Saturday, July 15, 2023

സർവ്വേക്കല്ലുകൾ......


പോത്തിന്റെ കൊമ്പുകൾക്കിടയിലെ പ്രാണിയെ കൊത്തിത്തിന്നു കൊണ്ട് കാക്ക പട്ടിയെ നോക്കി. പട്ടി സർവ്വേക്കല്ലിന്മേൽ പിൻ‌കാലുകൾ 45 ഡിഗ്രി പൊക്കി നിർത്തി അഭിഷേകം നടത്തുകയായിരുന്നു.
“നീയെന്താണീ ചെയ്യുന്നത്? സർവ്വേക്കല്ലു പോലുള്ള ഉയർന്ന പ്രതലങ്ങൾ മാത്രം കാര്യ സാദ്ധ്യത്തിനായി നിങ്ങൾ നായ്ക്കൾ തിരഞ്ഞെടുക്കുന്നതെന്തു കൊണ്ട്? 45 ഡിഗ്രിയിൽ കുറച്ചുള്ള പൊസിഷൻ നിങ്ങൾക്ക് സാദ്ധ്യമാകാത്തതെന്തുകൊണ്ട്?” കാക്ക ജിജ്ഞാസയോടെ ചോദിച്ചു.
സർവ്വേക്കല്ലിനെ വിട്ട്, പോത്തിൽ നിന്നും സാമൂഹ്യ അകലം പാലിച്ച്, ഒരു പുൽ നാമ്പ് വായിലാക്കി പല്ലിളിച്ച് ചവച്ചുകൊണ്ട് നായ പറഞ്ഞു:
“ഈ സർവ്വേക്കല്ല് എന്റെ സാമ്രാജ്യത്തിന്റെ അതിർത്തി കൂടിയാണ്. അതിൽ വേറൊരു നായിന്റെ മോൻ വന്നു പെടുത്തിട്ടു പോയിരിക്കുന്നു. അവന്റെ ഗന്ധത്തിന്മേൽ എന്റെ ഗന്ധം കൊണ്ട് ആധിപത്യം പുലർത്തണം. ഇതു ഞങ്ങൾ പ്രാചീന കാലം തൊട്ടേ പുലർത്തിപ്പോരുന്ന തന്ത്രമാണ്. യാത്രകൾ അവസാനിപ്പിച്ച് തിരികെ പോരുമ്പോൾ വഴി കണ്ടെത്തുവാൻ തുടങ്ങി വച്ചതാണ്. പക്ഷേ, ഞാനിവിടെയുണ്ട്, ഇതെന്റെയിടമാണ്, ഇവിടെവന്ന് വേറെയാരും കളിക്കേണ്ട, ഞാനാണിവിടുത്തെ കേമൻ എന്ന സന്ദേശമാണ് ഞങ്ങളിങ്ങനെ എഴുതി വയ്ക്കുന്നത്. അത് ഞങ്ങളെക്കൊണ്ടു സാധിക്കുന്ന ഉയരത്തിൽ രേഖപ്പെടുത്തുന്നു. അത്രമാത്രം.”
സർവ്വേക്കല്ലിനു സമീപം മറ്റൊരു ശുനകൻ. അവൻ മണം പിടിച്ച് ഒന്നു സംശയിച്ചു നിന്നു. പിന്നെ നാലുപാടും നോക്കി തന്റെ “സന്ദേശം” 45 ഡിഗ്രിയിൽ കൊത്തി വച്ചു. അതു കണ്ട ഒന്നാമൻ കുരച്ചു കൊണ്ട് സർവ്വേക്കല്ലിനു സമീപത്തേക്ക്! ചെറിയൊരു കലാപം! കലാപത്തിനൊടുവിൽ അതിഥി തോറ്റോടി. വിജയ സൂചകമായി ഒന്നാമൻ വീണ്ടും നാൽപ്പത്തഞ്ചു ഡിഗ്രിയിലേയ്ക്ക്‌!
കാക്ക ചിരിച്ചില്ല. അതാലോചിക്കുകയായിരുന്നു. താൻ ജീവിക്കുന്ന ഈ ചുറ്റുപാടുകളിൽ, മനുഷ്യന്മാർ ആധിപത്യം പുലർത്തുന്ന പലയിടത്തും ഈ നാല്പത്തിയഞ്ചു ഡിഗ്രി ഉയർത്തിയ പിൻ‌കാലുകൾ താൻ കണ്ടിട്ടുണ്ടല്ലോ? മനുഷ്യർ മനുഷ്യർക്കുമേൽ പിൻ‌കാലുയർത്തി നിൽക്കുന്ന പലപല ചിത്രങ്ങൾ അതിന്റെ ഓർമ്മയുടെ ചാനലുകളിലൂടെ കടന്നു പോയി!
ചേക്കേറുന്ന മരത്തിനടുത്തുള്ള വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ അന്നു രാത്രി കണ്ട അന്തിച്ചർച്ചകളിൽ അവതാരകരുടെ മുഖത്തിനു പകരം ആ ബലിഭുക്ക് ദർശിച്ചത് 45 ഡിഗ്രി ഉയർത്തിയ പിൻ‌കാലുകളായിരുന്നു! പ്രേക്ഷകർ സർവ്വേക്കല്ലുകളാകാതിരുന്നെങ്കിൽ എന്നതാശിച്ചു പോയി!

No comments:

Post a Comment