Saturday, July 15, 2023

നാർസ്സിസസ് - ഒരു പ്രതീകം

                 തന്നെയും സ്വന്തം പ്രതിച്ഛായയെയും അളവറ്റ് സ്നേഹിച്ച്, തടാകത്തിൽ വീണു മരിച്ച നാർസിസ്സസ്-യവന പുരാണത്തിലെ ഏറെ സഹതാപവും പരിഹാസവും ഏറ്റു വാങ്ങിയ കഥാപാത്രം. തന്റെ ദുരന്തവിധിയെക്കുറിച്ച് ആവലാതി അറിയിക്കാൻ മരണാനന്തരം മരണദേവനായ തനറ്റോസിനെ തേടി ചെന്നു.

സ്വാർത്ഥതയുടെയും സൗന്ദര്യത്തിന്റെയും പ്രതിരൂപത്തെ തനറ്റോസ് സൂക്ഷിച്ചു നോക്കി. രാത്രിയുടെ ദേവതയുടെ മകനും ഉറക്കത്തിന്റെ ദേവൻറെ സഹോദരനുമായ മരണ ദൈവം തന്റെ വിധിയെക്കുറിച്ചല്ല, സൗന്ദര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് തെറ്റിദ്ധരിച്ച നാർസ്സിസസിന്റെ മനസ്സു വായിച്ച തനറ്റോസ് പറഞ്ഞു.
“നിന്നെ നിന്നിലേക്കു മാത്രമൊതുക്കിയ നിന്റെ സൗന്ദര്യബോധം സ്വന്തം ജീവനെടുത്തിട്ടും നീ ഒന്നും പഠിച്ചിട്ടില്ല. അല്ലേ?”
“മരണത്തിൽ നിന്നു പാഠം പഠിക്കേണ്ടത് മരിച്ചവരല്ലല്ലോ മരണ ദേവാ. ജീവിച്ചിരിക്കുന്നവരല്ലേ? സ്വയം സ്നേഹിക്കുക എന്നത് അപരാധമാണോ? ആ കുറ്റത്തിന് മരണ ശിക്ഷ ന്യായീകരിക്കാവുന്നതാണോ?
“നടപ്പിലാക്കിയ ശിക്ഷയെക്കുറിച്ച് സംസാരിച്ച് സമയം കളയേണ്ട. തിരുത്തുവാനാവാത്ത ശിക്ഷയാണ് മരണം. നീയത് അർഹിച്ചിരുന്നു.”
“ ശിക്ഷ തിരുത്തുവാനാവാത്തതാണെങ്കിലും ശിക്ഷകനെങ്കിലും തിരുത്തപ്പെടണം. മരണ ദേവൻ പ്രായശ്ചിത്തം ചെയ്യണം.”
“മരണത്തിന്റെ പ്രായശ്ചിത്തം. അത് അസാദ്ധ്യമാണ്. ഞാൻ ദൈവമാണ്. ദൈവങ്ങൾക്ക് പ്രായശ്ചിത്തം വിധിച്ചിട്ടില്ല.”
“ദൈവങ്ങളുടെ കുത്തകയാണല്ലോ വരം. എനിക്കു വരം വേണം . പൂർത്തിയാകാത്ത ആഗ്ര ഹങ്ങൾ സഫലീകരിക്കാൻ എനിക്കു പുനർജ്ജനിക്കണം. ഞാൻ കണ്ടു കൊതി തീരാത്ത എന്റെ സൗന്ദര്യം മറ്റുള്ളവരെക്കാണിക്കാനെങ്കിലും എനിക്കു ഇനിയും ജീവിക്കണം."
നാർസ്സിസസ് കരഞ്ഞു. അവന്റെ കണ്ണിൽ നിന്നും പുറപ്പെട്ട കണ്ണുനീർ തുള്ളികൾ മറ്റൊരു തടാകം തീർക്കുമെന്നും ആ തടാകത്തിൽ തന്റെ സൗന്ദര്യം നോക്കിയിരുന്ന് അവൻ വീണ്ടും മുങ്ങിമരിക്കുമെന്നും തനറ്റോസ് ഭയന്നു.
“നാർസ്സിസ്സസ്, നിന്നിലേയ്ക്കു മാത്രമൊതുങ്ങിയ നിന്നെ ഈ ലോകത്തിനു തന്നെ കാണിച്ചു കൊടുക്കാൻ ഞാൻ അവസരം നല്കും. ഒരു ശരീരമായി മാത്രം ജീവിച്ച നിനക്ക് ഞാൻ ലക്ഷക്കണക്കിനു ശരീരങ്ങൾ തരും. കാലത്തിന്റെ തേർ ഇനിയും ഒരുപാട് സഞ്ചരിച്ചു കഴിയുമ്പോൾ, സാങ്കേതിക വിദ്യയുടെ പുത്തൻ ചക്രവാളങ്ങൾ മാനവരാശിയുടെ സഞ്ചാരദിശയെ വ്യതിചലിപ്പിക്കുമ്പോൾ, സമൂഹമാദ്ധ്യമങ്ങൾ പുതിയ തടാകങ്ങൾ - മരണ തടാകങ്ങൾ സൃഷ്ടിക്കുമ്പോൾ അവയിലൂടെ ഒരുപാട് നാർസ്സിസസുകൾ പുനർജ്ജനിക്കും. അവർ സ്വയം തിരിച്ചറിഞ്ഞില്ലെങ്കിലും അവരെ മറ്റുള്ളവർ തിരിച്ചറിയും. അങ്ങനെ നീയൊരു പ്രതീകമാകും ഇതിഹാസത്തിലും മനഃശാസ്ത്രത്തിലും തുടർന്നങ്ങോട്ടുള്ള ഓരോ മനുഷ്യന്റെ ജീവിതത്തിലും."

No comments:

Post a Comment