെയും.
            “ജില്ലാ സമ്മേളനമായിട്ടും ഇത്ര വലിയ ആൾക്കൂട്ടത്തെ എങ്ങനെ ഒപ്പിച്ചു? ആളൊന്നിനെത്രയാ റേറ്റ്, ആയിരമോ ആയിരത്തി അഞ്ഞൂറോഒരു പത്രപ്രതിനിധി കൊച്ചു നേതാവിന്റെ ചെവിയിൽ ചോദിക്കുന്നു.            “അതൊക്കെ പണ്ട്. ഇപ്പോ ഈവന്റ് മാനേജ്മെന്റുകളുടെ ഹൈടെക്ക് തന്ത്രങ്ങളല്ലേ. ഇത്രയും ആളെക്കൂട്ടാൻ എന്തു ബുദ്ധിയായിരിക്കും അവർ പ്രയോഗിച്ചതെന്ന് എനിക്കുതന്നെ ഒരെത്തും പിടിയും കിട്ടുന്നില്ല!”            നേതാവിന്റെ വാക്കുകൾ ചൂഷണത്തിന്റെ നൂതന പ്രവണതകൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കേ സുഗുണൻ ആൾക്കൂട്ടത്തെ ഒന്നു കൂടി നോക്കി. ആൾക്കൂട്ടത്തിന് ഒരു മുഖമേ ഉള്ളൂ എന്നു അയാൾ ഞെട്ടലോടെ മനസ്സിലാക്കി. അത് അയാളുടെ തന്നെ മുഖമായിരുന്നു!

         ചൂഷണം ചെയ്യപ്പെടുന്നത് സഹിക്കാനാവാത്ത, വിശ്വാസ വഞ്ചന പൊറുക്കാനാവാത്ത അയാൾക്ക്, ബാഷ്പീകരിച്ചു  തീരാത്ത ശ്വേതകണങ്ങളവശേഷിക്കുന്ന ഭാര്യയുടെ മുഖം തന്റെ മാറിൽ നിന്ന് അന്നു രാത്രി വേർപെടുത്താനായില്ല.കുറ്റബോധമോ, പശ്ചാത്താപമോ ,ആത്മനിന്ദയോ കൊണ്ട് ഉറവയെടുത്ത , തന്റെ ജനിതകമാറ്റങ്ങളെ തുടച്ചു നീക്കാൻ ശേഷിയുള്ള അശ്രു ഗോളങ്ങൾ സ്വന്തം കവിളിലൂടെ നീർച്ചാലു തീർത്ത്, അവളുടെ മൂർദ്ധാവിലേയ്ക്കു പടരുന്നത് തന്റെ പ്രേമ പൂർത്തീകരണത്തിന്റെ ഉപോത്പന്നമായ സ്വേദ ബിന്ദുക്കളായി അവൾ തെറ്റിദ്ധരിക്കുമെന്ന് അയാൾക്കറിയാമായിരുന്നു. അതിനൊപ്പം മറ്റൊന്നു കൂടി അയാൾ അറിഞ്ഞു കഴിഞ്ഞിരുന്നുസ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നല്ല; പുരുഷന് സ്വയം എങ്ങനെ നിയന്ത്രിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് താൻ തേടേണ്ടിയിരുന്നതെന്ന്!                                                                                                ***********
                        



2 comments:

  1. സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നല്ല; പുരുഷന് സ്വയം എങ്ങനെ നിയന്ത്രിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് താൻ തേടേണ്ടത്,

    Correct

    ReplyDelete
  2. അഭിപ്രായത്തിനു നന്ദി.

    ReplyDelete