Thursday, December 22, 2016

ഒരു കരപ്പന്റെ കഥ (കരപ്പന്റേതു മാത്രം)

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം. സർക്കാർ പള്ളിക്കൂടത്തിലെ പലക ബഞ്ചിൽ അടുത്തടുത്തായിരിക്കുന്ന  മൂന്നു പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. അന്നു സർവ്വസാധാരണമായിരുന്ന “കരപ്പൻ” പലരേയും കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. അതിൽ ഒന്നാമന്റെ കൈത്തണ്ടയിൽ വളരെയെളുപ്പം ആർക്കും കണ്ടെത്താവുന്ന വിധം സാന്നിദ്ധ്യമറിയിച്ചിരിക്കുന്ന കരപ്പനെ ചൂണ്ടി  രണ്ടാമനും, രണ്ടാമന്റെ കളസം  അൽപ്പം ഉയർന്നാൽ തുടയിൽ പ്രത്യക്ഷമാകുന്ന അടയാളത്തെ നോക്കി ഒന്നാമനും പരസ്പരം പരിഹസിച്ചു ചിരിക്കുമ്പോൾ അവരെ രണ്ടു പേരെയും നോക്കി മൂന്നാമന്റെ ചിരിമുഴങ്ങി. ഒന്നാമനും രണ്ടാമനും ചിരി നിർത്തി സംഘടിച്ച് മൂന്നാമന്റെ ഷർട്ട് പൊക്കി മുതുകിലെ കരപ്പന്റെ വിളയാട്ടം കണ്ടു പിടിച്ച് ആർത്തട്ടഹസിച്ചു. മൂന്നാമൻ പെട്ടെന്ന് ചൂളിപ്പോയെങ്കിലും തന്റെ കരപ്പൻ ആർക്കും കാണത്തിടത്താണല്ലോ എന്ന പ്രതിരോധം ഉയർത്തി. പിന്നെ കരപ്പൻ എവിടെയായിരിക്കുന്നതാണു നല്ലത്, എവിടെ വരുന്നതതാണ് നല്ലതല്ലാത്തത്  എന്നൊക്കെ ഇന്നത്തെ ചാനൽ ചർച്ചകളുടെ മട്ടിലുള്ള വാദ പ്രതിവാദങ്ങളിലേർപ്പെട്ടു.  കരപ്പൻ ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന ഒരു ധാരണ അവരുടെ ചർച്ചകളിൽ ഉരുത്തിരിഞ്ഞെങ്കിലും അത് ബാധിക്കേണ്ട ശരീര ഭാഗങ്ങളെ സംബന്ധിച്ച് അവർക്ക് ശക്തവും വ്യത്യസ്തങ്ങളുമായ അഭിപ്രായങ്ങളായിരുന്നു. ഈ സമയമത്രയും ഇന്നത്തെ കോമഡി സ്കിറ്റുകൾ കാണുന്ന പ്രേക്ഷകനെപ്പോലെ നിസ്സംഗതയോടെ ഈ ചർച്ച വീക്ഷിച്ചു കൊണ്ടിരുന്ന നാലാമനോട് മൂന്നുപേരും ഇതു സംബന്ധിച്ച അഭിപ്രായം തേടിയതിൽ “കരപ്പൻ ഒരു രോഗമാണ്. എനിക്കതില്ല” എന്ന ധിക്കാരപരവും അവഹേളനാത്മകവും ആയ മറുപടിയാണു കിട്ടിയത്. ഇന്നായിരുന്നെങ്കിൽ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയതിന് അവർ ഇന്ത്യൻ പീനൽ കോഡിലെ 295 A പ്രകാരം കേസെടുക്കുന്നതിന് വേണ്ട നടപടികളിലേർപ്പെട്ടേനേ. പക്ഷേ, അന്ന് ഇന്നത്തെപ്പോലെ എല്ലിന്റെയിടയിൽ ചിക്കൻ കഷണങ്ങൾ കുത്തിക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ നിലവില്ലാതിരുന്നതു കൊണ്ട് അവർക്കങ്ങനെ ഒരു ഓപ്ഷനില്ലായിരുന്നു.  അതിനാൽ നാലാമനും അവന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഈ “സൗഭാഗ്യം” ഉണ്ടാകുമെന്ന ഉത്തമവിശ്വാസത്തോടെ മൂന്നു പേരും കൂടി അവന്റെ “ഇൻക്വസ്റ്റ്”  നടത്തിയെങ്കിലും  കരപ്പന്റെ ആക്രമണത്തിന്റെ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ “കരപ്പിനില്ലാത്ത ഇവനെന്തു മനുഷ്യൻ, കരപ്പൻ വന്ന് മാന്തിപ്പൊളിക്കുമ്പോഴുണ്ടാകുന്ന സുഖം അനുഭവിക്കാത്ത നിന്റെയൊക്കെ ജീവിതം എന്തു ജീവിതം?” എന്ന ചോദ്യത്തിനു ശേഷം, വള്ളിച്ചൂരലെന്ന വജ്രായുധവുമേന്തി ക്ലാസിലേക്കു നടന്നടുക്കുന്ന കണക്കു മാഷിന്റെ പ്രവേശനം മണത്ത് ചർച്ച അവസാനിപ്പിച്ചു.
***********
            ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധം. പഴയ  മൂന്നു പേരുടെയും അടുത്ത തലമുറയുടെ യൗവ്വന കാലം. ശാസ്ത്ര സാങ്കേതിക വിദ്യ ഈ ലോകത്തെ തന്നെ ഒരു ക്ലാസ് റൂം ബെഞ്ചിന്റെ വലിപ്പത്തിലേക്ക് ചുരുക്കിയിരിക്കുന്നതിനാൽ യാഥാർത്ഥ്യങ്ങളുടെ അകലത്താണെങ്കിലും അയഥാർത്ഥതയുടെ അരികിലിരുന്ന്  അവരും ചർച്ചകൾ നടത്തുന്നു.  നവമാദ്ധ്യമങ്ങൾ അനേകം ചർച്ചാ ബഞ്ചുകൾ അവർക്കായി പണിതു കൊടുത്തിരിക്കുന്നു. അവരുടെ ഇന്നത്തെ ചർച്ചകൾ കരപ്പനെക്കുറിച്ചല്ല. ക്ലിപ്തമായ വേഗത്തിൽ കടന്നു പോയ കാലത്തിന്റെ അറ്റകുറ്റപ്പണികളിൽ  കരപ്പൻ ബാല ശരീരങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. എങ്കിലും തങ്ങളുടെ പൂർവ്വീകരുടേതിനേക്കാൾ  വീറോടും വാശിയോടും കൂടി അവർ അപരന്റെ വിശ്വാസങ്ങളുടെ  യുക്തിരാഹിത്യങ്ങൾക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പോരുകൾ നയിക്കുന്നു. യുക്തിരാഹിത്യങ്ങൾ കുടി കൊള്ളുന്നത് കൈത്തണ്ടയിലാണോ തുടയിലാണോ മുതുകത്താണോ എന്നതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളിൽ ഏർപ്പെട്ട് കാലം കഴിക്കുന്നു. വിശ്വാസമെന്നാൽ തങ്ങൾ അവകാശപ്പെടുന്നതു പോലെയായിരിക്കണം എന്നു സ്ഥാപിക്കാൻ “ബാലമംഗളത്തിൽ” നിന്നും “പൂമ്പാറ്റയിൽ” നിന്നും ഉദ്ധരണികൾ എടുത്തുയർത്തുന്നു. ഇവയൊക്കെ വാസ്തവമാണെന്നുള്ളതിന് തെളിവായി  ആ ബാല സാഹിത്യങ്ങൾ തന്നെ! പിന്നെ തോമസ് നോളും സീതാരാമൻ നാരായണനും മറ്റും വിദ്വാന്മാരും ചേർന്നു കണ്ടു പിടിച്ച ഫോട്ടോഷോപ്പ് എന്ന കുന്ത്രാണ്ടത്തിലെ നിർമ്മിതികളും.  ഇതൊക്കെ കണ്ടു കേട്ടും മിണ്ടാതെയിരിക്കുന്ന  നാലാമനോട് അഭിപ്രായം ആരായുമ്പോൾ തന്റെ പൂർവ്വികനെപ്പോലെ കരപ്പൻ ഒരു രോഗമാണെന്നും  തനിക്കാ രോഗമില്ലെന്നും തുറന്നു പറഞ്ഞാൽ അത്, വ്രണപ്പെടാൻ മാത്രം രൂപം കൊണ്ടിട്ടുള്ളതും ഇതുവരെ വ്രണത്തിനു മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്തതുമായ  ഒരു പ്രത്യേക ത്വക്കുകൾ കൊണ്ടു പൊതിഞ്ഞ ശരീരങ്ങളിൽ ആഴത്തിലുള്ള  മുറിവുകൾ സമ്മാനിക്കുമെന്നു തിരിച്ചറിഞ്ഞു കൊണ്ട്, പഴയ കരപ്പൻ ഇപ്പോൾ പലരുടേയും മനസ്സിലാണ് കുടികൊള്ളുന്നതെന്ന് സമാധാനിച്ച് കോമഡി സ്കിറ്റുകളുടെ സ്ഥിരം പ്രേക്ഷകന്റെ നിസ്സംഗതയിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുമ്പോൾ “കരപ്പിനില്ലാത്ത നീയെന്തു മനുഷ്യൻ, കരപ്പൻ വന്ന് മാന്തിപ്പൊളിക്കുമ്പോഴുണ്ടാകുന്ന സുഖം അനുഭവിക്കാത്ത നിന്റെയൊക്കെ ജീവിതം എന്തു ജീവിതം” എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് മൂന്നുപേരല്ല, നാലുപേരല്ല, അഞ്ചു പേരല്ല, ആറു പേരല്ല……………

******