Tuesday, March 5, 2013

മലയാളിക്കൊരു തുറന്ന കത്ത്

    
എന്നെ ആവോളം സ്നേഹിക്കുന്ന പ്രിയ മലയാളികളേ………
        കേരളം ,എന്റെ സ്വന്തം നാടാണ്. അതെ. അങ്ങനെ ഞാൻ അവകാശപ്പെടുകയാണ്. കേരളം മറ്റാരുടെയൊക്കെയോ സ്വന്തം നാടാണെന്ന് നിങ്ങൾ മലയാളികൾ ചില പരസ്യവാക്യങ്ങളൊക്കെ സൃഷ്ടിച്ചിട്ടുള്ളത് അവിടെയിരിക്കട്ടെ. ഇതെന്റെ സ്വന്തം നാടാണെന്നതിനു ഞാൻ നിരത്തുന്ന ന്യായങ്ങൾ നിങ്ങൾക്കംഗീകരിക്കാതിരിക്കാനാവില്ല എന്നു തന്നെയാണെന്റെ പ്രതീക്ഷ. ഞാൻ ആരാണെന്ന നിങ്ങളുടെ ന്യായമായ സംശയം ദൂരീകരിക്കുന്നതിന്, ഇവിടെ നിരത്തുന്ന അതിശയോക്തി തീരെയില്ലാത്ത ഈ സത്യപ്രസ്താവനയ്ക്കിടയിൽത്തന്നെ നിങ്ങൾക്കു സാധിക്കുമെന്നതിനാൽ എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തുക എന്ന പാഴ്ശ്രമത്തിനു ഞാൻ മുതിരുന്നുമില്ല.
      കേരളം എന്നു മുതലാണ് എന്റെ സ്വന്തം നാടായത് എന്നു കിറുകൃത്യമായി വ്യക്തമാക്കാനൊന്നും എനിക്കു ശേഷിയില്ല; അതിനുതക്ക ഓർമ്മശക്തിയുമില്ല. ഓർമ്മകളില്ലാത്ത ഒരു ലോകമാണെന്റേത്. അതാണു ഞാൻ നിങ്ങൾക്കു നൽകുന്ന വാഗ്ദാനവും. ഓർമ്മകളില്ലാത്തവനെങ്കിലും ഒന്നെനിക്കോർമ്മയുണ്ട്-എനിക്കോർമ്മ വന്ന നാൾ മുതൽ ഞാനിവിടെയുണ്ട്. അതെന്റെ അവകാശ വാദത്തെ ന്യായീകരിക്കുന്ന ഒന്നാമത്തെ സംഗതി. പൌരാണിക കാലം മുതലേ ഞാനുണ്ട് എന്നൊക്കെ നിങ്ങൾ ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും പനയോലകളും വട്ടെഴുത്തുകളും മറിച്ചു നോക്കി കണ്ടുപിടിച്ചിട്ടുള്ളത് ഞാൻ വിനയപുരസ്സരം സ്വീകരിക്കുന്നു--വിനയം എന്റെ സ്വഭാവത്തിന്റെ ഭാഗമല്ലെങ്കിലും..
            ജന്മം കൊണ്ടു  പരദേശിയാണെങ്കിലും കർമ്മംകൊണ്ടു ഞാനീ നാട്ടുകാരനാണെന്ന്, ജന്മഭൂമി കർമ്മഭൂമിയല്ലാത്ത പലരും പറയുന്നതു കേട്ടിട്ടില്ലേ. അതൊരു നയതന്ത്രജ്ഞതയാണ്. നനഞ്ഞിടം കുഴിക്കുക എന്ന പഴമൊഴി അർഥവത്താകുന്നതങ്ങനെയാണ്. അത്തരം നയതന്ത്രജ്ഞതയൊന്നും ഇതെന്റെ സ്വന്തം നാടാണെന്ന എന്റെ അവകാശവാദത്തിൽ കാണാൻ ശ്രമിക്കേണ്ട. എനിക്കങ്ങനെ നിങ്ങളെ സുഖിപ്പിച്ചു നിർത്തേണ്ട കാര്യമൊന്നുമില്ല,  ഞാൻ സുഖത്തിന്റെ മൊത്ത വ്യാപാരിയാണെന്നാണ് നിങ്ങളുടെ തെറ്റിദ്ധാരണയെങ്കിലും. ഞാനല്പം പരുഷമായി സംസാരിയ്ക്കുന്നോ എന്നു നിങ്ങൾ നെറ്റി ചുളിക്കുന്നു അല്ലേ. നിങ്ങളെ നിങ്ങളേക്കാൾ നന്നായി അറിയാവുന്ന എനിക്ക് നിങ്ങളുടെ മനോവ്യാപാരങ്ങളും പരിചിതമാകേണ്ടതാണല്ലോ. എന്തിന് , നിങ്ങളുടെ ചിന്തകളെ പലപ്പോഴും നിയന്ത്രിക്കുന്നതു പോലും ഞാനല്ലേ. ഇപ്പറഞ്ഞത് അംഗീകരിച്ചു തരാൻ സ്വതേ നിങ്ങൾക്കുള്ള ദുരഭിമാനത്തിനു ശേഷിയുണ്ടാവുകയില്ലെന്നെനിക്കറിയാം. എന്നിരിക്കിലും സത്യം തുറന്നു പറയാൻ നിങ്ങളെപ്പോലെ ധൈര്യമില്ലായ്മ കാണിക്കേണ്ട ആവശ്യമൊന്നുമെനിക്കില്ല. ധൈര്യം പകർന്നു കിട്ടാൻ പോലും നിങ്ങളെന്നെയല്ലേ സമീപിക്കുന്നത്.
            നേരത്തേ സൂചിപ്പിച്ചകർമ്മഭൂമി സിദ്ധാന്തക്കാർപറയാറുള്ളതു പോലെ, എനിക്കു കളങ്കമില്ലാത്ത സ്നേഹം കോരിച്ചൊരിയുന്ന നിങ്ങളുടെ ഇടയിൽ ഞാനെങ്ങനെ ഈ നാട്ടുകാരനല്ലാതെയാവും. ജീവിതത്തിലെ ഏതു സുപ്രധാനവും അപ്രധാനവുമായ സന്ദർഭങ്ങളിലും നിങ്ങൾക്കു ഞാൻ വേണം. ആദ്യമൊക്കെ ജാരസംസർഗ്ഗം പോലെ, രഹസ്യമായി എന്റെ സേവനങ്ങൾ ആവശ്യപ്പെട്ടിരുന്ന  നിങ്ങൾ എനിക്കായിപ്പോൾ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയല്ലേ.. ഒരു മനുഷ്യൻ ശിശുവായിപ്പിറക്കുന്നതു മുതൽ മരിച്ചു മണ്ണായിത്തീരുന്നതു വരെയുള്ള എത്രയെത്ര സന്ദർഭങ്ങൾ ആഹ്ലാദപൂർണ്ണമാക്കാൻ എന്റെ സാന്നിധ്യം വേണം. മരണത്തിലും മരണാനന്തര ചടങ്ങുകളിലും ഞാനല്ലേ പ്രധാന കാർമ്മികൻ? എന്നെ ഇത്രമാത്രം വിശ്വാസത്തിലെടുത്തിരിക്കുന്ന, നിങ്ങളുടെ നാട്ടുകാരൻ എന്നറിയപ്പെടേണ്ടത് എന്റെ അവകാശമല്ലേ…?
 മാത്രമല്ല, എനിക്കില്ലാത്ത എന്തെന്തു കഴിവുകളാണ് നിങ്ങൾ എനിക്കായി ചാർത്തിത്തന്നിരിക്കുന്നത്. ബോധത്തെയുണർത്താനും ആരോഗ്യം നിലനിർത്താനും എന്നെ അല്പമൊക്കെ പരിചയപ്പെടുന്നത് അത്യന്താപേക്ഷിതമാണെന്നൊക്കെ നിങ്ങൾ എന്നെ പുണർന്നു പറയുന്നതു കേൾക്കുമ്പോൾ സത്യം പറയട്ടെ, നാണമില്ലാത്ത പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നവനാണു ഞാനെങ്കിലും  എനിക്കു തന്നെ നാണം തോന്നിപ്പോകാറുണ്ട്. (എന്നെ പരിചയപ്പെടാത്തവർക്ക് ആ ഒരു കാരണത്താൽ എന്തെങ്കിലും കുറവോ കുഴപ്പമോ ഉണ്ടോ എന്ന് ആലോചിച്ചു നോക്കാൻ ഈ പറയുന്നവർക്കു സമയം കിട്ടുന്നില്ലേ എന്ന് ഞാൻ തന്നെ അതിശയിക്കുന്നു. പിന്നെ ഇതൊക്കെ സ്വന്തം ശക്തിയെന്നു തിരിച്ചറിഞ്ഞ് അഭിമാനിക്കുന്നു.) ഊതി വീർപ്പിച്ച നുണകൾക്കിടയിൽ പെട്ടു ചരമമടയുന്ന സത്യം, ഉയിർത്തെഴുന്നേറ്റു വന്നു തന്റെ ഭാഗം തെളിയിക്കാൻ നോക്കിയാലും അതു അസാധ്യമാണെന്നതു പോലെ, എന്നെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ ഞാൻ തന്നെ വെളിപ്പെടുത്തിയാലും നിങ്ങളംഗീകരിക്കുകയില്ലെന്നറിയാം. എന്നാലും സഹികെട്ടു പറഞ്ഞു പോകുന്നതാണ്.
            എന്തൊക്കെയാണ് നിങ്ങളെനിക്കു ചാർത്തിത്തന്നിരിക്കുന്ന വിശേഷണങ്ങൾ ആണാകണമെങ്കിൽ എന്നെ അറിയണം(ഈ വിശേഷണത്തിനു മാറ്റം വരുത്താറായി. കാരണം എന്നെ ആശ്ലേഷിച്ചാൽ അതു സമത്വത്തിലേക്കുള്ള ചുവടു വയ്പ്പാകുമെന്നു ധരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള ഗണ്യമായ വർദ്ധനവ് എന്ന് പുളകിതനാക്കുന്നു.). അന്തസ്സുള്ളവനാണെന്നു തെളിയിക്കണമെങ്കിൽ എന്റെ ചങ്ങാത്തം തിരസ്കരിക്കരുത്, ജീവിതം ഒന്നേയുള്ളൂ, അത് ആസ്വദിച്ചു ജീവിക്കണമെങ്കിൽ ഞാൻ കൂടെ വേണം…….ഞാനില്ലാതെ എന്താഘോഷം? വൈകിട്ടെന്താ ഞാനുമായി പരിപാടീ?  ഇങ്ങനെയൊക്കെ ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങളെക്കൊണ്ടു നിറഞ്ഞ ഈ നാടിന്റെ പരസ്യ വാചകത്തിൽ എന്നെ തിരുകി കയറ്റി എനിക്കർഹമായ പരിഗണന നൽകേണ്ടതല്ലേ...?
            നിങ്ങളൊന്നാലോചിച്ചു നോക്കൂ കേരളം സ്വന്തം നാടാണെന്നു അവകാശപ്പെടുന്നതിനു ഞാൻ നിരത്തിയ ഈ തെളിവുകളൊക്കെത്തന്നെ അധികമല്ലേ. ഇനിയും വേണോ. ? ഞാനില്ലായിരുന്നെങ്കിൽ ഇത്രമാത്രം ആശുപത്രികളും ഡോക്ടർമാരും ഇവിടെയുണ്ടായത് വെറും അധികപ്പറ്റാകുമായിരുന്നില്ലേഎത്രയെത്ര തൊഴിലവസരങ്ങൾ.., കരൾ സുരക്ഷിതമാക്കി ജീവിതം സുരക്ഷിതമാക്കാൻ പറ്റുന്ന ഉത്പന്നങ്ങൾ ഇതൊക്കെ നിങ്ങൾക്കു ലഭിക്കുമായിരുന്നോ? കുറ്റകൃത്യങ്ങളുടെ…… വേണ്ട. ആ ഭാഗത്തേക്കു കടക്കുന്നില്ല. ഈയിടെ ചിലർ ചെയ്തതു പോലെ സ്വന്തം പരാക്രമങ്ങൾ വിളിച്ചു പറഞ്ഞ്  കേമനാകാൻ ശ്രമിച്ചു പുലിവാലു പിടിക്കാൻ ഞാനില്ല--സ്വയം കുറ്റവാളിയാണെന്നു ഞാൻ സമ്മതിച്ചാലും നിങ്ങളതു സമ്മതിച്ചു തരില്ലാ എന്നറിയാമെങ്കിലും. നിങ്ങൾക്കിതൊന്നും അറിയാത്തതല്ല, എന്നെനിക്കറിയാം. തിരിച്ചറിവുണ്ടെങ്കിലും അതു പ്രയോഗത്തിൽ കൊണ്ടുവരാതെ, നിങ്ങളെ നിർവീര്യരാക്കി നിർത്തിവീര്യംപകരുക എന്നതും എന്റെ ഒരു കഴിവു തന്നെയല്ലേ. 
            ന്യായങ്ങൾ നിരത്തി  അവകാശങ്ങൾ സ്ഥാപിച്ചെടുക്കൽ എന്റെ ശീലമല്ലെങ്കിലും ഇത്രയുമൊക്കെ പറഞ്ഞില്ലെങ്കിൽ എനിക്കൊരു മനസ്സമധാനം കിട്ടില്ല എന്നതിനാൽ പറഞ്ഞു പോയതാണെന്നറിയിച്ചു കൊണ്ട് ഞാൻ സ്വയമങ്ങു വിശേഷിപ്പിക്കുകയാണ്‌‍‍—കേരളം എന്റെ സ്വന്തം നാട്.അതെ. Kerala, my own country.
 എന്റെയീ പ്രസ്താവനയിലെ ഏതെങ്കിലും ഭാഗത്തോട് നിങ്ങൾക്കു പ്രതിഷേധമുണ്ടോ. പ്രതിഷേധിക്കാൻ വേണ്ട ഊർജ്ജത്തിനായി നിങ്ങളെന്നെത്തന്നെ സമീപിക്കുമല്ലോ. അപ്പോൾ നമുക്ക് ഒത്തുകൂടാം
എന്ന്,
 സ്വന്തം മദ്യംC/o ലഹരി.

No comments:

Post a Comment